Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

അനാഥശാലകള്‍ ചില അശുഭചിന്തകള്‍

പ്രതികരണം - എന്‍.കെ അഹ്മദ്

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ദീര്‍ഘകാലത്തെ അധ്യാപന സേവനത്തിന് ശേഷം ഒരു സ്വകാര്യ കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഒരു പ്രഫസറെ പരിചയപ്പെടാനിടയായി. സംസാരമധ്യേ ഞാന്‍ ചോദിച്ചു. കൃത്യാന്തര ബഹുലമായ ഔദ്യോഗിക ജീവിതം അവസാനിച്ചല്ലോ. ഇനി വിശ്രമജീവിതം തന്നെയാണോ പരിപാടി? ഒരു മന്ദസ്മിതത്തോടെ അദ്ദേഹം പ്രതിവചിച്ചു: ഒരിക്കലുമില്ല. വിശ്രമജീവിതം ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍. ആരോഗ്യം അനുവദിക്കുന്നേടത്തോളം എന്തെങ്കിലും എന്‍ഗെയിജ്‌മെന്റിലാവാനാണ് ഉദ്ദേശ്യം. റിട്ടയര്‍ ചെയ്യുന്നതറിഞ്ഞ് നാട്ടിനടുത്ത ഒരു സ്ഥാപനത്തില്‍ നിന്ന് തന്നെ ഒരു ഓഫര്‍ കിട്ടി.
എന്നിട്ട്? - ്യൂഞാന്‍ ചോദിച്ചു.
'സന്തോഷപൂര്‍വമാണ് ഞാനത് സ്വീകരിച്ചത്' പ്രഫസര്‍ പറഞ്ഞു: ഒരനാഥശാലയുടെ ഭരണച്ചുമതല കൈകാര്യം ചെയ്യുകയാണ് എന്റെ ജോലി.
താങ്കളെപ്പോലുള്ള ആര്‍ക്കും നിഷ്പ്രയാസം ചെയ്യാവുന്ന ഒരു ജോലിയാണല്ലോ - ഞാന്‍ പറഞ്ഞു.
താങ്കള്‍ പറഞ്ഞത് ശരിയാണെങ്കിലും, സത്യം പറയട്ടെ, ഞാന്‍ നിരാശനാണ് - പ്രഫസര്‍ മനസ്സ് തുറക്കുകയായിരുന്നു: ഒരുപാട് സ്വപ്നങ്ങളുമായാണ് ഞാനീ ചുമതല ഏറ്റെടുത്തത്. മനസ്സിനിണങ്ങിയ ഒരു സേവനരംഗം, ഒപ്പം ഒരു എന്‍ഗെയിജ്‌മെന്റും. നീണ്ടകാലത്തെ ഔദ്യോഗിക ജീവിതത്തിലെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തില്‍ സ്ഥാപനത്തിന് വേണ്ടി ചിലതൊക്കെ ചെയ്യണമെന്നുണ്ടായിരുന്നു. അധ്യാപകര്‍ ഒഴിവുള്ള പിരീഡുകളില്‍ ഞാന്‍ ക്ലാസ്സുകള്‍ എടുക്കാറുണ്ട്. തുടക്കം മുതലേ എന്റെ ശ്രദ്ധയില്‍പെട്ട ഒരു കാര്യം അന്തേവാസികളുടെ ആലസ്യമാണ്. ഓജസും പ്രസരിപ്പും കളിയാടേണ്ട മുഖങ്ങളില്‍ എപ്പോഴും ഉറക്കവും ഉന്മേഷക്കുറവും. ഓരോ ദിവസവും അന്തേവാസികള്‍ക്കുണ്ടാക്കുന്ന ഭക്ഷണത്തിന്റെ പട്ടിക നോക്കിയപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി: ബിരിയാണി മയം! ബിരിയാണി സ്വാദിഷ്ടമായ ഭക്ഷണം തന്നെ. എന്നാലും രണ്ടു ദിവസം തുടര്‍ച്ചയായി കഴിക്കുമ്പോള്‍ അത് മടുക്കും. ആഴ്ച മുഴുവന്‍ ബിരിയാണിയായാലോ? നമ്മുടെ ദഹനക്രമത്തെ തന്നെ അതു ബാധിക്കും. ദഹനം കിട്ടാത്ത കുട്ടികള്‍ക്ക് ഉറക്കവും നഷ്ടപ്പെടുന്നു. അവര്‍ ക്ലാസ്സില്‍ ഉറക്കം തൂങ്ങിയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടൂ. ഹോസ്റ്റല്‍ വാര്‍ഡന്റെയും ഭക്ഷണവകുപ്പിന്റെയും ഉത്തരവാദപ്പെട്ട വ്യക്തിയുടെയും സാന്നിദ്ധ്യത്തില്‍ ഞാന്‍ വിഷയം ചര്‍ച്ച ചെയ്തു. ഞാന്‍ പറഞ്ഞു: നമുക്ക് അന്തേവാസികളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തണം. ബിരിയാണി ആഴ്ചയില്‍ ഒന്നാക്കിക്കൂടേ?
