Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

മുസ്‌ലിംവേട്ട - ആരാണ് ഒളിച്ചുകളിക്കുന്നത്?

പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ / സദ്‌റുദ്ദീന്‍ വാഴക്കാട്‌

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ എ.പി.സി.ആര്‍ പോലൊരു പൗരാവകാശ വേദിയുടെ പ്രസക്തി എന്താണ്? ഏതൊക്കെയാണതിന്റെ പ്രവര്‍ത്തന മണ്ഡലങ്ങള്‍?


രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാനും പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ പ്രതികരിക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട വേദിയാണ് എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്). ദേശീയതലത്തില്‍ ഒരു ഗവണ്‍മെന്റേതര സംഘടന (എന്‍.ജി.ഒ) ആയാണ് അതിന്റെ രജിസ്‌ട്രേഷന്‍. എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങള്‍ രൂപീകരിച്ചും വളണ്ടിയര്‍മാരെ വാര്‍ത്തെടുത്തും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ എ.പി.സി.ആറിന് ശാഖകളുണ്ട്. കര്‍ണാടകയില്‍ ജില്ലാ താലൂക്ക്-പഞ്ചായത്ത് തലങ്ങളില്‍ വരെ ശാഖകളുണ്ടാക്കിയിട്ടുണ്ട്.
അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കേസുകള്‍ നടത്തുക, നിയമസഹായം ലഭ്യമാക്കുക, ഇരകള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുക, പുനരധിവാസ പ്രവര്‍ത്തനങ്ങളും വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടികളും നടത്തുക, പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക, അന്വേഷണ കമീഷനുകളെ നിശ്ചയിച്ച് തെളിവെടുക്കുക തുടങ്ങിയവയാണ് എ.പി.സി.ആറിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പൗരാവകാശ ധ്വംസനങ്ങളില്‍ സമയാസമയം ഇടപെടുന്നു. അഅ്‌സംഗഢിലെ അറസ്റ്റ്, ബട്‌ലാ ഹൗസ് വെടിവെപ്പു പോലുള്ള സംഭവങ്ങളില്‍ വസ്തുതാ പഠനം നടത്തുകയും മനുഷ്യാവകാശ കമീഷനെ ഇടപെടുവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആവശ്യമെങ്കില്‍ കേസുകളില്‍ സുപ്രീം കോടതിയില്‍ റിട്ട് സമര്‍പ്പിക്കും. പോലീസുമായും മീഡിയയുമായും ഭരണാധികാരികളുമായും ചര്‍ച്ച നടത്തുന്നു. ദേശീയതലത്തില്‍ ഒരു ലീഗല്‍ സെല്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം വേദികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം. പ്രതിസന്ധി ഘട്ടങ്ങളില്‍ സേവന സന്നദ്ധരാകുന്ന നല്ല പൗരാവകാശ പ്രവര്‍ത്തകരെ രാജ്യത്തുടനീളം വാര്‍ത്തെടുക്കാനും അവരുടെ കൂട്ടായ്മകള്‍ രൂപീകരിക്കാനുമുള്ള ശ്രമമാണ് എ.പി.സി.ആറിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്.
പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ജനാധിപത്യപരമായും നിയമവിധേയമായുമാണ് എ.പി.സി.ആര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യരക്ഷയും സമൂഹത്തിന്റെ സുരക്ഷിതത്വവും പൗരന്മാരുടെ അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടണം. ഒരു പൗരനും നീതിനിഷേധത്തിന്റെ ഇരയാകരുത്. എ.പി.സി.ആറിന്റെ വെബ് സൈറ്റില്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാണ് (apcrindia.org).

