കൊലക്കത്തിരാഷ്ട്രീയം സി.പി.എമ്മിന്റെ അന്ത്യം കുറിക്കും
ഒരുകാലത്ത് സ്വതന്ത്ര ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പാര്‍ട്ടി കൊമ്മൂണിസ്റ്റ് ഇന്തോനേസ്യ എന്ന പി.കെ.ഐ. മുപ്പത് ലക്ഷം അംഗങ്ങളുണ്ടായിരുന്നു പാര്‍ട്ടിക്ക്. ഒരു വശത്ത് സ്വാതന്ത്ര്യ സമരനായകനും റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായിരുന്ന സുകാര്‍ത്തോവിനെ സ്വാധീനിച്ച് അദ്ദേഹത്തെ വെറും സ്ഥാനീയ സാരഥി(Titular)യായി നിലനിര്‍ത്താനും ഭരണം പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും മറുവശത്ത് കമ്യൂണിസ്റ്റിതര പാര്‍ട്ടികളെയും വ്യക്തികളെയും ഉന്മൂലനം ചെയ്യാനും പി.കെ.ഐ കരുക്കള്‍ നീക്കി. അങ്ങനെയാണ് 1965 സെപ്റ്റംബറില്‍ കേണല്‍ ഉണ്ടോങ്ങിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വിപ്ലവം അരങ്ങേറിയത്. പക്ഷേ, ഓപറേഷന്‍ പാളി. രാജ്യരക്ഷാ മന്ത്രി അബ്ദുല്‍ ഹാരിസ് നസൂഷ്യനും സൈന്യാധിപന്‍ ജനറല്‍ സുഹാര്‍ത്തോയും ആസ്ഥാനത്തില്ലാതിരുന്നതിനാല്‍ അവരെ വകവരുത്താന്‍ അട്ടിമറിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല യഥാസമയം സി.ഐ.എ.യില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനാല്‍ വിപ്ലവത്തെ അടിച്ചമര്‍ത്താനും സുഹാര്‍ത്തോക്ക് പ്രയാസമുണ്ടായില്ല. പിന്നീടങ്ങോട്ട് നടന്നത് ചരിത്രത്തിലെ ഏറ്റവും ഭീകരമായ കമ്യൂണിസ്റ്റ് വേട്ടയാണ്. അഞ്ചു ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. എന്തായാലും ഇന്തോനേഷ്യയില്‍ പിന്നീടൊരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടി ജീവിക്കുകയോ പുനര്‍ജനിക്കുകയോ ഉണ്ടായില്ല. ഹിംസയുടെയും നരഹത്യയുടെയും വഴി സ്വീകരിച്ചാല്‍ അതേ വഴിയിലൂടെത്തന്നെ സ്വന്തം ഉന്മൂലനവും സംഭവിക്കും എന്നതിന്റെ ചരിത്ര സാക്ഷ്യമാണ് പി.കെ.ഐയുടെ ദുരന്തം.
