Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

കത്തുകള്‍


ഫാഷിസം കമ്യൂണിസ്റ്റ് ജനിതക ഘടനയിലുള്ളതാണ്
മുനീര്‍ മുഹമ്മദ് റഫീഖ്, ആലുവ
കേരളത്തില്‍ കമ്യൂണിസ്റ്റ്  പ്രസ്ഥാനത്തിന്റെ ഉദയത്തിനും വളര്‍ച്ചക്കും ചരിത്രപരമായ കാരണങ്ങളുണ്ട്. കര്‍ഷക ഭൂരിപക്ഷ പ്രദേശമായിരുന്ന കേരളക്കരയില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന പ്രസ്ഥാനം എന്ന പ്രതിഛായയിലാണ്  കമ്യൂണിസ്റ്റ് പ്രസ്ഥാനം ജന മനസ്സുകളില്‍ സ്വാധീനമുറപ്പിക്കുന്നത്. അത്തരം ചില അവകാശ സമരങ്ങളുടെയും പോരാട്ടത്തിന്റെയും പേരില്‍ പാര്‍ട്ടി ശില്‍പികളും ആദ്യകാല നേതാക്കളും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് പൊതുവേ ഒരനുഭാവ പൂര്‍ണമായ മനസ് ജനങ്ങളില്‍ ഉണ്ടാകാനിടയാക്കി. ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ പാര്‍ട്ടി നടത്തിയ സന്ധിയില്ലാ സമരങ്ങള്‍, പലപ്പോഴും ഭീകരവും രക്തപങ്കിലവുമായിരുന്നെങ്കില്‍ കൂടിയും, മനുഷ്യനെ തട്ടുകളായി തിരിച്ച ജന്മിത്തത്തിന് അറുതിവരുത്തുന്നതില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചു. പാര്‍ട്ടിയുടെ ഈ പോരാട്ടങ്ങളെ ഭീകരതയുടെ തോലണിയിക്കാന്‍ നടത്തിയ ഭരണകൂട ഇടപെടലുകളാകട്ടെ, പൂര്‍ണാര്‍ഥത്തില്‍ വിജയം കണ്ടില്ല. തീവ്ര ശൈലിയില്‍ വിപ്ലവം കൊണ്ടുവരാന്‍ ഇറങ്ങി പുറപ്പെട്ട ഒരു ന്യൂനപക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, പാര്‍ട്ടിക്ക് നേരെ പൊതുവായി വിമര്‍ശനങ്ങള്‍ വരുമ്പോഴൊക്കെ പാര്‍ട്ടിയിലെ തീവ്ര ന്യൂനപക്ഷത്തിന്റെ മേല്‍ (നക്‌സലിസത്തിന്റെ) കള്ളിയിലേക്ക് തിരിച്ചുവിട്ട് പാര്‍ട്ടിയുടെ പ്രതിച്ഛായ നിലനിര്‍ത്തുന്നതില്‍ എന്നും പാര്‍ട്ടി വിജയിച്ചു. തീവ്ര ഫാഷിസ്റ്റ് ശൈലി കമ്യൂണിസത്തിന്റെ ജനിതക ഘടനയില്‍ ഉള്ളതാണെന്ന സത്യം സൗകര്യപൂര്‍വം മറച്ചു വെച്ചു.
പ്രതിയോഗികളെ ഇല്ലായ്മ ചെയ്യല്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും അജണ്ടയുടെ ഒരു ഭാഗമായിരുന്നു. ടി.പിയുടെ കാര്യത്തില്‍ അതല്‍പം ക്രൂരമായി പോയെന്നേയുള്ളൂ. ഇത്തരമൊരു പ്രത്യാഘാതം അത് ചെയ്യിച്ചവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ടി.പിയെ ഇല്ലാതാക്കാന്‍ സ്വീകരിച്ച  നിഷ്ഠുരമായ കൊലപാതക രീതി, സി.പി.എം കേരളീയ സമൂഹത്തില്‍ നേടിയെടുത്തിട്ടുള്ള ജനസമ്മിതി നഷ്ടപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെയും ടി.പി വധവുമായി ബന്ധപ്പെട്ട് പിടിയിലായ ടി.കെ രജീഷിന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ അതിന്റെ നേരായ ദിശയില്‍ നീങ്ങുന്നപക്ഷം കേരളത്തില്‍ പാര്‍ട്ടിയുടെ ഭാവിക്ക് മരണമണി മുഴങ്ങിക്കഴിഞ്ഞുവെന്നു വിലയിരുത്തുന്നത് തെറ്റായിരിക്കില്ല. പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായി വളര്‍ന്ന സി.പി.എമ്മിന് പഴയ അതിന്റെ ഇമേജ് വീണ്ടെടുക്കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി അകപ്പെട്ടിരിക്കുന്നത്.


