Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

വിലയും മൂല്യവും തമ്മില്‍ ഇത്ര വലിയ അന്തരമോ?

വഴിവിളക്ക് - മൗലാനാ മൗദൂദി

ലിശക്ക് അനുകൂലമായി ഉയര്‍ത്തപ്പെടുന്ന വാദങ്ങളില്‍ നാലാമത്തേത് 'കാല'ത്തെ മുന്‍നിര്‍ത്തിയാണ്. മറ്റു വാദങ്ങളേക്കാള്‍ ഇത് കുറെക്കൂടി യുക്തിസഹമാണെന്ന് നമുക്ക് തോന്നുകയും ചെയ്യും. ആ വാദത്തിന്റെ അന്തസ്സത്ത ഇതാണ്: നിലവില്‍ അനുഭവിക്കുന്ന നേട്ടങ്ങള്‍, സുഖാനന്ദങ്ങള്‍ എന്നിവയാണ് ഭാവിയില്‍ അനുഭവിക്കാനിരിക്കുന്ന നേട്ടങ്ങള്‍, സുഖാനന്ദങ്ങള്‍ എന്നിവയേക്കാള്‍ ഏതൊരു മനുഷ്യനും പ്രിയങ്കരം. അതായത് ഭാവി എത്രമാത്രം അകന്നകന്ന് പോകുന്നുവോ അതിനനുസരിച്ച് ആ ഭാവി നേട്ടങ്ങളെക്കുറിച്ച് മനുഷ്യന്‍ കൂടുതല്‍ സംശയാലുവായിത്തീരും; ഭാവി വിദൂരമാവും തോറും ലഭിക്കാനിടയുള്ള നേട്ടത്തിന്റെ മൂല്യം അവന്റെ കണ്ണില്‍ ചെറുതായി വരും. വിദൂര ഭാവിയേക്കാള്‍ നിലനില്‍ക്കുന്ന വര്‍ത്തമാനത്തെ മനുഷ്യന്‍ ഇഷ്ടപ്പെടാന്‍ പല കാരണങ്ങളുണ്ട്.
ഒന്ന്, ഭാവി അദൃശ്യവും ജീവിതം അസ്ഥിരവുമാണ്. അതിനാല്‍ 'ഭാവിയിലെ നേട്ടങ്ങളും' സംശയാസ്പദമായിത്തീരും. ഒരാള്‍ക്കുമത് മുന്‍കൂട്ടി ഉറപ്പിച്ചു പറയാനാവില്ല. അതേസമയം, തന്റെ കൈയിലിരിക്കുന്ന നേട്ടങ്ങള്‍, കാണാന്‍ പറ്റുന്നതും ഉണ്ടെന്ന് അയാള്‍ക്ക് ഉറപ്പുള്ളതുമാണല്ലോ.
രണ്ട്, ഒരു ആവശ്യക്കാരനെ സംബന്ധിച്ചേടത്തോളം പണം അപ്പോള്‍ കിട്ടുക എന്നതാണ് പ്രധാനം. നിലവില്‍ ഒരു കാര്യത്തിന് ഉപകരിക്കുമ്പോഴാണ് അതിന് കൂടുതല്‍ മൂല്യമുണ്ടാകുന്നതും. ഭാവിയിലാണെങ്കില്‍, കിട്ടുമെന്ന പ്രതീക്ഷയോ വാഗ്ദാനമോ മാത്രമാണുള്ളത്. അത് കിട്ടാം, കിട്ടാതിരിക്കാം.
മൂന്ന്, പ്രായോഗികമായി പ്രയോജനക്ഷമതയുള്ളതും മൂല്യമുള്ളതും ഇപ്പോള്‍ കൈയിലുള്ള പണത്തിനാണ്. ഭാവിയില്‍ നമുക്ക് ലഭിച്ചേക്കാമെന്ന് കരുതുന്ന പണത്തേക്കള്‍ ഒരാള്‍ തെരഞ്ഞെടുക്കുക ഇതാണെന്ന് ഉറപ്പാണല്ലോ.