എന്താണ് എ.പി.സി.ആര്‍ രൂപീകരിക്കാനുണ്ടായ പശ്ചാത്തലം?
സമീപകാലത്ത് ഇന്ത്യയില്‍ പൗരാവകാശ ധ്വംസനങ്ങള്‍ പെരുകിവരുന്ന അവസ്ഥാ വിശേഷമുണ്ടായി. കള്ളക്കേസുകള്‍, അന്യായമായ അറസ്റ്റ്, തടങ്കല്‍ പീഡനങ്ങള്‍, മാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചാരണം തുടങ്ങിയവ ഏറെ വര്‍ധിച്ചു. പല സമുദായക്കാരും ഇതിന്റെ ഇരകളാണെങ്കിലും മുസ്‌ലിം സമുദായമാണ് ഇത്തരം സംഭവങ്ങളില്‍ ഏറ്റവുമധികം വേട്ടയാടപ്പെടുന്നത്. രാജ്യത്ത് നടന്നുകൊണ്ടരിക്കുന്ന സ്‌ഫോടനങ്ങള്‍ പോലെ തീര്‍ത്തും അപലപനീയമായ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍, തീവ്രവാദ-ഭീകരവാദ വിരുദ്ധ നീക്കങ്ങളാണ് പല പൗരാവകാശ ധ്വംസനങ്ങള്‍ക്കും മറയാക്കപ്പെടുന്നത്. പോലീസും മീഡിയയും രാഷ്ട്രീയ ഭരണ നേതൃത്വവുമൊക്കെ പലതരം ഒളിച്ചുകളികള്‍ നടത്തിക്കൊണ്ടാണ് പൗരാവകാശ ധ്വംസനവും ന്യൂനപക്ഷ വേട്ടയും നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് 2006-ല്‍ എ.പി.സി.ആര്‍ രൂപവത്കരിക്കുന്നത്.

എന്തുകൊണ്ടാണ് മുസ്‌ലിം സമുദായാംഗങ്ങള്‍ തീവ്രവാദത്തിന്റെ പേരില്‍ ഇവ്വിധം വേട്ടയാടപ്പെടുന്നത്?
2001 സെപ്റ്റംബര്‍ 11-നു അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം മുസ്‌ലിംകളെ തെരഞ്ഞു പിടിച്ച് വേട്ടയാടുന്ന പ്രവണത ലോക വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ തീവ്രവാദ ആരോപണം മുമ്പേ ഉന്നയിക്കപ്പെടാറുണ്ടായിരുന്നുവെങ്കിലും 9/11നുശേഷം അത് പുതിയ തലം കൈവരികയാണുണ്ടായത്. ഇന്ത്യക്ക് അമേരിക്കയോടും ഇസ്രയേലിനോടുമുള്ള ബന്ധം കാരണമാകാം നമ്മുടെ നാട്ടിലും ഇസ്‌ലാമിക ഭീകരതയെ കുറിച്ച ദുഷ്പ്രചാരണവും നിരപരാധികളായ മുസ്‌ലിംകളെ വേട്ടയാടുന്നതും വര്‍ധിച്ചുവന്നിരിക്കുന്നു. 2008 സെപ്റ്റംബര്‍ 19-ന് ദല്‍ഹിയിലെ ബട്‌ല ഹൗസില്‍ മുസ്‌ലിം ചെറുപ്പക്കാരെ വെടിവെച്ചു കൊന്ന സംഭവം ഇതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണങ്ങളിലൊന്നാണ്. വളരെ അടുത്ത് നിന്ന് നെറ്റിയിലേക്ക് വെടി ഉതിര്‍ത്താണ് ആ കുട്ടികളെ കൊന്നത്. 'തീവ്രവാദി'കളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് കൊല നടന്നതെങ്കില്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല. ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു എന്ന കാരണം പറഞ്ഞാണ് മനുഷ്യാവകാശ കമീഷനും കോടതിയും പോലീസ് ഭാഷ്യത്തിന്റെയും മീഡിയാ പ്രചാരണത്തിന്റെയും മറുവശം കാണാതിരുന്നത്.
നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാര്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ പല കോണുകളില്‍നിന്നും പ്രതിഷേധം ഉയരുകയും മുസ്‌ലിംകള്‍ പ്രതിയാക്കപ്പെട്ട ചില സ്‌ഫോടന കേസുകളില്‍ യഥാര്‍ഥ കുറ്റവാളികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പിടിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നത്. മുസ്‌ലിംവിരുദ്ധമായി നീങ്ങിയ കേസുകളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവന്ന ഹേമന്ദ് കര്‍ക്കറെ എന്ന ധീരനായ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടത് ആ സംഭവത്തിലാണ്. ഹിന്ദുത്വ തീവ്രവാദത്തിന്റെ ഭീകര മുഖം അനാവൃതമാവുകയും പ്രജ്ഞാ സിംഗ് ഠാക്കൂറും സ്വാമി അസിമാനന്ദയും മറ്റും പിടിയിലാവുകയും ചെയ്തപ്പോള്‍ രാജ്യം നേരിടുന്ന തീവ്രവാദ - ഭീകരവാദ ഭീഷണിയുടെ സ്വഭാവം തന്നെ മാറി. അതിന് വഴി തുറന്ന ഓഫീസര്‍ കൊല്ലപ്പെട്ടു! അതിന്റെ ഗുണം ആര്‍ക്കാണ് എന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
പോലീസും പൊതുജനങ്ങളും മാധ്യമങ്ങളുമൊക്കെ ഹിന്ദുത്വ ഭീകരതയുടെ സ്‌ഫോടന പരമ്പരകളെല്ലാം ഇപ്പോള്‍ മറന്നുകഴിഞ്ഞിരിക്കുന്നു. അവര്‍ വീണ്ടും മുസ്‌ലിം യുവാക്കളുടെ പിറകെയാണ്. മുസ്‌ലിംകളില്‍ നിന്ന് തീവ്രവാദ ചര്‍ച്ച ഹിന്ദുത്വവാദികളിലേക്ക് മാറിയപ്പോള്‍ ഭീകരാക്രമണം നടന്നു. ശേഷം ചര്‍ച്ച വീണ്ടും മുസ്‌ലിം തീവ്രവാദത്തെക്കുറിച്ചായി! ഇങ്ങനെ മുസ്‌ലിം വിരുദ്ധത നിലനിര്‍ത്താനുള്ള ആസൂത്രണങ്ങള്‍ പലരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഒരു സംഭവത്തിന്റെ ചൂടാറുമ്പോള്‍ മറ്റൊന്ന് നടക്കുന്നതും, കുറച്ചു മുസ്‌ലിംകള്‍ നിരപരാധികളെന്ന് പറഞ്ഞ് മോചിതരാകുമ്പോള്‍ മറ്റു കുറേ പേര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ സൂചനയാണ്.
ഇപ്പോള്‍ വീണ്ടും മുസ്‌ലിംവേട്ട സജീവമാവുകയാണ്. കാസ്മിയുടെ അറസ്റ്റ്, സുഊദിയില്‍ നിന്ന് ഫസീഹ് മുഹമ്മദിന്റെ തിരോധാനം, അഅ്‌സംഗഢിലെ അറസ്റ്റ് തുടങ്ങിയവ ഇതിന്റെ സൂചനകളാണ്. അഅ്‌സംഗഢിലെ ജാമിഅത്തുല്‍ ഫലാഹില്‍ നിന്ന് ഏതാനും വിദ്യാര്‍ഥികളെ പോലീസ് പിടിച്ചുകൊണ്ടുപോയി. അവരെക്കുറിച്ച് യാതൊരു വിവരവും കിട്ടുന്നില്ല.