അവര്‍ പരസ്പരം നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വാര്‍ഡന്‍ പറഞ്ഞു: അതു പ്രയാസമാണ്. ഭക്ഷണത്തിന്റെ ഐറ്റം നിശ്ചയിക്കുന്നത് നമ്മളല്ല. സ്‌പോണ്‍സര്‍മാരാണ്. തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം തന്നെ യതീമുകള്‍ക്കും നല്‍കണമെന്നത് അവര്‍ക്ക് നിര്‍ബന്ധമാണ്. സംസാരത്തിനിടയില്‍ ഭക്ഷണവകുപ്പ് കൈകാര്യം ചെയ്യുന്ന ആള്‍ തന്റെ ഡയറി എടുത്തു കാണിച്ചു തന്നു - ആഴ്ചകള്‍ക്കപ്പുറമുള്ള തിയ്യതികള്‍ പോലും ബിരിയാണി ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു! സ്‌പോണ്‍സര്‍മാരുടെ സംഭാവനകളും നേര്‍ച്ചകളും വകുപ്പുമാറി ചെലവഴിക്കാന്‍ സ്ഥാപനത്തിന് അധികാരമില്ലാത്ത നിലക്ക് അനാഥസംരക്ഷണത്തെയും അനാഥശാലകളുടെ നടത്തിപ്പിനെയും കുറിച്ച് നമ്മുടെ സമുദായത്തിന് പുതിയൊരു കാഴ്ചപ്പാടുണ്ടാവേണ്ടതുണ്ടെന്ന അഭിപ്രായത്തോടെയാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.
അനാഥ സംരക്ഷണ വിഷയത്തില്‍ ഒരു പരിവര്‍ത്തനത്തിന് കൊതിച്ച പ്രൊഫസര്‍ക്കും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും പിന്നീടെന്തുണ്ടായെന്നറിയില്ല. അദ്ദേഹം പരാമര്‍ശിച്ച പ്രയാസങ്ങള്‍ കേരളത്തിലെ മറ്റു അനാഥശാലകള്‍ക്കുമുണ്ടോ എന്നുമറിയില്ല. ഏതായാലും ഒരു കാര്യം നിസ്തര്‍ക്കമാണ്. അനാഥ സംരക്ഷണം ഇത്രയേറെ ഒരു വിഷയമായെടുക്കുന്ന സമുദായം വേറെയില്ല. അതു വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഈ ഉമ്മത്തില്‍ അവശേഷിപ്പിച്ച സാംസ്‌കാരികത്തനിമയുടെ ഭാഗം കൂടിയാണ്. അനാഥനായി വളരുകയും അനാഥത്വത്തിന്റെ നോവും കയ്പും വേണ്ടതിലധികം നേരിട്ടറിയുകയും ചെയ്ത പ്രവാചക ശ്രേഷ്ഠന്റെ തിരുസാമീപ്യം വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹീതരാണ് അനാഥ പരിപാലകര്‍. 'അനാഥകളെ ആട്ടിയോടിക്കുന്നവരെ'ക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ അധ്യാപനവും വളരെയേറെ ഗൗരവപ്പെട്ടതാണ്. ഇതര സമുദായങ്ങളില്‍ അനാഥക്കുട്ടികള്‍ ഇല്ലാഞ്ഞിട്ടല്ല, അനാഥ സംരക്ഷണം അവരുടെ അജണ്ടയില്‍ ഒരു വിഷയമാകാത്തതു കൊണ്ടു മാത്രമാണ് അമുസ്‌ലിം ഓര്‍ഫനേജുകളുടെ അതിപ്രസരം നമുക്കനുഭവപ്പെടാത്തത്. ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹം അനാഥസംരക്ഷണം മതപരവും സാമൂഹികവുമായ ഒരു ബാധ്യതയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ ദാനശീലരായ അറബ് സുഹൃത്തുക്കള്‍ പള്ളി-മദ്‌റസകളേക്കാള്‍ പരിഗണന നല്‍കുക 'ദാറുല്‍ അയ്താം' പ്രോജക്ടുകള്‍ക്കാണ്. ഇസ്‌ലാമിക ശരീഅത്ത് ഭാഗികമായി മാത്രം നടപ്പിലുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍പോലും അനാഥമക്കളെ വിട്ടേച്ചു മരണപ്പെടുന്ന കുടുംബനാഥന്മാരുടെ മുഴുവന്‍ സ്വത്തും കൈകാര്യം ചെയ്യുന്നതിന് അതതു രാഷ്ട്രങ്ങളിലെ സാമൂഹിക ക്ഷേമ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നത്, ഈ വിഷയത്തില്‍ അവര്‍ക്കുള്ള കണിശതയാണ് വ്യക്തമാക്കുന്നത്. അനാഥ കുട്ടികളുടെ സ്വത്ത് മറ്റുള്ളവര്‍ കവര്‍ന്നെടുക്കാതിരിക്കാനും ആ സ്വത്ത് യഥാവിധി സംരക്ഷിക്കാനുമുള്ള ഈ സംവിധാനം അനാഥ മക്കള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നതു വരെ തുടരുകയും ചെയ്യും.
പ്രബോധനത്തില്‍ ബഷീര്‍ തൃപ്പനച്ചി എഴുതിയ ലേഖനം (യതീം കുട്ടികളെ ഇനിയും നാടുകടത്തേണ്ടതുണ്ടോ?) വായിച്ചപ്പോഴാണ് എന്നോ പരിചയപ്പെട്ട പ്രഫസറുടെ വാക്കുകള്‍ വീണ്ടുമോര്‍ത്തുപോയത്. പ്രശസ്തമായ ജെ.ഡി.റ്റി ഇസ്‌ലാം എന്ന സ്ഥാപനത്തിന്റെ തുടക്കത്തിനു കാരണമായ ഒരു 'പ്രസ്സിംഗ് നീഡ്' കേരളത്തില്‍ ഇന്നുള്ള എല്ലാ അനാഥശാലകളുടെയും പിറവിക്ക് പിന്നിലുണ്ടോ എന്നു തീര്‍ത്ത് പറയാനാവില്ലെങ്കിലും അവയെല്ലാം അവയുടെ മേഖലകളില്‍ കനപ്പെട്ട സേവനങ്ങളാണ് അര്‍പ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് പറയാതെ വയ്യ. വൈകല്യങ്ങളും കുറവുകളുമുണ്ടാവാമെങ്കിലും ഏതായാലും അനാഥശാലകള്‍ പുതുതായി തുടങ്ങാന്‍ പരിപാടിയിടുന്നവര്‍ പത്തുവട്ടം ആലോചിച്ച ശേഷമേ അതിനിറങ്ങാവൂ എന്നു പറയേണ്ടതുണ്ട്. കാരണം, ചില സ്ഥാപനങ്ങളെങ്കിലും അനാഥക്കുട്ടികളെക്കിട്ടാതെ 'കഷ്ടപ്പെടുന്ന'തായും അറിയാം. സ്ഥാപനത്തിലെ സൗകര്യത്തിനനുസരിച്ച് അനാഥക്കുട്ടികളും തദനുസൃതമായ സാമ്പത്തിക സംവിധാനങ്ങളുമുള്ള അനാഥശാലകളിലെത്തിയിട്ടും അനാഥ മക്കളുടെ അനാഥത്വം അവസാനിക്കാത്ത സാഹചര്യങ്ങളുണ്ടെന്നത് നിഷേധിച്ചു കൂട. അതേയവസരത്തില്‍ ഫീസടക്കുന്ന