അനാഥ പൗത്രന്റെ അനന്തരാവകാശം
പിതാമഹന്‍ ജീവിച്ചിരിക്കെ ഞങ്ങളുടെ പിതാവ് മരിച്ചു. പിന്നീട് പിതാമഹന്‍ മരണപ്പെട്ടപ്പോള്‍ ഞങ്ങളുടെ പിതൃസഹോദരന്മാര്‍ അദ്ദേഹത്തിന്റെ അനന്തര സ്വത്ത് വീതം വെച്ചു. ഞങ്ങള്‍ക്കൊന്നും തന്നില്ല. ഇസ്‌ലാമിക നിയമപ്രകാരം അനാഥ പൗത്രന്മാര്‍ക്ക് പിതാമഹന്റെ സ്വത്തില്‍ അനന്തരാവകാശമില്ല എന്നായിരുന്നു അവരുടെ വാദം. അങ്ങനെ ഞങ്ങള്‍ മൂന്ന് മക്കളുടെയും ചെലവുകള്‍ വഹിക്കേണ്ട ചുമതല മാതാവില്‍ അര്‍പ്പിതമായി. യഥാര്‍ഥത്തില്‍ ഈ വിഷയകമായി ഇസ്‌ലാമിന്റെ നിയമമെന്താണ്? ഞങ്ങളുടെ മാതാവ് ഒറ്റക്ക് ഞങ്ങളുടെ സാമ്പത്തിക ചെലവുകള്‍ വഹിക്കേണ്ടതുണ്ടോ?
അനന്തരാവകാശ നിയമമനുസരിച്ച് പിതൃവ്യന്മാര്‍ പറഞ്ഞത് ശരിയാണ്. സ്വന്തം മക്കള്‍ ജീവിച്ചിരിക്കെ പേരക്കുട്ടികള്‍ക്ക് പിതാമഹന്റെ സ്വത്തില്‍ അനന്തരാവകാശമുണ്ടാവില്ല. കൂടുതല്‍ അടുപ്പമുള്ളവര്‍ അകലെയുള്ളവര്‍ക്ക് തടയിടുമെന്നത് അനന്തരാവകാശത്തിലെ നിര്‍ണിത നിയമമാണ്. അങ്ങനെ നോക്കുമ്പോള്‍ മക്കളാണ് പേരക്കുട്ടികളേക്കാള്‍ പിതാമഹനോട് അടുത്തു നില്‍ക്കുന്നത്. അതിനാല്‍ മക്കളുടെ സാന്നിധ്യത്തില്‍ പേരക്കുട്ടികള്‍ക്ക് അനന്തരാവകാശമുണ്ടാവില്ല.
എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ അനാഥ പൗത്രന്മാര്‍ക്ക് വേണ്ടി മാന്യമായ ഒരു വിഹിതം വസ്വിയ്യത്ത് ചെയ്യണമെന്ന് പിതാമഹനോട് ഇസ്‌ലാം കല്‍പിക്കുന്നുണ്ട്. ചില മുന്‍കാല പണ്ഡിതന്മാരുടെ വീക്ഷണത്തില്‍ അത് നിര്‍ബന്ധ ബാധ്യതയാണ്. ചില ബന്ധുക്കള്‍ക്കും സല്‍പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വസ്വിയ്യത്ത് ചെയ്യല്‍ ഓരോ മനുഷ്യന്റെയും ബാധ്യതയാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. വസ്വിയ്യത്ത് ചെയ്യപ്പെടുന്നവന്‍ അനന്തരാവകാശിയല്ലാതിരിക്കുക എന്നതാണ് ഇവിടെ പരിഗണിക്കപ്പെടേണ്ട ഏക നിബന്ധന. നബി(സ) പറഞ്ഞിരിക്കുന്നു: നിശ്ചയമായും അല്ലാഹു ഓരോരുത്തര്‍ക്കും അവരുടെ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നു. അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല.