പോലീസിന്റെ ഭാഗത്തുനിന്നാണ് ഏറ്റവും പ്രതിഷേധാര്‍ഹമായ സമീപനമുണ്ടാകുന്നത് എന്നാണോ സൂചിപ്പിക്കുന്നത്?
ഖതീല്‍ അഹ്മദ് ഹാര്‍വാഡ ജയിലില്‍ കൊല ചെയ്യപ്പെട്ടതാണ് പുതിയ സംഭവങ്ങളിലൊന്ന്. ജയിലില്‍ പോലീസ് കാവലിലുള്ള ഒരാള്‍ ക്രൂരമായി കൊല്ലപ്പെടുകയെന്നത് നിസ്സാര പ്രശ്‌നമല്ല. പോലീസ് അറിയാതെയും കൃത്യമായ ആസൂത്രണമില്ലാതെയും അങ്ങനെയൊരു കൊല നടക്കുകയില്ല. കൊല്ലപ്പെട്ട ശേഷം അയാള്‍ക്കെതിരെ ഭീകരമായ കേസുകള്‍ ഫയല്‍ ചെയ്യപ്പെടുകയാണെന്നാണ് കേള്‍ക്കുന്നത്. പത്രപ്രവര്‍ത്തകന്‍ കാസ്മിയുടെ അറസ്റ്റും ഇതോടു ചേര്‍ത്തു പറയേണ്ടതാണ്. അദ്ദേഹത്തിനെതിരെ ശരിയായ ഒരു എഫ്.ഐ.ആര്‍ പോലും കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസിനായിട്ടില്ല.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ ശരിയായ വഴിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സുപ്രധാന പങ്കാണ് പോലീസിന് വഹിക്കാനുള്ളത്. എന്നാല്‍, നമ്മുടെ പോലീസില്‍ വര്‍ഗീയ ഫാഷിസ്റ്റ് മനോഘടന വളരെ ശക്തമാണ്. മുസ്‌ലിം യുവാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കുന്നത് അത്തരം പോലീസ് ഓഫീസര്‍മാരാണ്. മുസ്‌ലിംകളെ പിടിച്ചുകൊണ്ടുപോയി വളരെ കടുത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുന്നത് അവരാണ്. പോലീസ് സേന വല്ലാതെ ദുഷിച്ചിരിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രമുഖ മുസ്‌ലിം സംഘടനാ നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കാണുകയുണ്ടായി. മുസ്‌ലിം ചെറുപ്പക്കാരെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്ന പോലീസിന്റെ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ആഭ്യന്തരമന്ത്രി അത് തീര്‍ത്തും നിഷേധിക്കുകയാണ് ചെയ്തത്. ശിവരാജ് പാട്ടീല്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വം അദ്ദേഹത്തെ സന്ദര്‍ശിച്ച് ഈ വിഷയം സംസാരിച്ചപ്പോള്‍ ഉണ്ടായ പ്രതികരണവും ഇതുപോലെ തന്നെയായിരുന്നു. പോലീസ് രാജ്യദ്രോഹത്തിന്റെയും ദേശസുരക്ഷയുടെയും പ്രശ്‌നം ഉയര്‍ത്തുമ്പോള്‍ ഭരണാധികാരികള്‍ പേടിക്കുകയാണ്. രാജ്യരക്ഷയുടെ പേരില്‍ ഒരു പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസ്. മീഡിയ ഇതിനെ പിന്തുണക്കുകയും പൊതുബോധത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതോടെ തീവ്രവാദത്തിന്റെയും ഭീകരതയുടെയും പുകമറ സൃഷ്ടിക്കപ്പെടുന്നു. ഇതിനെ മറികടക്കാന്‍ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് കഴിയുന്നുമില്ല.