ഇതുപോലുള്ള ഒട്ടനവധി കാരണങ്ങളാല്‍, കൈയിലുള്ള പണത്തെയായിരിക്കും ഭാവിയില്‍ കിട്ടാന്‍ പോകുന്ന പണത്തേക്കാള്‍ ഏതൊരാളും ഇഷ്ടപ്പെടുക. അതിനാല്‍ ഇന്നൊരാള്‍ ഒരു സംഖ്യ കടം കൊടുക്കുമ്പോള്‍ അതിനുള്ള മൂല്യവും നാളെയത് തിരിച്ചുകിട്ടുമ്പോഴുള്ള മൂല്യവും ഒന്നായിരിക്കില്ല. ഈ മൂല്യവ്യത്യാസത്തിന് പ്രായശ്ചിത്തമായി മൂലധനത്തോടൊപ്പം അധികമായി തിരിച്ചു നല്‍കുന്ന പണമാണ് പലിശ. ഉദാഹരണത്തിന്, ഒരാള്‍ക്ക് ആയിരം രൂപ ആവശ്യമുണ്ട്. ഹുണ്ടികക്കാരന്‍ ആ തുക നല്‍കുന്നു, ഒരു വര്‍ഷം കഴിഞ്ഞ് 1100 രൂപ തിരിച്ചടക്കണമെന്നവ്യവസ്ഥയോടെ. ഇവിടെ ആയിരം രൂപയെന്ന നിലവിലെ വിലയെ ഭാവി വിലയായ 1100 രൂപയുമായി കൈമാറ്റം ചെയ്തിരിക്കുകയാണ്. നൂറ് രൂപ എന്നത് വര്‍ത്തമാന-ഭാവി വിലകള്‍ തമ്മിലുള്ള വ്യത്യാസമാണ്. സാമ്പത്തിക ന്യായങ്ങളല്ല ഈ കണക്കുകൂട്ടലിന് അടിസ്ഥാനം, കേവലം മനോധര്‍മങ്ങള്‍ (psychological) ആണ്. ഈ നൂറ് രൂപ അധികം ചേര്‍ത്തില്ലെങ്കില്‍ കൊടുത്തപ്പോഴുള്ള മൂല്യവും ഒരു വര്‍ഷം കഴിഞ്ഞ് അത് തിരിച്ചുകിട്ടുമ്പോഴുള്ള മൂല്യവും തുല്യമാവുകയില്ല.
ഈ ന്യായം കേട്ടാല്‍ ആരും പൊടുന്നനെ തലകുനിച്ച് കൈയടിച്ചുപോകും. യഥാര്‍ഥത്തില്‍ ഇവിടെയുണ്ടെന്ന് പറയപ്പെടുന്ന മനോധര്‍മമനുസരിച്ചുള്ള മൂല്യവ്യത്യാസം കേവലം സാങ്കല്‍പികം മാത്രമാണ്. ഭാവിയേക്കാള്‍ പ്രധാനവും മൂല്യവത്തുമാണ് വര്‍ത്തമാനമെന്ന് മനുഷ്യന്‍ കരുതുന്നുണ്ടോ? ഇതാണ് ശരിയെങ്കില്‍ മനുഷ്യരില്‍ ബഹുഭൂരിഭാഗവും അവരുടെ ധനമത്രയും വര്‍ത്തമാനകാലത്ത് ചെലവഴിച്ച് തീര്‍ക്കാതെ അതിലൊരു വിഹിതം ഭാവിയിലേക്ക് വേണ്ടി സൂക്ഷിച്ചുവെക്കുന്നത് എന്തുകൊണ്ട്? ഭാവിയെക്കുറിച്ച് യാതൊരു ആലോചനയുമില്ലാതെ സമ്പത്ത് മുഴുവന്‍ വര്‍ത്തമാനകാലത്ത് തന്നെ ധൂര്‍ത്തടിച്ച് കളയുന്ന ഒരു ശതമാനത്തെപ്പോലും നിങ്ങള്‍ കണ്ടെത്തിയെന്ന് വരില്ല. ഏറെക്കുറെ എല്ലാവരും ഭാവിയിലേക്ക് കരുതിവെക്കുന്നവരാണ്. ഭാവി ഇരുളടഞ്ഞതാകുമോ എന്ന ഭീതിയാവാം മനുഷ്യനെ തന്റെ വര്‍ത്തമാനകാല ആവശ്യങ്ങള്‍ മാറ്റിവെച്ചും ഭാവിയിലേക്ക് കരുതിവെക്കാന്‍ പ്രേരിപ്പിക്കുന്നത്. മനുഷ്യനിങ്ങനെ അധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും ഭാവി ശോഭനമാക്കാന്‍ വേണ്ടിയല്ലേ? ഭാവിയെ അപകടപ്പെടുത്തി വര്‍ത്തമാന ജീവിതത്തില്‍ ധാരാളിത്തം കാണിക്കുന്ന അപൂര്‍വം ചിലരെ കണ്ടേക്കാം. ഇവര്‍ വിവരദോഷികളോ നൈമിഷികമായ സുഖാനന്ദങ്ങള്‍ക്ക് പിറകെ പായുന്നവരോ ഒക്കെ ആയിരിക്കും. വിവേകപൂര്‍വം ചിന്തിക്കുന്ന ഒരാളും മനഃപൂര്‍വം ഈവഴി സ്വീകരിക്കുകയില്ല.
