വക്കം അബ്ദുല്‍ ഖാദര്‍ മലയാളി മറന്ന സാഹിത്യപ്രതിഭ
''അറുപത്തിനാലാം വയസ്സില്‍ അബ്ദുല്‍ ഖാദര്‍ മരണപ്പെടുമ്പോള്‍ മലയാള സാഹിത്യത്തില്‍ ആ മഹാ പ്രതിഭ കൈവെക്കാത്ത ഒരു മേഖലയുമുണ്ടായിട്ടില്ല. പക്ഷേ, മലയാളം അദ്ദേഹം അര്‍ഹിക്കുന്ന യാതൊരു അംഗീകാരവും നല്‍കിയില്ല.''
മഹാമനീഷി എന്ന് സത്യസന്ധമായി പറയാവുന്ന എന്‍.വി കൃഷ്ണവാര്യരുടെ ഈ വാക്കുകള്‍ ഈ സ്മരണ എഴുതുമ്പോള്‍ എന്നില്‍ ഗദ്ഗദപൂര്‍വം തികട്ടുന്നു.ചങ്ങമ്പുഴയും ജി. ശങ്കരക്കുറുപ്പും അടക്കം മലയാളത്തിലെ നവോത്ഥാന കവികള്‍ ഇന്ന് നാം കേള്‍ക്കുമ്പോലെ മഹാ പ്രശസ്തരാകുന്നതിന് കാരണക്കാരനായത് ഈ അബ്ദുല്‍ ഖാദറാണ്. 'ജിയും ഭാഷാകവികളും' എന്ന അബ്ദുല്‍ ഖാദറിന്റെ നിരൂപണ ഗ്രന്ഥം കൈയില്‍ കിട്ടിയ നിമിഷത്തെക്കുറിച്ച് കവി ശങ്കരക്കുറുപ്പ് പ്രതികരിച്ചതിങ്ങനെ:
''എന്റെ കാവ്യജീവിതം സഫലമായി. അബ്ദുല്‍ ഖാദര്‍ എന്റെ കവിതയെ മാത്രമല്ല എന്നെയും ആഴത്തില്‍ പഠിച്ചറിഞ്ഞു...''
സത്യത്തില്‍ വക്കം അബ്ദുല്‍ ഖാദറിന്റെ ഈ നിരൂപണ ഗ്രന്ഥം പുറത്തിറങ്ങിയ നാളുകളിലാവണം 'ശങ്കരക്കുറുപ്പിന്റെ കവിത്വ'ത്തിനെതിരെ ഒരു 'രഹസ്യ കൂട്ടായ്മ' കോഴിക്കോട് പന്നിയങ്കരയില്‍ മാരാരുടെ വസതിയില്‍ നിന്നാരംഭിച്ച് മൂത്തകുന്നം ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പലായിരുന്ന സുകുമാര്‍ അഴീക്കോടിലെത്തുന്നത്. 'ശങ്കരക്കുറുപ്പ് ആയിരുന്നില്ല തുടക്കത്തില്‍ ഗൂഢാലോചനയുടെ ഭാഗം. അക്കാലത്തെ ചില സാഹിത്യ സവര്‍ണ മേധാവികളുടേതായിരുന്നു. മുണ്ടശ്ശേരിയും എരിതീയില്‍ ഇത്തിരി എണ്ണ പാര്‍ന്നു. കവി ടി. ഉബൈദിനെ വെറുമൊരു 'മലബാര്‍ കാക്ക' മാത്രമായി സാഹിത്യ പരിഷത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ അയിത്ത സംസ്‌കാരം കാട്ടിയ സവര്‍ണ സാഹിത്യ തമ്പുരാക്കന്മാര്‍ പക്ഷേ, വക്കം അബ്ദുല്‍ ഖാദറിനെ ഭയന്നിട്ടാകാം തൊടാന്‍ മടിച്ചു. എന്നിട്ടും അക്കാലത്തൊരു നിരൂപക പ്രമാണി പറഞ്ഞുവത്രെ: ''തെക്കു നിന്നൊരു മേത്തന്‍ കുഴിയാനയെ കൊച്ചിയിലെത്തി നെറ്റിപ്പട്ടം കെട്ടിച്ചു.''