കല്‍ക്കത്ത തീസിസിനെയും തെലുങ്കാന അട്ടിമറിയെയും തുടര്‍ന്ന് നിരോധിക്കപ്പെട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ക്രൂരമായ പീഡനാനുഭവങ്ങള്‍ക്ക് ശേഷം പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതമായതോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. കൊല്ലും കൊലയും തലവെട്ടും ചോരചിന്തലും ഉപേക്ഷിച്ച് ആശയസമരത്തിലൂടെയും നിരന്തരമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെയും ബാലറ്റു പെട്ടികളെ ചുവപ്പിക്കുന്ന പരീക്ഷണത്തിന്റെ വിജയമാണ് 1956-ല്‍ കേരളത്തിലെ പ്രഥമ നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടത്. പിന്നെ പശ്ചിമബംഗാളിലും ത്രിപുരയിലും വിജയം നിരന്തരം ആവര്‍ത്തിച്ചു. പക്ഷേ, ദേശീയതലത്തില്‍ പ്രബല ശക്തിയായി ഉയരാന്‍ പല കാരണങ്ങളാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിഞ്ഞില്ല. പ്രസ്ഥാനത്തിലെ പിളര്‍പ്പ്, ശൈഥില്യം, കാലം സമ്മാനിച്ച ജീര്‍ണത, വലതുപക്ഷ കുതന്ത്രങ്ങള്‍, സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍, സര്‍വോപരി ആഗോള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അപചയം, സോവിയറ്റ് യൂനിയന്റെ തിരോധാനം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുരടിപ്പിന് കണ്ടെത്താനാവും. എന്നിരുന്നാലും തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോവിയറ്റ്‌യൂനിയന്‍ ഉള്‍പ്പെടെ പൂര്‍വ യൂറോപ്യന്‍ കമ്യൂണിസ്റ്റ് നാടുകളാകെ തൊഴിലാളി വര്‍ഗ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് മുതലാളിത്ത പാതയിലേക്ക് തിരിച്ചുപോയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ അപൂര്‍വം കമ്യൂണിസ്റ്റ് പാര്‍ട്ടികളിലൊന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്). ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള സൈദ്ധാന്തികരുടെ വിശകലന പാടവവും ജ്യോതിബസു, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, സോമനാഥ് ചാറ്റര്‍ജി തുടങ്ങിയ പ്രഗത്ഭരുടെ സാന്നിധ്യവും അതിനൊരു കാരണമാണെങ്കില്‍ അതിലേറെ കമ്യൂണിസ്റ്റ് നിയന്ത്രിത ഇടതുപക്ഷത്തെ തുണച്ചത് വലതുപക്ഷ ഫാഷിസത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയില്‍ ആശങ്കാകുലരായ മതേതര വാദികളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണയാണ്. 2006-ലെ പൊതുതെരഞ്ഞെടുപ്പില്‍ യു.പി.എക്കോ എന്‍.ഡി.എക്കോ കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ 60 എം.പിമാരുള്ള ഇടതുമുന്നണിയുടെ പിന്തുണ യു.പി.എക്ക് അനിവാര്യമായി വന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇടതുപക്ഷത്തിന് കൈവന്ന അസുലഭ അവസരം എന്ന് അതേപ്പറ്റി പറയണം. പക്ഷേ, അതുവഴി ഇടതുപക്ഷത്തിന്റെ ജനകീയാടിത്തറ വികസിപ്പിക്കാനോ വലതുപക്ഷത്തേക്കുള്ള ഇന്ത്യയുടെ ത്വരിതഗതിയിലുള്ള പ്രയാണത്തെ തടഞ്ഞുനിര്‍ത്താനോ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല, അമേരിക്കയുമായുള്ള ആണവകരാറില്‍ ഉടക്കി യു.പി.എക്ക് നല്‍കിവന്ന പിന്തുണ പിന്‍വലിക്കുകയും തുടര്‍ന്ന് വന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ദുര്‍ബലമായി ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം നഷ്ടപ്പെടുകയും ചെയ്യുന്നതാണ് പിന്നീട് കണ്ടത്. ഒടുവിലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ മൂന്നര പതിറ്റാണ്ട് നീണ്ട ഭരണക്കുത്തക തകരുകയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരികയും ചെയ്തതോടെ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവി വന്‍ ചോദ്യചിഹ്നമായി ഉയരുകയാണ്.
