Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 22

3319

1445 റബീഉൽ അവ്വൽ 07

വെളിച്ചമാണ് തിരുദൂതർ

എഡിറ്റർ

മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വ്യക്തമായും കൃത്യമായും സത്യസന്ധമായും പൂർണ രൂപത്തിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ട ജീവചരിത്രം മുഹമ്മദ് നബി(സ)യുടെതായിരിക്കും. സ്വകാര്യ ജീവിതം വരെ അതിൽ അനാവരണം ചെയ്യപ്പെടുന്നു. കഷ്ടിച്ച് ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ച പല പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ച് പോലും നമുക്ക് ചിലപ്പോൾ കൃത്യമായ ധാരണകൾ ലഭിക്കണമെന്നില്ല. ഭിന്ന വിരുദ്ധമായ ഒട്ടേറെ പരാമർശങ്ങൾ അവരുടെ ജീവചരിത്ര കൃതികളിൽ കണ്ടെത്താനും കഴിയും. അവരിലേക്ക് ചേർത്തുപറയുന്ന ചില കൃതികളെങ്കിലും അവരുടെതാണോ എന്നുറപ്പിക്കാൻ യാതൊരു മാർഗവുമില്ല. ആധുനിക സാങ്കേതികവിദ്യകളൊക്കെ പ്രചാരം നേടിയതിന് ശേഷമുള്ള കാര്യമാണ് പറയുന്നത്. അതിന് മുമ്പുള്ള ജീവചരിത്രങ്ങൾ പലതും കെട്ടുകഥകളാൽ സമൃദ്ധവുമാണ്. ഇവിടെയാണ് അന്ത്യ ദൈവദൂതൻ മുഹമ്മദ് നബി(സ)യുടെ ജീവിതം വ്യത്യാസപ്പെടുന്നത്. രണ്ട് തരത്തിലാണ് ആ മഹദ് ജീവിതം പൂർണ രൂപത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഒന്ന്, ഹദീസുകൾ എന്ന പേരിൽ സമാഹരിക്കപ്പെട്ട കൃതികളിൽ. നബി പറഞ്ഞതായി സ്ഥിരപ്പെട്ട വാക്കുകളും ചെയ്തതായി സ്ഥിരപ്പെട്ട പ്രവൃത്തികളുമാണ് അവയിൽ ക്രോഡീകരിച്ചിരിക്കുന്നത്. നബിയുടേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജോക്തികളെ വേർതിരിച്ചെടുത്ത് ദൂരെക്കളയാൻ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു മെക്കാനിസത്തിനാണ് മുസ് ലിം ഗവേഷകരും പണ്ഡിതരും രൂപം നൽകിയത്. ഇങ്ങനെ ആധികാരികമാക്കിത്തീർത്ത ഹദീസുകളെ / തിരുചര്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്ര രചനകളാണ് രണ്ടാമത്തെ ഇനം. നബിചരിത്രത്തിന് സീറ എന്നാണ് അറബിയിൽ പറയുക. ആ വാക്കിൽ സഞ്ചാരം എന്ന അർഥവും ഉള്ളടങ്ങിയിട്ടുണ്ട്. അതായത്, നാം ഒരു സീറാ കൃതി വായിക്കുമ്പോൾ ആ ജീവിതത്തോടൊപ്പം യാത്ര ചെയ്യുകയാണ്. തിരുദൂതരുടെ കാൽപാടുകൾ പിന്തുടരുകയാണ്. അതിനു വേണ്ടിയാണ് ആ ജീവിതം സമ്പൂർണമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ ഏത് മേഖലയാണെങ്കിലും സീറയിൽ നമുക്ക് കൃത്യമായ മാർഗദർശനമുണ്ട്. ആ ജീവിതത്തെ അത്യത്ഭുതകരം എന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ഓരോ വർഷവും വിവിധ ഭാഷകളിൽ നബിചരിത്ര കൃതികൾ ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവ പഴയതിന്റെ ആവർത്തനമല്ല. പുതിയ പുതിയ ജീവിത പ്രശ്നങ്ങൾക്ക് നബിജീവിതത്തിന്റെ വെളിച്ചത്തിൽ പരിഹാരം നിർദേശിക്കുന്നവയാണ്.
'നിങ്ങൾക്ക് അല്ലാഹുവിങ്കൽനിന്ന് പ്രകാശം വന്നെത്തിയല്ലോ' എന്ന് ഖുർആൻ (അൽ മാഇദ 15 ) പറഞ്ഞത് തിരുദൂതരെക്കുറിച്ചാണെന്ന കാര്യത്തിൽ മിക്ക ഖുർആൻ വ്യാഖ്യാതാക്കൾക്കും എതിരഭിപ്രായമില്ല. 'പ്രകാശം പരത്തുന്ന വിളക്ക്' എന്നാണ് മറ്റൊരിടത്ത് ഖുർആൻ (അൽ അഹ്സാബ്  46) റസൂലിന് നൽകുന്ന വിശേഷണം. വിളക്കും പ്രകാശവുമില്ലെങ്കിൽ പിന്നെ അന്ധകാരമാണ്. നാം ജീവിക്കുന്ന ലോകം അന്ധകാരത്തിലാണ്. വിളക്കുകളായി എഴുന്നള്ളിച്ചുകൊണ്ട് വന്ന ദർശനങ്ങളത്രയും മഹാ അന്ധകാരങ്ങളായി മാറിയതായാണ് നമ്മുടെയും മുൻകാലക്കാരുടെയും അനുഭവം. ഇരുട്ടിൽ വഴിയറിയാതെ അലയുന്ന ജനതതികൾക്ക് തിരുദൂതരുടെ സന്ദേശമെത്തിക്കാനുള്ള അവസരമായി നാം റബീഉൽ അവ്വൽ മാസത്തെ പ്രയോജനപ്പെടുത്തുക. അവരുടെ വഴികൾ പ്രകാശപൂരിതമാവട്ടെ. പ്രവാചകനിൽ നിന്നുള്ള ജീവിത മാതൃകകൾ സ്വന്തം ജീവിതത്തിൽ പകർത്താൻ അദ്ദേഹത്തിന്റെ അനുയായികളായ മുസ് ലിം സമൂഹവും ശ്രദ്ധവെക്കണം. തിരുദൂതരുടെ സന്ദേശം ഇതര സമൂഹങ്ങളിൽ എത്തേണ്ടത് അവർ കാഴ്ചവെക്കുന്ന മാതൃകാ ജീവിതത്തിലൂടെയാണ്. റസൂലിനെ സ്നേഹിക്കുന്നു, അനുധാവനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്നവർ ചെയ്യേണ്ടത് അതാണ്. പാട്ടുകളിലും മദ്ഹുകളിലും ഒതുങ്ങിപ്പോകേണ്ടതല്ല റസൂലിനോടുള്ള സ്നേഹം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 13-14
ടി.കെ ഉബൈദ്

ഹദീസ്‌

മൂന്ന് വസ്വിയ്യത്തുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്