പോലീസ് സേനയില്‍ വര്‍ഗീയവികാരം വളരെ ശക്തമാണ്. ഇത്തരമൊരു മാനസിക ഘടന നിലനില്‍ക്കുന്ന കാലത്തോളം മുസ്‌ലിം വേട്ട അവസാനിക്കില്ല. ഇന്ത്യന്‍ പോലീസ് സേനക്ക് പരിശീലനം കൊടുക്കുന്നത് ഇസ്രയേലിലെ മൊസാദാണ്. ഹിന്ദുത്വ തീവ്രവാദമോ ക്രിസ്ത്യന്‍ തീവ്രവാദമോ അവരുടെ മുമ്പിലില്ല. അവരെ സംബന്ധിച്ചേടത്തോളം തീവ്രവാദം എന്നു പറയുന്നതുതന്നെ മുസ്‌ലിം തീവ്രവാദമാണ്. അതിനനുസരിച്ച മാനസിക-ശാരീരിക പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നത്.
സംഘ്പരിവാര്‍ ആഭിമുഖ്യമുള്ളവരോ പ്രവര്‍ത്തകരോ ആയ, റിട്ടയര്‍ ചെയ്ത പോലീസ് ഓഫീസര്‍മാര്‍ ട്രെയിനിംഗ് ക്യാമ്പുകള്‍ നടത്തി പരിശീലിപ്പിച്ച യുവാക്കളെ പോലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ സേനയിലുണ്ടാകുമ്പോള്‍ എങ്ങനെയാണ് പെരുമാറുകയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഇതൊന്നും മുന്‍കൂട്ടി കാണാനോ തിരുത്താനോ, സേനക്ക് സെക്യുലര്‍ ഓറിയന്റേഷന്‍ കൊടുക്കാനോ നമ്മുടെ ആഭ്യന്തര വകുപ്പിനോ മന്ത്രിമാര്‍ക്കോ താല്‍പര്യമില്ല.
പോലീസ് സേനയിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് വലിയൊരു പ്രശ്‌നമാണ്. വര്‍ഗീയ കലാപങ്ങളിലും മറ്റും മുസ്‌ലിംകള്‍ക്ക് നീതി നിഷേധിക്കപ്പെടാന്‍ ഈ പ്രാതിനിധ്യക്കുറവ് കാരണമാകുന്നുണ്ട്. സച്ചാര്‍ കമീഷന്‍ ചൂണ്ടിക്കാണിച്ച വിഷയമാണിത്. അതുകൊണ്ട് കൂടിയാകണം എല്ലാ പോലീസ് സ്റ്റേഷനിലും ഒരു മുസ്‌ലിം ഇന്‍സ്‌പെക്ടറെങ്കിലും ഉണ്ടാകണമെന്ന് അടുത്തിടെ നമ്മുടെ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. എന്നാല്‍, അതുകൊണ്ടു മാത്രം പരിഹാരമാകുന്നില്ല. സേനയിലെ മൊത്തം പ്രാതിനിധ്യക്കുറവ് തന്നെയാണ് യഥാര്‍ഥ പ്രശ്‌നം. മുസ്‌ലിം സമുദായത്തെ അടുത്തറിയാനുള്ള അവസരം സേനക്ക് ഉണ്ടാകണം. മുസ്‌ലിം അനുഭവങ്ങള്‍ കിട്ടേണ്ടത് പ്രധാനമായും മുസ്‌ലിം ഓഫീസര്‍മാരില്‍നിന്നാണ്. അത് പേരിനു പോലും ഇല്ലാതിരുന്നാല്‍ അതും ലഭിക്കില്ല. അതുകൊണ്ട്, ട്രെയിനിംഗിലും ഘടനയിലും പോലീസ് സേനയില്‍ ഒരു അഴിച്ചുപണി നടക്കണം. മതനിരപേക്ഷമായ സ്വഭാവത്തില്‍ സേനയെ രൂപപ്പെടുത്തണം. അതിനുള്ള ഇഛാശക്തി ഭരണകൂടം കാണിക്കണം. മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകര്‍ അതിനു വേണ്ടി രംഗത്തിറങ്ങണം.