വസ്വിയ്യത്തിനെ സംബന്ധിച്ച ഖുര്‍ആനികാധ്യാപനം ഇങ്ങനെയാണ്: നിങ്ങളിലൊരുവന് മരണമടുത്താല്‍ ധനം ശേഷിപ്പിക്കുന്നുവെങ്കില്‍, മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ന്യായമായ രീതിയില്‍ ഒസ്യത്ത് ചെയ്യുക നിര്‍ബന്ധമാക്കിയിരിക്കുന്നു. ഭക്തന്മാര്‍ക്ക് ഇതൊരു ബാധ്യതയാകുന്നു (അല്‍ ബഖറ 180). വസ്വിയ്യത്ത് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ഈ സൂക്തത്തിലെ 'കുതിബ' എന്ന പദം വ്യക്തമാക്കുന്നു. എന്തെങ്കിലും പരിഗണനീയമായ സമ്പത്ത് അവശേഷിപ്പിച്ചിട്ടുള്ള വിശ്വാസികളുടെ ബാധ്യതയാണ് അതെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു (അനന്തരാവകാശികള്‍ അല്ലാത്തവര്‍ക്ക് മാത്രമേ വസ്വിയത്ത് ചെയ്യാന്‍ പാടുള്ളൂ). ഈ സൂക്തത്തിലെ പ്രയോഗങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസ്വിയ്യത്ത് നിര്‍ബന്ധമാണെന്ന് ചില പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, ചിലരുടെ വീക്ഷണത്തില്‍ അത് സുന്നത്തോ അഭികാമ്യമോ മാത്രമാണ്, നിര്‍ബന്ധമില്ല.
ഈ സൂക്തത്തിന്റെ പ്രത്യക്ഷാര്‍ഥം സ്വീകരിക്കുന്നവരുടെ വീക്ഷണമാണ് എനിക്കുള്ളത്. പേരക്കുട്ടികളുടെ അനാഥത്വവും സാമ്പത്തിക പരാധീനതകളും പരിഗണിച്ചുകൊണ്ട് അവര്‍ക്ക് ആകെ സമ്പത്തിന്റെ മൂന്നിലൊന്നില്‍ കൂടാത്ത മാന്യമായ ഒരു വിഹിതം നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യല്‍ പിതാമഹന്റെ നിര്‍ബന്ധ ബാധ്യതയാണ്.
ചില അറബ് രാഷ്ട്രങ്ങള്‍, ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ 'നിര്‍ബന്ധ വസ്വിയ്യത്ത് നിയമം' എന്ന പേരില്‍ ഒരു നിയമം തന്നെ വ്യക്തി നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനാഥ പൗത്രന്മാര്‍ക്ക് മൂന്നിലൊന്നില്‍ കൂടാത്ത ഒരു വിഹിതം പിതാമഹന്‍ വസ്വിയ്യത്ത് ചെയ്യണമെന്നാണ് ആ നിയമത്തിന്റെ കാതല്‍.
അതുപോലെ, പിതാവിന്റെ അനന്തര സ്വത്ത് വീതം വെക്കുമ്പോള്‍, മരണപ്പെട്ട സഹോദരന്റെ സന്താനങ്ങള്‍ക്ക് മാന്യമായ ഒരു വിഹിതം നല്‍കല്‍ പിതൃസഹോദരങ്ങളുടെ ബാധ്യതയാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ''ഭാഗം വെക്കുമ്പോള്‍ ബന്ധുക്കളും അനാഥരും പാവങ്ങളുമൊക്കെ സന്നിഹിതരായാല്‍, ആ ധനത്തില്‍ നിന്ന് കുറച്ച് അവര്‍ക്കും നല്‍കുവിന്‍. അവരോട് നല്ല വാക്കുകള്‍ പറയുകയും ചെയ്യുവിന്‍'' (അന്നിസാഅ് 8). അനന്തരാവകാശ നിയമങ്ങള്‍ പ്രതിപാദിക്കുന്നതിന് മുമ്പാണ് ഇക്കാര്യം പറയുന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരം ആളുകള്‍ നോക്കിനില്‍ക്കെ അവര്‍ക്കൊന്നും നല്‍കാതെ, അവരെങ്ങനെ സ്വത്ത് ഓഹരി വെക്കും? ബന്ധുക്കളാണ് ഇവിടെ ആദ്യം പരാമര്‍ശിക്കപ്പെട്ടത്. കാരണം അവരാണ് കൂടുതല്‍ അര്‍ഹര്‍. അങ്ങനെയെങ്കില്‍ മരണപ്പെട്ട തങ്ങളുടെ സഹോദരന്റെ അനാഥരായ മക്കളെ അവഗണിക്കാന്‍ ഒരു പഴുതുമില്ല.