ഭാവിയിലുള്ളതിനേക്കാള്‍ വര്‍ത്തമാന കാലത്തെ പണവിനിയോഗമാണ് മനുഷ്യന്‍ ഇഷ്ടപ്പെടുന്നത് എന്ന് സമ്മതിച്ചാല്‍ തന്നെ, ആ വാദത്തിന്റെ അടിസ്ഥാനം പൊള്ളയാണെന്ന് കാണാം. നേരത്തെ സൂചിപ്പിച്ച ഇടപാട് തന്നെ എടുക്കാം. കൈയിലുള്ള ആയിരം രൂപയും ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ച് കിട്ടുന്ന 1100 രൂപയും മൂല്യത്തില്‍ തുല്യമാണ് എന്നാണല്ലോ വാദം. ഇനി കടം വാങ്ങിയവന് ഒരു വര്‍ഷം കൊണ്ട് കടം വീട്ടാനായില്ലെങ്കില്‍, രണ്ടാം കൊല്ലം 1200-ന് തുല്യമായിത്തീരുന്നു 1000 രൂപ. വര്‍ഷം കൂടുന്നതിനനുസരിച്ച് ഇതങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കും. ഭൂതത്തിലെയും വര്‍ത്തമാനത്തിലെയും വിലയും മൂല്യവും തമ്മിലുള്ള വ്യത്യാസത്തിന്റെ അനുപാതം ഈ ക്രമത്തിലാണെന്നതിന്റെ സമ്പദ്ശാസ്ത്രപരമായ അടിസ്ഥാനമെന്ത്? തൃപ്തികരമായ ഒരുത്തരവും ഈ ചോദ്യത്തിന് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നില്ല.

പലിശയുടെ 'യുക്തിപരത'
പലിശ ഈടാക്കുന്നതിന് യുക്തിസഹമായ യാതൊരു തരം ന്യായവാദങ്ങളും അതിന്റെ വക്താക്കള്‍ക്ക് സമര്‍പ്പിക്കാനില്ല എന്ന് നാം നടത്തിയ വിശകലനത്തില്‍ നിന്ന് വ്യക്തമാവും. എന്നാല്‍, തീര്‍ത്തും അയുക്തികമായ പലിശയെ സര്‍വരും അംഗീകരിച്ച യുക്തിസഹമായ ഒരു സമ്പ്രദായമായിട്ടാണ് പാശ്ചാത്യ പണ്ഡിതന്മാരും ചിന്തകന്മാരും അവതരിപ്പിച്ചു പോരുന്നത്.  അതൊരു ചിരന്തന സത്യം എന്ന മട്ടിലാണ് അവരുടെ നില്‍പ്. പാശ്ചാത്യ വൈജ്ഞാനിക സാഹിത്യത്തില്‍, പലിശ ന്യായമാണോ എന്ന ഒരു ചര്‍ച്ചതന്നെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ഇന്നയിന്ന പലിശ നിരക്കുകള്‍ 'വേണ്ടതിലധികം' ഉയര്‍ന്നതും 'പരിധി ലംഘിക്കുന്നതും' ആയതിനാല്‍ വിമര്‍ശിക്കപ്പെടേണ്ടതാണ്, ഇന്നയിന്ന നിരക്കുകള്‍ 'യുക്തിസഹ'വും 'ന്യായ'വും ആയതിനാല്‍ സ്വീകാര്യമാണ്- ഇങ്ങനെയുള്ള ചര്‍ച്ചകള്‍ മാത്രമാണ് അവിടെ നടക്കുന്നത്.