മേത്തന്‍ വക്കവും കുഴിയാന ശങ്കരക്കുറുപ്പുമായിരുന്നു. ഇന്നത്തേതിലും എത്രയോ 'കുശുമ്പു കുന്നായ്മ'കള്‍ നിറഞ്ഞതായിരുന്നു അമ്പതുകളിലെ മലയാള സാഹിത്യരംഗം.
2012 വക്കം അബ്ദുല്‍ ഖാദറിന്റെ ജന്മശതാബ്ദി വര്‍ഷമാണ് (26-ാം വയസ്സില്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ സ്വാതന്ത്ര്യ സമരസേനാനി വക്കം ഖാദര്‍ മറ്റൊരാളാണ്). അക്കാദമികളോ 'പുറം മാന്തല്‍' പ്രസ്ഥാനങ്ങളോ ഈ മഹാപ്രതിഭയെ ഇന്ന് അറിഞ്ഞെന്ന് വരില്ല. സ്വദേശാഭിമാനി പത്രത്തിന്റെ നാഡിയും നട്ടെല്ലും യഥാര്‍ഥത്തില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ആയിരുന്നു. രാമകൃഷ്ണ പിള്ളയെ അപദാനങ്ങള്‍ കൊണ്ട് മൂടുന്ന സവര്‍ണ ഭാഷയും അതെഴുതുന്ന കൃത്രിമ തൂവലുകളും മൗലവിയെ പിന്‍നിരയിലാണ് എന്നും സ്ഥാപിക്കുക. ആ വക്കം മൗലവിയുടെ നാലാമത്തെ പുത്രനാണ് വക്കം അബ്ദുല്‍ ഖാദര്‍. കോഴിക്കോട്ടെ മദ്‌റസത്തുല്‍ മുഹമ്മദീയ അടക്കം അബ്ദുല്‍ ഖാദര്‍ വിജ്ഞാനം തേടി പറന്നെത്താത്ത ഇടങ്ങള്‍ ചുരുക്കം. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് അല്‍ അമീനിലൂടെ അബ്ദുല്‍ ഖാദറിനെ ചിരപ്രതിഷ്ഠനാക്കി. അക്കാലം കോഴിക്കോട് നടക്കാവിലായിരുന്നു ഖാദറിന്റെ ഏകാന്ത വാസം. പോയകാല ഇസ്‌ലാമിക നവോത്ഥാന നായകരെ ചിന്തിക്കുമ്പോള്‍ ഇസ്സുദ്ദീന്‍ മൗലവി, എം.സി.സി സഹോദരന്മാരേക്കാളും മുന്നിരയിലാണ്. കൈ മലര്‍ത്തി നീട്ടി കേരളമാകെ മദ്‌റസകള്‍ സ്ഥാപിക്കാന്‍ പട്ടിണി തിന്നും വല്ലപ്പോഴും കിട്ടുന്ന ഇത്തിരി കഞ്ഞിയില്‍ കണ്ണീരുപ്പു കലര്‍ത്തിയും ഇസ്സുദ്ദീന്‍ മൗലവി അലഞ്ഞ നാളുകളില്‍ വക്കം അബ്ദുര്‍ ഖാദറിനെ തേടി എത്തുമായിരുന്നു. കോഴിക്കോട്ട് ഇന്നത്തെ വൈ.എം.സി.എ ക്രോസ് റോഡിനടുത്തൊരു ഇരുനില മാളികയുടെ പൊട്ടിപ്പൊളിഞ്ഞ മുറിയില്‍ തന്റെ സായാഹ്ന സഞ്ചാര വേളകളില്‍ ഇസ്സുദ്ദീന്‍ മൗലവിയെ വക്കത്തോടൊപ്പം പരിചയപ്പെട്ട ചില 'നേരമ്പോക്കുകള്‍' എസ്.കെ പൊറ്റക്കാട് ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. ഇംപീരിയല്‍ ഹോട്ടലിലെ 'കുതിര ബിരിയാണി' അതിലൊരു സുപ്രധാന ഐറ്റമാണ്. പുട്ടും കടലയും മിശ്രിതമാക്കി ചൂടുവെള്ളം മേമ്പൊടിയാക്കി അര അണക്ക് ആറാളുകള്‍ കഴിക്കുമായിരുന്നു. അതിലൊരു ഭാഗം പാഴ്‌സലായി കരുതും. വക്കത്തിന്റെ ഇഷ്ട വിഭവങ്ങളിലൊന്നായിരുന്നു ഇംപീരിയലിലെ പുട്ടും കടലയും.