പെണ്‍കുട്ടികള്‍ പൊട്ടിത്തെറിക്കുന്ന കാലം വരും
വസീം പുന്നശ്ശേരി
ഇസ്‌ലാമിക അധ്യാപനങ്ങളെ വലിച്ചെറിഞ്ഞ് 'വിവാഹ വ്യവസായ'ത്തിന്റെ സുഖാനുഭൂതികളിലാണ് മുസ്‌ലിം സമുദായം. മധുരപ്പതിനേഴും പൊന്നും തറവാടുമില്ലാതെ പെണ്ണാലോചിക്കാന്‍ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ആണത്തമില്ലാതെ പോയിരിക്കുന്നു. വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളെ കെട്ടിച്ചയക്കാനാണ് ഇന്ന് രക്ഷിതാക്കള്‍ പെടാപാട് പെടുന്നത്. പി.ജി കഴിഞ്ഞ മകളുടെ കല്യാണം ശരിയാവാത്തതില്‍ നിരാശനായ ഒരു രക്ഷിതാവ് പറഞ്ഞത്, 'എന്റെ അടുത്ത മകളെ ഞാന്‍ എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ കെട്ടിച്ചയക്കും' എന്നായിരുന്നു. വിവാഹം ശരിയാകാത്ത ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ 22 പിന്നിട്ട പെണ്‍കുട്ടികള്‍ വര്‍ധിക്കുകയാണ്. പെണ്ണുകാണലുകള്‍ക്ക് ഒരുങ്ങേണ്ടിവരികയും അവ ശരിയാവാതെ വരുന്നതില്‍ നിരന്തരം മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിവരികയും ചെയ്യുന്ന പെണ്‍കുട്ടികളെക്കുറിച്ച് നമ്മളോര്‍ക്കാറുണ്ടോ? രോഷം സഹിക്കവയ്യാതെ ഒരു സഹോദരി അയച്ച മൊബൈല്‍ മെസേജ് ഇങ്ങനെയാണ്: ''പാശ്ചാത്യ അധിനിവേശ നയങ്ങള്‍ക്കെതിരെ ഘോര ഘോരം ഗര്‍ജിക്കുമ്പോഴും പാശ്ചാത്യ സൗന്ദര്യ സങ്കല്‍പങ്ങളെ തച്ചുടക്കാന്‍ കഴിയാതെ പോയ വിപ്ലവ യുവത്വത്തിന്.... ഓര്‍ക്കുക, ഒരുനാള്‍ പെണ്‍കുട്ടികള്‍ പൊട്ടിത്തെറിക്കുന്ന കാലം വരും.''



ലോകമൊന്നാകെ ഉറ്റുനോക്കുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിവരങ്ങളും രണ്ടാം അങ്കത്തിന്റെ കളമൊരുക്കങ്ങളുമൊക്കെ നല്ല നിലയില്‍ പറഞ്ഞുതരുന്ന ലേഖനമാണ് കെ.എച്ച് റഹീമിന്റേത് (ലക്കം 2). രണ്ടാം അങ്കത്തില്‍ ഏറ്റുമുട്ടുന്നത് മര്‍സിയും ശഫീഖും തമ്മിലല്ല, ഇസ്‌ലാമും ജാഹിലിയ്യത്തും തമ്മിലാണ്. ലേഖകന്‍ സൂചിപ്പിച്ച പോലെ അറുപത് കൊല്ലത്തെ പേറ്റുനോവ് പേറി ജന്മം നല്‍കിയ മുല്ലപ്പൂ വിപ്ലവത്തിന്റെ ഖബ്‌റടക്കമായിരിക്കും ശഫീഖ് അധികാരത്തില്‍ വന്നാല്‍ സംഭവിക്കുക.
മമ്മൂട്ടി കവിയൂര്‍