കുട്ടികള്‍ക്കും അനാഥക്കുട്ടികള്‍ക്കും ഒരേ ഭക്ഷണവും ഒരേ സൗകര്യവും നല്‍കുന്ന, മാതൃകാ യോഗ്യമായി പ്രവര്‍ത്തിക്കുന്ന, വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളെങ്കിലും നമുക്കുണ്ടെന്നതും സന്തോഷകരമാണ്. അത്തരം സ്ഥാപനങ്ങളിലെ അനാഥ മക്കള്‍ക്ക് ആ സ്ഥാപനങ്ങള്‍ 'യതീംഖാനക'ളായല്ല, തങ്ങളെ അകാലത്തില്‍ തനിച്ചാക്കി വിടപറഞ്ഞുപോയ മാതാക്കളുടെയും പിതാക്കളുടെയും നിറസാന്നിധ്യം അനുഭവപ്പെടുന്ന, അവരുടെ സ്‌നേഹസൗരഭ്യം നിറഞ്ഞു നില്‍ക്കുന്ന വീടുകളായേ തോന്നൂ. നമ്മുടെ എല്ലാ അനാഥശാലകളുടെയും പരിശ്രമം ഈ ഉന്നത ലക്ഷ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനായിരിക്കണം. അതു പക്ഷേ, സ്ഥാപനങ്ങളുടെ കമ്മിറ്റികള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമായിരിക്കില്ല. അനാഥശാലകള്‍ക്ക് അവലംബം നല്‍കുന്നവരില്‍ പുതിയൊരു കാഴ്ചപ്പാട് വളര്‍ന്നുവരേണ്ടതുണ്ട്. അനാഥക്കുട്ടികളെ എന്നും ബിരിയാണി തീറ്റിച്ചാല്‍ അവരുടെ അനാഥത്വം അവസാനിക്കുകയില്ല. സനാഥക്കുട്ടികളുടെ എല്ലാ അടിസ്ഥാനാവശ്യങ്ങളും അനാഥക്കുട്ടികള്‍ക്കുമുണ്ടെന്നും ആ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് അനാഥശാലാ ഭാരവാഹികള്‍ ശ്രമിക്കേണ്ടതെന്നും അതുകൊണ്ടുതന്നെ സ്ഥാപനത്തിന്റെ ഏതു ദൗത്യത്തില്‍ പങ്കാളിയാവുന്നതും പ്രതിഫലാര്‍ഹവും പുണ്യകരവും പ്രവാചക സാമീപ്യത്തിലേക്കുള്ള വഴിയാണെന്നും സമുദായം തിരിച്ചറിയേണ്ടതുണ്ട്.
ഓരോ കുടുംബത്തിലെയും അനാഥരെ അതേ കുടുംബത്തിലെ കഴിവുള്ളവര്‍ തന്നെ സംരക്ഷിക്കുകയെന്നത് വളരെ ലളിതസുന്ദരവും ഉദാത്തവുമായ ആശയമാണ്. ആ നിലവാരത്തിലേക്ക് നമ്മുടെ കുടുംബങ്ങള്‍ ഉയരുവോളമെങ്കിലും നമ്മുടെ അനാഥശാലകളുടെ പ്രസക്തിയും പ്രാധാന്യവും നിഷേധിക്കാനാവില്ല. സാമ്പത്തികമായ അസന്തുലിതാവസ്ഥയുള്ള കുടുംബങ്ങളിലെ ഉള്ളവരില്‍ നിന്ന് ഇല്ലാത്തവര്‍ പലതരത്തില്‍ തഴയപ്പെടുന്ന നമ്മുടെ സമൂഹത്തിലെ ചില അനാഥക്കുട്ടികള്‍ക്കെങ്കിലും യതീംഖാനകളിലെ 'പീഡന'ങ്ങളാവാം സ്വന്തം കുടുംബത്തില്‍ നിന്നുള്ള നിന്ദ്യതയെക്കാളും വിവേചനത്തേക്കാളും സഹനീയമായിത്തോന്നുക എന്നു കൂടി ഓര്‍ക്കാവുന്നതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