പക്ഷേ, നാം ഉയര്‍ത്തുന്ന ചോദ്യം ഇതാണ്. പലിശ ഏത് നിരക്കിലുള്ളതാവട്ടെ, അത് യുക്തിസഹമാണോ? ഒരു സമ്പ്രദായത്തിന്റെ തന്നെ അയുക്തികത തെളിഞ്ഞുവരുമ്പോള്‍, ഏതളവില്‍ അത് യുക്തിസഹമാണ്, അല്ല എന്ന ചര്‍ച്ച തന്നെ അസ്ഥാനത്താണ്. അക്കാര്യം അവിടെ നില്‍ക്കട്ടെ. മറ്റൊരു കോണിലൂടെ നമുക്ക് വിഷയത്തെ നോക്കിക്കാണാം. ഏത് നിരക്കിലുള്ള പലിശയാണ് സ്വാഭാവികമെന്നും യുക്തിപരമെന്നും പറയാന്‍ പറ്റുക? ഏതൊരു ബിന്ദുവില്‍ വെച്ചാണ് പലിശ നിരക്ക് 'ന്യായ'വും 'അന്യായ'വുമായി വേര്‍പിരിയുക? പലിശാധിഷ്ഠിത വ്യാപാര ലോകത്ത് പലിശ നിശ്ചയിക്കാന്‍ യുക്തിസഹമായ വല്ല മാനദണ്ഡങ്ങളുമുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ നാം കണ്ടെത്തുന്നത്, 'ന്യായമായ പലിശ നിരക്ക്' എന്ന സംഗതിയേ അവിടെയില്ല എന്ന വസ്തുതയാണ്.
ഒരുകാലത്ത് യുക്തിസഹമെന്നും ന്യായമെന്നും വിലയിരുത്തപ്പെട്ട പലിശ നിരക്ക് മറ്റൊരു കാലത്ത് അയുക്തികവും അന്യായവുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഒരേകാലത്ത് തന്നെ ഒരു നാട്ടിലെ പലിശ നിരക്ക് ന്യായമെന്നും, അതേ നിരക്ക് മറ്റൊരു നാട്ടില്‍ അന്യായമെന്നും കരുതപ്പെട്ടിട്ടുണ്ട്. കൗടില്യന്റെ വിവരണ പ്രകാരം പുരാതന ഇന്ത്യയില്‍ വര്‍ഷത്തില്‍ 15 മുതല്‍ 60 ശതമാനം വരെ പലിശ നിരക്ക് നീതിയും ന്യായവുമാണെന്ന് കരുതിയിരുന്നു. റിസ്‌ക് കൂടുതലുണ്ടെങ്കില്‍ നിരക്ക് വീണ്ടും ഉയര്‍ത്തുന്നതിലും തെറ്റ് കണ്ടിരുന്നില്ല. 18-ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും ഇന്ത്യയിലെ സ്വദേശി ബാങ്കുകളും ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ വര്‍ഷാന്തം 48 ശതമാനം പലിശ എന്ന നിരക്കിലായിരുന്നു.
ഒന്നാം ലോകയുദ്ധ വേളയില്‍ (1914-18) ഇന്ത്യാ ഗവണ്‍മെന്റ് യുദ്ധക്കടങ്ങള്‍ക്ക് വര്‍ഷാന്തം ആറര ശതമാനം പലിശ ഉയര്‍ത്തുകയുണ്ടായി. 1920-30 കാലയളവില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ഈടാക്കിയിരുന്ന പലിശ പൊതുവെ 12 മുതല്‍ 15 ശതമാനം വരെയായിരുന്നു. 1930-40 കാലയളവില്‍ രാജ്യത്തെ കോടതികള്‍ വര്‍ഷാന്തം ഈടാക്കാവുന്ന പലിശ 9 ശതമാനമാണെന്ന് നിജപ്പെടുത്തി. രണ്ടാം ലോകയുദ്ധകാലത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ വര്‍ഷാന്ത ഡിസ്‌കൗണ്ട് റേറ്റ് മൂന്ന് ശതമാനം എന്ന് നിശ്ചയിച്ചു. യുദ്ധകാലത്തുടനീളം അത് തുടരുകയും ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റിന് രണ്ടേമുക്കാല്‍ ശതമാനം പലിശക്ക് കടവും ലഭിച്ചിരുന്നു.