മുസ്‌ലിം ഗ്രാമങ്ങളും ജില്ലകളുമൊക്കെ തെരഞ്ഞു പിടിച്ച് ടാര്‍ഗറ്റ് ചെയ്യുന്നതായും അഭ്യസ്ഥവിദ്യരായ മുസ്‌ലിം യുവാക്കള്‍ കൂടുതല്‍ വേട്ടയാടപ്പെടുന്നതായും കാണുന്നുണ്ടല്ലോ?
ലോക വ്യാപകമായി നിലനില്‍ക്കുന്ന മുസ്‌ലിംവിരുദ്ധ പ്രചാരണത്തിന്റെ ഭാഗം തന്നെയാണിത്. മുസ്‌ലിം പ്രദേശങ്ങളെ ടാര്‍ഗറ്റ് ചെയ്യുകയും അവിടെ തീവ്രവാദ പരിശീലനം നല്‍കുന്നു, ഭീകരവാദികളെ സംരക്ഷിക്കുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ നടത്തുകയും അവിടങ്ങളില്‍ ചില ഓപറേഷനുകള്‍ നടത്തുകയും ചെയ്താല്‍ മുസ്‌ലിം പ്രദേശങ്ങളെക്കുറിച്ച ഒരുതരം ഭീതി സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണിവര്‍ മനസ്സിലാക്കുന്നത്. പര്‍ദ, തൊപ്പി, പള്ളി തുടങ്ങിയ മുസ്‌ലിം ചിഹ്നങ്ങളും ഈ 'തീവ്രവാദ ഭീതി' വളര്‍ത്താന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് ഒരു സ്‌ഫോടനം നടന്നപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്നത് ബീമാപള്ളിയുടെ ചിത്രമായിരുന്നു. പള്ളിയുമായി യാതൊരു ബന്ധവും സംഭവത്തിനുണ്ടായിരുന്നില്ല. എന്നിട്ടും അത് ചെയ്തത് എന്തിനാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.
മുസ്‌ലിം സമുദായം വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളര്‍ന്നുവരുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. മുസ്‌ലിംകള്‍ എന്നും പിന്നാക്കക്കാരായി, ദരിദ്രരായി കഴിഞ്ഞുകൂടണം എന്നാണവരുടെ ശാഠ്യം. അതിനു വിരുദ്ധമായ അവസ്ഥ കാണുമ്പോള്‍ അവര്‍ അസ്വസ്ഥരാകുന്നു. തീവ്രവാദത്തിന്റെ പേരു പറഞ്ഞ് അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു. അഭ്യസ്ഥവിദ്യരായ മുസ്‌ലിം ചെറുപ്പക്കാരെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുന്നത് ഇക്കാരണത്താലാണ്. പഴയതുപോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. മുസ്‌ലിംകളിലെ പുതിയ തലമുറയില്‍ വലിയ വിദ്യാഭ്യാസ വളര്‍ച്ച കാണുന്നുണ്ട്. പല പിന്നാക്ക മുസ്‌ലിം പ്രദേശങ്ങളും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നുവരുന്നു. അതുകൊണ്ട് ആ സ്ഥലങ്ങള്‍ കറുത്ത മഷിയില്‍ അടയാളപ്പെടുത്തുന്നു. മലപ്പുറവും അഅ്‌സംഗഢുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്.  