നയപരിപാടികള്‍ പുനഃപരിശോധിച്ച് തെറ്റുകളും പാളിച്ചകളും തിരുത്തി നഷ്ടപ്പെട്ട ജനകീയാടിത്തറ വീണ്ടെടുക്കാന്‍ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ കോഴിക്കോട്ട് ചേര്‍ന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ നയരേഖ ഊന്നിപ്പറഞ്ഞ കാര്യം രാജ്യത്ത് ഒരു മൂന്നാം മുന്നണിക്ക് പ്രസക്തിയോ സാധ്യതയോ ഇല്ലെന്നും പകരം ഇടതു ജനാധിപത്യ കൂട്ടായ്മ കെട്ടിപ്പടുക്കുകയാണ് പോംവഴിയെന്നുമാണ്. ഭരണ രംഗത്തെ പാളിച്ചകളും വീഴ്ചകളും മൂലം പാര്‍ട്ടിയില്‍ നിന്നകന്നുപോയവരെ പുനരാകര്‍ഷിക്കാനുള്ള പരിപാടികളും ആസൂത്രണം ചെയ്യപ്പെട്ടു. കേരള ഘടകത്തിന്റെ പ്രധാന ശാപമായ വിഭാഗീയത ഒട്ടുമുക്കാലും ഒതുക്കപ്പെട്ടതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തു.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേക്ക് സംഭവിച്ചതോ? കടുത്ത പ്രതിരോധത്തിലേക്കും ദുര്‍ബലമായ പ്രത്യാക്രമണത്തിലേക്കും സി.പി.എം എടുത്തെറിയപ്പെട്ടതാണ് വര്‍ത്തമാനകാല സ്ഥിതിവിശേഷം. ഒഞ്ചിയത്തെ മാര്‍ക്‌സിസ്റ്റ് റവല്യൂഷനറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ പൈശാചികമായി കൊലചെയ്യപ്പെട്ട ഭീകര സംഭവമാണ് കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും പ്രബലമായ ഇടതുപക്ഷ പ്രസ്ഥാനത്തെ ആകെ പരിഭ്രാന്തവും പരിക്ഷീണവുമാക്കിയതെന്ന കാര്യം വ്യക്തമാണ്. കൊലക്ക് പിന്നില്‍ തങ്ങളല്ലെന്നും തീവ്രവാദികളുടെ വേലയാണിതെന്ന് സംശയിക്കുന്നതായും തുടക്കത്തില്‍ പറഞ്ഞൊഴിഞ്ഞ സി.പി.എം നേതൃത്വം താമസിയാതെ ടി.പി.യുടെ കൊലപാതകം രാഷ്ട്രീയമാണെന്നും പാര്‍ട്ടിയുടെ വല്ല പ്രവര്‍ത്തകര്‍ക്കും അതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും തിരുത്തിപ്പറയേണ്ടിവന്നു. എന്നിട്ടും രക്ഷയൊന്നുമില്ലെന്ന് മാത്രം. പാര്‍ട്ടിക്കുള്ളില്‍ വി.എസ് അച്യുതാനന്ദന്‍ വീഴ്ത്തിയ ഇടിത്തീയും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയുടെ രാഷ്ട്രാന്തരീയ ഖ്യാതി നേടിയ കൊലവെറി പ്രസംഗവും ചേര്‍ന്ന് പാര്‍ട്ടിയെ പിടിച്ചുലക്കുമ്പോള്‍ വലതുപക്ഷ മാധ്യമങ്ങളെയും യു.ഡി.എഫ് സര്‍ക്കാറിനെയും പോലീസിനെയും അടച്ചാക്ഷേപിച്ചിട്ടൊന്നും സ്വന്തം അണികളെപ്പോലും അടക്കിയിരുത്താനാവുന്നില്ലെന്നാണ് സൂചന. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന നിലവിളി തീര്‍ച്ചയായും പാര്‍ട്ടി അണികളെ മാത്രമല്ല ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന പൊതുസമൂഹത്തിലും സഹതാപമെങ്കിലും ഉണര്‍ത്തേണ്ടതാണ്. പക്ഷേ, പ്രധാന കേന്ദ്രങ്ങളില്‍ ഓരോ ബാനറില്‍ ഉന്നതര്‍ പങ്കെടുക്കുന്ന വിശദീകരണമോ പ്രത്യാക്രമണമോ വിചാരിച്ച പോലെ ഏശാതെ പോവുന്നുവെങ്കില്‍ അതിന്റെ കാരണം സഗൗരവം വിശകലനം ചെയ്യപ്പെടണം. കേരളത്തിലെ ബുദ്ധിജീവികളിലും സാംസ്‌കാരിക നായകരിലും ഗണ്യമായ ഭാഗം കമ്യൂണിസ്റ്റുകാരോ കമ്യൂണിസ്റ്റ് അനുഭാവികളോ ആയിരുന്നിട്ടുകൂടി നിര്‍ണായക പ്രതിസന്ധിയില്‍ സി.പി.എമ്മിന്റെ രക്ഷക്കെത്താത്തത് എന്തുകൊണ്ട് എന്ന ചോദ്യവും മറുപടി തേടുന്നു. അതൊരിക്കലും കമ്യൂണിസ്റ്റ് വിരുദ്ധ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സംഘടിതാക്രമണത്തിന്റെ മുമ്പില്‍ ചകിതരായത് കൊണ്ടാവാന്‍ വഴിയില്ല. പ്രീണനങ്ങളിലും പ്രലോഭനങ്ങളിലും വീണതുമാവില്ല. പിന്നെയോ?
രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ പുത്തരിയല്ല. വടകര മുതല്‍ കാസര്‍കോട് വരെയുള്ള ഉത്തര മേഖലയില്‍ തീരെയുമല്ല. ഒട്ടനവധി ചെറുപ്പക്കാര്‍ ഇതിനകം കൊലക്കത്തിക്കിരയായിട്ടുണ്ട്. അവരില്‍ മാര്‍ക്‌സിസ്റ്റുകളും ആര്‍.എസ്.എസ്സുകാരും കോണ്‍ഗ്രസ്സുകാരും പോപ്പുലര്‍ ഫ്രണ്ടുകാരും എല്ലാമുണ്ട്. പക്ഷേ, ഏറ്റുമുട്ടലിന്റെ ഒരുപക്ഷത്ത് മിക്കപ്പോഴും മാര്‍ക്‌സിസ്റ്റുകാരായിരിക്കും എന്ന പ്രത്യേകതയുണ്ട്. എന്നാലും അത്ര വലിയ ആസൂത്രണമോ മുന്നൊരുക്കങ്ങളോ കൃത്യമായ അജണ്ടകളോ ഈ കൊലപാതകങ്ങളുടെ പിന്നിലുള്ളതായി പൊതുസമൂഹം കരുതുകയുണ്ടായില്ല. ചിലരുടെ ഒറ്റപ്പെട്ട പ്രതികാര വാഞ്ഛയും പകപോക്കലും ക്വട്ടേഷന്‍ സംഘങ്ങളുടെ വിളയാട്ടവുമൊക്കെയായി ആ സംഭവങ്ങള്‍ വ്യാഖ്യാനിക്കപ്പട്ടു.