വെറും പത്താം ക്ലാസില്‍ ഔപചാരിക പഠനം ജീവിത പ്രാരാബ്ധങ്ങളാല്‍ മതിയാക്കേണ്ടി വന്ന വക്കം അബ്ദുല്‍ ഖാദര്‍ പിതാവ് വക്കം മൗലവിയുടെ വേര്‍പാടിനെ തുടര്‍ന്ന് 'യാതൊന്നുമാകാനിടയില്ലാത്ത' ജീവിത സാഹചര്യങ്ങളിലേക്കാണ് തള്ളിയിടപ്പെട്ടത്. ട്യൂഷനെടുത്തും അല്ലറ ചില്ലറ പ്രൂഫ് വായനകളുമായി ജീവിതം ഉന്തിനീക്കവെ ഉറൂബിന്റെ ശിപാര്‍ശയിന്മേല്‍ മംഗളോദയം കമ്പനിക്കാരുടെ പുസ്തക പരിശോധകനായി. പിതാവിന്റെ കനപ്പെട്ട വായനശാല അദ്ദേഹത്തിന് വലിയ തുണയായി. മൗലവി മക്കള്‍ക്കായി സമ്പാദിച്ചുവെച്ചത് കുറെ പുസ്തകക്കൂമ്പാരങ്ങള്‍ മാത്രമായിരുന്നു. ജോസഫ് മുണ്ടശ്ശേരി പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരിക്കെ ദിവാന്‍ സര്‍ സി.പി അടച്ചുപൂട്ടി സീല്‍ ചെയ്ത സ്വദേശാഭിമാനി പ്രസ്സും കമ്പോസിംഗ് മരറാക്കുകളും ഈയത്തില്‍ വാര്‍ത്ത കുറെ മലയാള അക്ഷരങ്ങളും അബ്ദുല്‍ ഖാദറിനെയും കുടുംബത്തെയും ഏല്‍പിച്ച രോമാഞ്ചജനകമായ ചിത്രം തെല്ലഭിമാനപൂര്‍വം വിവരിക്കുന്നുണ്ട്, 'കൊഴിഞ്ഞ ഇലകള്‍' എന്ന ആത്മകഥയില്‍. അബ്ദുല്‍ ഖാദറിന്റെ ഉത്സാഹങ്ങള്‍ ഇംഗ്ലീഷും സംസ്‌കൃതവും മാത്രമല്ല, ജര്‍മനും അറബിയും തമിഴും ഉര്‍ദുവുമൊക്കെ പഠിച്ചെടുക്കുന്നതില്‍ വലിയൊരു 'വാശി' തന്നെ പ്രകടിപ്പിച്ചു. 'തിരുക്കുറളി'ന്റെ നല്ല ചില മൊഴിമാറ്റങ്ങള്‍ അക്കാലം അബ്ദുല്‍ ഖാദറില്‍നിന്നുണ്ടായി. മലയാളത്തിലാദ്യമായി പേര്‍ഷ്യന്‍ കവിതകള്‍ക്കൊരു ആമുഖം രചിക്കുന്നത് വക്കം അബ്ദുല്‍ ഖാദറാണ്.