നമ്മുടെ മാധ്യമങ്ങള്‍ നീതിനിഷേധത്തിനും പൗരാവകാശധ്വംസനത്തിനും ന്യൂനപക്ഷവേട്ടക്കുമെതിരെ ശബ്ദിക്കുന്നതില്‍ നിന്ന് പിന്നാക്കം പോവുകയല്ലേ?
ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റ്റേറ്റാണ് മാധ്യമങ്ങള്‍. നിയമനിര്‍മാണസഭ, നീതിന്യായ വ്യവസ്ഥ, ഭരണ നിര്‍വഹണ മേഖല എന്നിവ കഴിഞ്ഞാല്‍ ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് മീഡിയ. ബാക്കി മൂന്നു ഭാഗങ്ങളിലും ഉണ്ടാകുന്ന പോരായ്മകള്‍ തിരുത്താനും ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനുമാണ് മീഡിയ ശ്രമിക്കേണ്ടത്. നമ്മുടെ ഒന്നാം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ളവര്‍ ആ അര്‍ഥത്തില്‍ മീഡിയയെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.
എന്നാല്‍, അടുത്ത കാലത്തായി മീഡിയ വല്ലാതെ മാറിയിരിക്കുന്നു. ദരിദ്രരുടെയും ദുര്‍ബലരുടെയും ഭാഗത്ത് നില്‍ക്കുന്നതിനേക്കാള്‍ പണക്കാരുടെയും ചൂഷകരുടെയും പക്ഷം ചേരാനാണ് മീഡിയക്ക് താല്‍പര്യം. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ടേയ കട്ജു ഈ വിഷയം വളരെ ഗൗരവത്തില്‍ ഈയിടെ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും അവകാശധ്വംസനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നതാണ് പല മാധ്യമങ്ങളുടെയും സമീപനം. മീഡിയ തന്നെ കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ നടത്തുകയും വിധി പ്രഖ്യാപിക്കുകയുമാണ് പലപ്പോഴും.
മീഡിയയുടെ നിയന്ത്രണം ആരുടെ കൈയിലാണ് എന്നതും വലിയ വിഷയമാണ്.സാമ്രാജ്യത്വ അനുകൂലികളായ കോര്‍പറേറ്റുകളും സംഘ്പരിവാര്‍ മനസ്സുള്ള മുതലാളിമാരുമാണ് ഇന്ത്യയിലെ പ്രമുഖ മീഡിയകളെ നിയന്ത്രിക്കുന്നത്. മീഡിയാ പ്രവര്‍ത്തകരിലും നല്ലൊരു പങ്ക് ഇത്തരക്കാരുണ്ട്. അവര്‍ പക്ഷപാതപരമായ നിലപാടെടുക്കുകയും, വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ബീഹാറിലെ അരേറിയയില്‍ നടന്ന ഒരു സംഭവം ഉദാഹരണമാണ്. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അവിടം സന്ദര്‍ശിച്ച എന്നോട്, അവിടത്തെ ജമാഅത്ത് നേതാവ് നയ്യിറുസ്സമാന്‍ സാഹിബ് ഒരു സംഭവം പറഞ്ഞു. അരേറിയയില്‍ ബുദ്ധിക്ക് അല്‍പം തകരാറുള്ള ഒരാളുണ്ടായിരുന്നു. ചിലപ്പോള്‍ അയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ നല്ല അവസ്ഥയിലായിരിക്കും. ഒരു ദിവസം പോലീസ് അയാളെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസം പത്രങ്ങളില്‍ വാര്‍ത്ത വന്നു, 'ബംഗ്ലാദേശ് തീവ്രവാദി അറസ്റ്റില്‍!' അയാളെ ജയിലിലിട്ട് വല്ലാതെ പീഡിപ്പിച്ചു. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പ്രദേശത്തെ ഒരു പത്രപ്രവര്‍ത്തകനോട് ചോദിച്ചു, താനാണ് അയാളെ ഒറ്റുകൊടുത്തത് എന്ന് കേള്‍ക്കുന്നുണ്ടല്ലോ? അത് സമ്മതിച്ചുകൊണ്ട് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു; വാര്‍ത്തകളൊന്നും കിട്ടാതെ വന്നപ്പോള്‍ ഞാനൊരു തമാശ കാണിച്ചതാണ്! ഇതാണ് നമ്മുടെ നാട്ടിലെ പല തീവ്രവാദ കേസുകളുടെയും അത് ഊതിപ്പെരുപ്പിക്കുന്ന മീഡിയയുടെയും യഥാര്‍ഥ മുഖം.

മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ട സംഭവങ്ങളേറെയും കോണ്‍ഗ്രസ് ഭരണത്തിലിരിക്കെയാണ് നടന്നിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര രാഷ്ട്രീയ പാര്‍ട്ടിയായി അറിയപ്പെടുന്ന കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴും മുസ്‌ലിംകള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

കോണ്‍ഗ്രസ്സിനകത്ത് മതേതര ധാരയോടൊപ്പംതന്നെ വര്‍ഗീയധാരയുടെ സ്വാധീനവും ഉണ്ട്. സംഘ്പരിവാര്‍ തീവ്ര ഹിന്ദുത്വത്തെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിലെ ഒരു ധാര മിത ഹിന്ദുത്വത്തിന്റെ വക്താക്കളാണ്. എന്നാല്‍, നല്ല മതനിരപേക്ഷവാദികളും കോണ്‍ഗ്രസിനകത്തുണ്ട്. മുസ്‌ലിം പ്രശ്‌നങ്ങളോട് ആര്‍ജവമുള്ള സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് പലപ്പോഴും കഴിയാറില്ല. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് ഇതിന്റെ തെളിവാണ്. ഇന്ത്യ ഏറെക്കാലം ഭരിച്ചത് കോണ്‍ഗ്രസ്സാണ്. ആ കോണ്‍ഗ്രസ് ഭരണത്തിന്റെ കൂടി ബാക്കിപത്രമാണ് സച്ചാര്‍ ചൂണ്ടിക്കാട്ടിയ മുസ്‌ലിം പിന്നാക്കാവസ്ഥ. അത്തരമൊരു കോണ്‍ഗ്രസിന് ന്യൂനപക്ഷവേട്ടയുടെ സന്ദര്‍ഭങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കോണ്‍ഗ്രസ്സിലെ മിത ഹിന്ദുത്വവാദികളുടെ നിലപാടുകളാണ് ഒരു കാരണം. സംഘ്പരിവാറിന്റെയും പോലീസ് ഓഫീസര്‍മാരുടെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഭയപ്പെടുത്തലുകള്‍ക്ക് കീഴടങ്ങേണ്ടുന്ന അവസ്ഥയും കോണ്‍ഗ്രസ്സിനുണ്ട്.
കോണ്‍ഗ്രസ്സിലെ മുസ്‌ലിം നേതാക്കളാകട്ടെ തീര്‍ത്തും നിസ്സഹായരാണ്. നിരപരാധികളായ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ശബ്ദിക്കണമെന്നാവശ്യപ്പെട്ട് അവരെ സമീപിച്ചപ്പോള്‍, തങ്ങളനുഭവിക്കുന്ന പരിമിതികളെയും സംഘടനക്കകത്തെ പ്രയാസങ്ങളെയും കുറിച്ചാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. കോണ്‍ഗ്രസ്സിനകത്തുതന്നെ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലല്ലോ.
ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് അനക്‌സില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞത് ഇതിന്റെ തെളിവാണ്; 'സിക്ക് വിരുദ്ധ കലാപത്തെത്തുടര്‍ന്ന് ഇന്ത്യയിലെ സിഖ് ജനത അനുഭവിച്ച അരക്ഷിതാവസ്ഥയും ഭീതിയുമാണ് ഇപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്.' പ്രധാനമന്ത്രി പോലും ഇങ്ങനെ നിസ്സഹായനാവുമ്പോള്‍ കോണ്‍ഗ്രസ്സിന്റെയും രാജ്യത്തിന്റെയും അവസ്ഥ ഊഹിക്കാമല്ലോ.

മുസ്‌ലിം സമൂഹത്തില്‍ ഒട്ടേറെ സംഘടനകളുണ്ടെങ്കിലും, ഇത്തരം സംഭവങ്ങളോട് അവ പൊതുവെ നിഷ്‌ക്രിയമാണോ?