എന്നാല്‍, ടി.പി ചന്ദ്രശേഖരന്‍ വധത്തോടെ ചിത്രമാകെ മാറിയിരിക്കുന്നു. പാര്‍ട്ടി വിട്ടവരെയൊക്കെ ഉന്മൂലനം ചെയ്യുക സി.പി.എമ്മിന്റെ നയമല്ലെന്ന് സംസ്ഥാന സെക്രട്ടറിയും ഉത്തരവാദപ്പെട്ട വക്താക്കളും നിരന്തരം ആവര്‍ത്തിക്കുന്നുവെന്നത് ശരി. എം.വി രാഘവന്‍, കെ.ആര്‍ ഗൗരിയമ്മ, എ.പി അബ്ദുല്ലക്കുട്ടി മുതല്‍ പേര്‍ ജീവനോടെ ഇരിക്കുന്നത് ഇതിലേക്ക് തെളിവായി അവതരിപ്പിക്കപ്പെടുന്നുവെന്നതും വാസ്തവം. പക്ഷേ, ഇത്തരം ന്യായവാദങ്ങളൊന്നും സാമാന്യ ധാരണ തിരുത്താന്‍ പര്യാപ്തമാവുന്നില്ല. ഒരു സമഗ്രാധിപത്യ വ്യവസ്ഥിതിയില്‍ മാത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് നടപ്പാക്കാനാവില്ലെന്നും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ നടേ ഉദ്ധരിച്ച ഇന്തോനേഷ്യയിലെ ദുരനുഭവമാണുണ്ടാവുക എന്നും ലളിതമായി മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ പുറത്തുപോവുന്ന എല്ലാവരുടെയും കഥകഴിക്കാന്‍ പാര്‍ട്ടിക്ക് പരിപാടിയുണ്ടാവില്ല, ഉണ്ടായാല്‍ തന്നെ നടപ്പാക്കാനുമാവില്ല. അതേസമയം, പുറത്ത് പോയ ചിലരുടെ പ്രവൃത്തികള്‍ പാര്‍ട്ടിക്ക് തികച്ചും ദ്രോഹകരമാണെന്ന് കാണുകയും ഭീഷണി ഫലിക്കാതെ വരുകയും ചെയ്യുമ്പോള്‍ അവരുടെ കാര്യത്തില്‍ ഉന്മൂലന പരിപാടി നടപ്പാക്കാനുള്ള ആസൂത്രിത സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും പിടിക്കപ്പെടാതിരിക്കാന്‍ വ്യാജ പ്രതികളെ ഹാജരാക്കിയോ ക്വട്ടേഷന്‍ സംഘങ്ങളെ ഏല്‍പിച്ചോ കൃത്യം നിര്‍വഹിക്കുകയാണ് സാമ്പ്രദായിക രീതിയെന്നും ജനങ്ങളിപ്പോള്‍ മനസ്സിലാക്കുന്നു. ചന്ദ്രശേഖരന്റേതുള്‍പ്പെടെ പല കൊലപാതകങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ആയിരിക്കാനാണ് സാധ്യതയെന്ന പൊതുധാരണയും നിലനില്‍ക്കുന്നു. എല്ലാം ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സംഘടിത ദുഷ്പ്രചാരണം മാത്രമാണെന്ന വാദം അപ്പടി വിഴുങ്ങാന്‍ പാര്‍ട്ടി അണികള്‍ പോലും പ്രയാസപ്പെടുന്നു. ഇതുപോലുള്ള മറ്റെല്ലാ കേസുകളിലും മാധ്യമങ്ങള്‍ ചെയ്യാറുള്ളത് അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിന്റെ വെളിപ്പെടുത്തലുകള്‍ ജനങ്ങളെ അറിയിക്കലാണെങ്കില്‍ അത് മാത്രമേ ടി.പി കൊലക്കേസ് അന്വേഷണ കാര്യത്തിലും മാധ്യമങ്ങള്‍ ചെയ്യുന്നുള്ളൂ. അതില്‍ അബദ്ധങ്ങളും പോലീസിന്റെ ഊഹങ്ങളുമൊക്കെ കലര്‍ന്നിരിക്കാം. പക്ഷേ, പാര്‍ട്ടിക്കാര്‍ പ്രതികളല്ലാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാര്‍ക്‌സിസ്റ്റ് മാധ്യമങ്ങളും പോലീസിനെത്തന്നെയാണ് അവലംബിക്കാറ്. ഉദാഹരണത്തിന് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ട്‌കേസ് സംബന്ധിച്ച 2010 ജൂലൈ നാല് മുതല്‍ ദിവസങ്ങളോളം ദേശാഭിമാനിയില്‍ വന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മതി. കെവെട്ട് കേസിലെ കുറ്റാരോപിതര്‍ക്ക് ലഷ്‌കറെ ത്വയ്യിബ ബന്ധം, സിമിയുടെ പങ്ക്, പുറത്ത് നിന്നുള്ള സാമ്പത്തിക സഹായം തുടങ്ങിയ കഥകള്‍ ദേശാഭിമാനിക്ക് എവിടെന്ന് കിട്ടി? സ്രോതസ് പോലീസാണെന്ന് വ്യക്തം. ടി.പി ചന്ദ്രശേഖരന്റെ വധം നടന്ന പിറ്റേ ദിവസം തന്നെ പിണറായി വിജയന്‍ സംഭവത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് എന്ത് തെളിവുകളുടെ വെളിച്ചത്തിലായിരുന്നു? കൊടിയത്തൂരിലെ ശാഹിദ് ബാവ കൊലക്കേസിന്റെ പിന്നിലും തീവ്രവാദ ബന്ധം ആരോപിച്ച് സി.പി.എം കാമ്പയിന്‍ തന്നെ നടത്തി. പക്ഷേ, ആ ദിശയില്‍ ഒരു സൂചന പോലുമില്ലെന്നാണ് പോലീസ് അന്വേഷണ സംഘം സാക്ഷ്യപ്പെടുത്തിയത്.