അപ്രകാരം തന്നെ 'ഇസ്‌ലാമിലെ ചെലവ് വഹിക്കല്‍ നിയമം' കൂടി ഇവിടെ പരിഗണനാര്‍ഹമാണ്. ധനികന്‍ തന്റെ ബന്ധുവായ ദരിദ്രന് ചെലവിന് കൊടുക്കല്‍ നിര്‍ബന്ധമാണെന്നത് ഇസ്‌ലാമിന്റെ മാത്രം സവിശേഷതയാണ്. അവര്‍ പരസ്പരം അനന്തരമെടുക്കാന്‍ അര്‍ഹരാണെങ്കില്‍ വിശേഷിച്ചും. ഹമ്പലികളുടെ വീക്ഷണമിതാണ്. സഹോദര സന്താനങ്ങള്‍ പോലുളള സാമ്പത്തിക ശേഷിയില്ലാത്ത കുടുംബക്കാരന് സാമ്പത്തിക ശേഷിയുള്ളവന്‍ ചെലവിന് നല്‍കല്‍ നിര്‍ബന്ധമാണെന്ന് ഹനഫികള്‍ പറയുന്നു. പ്രസ്തുത പ്രശ്‌നം കോടതിയിലെത്തിയാല്‍ കോടതി അപ്രകാരമാണ് വിധി പറയുക. ചുരുക്കത്തില്‍, സാമ്പത്തിക ശേഷിയുള്ള പിതൃവ്യന്‍ ഒരിക്കലും തന്റെ സഹോദര സന്താനങ്ങളെ വഴിയാധാരമാക്കാന്‍ പാടുള്ളതല്ല.
ഇതര മതസ്ഥരോട് സലാം പറയാമോ?
ഇതര മതസ്ഥനായ എന്റെ സുഹൃത്ത് ഈയിടെ എന്നോട് ചോദിച്ചു: 'എന്തുകൊണ്ടാണ് നിങ്ങള്‍ മുസ്‌ലിംകളോട് മാത്രം സലാം പറയുന്നത്? അത് സമാധാനത്തിന്റെ അഭിവാദനരീതിയാണെങ്കില്‍ എല്ലാ മനുഷ്യരോടും പങ്കുവെക്കേണ്ടതല്ലേ?' ഈ അഭിപ്രായം ശരിയല്ലേ?
മുസ്‌ലിം അമുസ്‌ലിം ഭേദമന്യേ എല്ലാ മനുഷ്യരെയും അഭിവാദ്യം ചെയ്യാനുള്ള വാക്യമാണ് അസ്സലാമു അലൈക്കും എന്നത്. ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം: ''അല്ലാഹു ആദമിനെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞു: താങ്കള്‍ ആ കൂട്ടരുടെയടുത്ത് ചെല്ലുക. അവിടെ മലക്കുകളുടെ ഒരു കൂട്ടം ഇരിപ്പുണ്ടായിരുന്നു. എന്നിട്ട് അവര്‍ താങ്കളെ അഭിവാദ്യം ചെയ്യുന്നത് കേള്‍ക്കുക, അതാണ് താങ്കളുടെയും താങ്കളുടെ സന്താനങ്ങളുടെയും അഭിവാദ്യം. അങ്ങനെ അദ്ദേഹം അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അസ്സലാമു അലൈക്ക വറഹ്മത്തുല്ലാഹി എന്ന് അവര്‍ തിരിച്ചും അഭിവാദ്യം ചെയ്തു'' (ബുഖാരി, മുസ്‌ലിം).
ഇതില്‍നിന്ന് മനസ്സിലാവുന്നത്, ആദമിനും സന്തതികള്‍ക്കും അഭിവാദ്യവാക്യമായി സ്രഷ്ടാവായ അല്ലാഹു തന്നെ നിര്‍ദേശിച്ചതാണ് 'അസ്സലാമു അലൈക്കും' എന്നാണ്. ആദംസന്തതികള്‍ എന്നാണ് ഹദീസില്‍ പ്രയോഗിച്ചിരിക്കുന്നത്. മനുഷ്യരെല്ലാം ആദം സന്തതികളാണല്ലോ.
ഖുര്‍ആന്‍ പരിശോധിച്ചാലും നമുക്ക് വ്യത്യസ്ത അഭിവാദ്യ രീതികള്‍ കാണാന്‍ കഴിയില്ല (ഉദാഹരണമായി അന്നൂര്‍ 27, അസ്സുഖുറുഫ് 88, മര്‍യം 47 എന്നീ സൂക്തങ്ങള്‍ കാണുക).