''നമ്മുടെ മൗലവിയുടെ പുത്രന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ മലയാള സാഹിത്യ ചരിത്രം ഒരുപക്ഷേ അപൂര്‍ണമായിപ്പോയേനെ...'' ഉള്ളൂര്‍ ഒരു സ്വകാര്യ കത്തില്‍ ഉള്ളാട്ടില്‍ ഗോവിന്ദന്‍ കുട്ടി മേനോന് എഴുതി.
'ഈ മാപ്ലമാര്‍ക്കും മേത്തന്മാര്‍ക്കും സരസ്വതി വഴങ്ങുമോ?' എന്ന് ഉള്ളാട്ടിലും കൂട്ടരും പറഞ്ഞു നടക്കുന്ന കാലം. മാരാരും മുണ്ടശ്ശേരിയും അഴീക്കോടും അടങ്ങുന്ന മലയാളത്തിന്റെ അത്യപൂര്‍വ നിരൂപക ശോഭകള്‍ സാഹിത്യവും കലയും രാഷ്ട്രമീമാംസകളും ആധുനിക ഫ്രഞ്ച് സാഹിത്യ ചിന്തകള്‍ പോലും വായിച്ച് പഠിച്ചറിഞ്ഞത് വക്കം അബ്ദുല്‍ ഖാദറില്‍ നിന്നാണ്. അതൊരു ഒഴിയാത്ത സര്‍ഗവൈഭവ ചെപ്പായിരുന്നു. അല്ലാമാ ഇഖ്ബാലിന്റെ 'അസ്‌റാറേ ഖുദാ'മലയാളത്തിലേക്ക് മൊഴിമാറ്റിയത് അബ്ദുല്‍ ഖാദറാണ്. ചിന്തകനും നിരൂപക ശ്രേഷ്ഠനുമായ കേസരി എ. ബാലകൃഷ്ണപിള്ള മനഃശാസ്ത്ര വിശകലനങ്ങളുമായി ബന്ധപ്പെട്ട നവീന ഗ്രന്ഥങ്ങള്‍ തേടി എത്തിയത് അബ്ദുല്‍ ഖാദറിന്റെ വായനശാലയിലായിരുന്നു.
നാടകം അബ്ദുല്‍ ഖാദറിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു. ബര്‍നാഡ്ഷാ, സോമര്‍സെറ്റ് മോം തുടങ്ങിയവരുടെ സുപ്രധാന രചനകള്‍ മലയാളത്തിനു മൊഴിമാറ്റി നല്‍കുക വഴി പാശ്ചാത്യ സാഹിത്യ ലോകത്തിലെ ആരും തുറന്നു നോക്കാന്‍ മടിച്ചിരുന്ന ചില അത്യപൂര്‍വ ഇരുമ്പുഗേറ്റുകള്‍ അബ്ദുല്‍ ഖാദര്‍ അനായാസം ചവിട്ടി തുറന്നു. എസ്.കെ പൊറ്റക്കാട് ഓര്‍ക്കുന്നു: ''സത്യം പറഞ്ഞാല്‍ മാര്‍ക്‌സിനെയും ഡാര്‍വിനെയും ഞാന്‍ വിശദമായി അറിഞ്ഞത് അബ്ദുല്‍ ഖാദറില്‍ നിന്നായിരുന്നു.'' 'സാഹിത്യ വാരഫല'ത്തിലൂടെ പ്രശസ്തനായ എം. കൃഷ്ണന്‍ നായര്‍ 'മലയാള സാഹിത്യത്തിലെ ഒരേയൊരു പുരുഷരത്‌നം' എന്ന് പതിവായി തന്റെ കോളത്തില്‍ അബ്ദുല്‍ ഖാദറിനെ വിശേഷിപ്പിച്ചു. 'മൂന്നു സഹോദരിമാര്‍', 'സ്വദേശാഭിമാനി' എന്നീ നാടകങ്ങള്‍ വിശ്വനാടക വേദിയിലെ ചില ക്ലാസിക്കുകളുടെ ചുവടു പിടിച്ച് അബ്ദുല്‍ ഖാദര്‍ എഴുതിയത് 'നാടക നവ്യാനുഭവ'ങ്ങളായി അക്കാലം കേള്‍വി കേട്ടു.