സി.പി.എമ്മുകാര്‍ പങ്കാളികളായ കൊലപാതക കേസുകള്‍ മാത്രമാണ് മാധ്യമങ്ങള്‍ ആഘോഷമാക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു. തീര്‍ച്ചയായും ആര്‍.എസ്.എസ്സും പോപ്പുലര്‍ ഫ്രണ്ടും കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗുമെല്ലാം പങ്കാളികളായ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. ഇരകളില്‍ ഏറിയ പങ്കും മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ ആയിരുന്നുവെന്നതും പരമാര്‍ഥമാണ്. അതുകൊണ്ട് തന്നെ അത്തരം കൊലകളും അപലപിക്കപ്പെടേണ്ടതും നിഷ്പക്ഷമായി അന്വേഷിക്കപ്പെടേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കൊലക്കത്തി രാഷ്ട്രീയം സി.പി.എമ്മിന്റെ മാത്രം ദൗര്‍ബല്യവുമല്ല. പക്ഷേ, രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിക്കുകയും ക്രിമിനലുകളെ അധികാരത്തിന്റെ തണലില്‍ സംരക്ഷിക്കുകയും പോലീസ് സേനയെ രാഷ്ട്രീയവത്കരിക്കുകയും ബദല്‍ പ്രതികളെ ഹാജരാക്കി കേസുകള്‍ അട്ടിമറിക്കുകയും ചെയ്യുന്ന ആപത്കരമായ പതിവ് കേരളത്തില്‍ ആരംഭിച്ചതും അതേറ്റവും വാശിയോടെ തുടരുന്നതും സി.പി.എം ആണെന്ന് പറയാനേ സംഭവഗതികള്‍ സഹായിക്കുന്നുള്ളൂ. പാര്‍ട്ടി ഭരണത്തിലിരിക്കുകയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കാളികളാവുന്ന കൊലപാതകങ്ങള്‍ എങ്ങനെ ന്യായീകരിക്കാനാവും എന്ന് കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ്-ബി.ജെ.പി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇ.എം.എസ്സിനോട് ചോദിച്ചപ്പോള്‍, പോലീസ് നടപടികള്‍കൊണ്ട് തൃപ്തരാവാന്‍ തങ്ങള്‍ക്കാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിയമം കൈയിലെടുക്കുന്ന പ്രവണതയെ അദ്ദേഹത്തെ പോലുള്ള താത്ത്വികാചാര്യന്‍ പോലും ന്യായീകരിച്ചു എന്നാണതിനര്‍ഥം. ഒരു ഘട്ടത്തില്‍ സി.പി.എം-ആര്‍.എസ്.എസ് കൊലപാതകങ്ങള്‍ ഭീകരമായ പശ്ചാത്തലത്തില്‍ അതിലിടപെട്ടു 'യുദ്ധവിരാമം' നടപ്പാക്കാന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ എഫ്.ഡി.സി.