അഖിലേന്ത്യാ തലത്തില്‍ ജമാഅത്തെ ഇസ്‌ലാമി, മുസ്‌ലിം മജ്‌ലിസെ മുശാവറ, മില്ലി കൗണ്‍സില്‍, ആള്‍ ഇന്ത്യാ സലഫി മൂവ്‌മെന്റ് തുടങ്ങിയ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. സംസ്ഥാനതലങ്ങളിലുള്ള മതസംഘടനകള്‍ക്കും തബ്‌ലീഗ് ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ബറേല്‍വി സംഘടനകള്‍ പോലുള്ളവക്കും ഇതൊന്നും വിഷയമായിട്ടില്ല. ഇത്തരം വേട്ടയാടലുകളെ ഗൗരവത്തില്‍ കാണാനോ പ്രതികരിക്കാനോ മതസംഘടനകള്‍ തയാറാവുന്നില്ല. സാമൂഹിക പ്രശ്‌നങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയല്ല എന്നാണ് അവര്‍ പറയുന്നത്. മതനേതാക്കള്‍ മുസ്‌ലിം ഉമ്മത്തിനെക്കുറിച്ച് പ്രസംഗിക്കാറുള്ളത് ഖുര്‍ആന്‍ പറഞ്ഞതുപോലെ 'ജനങ്ങളുടെ നന്മക്ക് വേണ്ടി നിലകൊള്ളുന്ന ഉത്തമ സമുദായം' എന്നാണ്. അങ്ങനെയുള്ള മത സംഘടനകള്‍, സമുദായത്തിന്റെ നന്മക്കും പ്രശ്‌നപരിഹാരത്തിനു പോലും ശ്രമിക്കുന്നില്ല എന്നതാണ് അവസ്ഥ. അഖിലേന്ത്യാ തലത്തില്‍ മുസ്‌ലിം സംഘടനകള്‍ സജീവമായി രംഗത്തുണ്ടെങ്കിലും അതിന്റെ ഒരു പ്രതിഫലനം വേണ്ട അളവില്‍ കാണപ്പെടുന്നില്ല. സംസ്ഥാനങ്ങളില്‍ സമുദായത്തില്‍ കൂടുതല്‍ വേരുള്ള മത സംഘടനകള്‍ ഈ വിഷയത്തില്‍ സജീവമാകാത്തതും വലിയ പ്രശ്‌നമാണ്.

പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാനും നമുക്ക് സാധിക്കുന്നില്ല?

പൊതു സമൂഹത്തെ ഇത്തരം വിഷയങ്ങളില്‍ സഹകരിപ്പിക്കാന്‍ മുസ്‌ലിം സമുദായത്തിന് സാധിക്കുന്നില്ല എന്നത് വസ്തുതയാണ്.  മത സംഘടനകളുടെ സമീപനവും അതിന് കാരണമാണ്. പൊതുവേദികളില്‍ സജീവമാകാനോ മറ്റു മതക്കാരുടേതുള്‍പ്പെടെ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമുദായം മുന്നോട്ടുവരുന്നില്ല. പൊതു പൗരാവകാശ വേദികളില്‍ നാമമാത്രമായി പോലും മുസ്‌ലിംപ്രാതിനിധ്യം ഇല്ല. സമുദായത്തില്‍ നിന്ന് ഈ വിഷയത്തില്‍ രംഗത്ത് വന്ന സംരംഭം എ.പി.സി.ആര്‍ മാത്രമാണ്. മൊത്തം സമുദായത്തിന്റെയും മത സംഘടനകളുടെയും അജണ്ടയില്‍ അതില്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ സമുദായമോ മത സംഘടനകളോ അസ്വസ്ഥരല്ല. അതിന്റെ പ്രധാന കാരണം, അവരുടെ മത സങ്കല്‍പമാണ്. വ്യക്തിനിഷ്ഠവും ആചാരനിഷ്ഠവും ആരാധനയിലേക്ക് ചുരുങ്ങുന്നതുമാണ് സമുദായത്തിന്റെ പൊതുവായ മത സങ്കല്‍പം. വികലമായ മതകാഴ്ചപ്പാട് മാറുകയും സമൂഹം, അവരുടെ പ്രശ്‌നങ്ങള്‍, രാജ്യം, ജനത, അവരുടെ ഭാവി തുടങ്ങിയവയിലേക്ക് അത് വികസിപ്പിക്കുകയും ചെയ്താല്‍ മാത്രമേ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയൂ.




Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