ഇത് ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ അവസ്ഥ. യൂറോപ്പിലേക്ക് നോക്കിയാലും ഇതേ സ്ഥിതി കണ്ടെത്താം. 16-ാം നൂറ്റാണ്ടില്‍ 10 ശതമാനം പലിശ ഇംഗ്ലണ്ടില്‍ വളരെ യുക്തിസഹമായി കണക്കാക്കപ്പെട്ടിരുന്നു. 1920 കാലത്ത് യൂറോപ്പിലെ ചില സെന്‍ട്രല്‍ ബാങ്കുകള്‍ എട്ടോ ഒമ്പതോ ശതമാനമാണ് പലിശ ഈടാക്കിയിരുന്നത്. അക്കാലത്തെ ലീഗ് ഓഫ് നാഷന്‍സ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് വേണ്ടി കടം സ്വരൂപിച്ചിരുന്നതും ഇതേ നിരക്കില്‍ തന്നെയായിരുന്നു. ഇത് ഇന്നത്തെ യൂറോപ്യന്മാരോടോ അമേരിക്കക്കാരോടോ പറഞ്ഞാല്‍ അവര്‍ കടുത്ത ഭാഷയില്‍ പ്രതികരിക്കും: ''ഇത് പലിശയല്ല, പകല്‍ കൊള്ളയാണ്.'' ഇന്ന് എല്ലാവര്‍ക്കും സ്വീകാര്യമായ പലിശ നിരക്ക് രണ്ടര ശതമാനം അല്ലെങ്കില്‍ മൂന്ന് ശതമാനം. നാല് ശതമാനം എന്നൊക്കെ പറഞ്ഞാല്‍ നിരക്കിന്റെ അങ്ങേയറ്റമാണ്. ചില അവസരങ്ങളില്‍ പലിശ നിരക്ക് ഒന്നോ അരയോ ചിലപ്പോള്‍ കാലോ ശതമാനമായി കുറയുകയും ചെയ്യുന്നു. അതേസമയം, 1927-ല്‍ ഇംഗ്ലണ്ടില്‍ പാസാക്കിയ മണി ലെന്‍ഡേഴ്‌സ് ആക്ട് ദരിദ്രരായ അധമര്‍ണരില്‍നിന്ന് 48 ശതമാനം വരെ പലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദം നല്‍കുകയും ചെയ്യുന്നു. അമേരിക്കന്‍ കോടതികള്‍ അനുവദിച്ചതാകട്ടെ വര്‍ഷാന്തം 30 മുതല്‍ 60 ശതമാനം വരെ പലിശ വാങ്ങാമെന്നാണ്. ഇപ്പറഞ്ഞതില്‍ ഏതൊക്കെ നിരക്കുകളാണ് സ്വാഭാവികവും യുക്തിസഹവും?
അങ്ങനെ യുക്തിസഹവും സ്വാഭാവികവുമായ പലിശനിരക്കുണ്ടോ എന്നാണ് ഇനി നമുക്ക് പരിശോധിക്കാനുള്ളത്. ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങളുടെ സാമാന്യ ബുദ്ധി നിങ്ങളോട് പറയുന്ന ഒരു കാര്യമുണ്ട്. കടം വാങ്ങിയ സംഖ്യ കൊണ്ട് എത്രയാണോ ലാഭമുണ്ടായത് (ലാഭമുണ്ടാകാന്‍ സാധ്യതയുള്ളത്) അതിന്റെ ഒരു വിഹിതമാണ് കടം കൊടുത്തയാള്‍ക്ക് നിശ്ചയിക്കേണ്ടത്. ആയിരം രൂപ കടം കൊടുത്തു, അത് സംരംഭത്തില്‍ മുടക്കിയപ്പോള്‍ 250 രൂപ ലാഭമുണ്ടായി, എങ്കില്‍ അമ്പതോ ഇരുപത്തിയഞ്ചോ രൂപ കടം കൊടുത്തയാളുടെ ന്യായമായ വിഹിതമാണ്. പക്ഷേ, കടം കൊടുക്കുന്ന സന്ദര്‍ഭത്തില്‍ ഇതൊന്നും തീരുമാനിക്കാന്‍ കഴിയില്ലല്ലോ. മുന്‍കൂട്ടി ഒരു മാര്‍ക്കറ്റ് റേറ്റ് പലിശ നിശ്ചയിക്കാനും പറ്റില്ല. കാരണം, ഈ പണംമുടക്കലില്‍ നിന്ന് ലാഭം ഉണ്ടാവുമെന്ന് തന്നെ ഉറപ്പില്ല. അപ്പോള്‍, കടമെടുക്കുന്നവന്റെ നിസ്സഹായത ചൂഷണം ചെയ്ത് ഹുണ്ടികക്കാരന്‍ ഒരു പലിശ നിരക്ക് അടിച്ചേല്‍പിക്കുകയാണ് ചെയ്യുന്നത്. പലിശനിരക്കിന് അതിന്റേതായ ചില കമ്പോള ചിട്ടവട്ടങ്ങളുമുണ്ട്. അതിനൊന്നും നീതിയുമായോ ന്യായവുമായോ വിദൂര ബന്ധം പോലും ഇല്ല.
(തുടരും)



Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