 

മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസവും മാറാത്തമാനേജ്‌മെന്റുകളും
സൈത്തൂന്‍ അങ്ങാടിപ്പുറം
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണപരവും ഗണപരവുമായ മേന്മ അവ നടത്തുന്നവരുടെ സ്വഭാവത്തെയും രീതികളെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും പുതിയ നിരീക്ഷണ-ഗവേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള പഠനരീതികള്‍ക്കാണ് സി.ബി.എസ്.ഇയും ഐ.സി.എസ്.ഇയും ഊന്നല്‍ നല്‍കുന്നത്. പരമ്പരാഗത പഠനരീതികള്‍ക്കും പരീക്ഷാ സമ്പ്രദായങ്ങള്‍ക്കും മാറ്റം വന്നിരിക്കുന്നു. ആഗോള സമൂഹത്തില്‍ വിജയകരമായ ജീവിതം നയിക്കാനും പരീക്ഷണങ്ങളെ അതിജീവിച്ച് പ്രത്യുല്‍പന്നമതിത്വത്തോടെ മുന്നേറാനും ഭാവിതലമുറക്ക് കഴിയണം. ഇതിനുള്ള അന്തരീക്ഷമാണ് സ്‌കൂളുകളില്‍ സൃഷ്ടിക്കേണ്ടത്.
വിദ്യാഭ്യാസം ഉള്‍പ്പെടെ ജീവിത മേഖലകളിലഖിലവും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി താദാത്മ്യപ്പെടാന്‍ കഴിയാത്ത അധ്യാപകര്‍ക്കും മാനേജ്‌മെന്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിജയകരമായി നടത്താന്‍ സാധിക്കുകയില്ല. മുന്‍കാലങ്ങളിലുണ്ടായിരുന്ന കഴിവുകളും രീതികളും ഇന്ന് കാലഹരണപ്പെട്ടിരിക്കുന്നു. മാറ്റത്തിനനുസരിച്ച് ചലിക്കാന്‍ കഴിയാത്ത മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വിഘാതമാണ്. കുട്ടികള്‍ക്ക് വിജയകരമായ പഠന സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ പര്യാപ്തമായ ആസൂത്രണവും കര്‍മപരിപാടികളും സ്ഥാപനങ്ങള്‍ നടത്തുന്ന സമിതികള്‍ക്കാവശ്യമാണ്. ലോകത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് അതുമായി ഇഴുകിച്ചേരാനും പ്രതികരിക്കാനും സഹായകമായ അനന്തസാധ്യതകളിലേക്കുള്ള വാതായനങ്ങള്‍ തുറന്നിടുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഇതിനാവശ്യമായ രീതിയില്‍ മനുഷ്യ വിഭവങ്ങളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കൂട്ടായ കാഴ്ചപ്പാടുകളും കര്‍മപരിപാടികളും ഇതിനാവശ്യമാണ്.