എ ശ്രമം നടത്തി. രണ്ട് കൂട്ടരും എറണാകുളത്ത് കൃഷ്ണയ്യരുടെ സാന്നിധ്യത്തില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചക്ക് തയാറായി. ഒടുവില്‍ പരസ്പര കൊല അവസാനിപ്പിക്കാന്‍ ധാരണയുമായി. ധാരണാ പത്രം എഴുതിയുണ്ടാക്കി ഒപ്പ് വെക്കാന്‍ സമയത്ത് ബി.ജെ.പി പ്രതിനിധികള്‍ ഒപ്പിടാന്‍ സമ്മതിച്ചു. എന്നാല്‍, സി.പി.എമ്മിനെ പ്രതിനിധീകരിച്ച എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടിയോട് അന്വേഷിക്കാന്‍ ഒരു ദിവസത്തെ സമയം വേണമെന്നാണാവശ്യപ്പെട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ നേട്ടം ബി.ജെ.പിക്കായതുകൊണ്ട് എണ്ണം തികക്കാനുള്ള സാവകാശമാണ് സി.പി.എം പ്രതിനിധി ചോദിച്ചതെന്ന് ഞാന്‍ കൃഷ്ണയ്യരോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും അതേ അഭിപ്രായമായിരുന്നു. പറഞ്ഞപോലെ സംഭവിച്ചു. പിറ്റേന്നാണ് ക്ലാസ് മുറിയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ മൃഗീയമായി കൊല്ലപ്പെട്ടത്.
ചുരുക്കത്തില്‍ കൊലക്കത്തി രാഷ്ട്രീയം അപകടകരവും വിനാശകരവും സി.പി.എമ്മിന്റെ തന്നെ പ്രതിഛായ തകര്‍ക്കുന്നതുമാണെന്ന ബോധ്യമുണ്ടെങ്കില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്തേ മതിയാവൂ. പ്രതിയോഗികളുടെ ജീവനെടുക്കുന്ന പരിപാടി ഉടനെ അവസാനിപ്പിക്കണം. സി.പി.എം മാതൃക കാട്ടിയാല്‍ മറ്റു പാര്‍ട്ടികള്‍ അത് സ്വീകരിക്കാന്‍ തയാറാവുമെന്ന് ഉറപ്പ്. കാരണം സി.പി.എമ്മിനോളം കരുത്തും ആജ്ഞാശക്തിയും സുസംഘടിത സ്വഭാവവും ആള്‍ബലവും ആര്‍.എസ്.എസ്സിനോ പോപ്പുലര്‍ ഫ്രണ്ടിനോ ഇല്ല. മറ്റു പാര്‍ട്ടികളുടെ കാര്യം പറയാനുമില്ല. അല്ലെങ്കിലോ? ഒരേയവസരത്തില്‍ ആഭ്യന്തര വൈരുധ്യം മൂര്‍ഛിച്ച് അണികളുടെ കൊഴിഞ്ഞുപോക്ക് ശക്തിപ്പെട്ടും ജനപിന്തുണ നഷ്ടപ്പെട്ടും ബംഗാളിന്റെ പിറകെ കേരളവും സി.പി.എമ്മിന് എഴുതിത്തള്ളേണ്ടിവരും. മറ്റെല്ലാറ്റിനുമപ്പുറത്ത് സിംഗൂരിലെയും നന്ദിഗ്രാമിലെയും ജനവിരുദ്ധ യുദ്ധമാണ് ബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തതെന്ന് മറന്നിട്ട് കാര്യമില്ല. അതേയവസരത്തില്‍, സാമ്രാജ്യത്വവിധേയ വലതുപക്ഷ ശക്തികള്‍ കരുത്താര്‍ജിച്ച വിപത്‌സന്ധിയില്‍ ഇന്ത്യയിലെ ഇടതുപക്ഷം ക്ഷയിച്ച് നാശോന്മുഖമാവുക എന്ന മഹാനഷ്ടമാണ് ഇതുമൂലം സംഭവിക്കാന്‍ പോവുന്നത്.
Comments