മുസ്‌ലിമല്ലാത്തവര്‍ക്കും സലാം പറയാമെന്നാണ് പ്രസിദ്ധ സ്വഹാബിമാരായ ഇബ്‌നു അബ്ബാസ്, ഇബ്‌നു മസ്ഊദ്, അബൂ ഉമാമ തുടങ്ങിയവരുടെ വീക്ഷണം. സ്വഹാബികളുടെ പിന്മുറക്കാരില്‍ ഖലീഫ ഉമറുബ്‌നു അബ്ദില്‍ അസീസ്, സുഫ്‌യാനുബ്‌നു ഉയൈന, ശഅ്ബി, ഔസാഈ, ത്വബരി തുടങ്ങിയ മഹാരഥന്മാരും ഈ വീക്ഷണക്കാരാണ്.
ജൂത-ക്രിസ്ത്യാനികളോട് സലാം പറയുന്നത് വിലക്കിക്കൊണ്ടുള്ള ഹദീസുകള്‍ പരിശോധിച്ചാല്‍ അവ പൊതുവെ യുദ്ധസാഹചര്യങ്ങളില്‍ മാത്രം ബാധകമായ പ്രത്യേക വിധികളാണെന്നാണ് മനസ്സിലാവുക. 'നാളെ അവരെ നേരിടാന്‍ പോവുകയാണ്, അതിനാല്‍ അവരോട് സലാം കൊണ്ട് തുടങ്ങരുത്' എന്നാണ് ഒരു റിപ്പോര്‍ട്ട്. വേറെ ശൈലിയിലും ഈ ആശയം വന്നിട്ടുണ്ട്. അത്തരം ഹദീസുകളുടെ പൂര്‍ണരൂപം പരിശോധിച്ചാല്‍ ജൂതന്മാര്‍ സ്വീകരിച്ചിരുന്ന ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ആ നിര്‍ദേശം വന്നിട്ടുള്ളത് എന്ന് കാണാം.
ചുരുക്കത്തില്‍, ശത്രുക്കളല്ലാത്തവര്‍ ആരായാലും അവരോട് സലാം പറയുന്നതിനോ അത് മടക്കുന്നതിനോ വിരോധമില്ല എന്ന നിലപാടാണ് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. നബി(സ) പഠിപ്പിച്ചതും അതുതന്നെ. ''നീ പരിചയമുള്ളവരോടും പരിചയമില്ലാത്തവരോടും സലാം പറയുക.''
ഇമാം ഖുര്‍ത്വുബി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇമാം സുഫ്‌യാനുബ്‌നു ഉയൈനയോട് ഒരാള്‍ ചോദിച്ചു: സത്യനിഷേധികള്‍ക്ക് സലാം പറയാമോ? അതെ, അദ്ദേഹം മറുപടി പറഞ്ഞു. എന്നിട്ട് മുംതഹിന അധ്യായത്തിലെ നാലാം സൂക്തം തെളിവായി ഓതുകയും ചെയ്തു. കൂടാതെ, ഇബ്‌റാഹീം നബിയില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്ന സൂക്തം ഉദ്ധരിച്ച്, ഇബ്‌റാഹീം നബി തന്റെ പിതാവിനോട് 'സലാമുന്‍ അലൈക' എന്ന് പറഞ്ഞ ഭാഗവും അദ്ദേഹം എടുത്തു കാണിച്ചു. ഈ നിലപാടാണ് ശരിയെന്ന് ഇമാം ഖുര്‍ത്വുബി ഊന്നിപ്പറയുന്നു. മഹാന്മാരും സച്ചരിതരുമായ മുന്‍ഗാമികളില്‍ ഇതര മതസ്ഥര്‍ക്ക് സലാം പറയുന്നവരും പറയാത്തവരും ഉണ്ടായിരുന്നുവെന്ന് ഇമാം ഔസാഈ പറഞ്ഞതും ഖുര്‍ത്വുബി ഉദ്ധരിച്ചിട്ടുണ്ട്.
ഒരുമിച്ച് വളര്‍ന്നും പഠിച്ചും കളിച്ചും ജോലി ചെയ്തും പരസ്പര ബഹുമാനത്തോടെയും ആദരവോടെയും കഴിഞ്ഞുകൂടുന്നവര്‍ ഏതു മതക്കാരായാലും അവര്‍ക്ക് അല്ലാഹു ആദമിന്റെ സന്തതികള്‍ക്ക് നിശ്ചയിച്ചുകൊടുത്ത ശാന്തിയുടെയും സമാധാനത്തിന്റെയും അഭിവാദ്യമര്‍പ്പിക്കുക എന്നത് തന്നെയാണ് ഇസ്‌ലാമിന്റെ അന്തഃസത്തയോടും ചൈതന്യത്തോടും ചേര്‍ന്നു നില്‍ക്കുന്നത്.
Comments