Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

നടക്കുമ്പോഴും കൂടെകൂടുന്ന കാണാകസേരകള്‍

കഥ വായന - മെഹദ് മഖ്ബൂല്‍



ഇരുന്നെണീറ്റതിന് ശേഷവും ചില കസേരകള്‍ നമ്മുടെ പിറകെ കൂടാറുണ്ട്. ആഢ്യത്വവും ഹുങ്കഹന്തയും ഉള്ളടക്കം ചെയ്ത ചില കാണാക്കസേരകള്‍. ഈ കറങ്ങും കസേരയുടെ പേബാധകൊണ്ടാവണം മുഖത്ത് ചിരി ചിന്താത്തത്, വായില്‍ വാക്കുദിക്കാത്തത്. ബസില്‍, ട്രെയിനില്‍, വഴിനടത്തത്തിന്നിടയില്‍ അരികെയുള്ളവര്‍ക്ക് മുഖം കൊടുക്കാത്തത്.
മനുഷ്യന്റെ വ്യക്തിത്വത്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്നു പലപ്പോഴും കസേരകള്‍. വികല വിചാരങ്ങളുടെ എന്തോ ഒന്നായി അതവനെ രൂപം ചെയ്യുന്നു. അങ്ങനെ ഇരിക്കാനുള്ള കേവലമൊരു ഇടം മാത്രമല്ല കസേര എന്നുവരുന്നു.
സോക്രട്ടീസ്.കെ.വാലത്തിന്റെ കാണാക്കസേര എന്ന കഥ അകങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു ഇപ്പോഴും.
'കസേര നിങ്ങളെ ഇനിയും ഉയരങ്ങളിലെത്തിക്കും ഘന്‍ശ്യാം. അഹംബോധത്തിന്റെ നൂറ്റൊന്നാം പടിക്കെട്ടില്‍ നിന്ന് നിങ്ങള്‍ കട്ടിമീശ തലോടി, കഷണ്ടിത്തലയാട്ടി, സ്വന്തം ജീവനക്കാരുടെ പുഴുത്ത ജീവിതത്തെ നോക്കി ചിരിക്കും'
അധികാരത്തിന്റെ പര്യായമാണ് കഥയിലെ കസേര. ആ കസേരക്കൊത്ത്, അത് പ്രകടനം ചെയ്യുന്ന പദവിക്കൊത്ത്, ആ പദവിയുടെ മിനുമിനുപ്പിനൊത്ത് എങ്ങനെ അതിലിരിക്കുന്നവന്‍ പാകപ്പെടുന്നു, അവനില്‍ പരുക്കത കയറിപ്പറ്റുന്നു എന്ന് കഥാകൃത്ത് അതിശയമെഴുതുന്നു.
അന്യരില്‍ അധികാരം പ്രയോഗിക്കാനുള്ള മനുഷ്യന്റെ പ്രവണതോര്‍ജത്തെ പറയുന്നൊരു കഥയുണ്ട്.
ജോലിസ്ഥലത്ത് എന്തോ ഒരു കാര്യത്തില്‍ സ്റ്റാഫിനോട് ചൂടാകുന്ന ഓഫീസര്‍. ഓഫീസറോടുള്ള പകയും ദേഷ്യവും അകം ചെയ്ത മനസുമായാണയാള്‍ പിന്നീട് വീട്ടിലെത്തുന്നത്. അല്ല, ഇതെന്ത് പറ്റിയെന്ന് ഭാര്യ. നിന്റെ തല എന്നും പറഞ്ഞയാള്‍ ഭാര്യയോട് കയര്‍ക്കുന്നു. കേട് വന്ന കളിപ്പാട്ടം ശരിയാക്കിത്തരുമോ എന്ന് കൊഞ്ചി അന്നേരമാണ് അമ്മയുടെ അടുത്ത് അവരുടെ മകനെത്തുന്നത്. ഭര്‍ത്താവിന്റെ ദേഷ്യം പറച്ചിലില്‍ ക്രമംതെറ്റി നില്‍ക്കുന്ന അവര്‍ ആ കളിപ്പാട്ടം വലിച്ചെറിയുന്നു. അടുത്തുള്ള പട്ടിക്കുട്ടിയെ ആഞ്ഞ് ചവിട്ടി മകനും തനിക്കുള്ള അധികാരത്തെ വെളിച്ചം കാട്ടുന്നു.