പള്ളി മദ്‌റസകളിലെ സേവന വേതന വര്‍ത്തമാനങ്ങള്‍
കെ.വി.ഒ അബ്ദുര്‍റഹ്മാന്‍ പറവണ്ണ
'മത സേവനയിടങ്ങളിലെ മിനിമം വേതനം എത്രയാണ്' (ലക്കം 1) എന്ന ശീര്‍ഷകത്തില്‍ ബഷീര്‍ തൃപ്പനച്ചി എഴുതിയ പ്രതികരണം, ഒരു പള്ളി ഇമാം എന്ന നിലയില്‍ ഞാന്‍ വളരെ താല്‍പര്യത്തോടെ വായിച്ചു. വിഷയത്തിന്റെ നാനാ വശവും ലേഖകന്‍ വിശദീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ചിലത് കുറിക്കട്ടെ. യാഥാസ്ഥിതിക മുസ്‌ലിം വിഭാഗത്തിന്റെ മത സ്ഥാപനങ്ങളില്‍ (പള്ളി, മദ്‌റസ) ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന വേതനത്തിന് ശമ്പളമെന്നും മറ്റു മാര്‍ഗത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന് കിമ്പളമെന്നും പറയും. പുരോഗമന വിഭാഗങ്ങളുടെ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്നവരുടെ വേതന നിലവാരം പറയാതിരിക്കലാണ് ഭേദം. പലയിടത്തും ഇമാമിനുണ്ടായിരിക്കേണ്ട യോഗ്യതയുടെ ലിസ്റ്റ് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഒരിക്കല്‍ മര്‍ഹൂം എം.കെ അലി അക്ബര്‍ മൗലവി(ആമയൂര്‍)യോട് ഒരു പള്ളി ഭാരവാഹി പറഞ്ഞു: നമ്മുടെ പള്ളിയിലേക്ക് ഒരു ഇമാമിനെ വേണം. യോഗ്യത: ഖുര്‍ആന്‍ മനഃപാഠം, പ്രായമുള്ള ആളായിരിക്കണം, വീട്ടിലെ ഉത്തരവാദിത്വം ഉണ്ടായിരിക്കരുത്. ഇതിന് മൗലവിയുടെ മറുപടി രസാവഹമായിരുന്നു: ''താങ്കള്‍ പറഞ്ഞ യോഗ്യതക്ക് പുറമേ വേറെയും ചില യോഗ്യതയുള്ള ഒരാളുണ്ട്. അദ്ദേഹത്തിന് ഖുര്‍ആന്‍ മാത്രമല്ല മനഃപാഠം. മറിച്ച് സബൂര്‍, തൗറാത്ത്, ഇഞ്ചീല്‍ എന്നീ വേദ ഗ്രന്ഥങ്ങളും മനഃപാഠമുണ്ട്. തന്നെയുമല്ല വേതനം കൈപറ്റാറില്ല. ഭക്ഷണവും വേണ്ട. വ്യക്തി ഇപ്പോള്‍ പെന്‍ഷന്‍ പറ്റിയിരിക്കുന്നു. കിട്ടുമോ എന്ന കാര്യം അന്വേഷിച്ച് പറയാം.'' 'ആരാണ് മൗലവി, ഇത്ര നല്ല വ്യക്തി?' മൗലവി പറഞ്ഞു: ''ആള്‍ മറ്റാരും അല്ല, ബഹുമാനപ്പെട്ട ഹസ്രത്ത് ജിബ്‌രീല്‍(അ) തന്നെ.''
ഇമാമത്തിന് വേതനം പറ്റുന്നതിനെ നിരുത്സാഹപ്പെടുത്തി സംസാരിക്കുന്ന ചിലരുണ്ട്. നമസ്‌കരിക്കുന്നതിന് വേതനം നല്‍കേണ്ടതുണ്ടോ എന്നാണ് അവരുടെ ചോദ്യം. ഇമാമത്ത് ഏറ്റെടുത്തിട്ടില്ലെങ്കിലും അവര്‍ക്ക് നമസ്‌കരിക്കണ്ടേ എന്ന് ന്യായം.
സകാത്ത് എന്ന ഇബാദത്തുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ വിഹിതമുണ്ടെന്ന് ഇസ്‌ലാമിക നിയമത്തെ ഇവര്‍ എങ്ങനെയാണ് വ്യാഖ്യാനിക്കുക? പ്രസ്തുത വ്യക്തി സാമ്പത്തിക ശേഷി ഉള്ള ആളാണെങ്കിലും ശമ്പളം പറ്റാമല്ലോ. കാരണം അദ്ദേഹം തന്റെ ജോലി നിര്‍ത്തിവെച്ചാണ് സകാത്ത് ശേഖരണത്തിനും വിതരണത്തിനും ഇറങ്ങുന്നത്. നമസ്‌കാരത്തോട് ചേര്‍ത്തു പറഞ്ഞ സകാത്തിന്റെ കാര്യമാണിത്. സകാത്തിന്റെ നിയമം ഇങ്ങനെയാണെങ്കില്‍ നമസ്‌കാരത്തിനും ബാങ്കിനും നിശ്ചയിച്ച ഇമാമിനും ഈ നിയമം ബാധകമല്ലേ? പിന്നെന്തിനാണ് ഈ മുരട്ടു ന്യായങ്ങള്‍?


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