'സുബോധിനി', 'തൂലിക' എന്നീ ആനുകാലികങ്ങളുടെ പത്രാധിപര്‍ എന്ന നിലക്ക് പുതിയ എഴുത്തുകാരെ കൈപിടിച്ചുയര്‍ത്താന്‍ അബ്ദുല്‍ ഖാദര്‍ നിരവധി ക്ലേശങ്ങള്‍ തന്നെ സഹിച്ചതായി 'പത്രപ്രവര്‍ത്തന ചരിത്ര'ങ്ങള്‍ പറയുന്നു. കെ.എ കൊടുങ്ങല്ലൂരിലെ എഴുത്തുകാരനെ കണ്ടെത്തിയത് അബ്ദുല്‍ ഖാദറായിരുന്നു. സി.എച്ച് മുഹമ്മദ് കോയ ഏറെ ആദരിച്ച എഴുത്തുകാരനായിരുന്നു അബ്ദുല്‍ ഖാദര്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണസമിതി അംഗത്വവും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ഇതിന്റെ മികച്ച ഉദാഹരണങ്ങള്‍. മുസ്‌ലിം നാമധാരി ആയ എഴുത്തുകാരന്‍ എന്നതിലുപരി അബ്ദുല്‍ ഖാദറിന്റെ 'തൊട്ടതെല്ലാം പൊന്നാക്കുന്ന' പ്രതിഭാ വിസ്മയത്തെ സി.എച്ച് അക്കാലം ചന്ദ്രികയില്‍ തന്റെ കോളങ്ങളില്‍ വിശദീകരിച്ചു. അബ്ദുല്‍ ഖാദര്‍ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോട് പൊതുവെ 'പുറം തിരിഞ്ഞ' ഒരാളെന്ന നിലക്ക് ആ സര്‍ഗവൈഭവങ്ങളെ ഹൃദയാത്മനാ അംഗീകരിച്ച് നല്ല ചില 'ഇരിപ്പിട'ങ്ങള്‍ സി.എച്ച് നല്‍കിയത് ഇന്നത്തെ ലീഗ് രാഷ്ട്രീയത്തിന് ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. അബ്ദുല്‍ ഖാദറിന്റെ പുത്രന്മാരായ സുഹൈറും ഹിഷാമും പ്രിയ പിതാവിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് 'വക്കം മൗലവി ഫൗണ്ടേഷനി'ലൂടെ ചിലതൊക്കെ ചെയ്യുന്നുവെങ്കിലും മലയാള സാഹിത്യം വക്കം അബ്ദുല്‍ ഖാദറിനെ മറന്ന മട്ടാണ്. മുട്ടിന് മുട്ടിന് സാഹിത്യ തമ്പുരാക്കന്മാരുടെ 'ഓര്‍മ പുത്തക'ങ്ങള്‍ അച്ചടിച്ച് പുസ്തക ഗോഡൗണുകളെ മുഷിപ്പിക്കുന്ന പ്രസാധക വീരന്മാര്‍ മലയാള എഴുത്തിലെ ഈ കനക തൂലികയെ ഈ ജന്മശതാബ്ദിനാളുകളിലെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍! മറ്റൊന്നും വേണ്ട; വക്കം കൃതികളുടെ നല്ലൊരു പരിഷ്‌കരിച്ച സമ്പൂര്‍ണ എഡിഷന്‍. മലയാളത്തില്‍ വക്കം അബ്ദുല്‍ ഖാദറിനെ സ്‌നേഹിക്കുന്നവരുടെ കൊതിയാണത്.
Comments