രവീന്ദ്രനാഥ ടാഗോറും ഒരു കസേരക്കഥ പറയുന്നുണ്ട്. മകളുടെ വിവാഹം പ്രമാണിച്ച് തനിക്ക് ഏതാനും ദിവസത്തെ ലീവ് വേണമെന്ന് പറഞ്ഞ് ഹെഡ്ഓഫീസിലേക്ക് അപേക്ഷ അയക്കുന്ന ഈശാനന്റെ കഥ. ആവശ്യം വളരെ നിസ്സാരമെന്ന് പറഞ്ഞ് മേലധികാരി അവധി നിഷേധിക്കുന്നു. വേണേല്‍ നവരാത്രി കാലത്ത് ഒരാഴ്ച അവധി തരാം.
നിയമങ്ങള്‍, വ്യവസ്ഥകള്‍ എല്ലാം മനുഷ്യന് വേണ്ടിയാണ്. അല്ലാതെ, അവക്ക് വേണ്ടിയല്ലല്ലോ മനുഷ്യന്‍ എന്ന് അരിശം പറയുന്നു സോക്രട്ടീസ്.കെ.വാലത്ത് ഈ കഥയില്‍.
'പാട്രിയോര്‍ക്കാ രാജാവിന്റെ കാലത്ത് കറങ്ങി ഭരിക്കുന്ന ഏര്‍പ്പാടില്ല. ഭരിച്ച് കറക്കലേ ഉണ്ടായിരുന്നുള്ളൂ'
ഒന്നും സ്ഥിരമല്ലാത്ത ലോകത്ത് കസേരകള്‍ക്ക് മാത്രമായിട്ടെന്ത് എന്ന പൊള്ളുന്ന ചോദ്യം ശേഷം ചെയ്താണ് കഥയൊടുങ്ങുന്നത്.
'ഇന്നേക്ക് കൃത്യം 364 ദിവസവും, പതിനൊന്ന് മണിക്കൂറും മുപ്പത് മിനിറ്റും മൂന്ന് സെക്കന്റും തികയുന്ന നേരം, കടലോരത്തെ നിങ്ങളുടെ നെടുങ്കന്‍ ഫ്‌ളാറ്റിന്റെ പതിനാറാം നിലയിലെ വര്‍ക് ഏരിയക്ക് പിന്നിലുള്ള കൈവരിയില്ലാത്ത ബാല്‍ക്കണിയില്‍ വെച്ച് ഒരു കടന്നല്‍, ഒരു കുഞ്ഞ് കടന്നല്‍ മൂളിക്കൊണ്ട് നിങ്ങളെ വട്ടം ചുറ്റി പറന്ന് പോകും. പിന്നോട്ടുള്ള ആയലില്‍ ഒരിക്കലും താഴേക്ക് പോകാന്‍ ആഗ്രഹിക്കാത്ത നിങ്ങള്‍ ഒരു ദിവസത്തെ ഫ്‌ളാറ്റ് ജീവിതത്തിന്റെ അവശിഷ്ടങ്ങളൊക്കെയും നിറച്ചൊരു വെയ്സ്റ്റ് കിറ്റ് എന്നപോലെ അതിവേഗം താഴേക്ക് പോരുമ്പോള്‍ ഒരു ആറുനില സ്ഥാപനത്തിന്റെയത്ര വ്യാപ്തിയുള്ള ശാപം ഇരമ്പിയാര്‍ക്കുന്ന കടന്നലുകളെന്നോണം നിങ്ങളെ വിടാതെ പൊതിഞ്ഞെന്ന് വരും.
ശേഷം........? നിങ്ങളുടെ കസേര അടുത്ത ഊഴക്കാരനെ കാത്ത് നിവര്‍ന്ന് തന്നെ ഇരിക്കും.....'

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