ശഹീദ് അബ്ദുല്‍ ഖാദിര്‍ ഔദനൂറ്റാണ്ടിന്റെ ധിഷണ
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിലെ സമുന്നത നേതാക്കളിലൊരാളായ അബ്ദുല്‍ ഖാദിര്‍ ഔദയുടെ വ്യക്തിത്വം വേറിട്ടുനില്‍ക്കുന്നത് നിയമവിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹവും നൈപുണിയും മൂലമാണ്. ലോ കോളേജില്‍ നിന്ന് ബിരുദമെടുത്ത അബ്ദുല്‍ ഖാദിര്‍ ഔദ അഭിഭാഷകന്‍, പ്രോസിക്യൂട്ടര്‍, ലീഗല്‍ അഡൈ്വസര്‍, കോണ്‍സല്‍ ജനറല്‍ എന്നീ നിലകളില്‍ തിളങ്ങി. ജനറല്‍ മുഹമ്മദ് നജീബിന്റെ ഭരണകാലത്ത് ഈജിപ്തിന്റെ ഭരണഘടനാ നിര്‍മാണ സമിതിയില്‍ അംഗമായി നിയമിക്കപ്പെട്ട അബ്ദുല്‍ ഖാദിര്‍ ഔദയുടെ സേവനം 1953-ല്‍ അദ്ദേഹത്തെ ഭരണഘടനാ നിര്‍മാണസമിതിയില്‍ ഉള്‍പ്പെടുത്തി ലിബിയയും ഉപയോഗപ്പെടുത്തി. നിയമവിശാരദനായ ഔദക്കുള്ള അംഗീകാരമായിരുന്നു ഈ നിയമനങ്ങള്‍. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ചൈതന്യമുള്‍ക്കൊണ്ട് അബ്ദുല്‍ ഖാദിര്‍ ഔദ നടത്തിയ നിയമനിര്‍മാണരംഗത്തെ നീക്കങ്ങള്‍ ദൈവേതര നിയമസംഹിതകളുടെ സംസ്ഥാപനത്തിനായി യത്‌നിക്കുന്നവരെ സ്വാഭാവികമായും നിരാശപ്പെടുത്തി. ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങളെക്കുറിച്ച അബ്ദുല്‍ ഖാദിര്‍ ഔദയുടെ അഗാധമായ അറിവ് നീതിന്യായ രംഗത്തെ അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് ശോഭയേറ്റി. സമകാലീന ഇസ്‌ലാമിക കര്‍മശാസ്ത്ര രംഗത്തെ ധിഷണാപടുക്കളില്‍ അഗ്രിമ സ്ഥാനം അലങ്കരിക്കുന്ന അബ്ദുല്‍ ഖാദിര്‍ ഔദ, ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവത്കരണത്തിന് ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു. 1954 ഡിസംബര്‍ 9-ന് ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകൂടം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തിന്റെ ഉന്നത ശീര്‍ഷരായ അഞ്ചു നേതാക്കളോടൊപ്പം അദ്ദേഹത്തെയും തൂക്കിലേറ്റി. ശൈഖ് മുഹമ്മദ് ഫര്‍ഗലി, യൂസുഫ് ത്വല്‍അത്ത്, അഡ്വ. ഇബ്‌റാഹീം അത്വയ്യിബ്, അഡ്വ. ഹന്‍ദാവി ദുവൈര്‍, മഹ്മൂദ് അബ്ദുല്ലത്വീഫ് എന്നിവരാണ് ഔദയോടൊപ്പം ശഹീദായത്.
അബ്ദുല്‍ ഖാദിര്‍ ഔദയുടെ വധശിക്ഷക്ക് കാരണമായത് അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകളാണ്. ഈജിപ്തിന്റെ പ്രസിഡന്റ് പദവിയില്‍ നിന്ന് കേണല്‍ മുഹമ്മദ് നജീബിനെ നീക്കാനുള്ള ഫ്രീ ഓഫീസേഴ്‌സ് ക്ലബ്ബിന്റെ തീരുമാനത്തിനെതിരെ ശക്തിയായി നിലകൊണ്ട അബ്ദുല്‍ ഖാദിര്‍ ഔദ ജനസഹസ്രങ്ങളെ സംഘടിപ്പിക്കുകയും പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്ത് തീരുമാനം റദ്ദാക്കിക്കുകയും ചെയ്തു. ഈജിപ്തിന്റെ മണ്ണ് കണ്ടിട്ടില്ലാത്ത ബഹുജന പ്രക്ഷോഭത്തിന്റെ അലമാലകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ജമാല്‍ അബ്ദുന്നാസിറിനോ മന്ത്രിസഭക്കോ ആയില്ല. ഇന്ന് 'ലിബറേഷന്‍ സ്‌ക്വയര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഖസ്‌റുന്നീല്‍ മൈതാനത്താണ് അന്ന് അബ്ദുല്‍ ഖാദിര്‍ ഔദ ജനസാഗരത്തെ അഭിസംബോധന ചെയ്തത്. പ്രക്ഷോഭകാരികളായ ജനസഹസ്രങ്ങളോട് പിരിഞ്ഞ് പോകാന്‍ പ്രസിഡന്റ് ജനറല്‍ നജീബ് പലവുരു ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്ന ഘട്ടത്തില്‍ ആബിദീന്‍ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം ഒടുവില്‍ അബ്ദുല്‍ ഖാദിര്‍ ഔദയുടെ സഹായം തേടി. മനുഷ്യസാഗരത്തെ കീറിമുറിച്ച് ഏതാനും അനുയായികളോടൊപ്പം ഇരമ്പിവന്ന തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കയറിനിന്ന് അബ്ദുല്‍ ഖാദിര്‍ ഔദ ഒറ്റ വാക്കേ ഉച്ചരിച്ചുള്ളൂ: 'ഇന്‍സ്വരിഫൂ' (നിങ്ങള്‍ പിരിഞ്ഞുപോകണം). നിമിഷ നേരത്തിനുള്ളില്‍, പതിനായിരങ്ങള്‍ നിര്‍ഭയരായി നിറഞ്ഞു ഇരമ്പിയാര്‍ത്ത മൈതാനം കാലിയായ അത്ഭുത ദൃശ്യത്തിന് ഭരണകൂടം സാക്ഷിയായി. ഇത്രയും ജനസ്വാധീനമുള്ള വ്യക്തി തങ്ങള്‍ക്ക് ഭീഷണിയാണെന്ന സത്യം ജമാല്‍ അബ്ദുന്നാസിര്‍ അപ്പോഴേ മനസ്സില്‍ കുറിച്ചിട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അബ്ദുല്‍ ഖാദിര്‍ ഔദയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് തടവിലാക്കി, വധശിക്ഷ വിധിച്ചു.
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തെ നിരോധിക്കാന്‍ ജമാല്‍ അബ്ദുന്നാസിര്‍ ഒരുമ്പെട്ടപ്പോള്‍, അതില്‍നിന്ന് പിന്മാറാന്‍ ഔദ ആവശ്യപ്പെട്ടതും നാസിറിനെ രോഷാകുലനാക്കിയിരുന്നു. നാസിര്‍ ബ്രിട്ടീഷുകാരുമായി ഒപ്പിട്ട കരാര്‍ വിദേശ ശക്തികളുടെ അധിനിവേശം നൈലിന്റെ നാട്ടില്‍ ശാശ്വതമാക്കാനേ ഉതകൂ എന്ന് ഉടമ്പടിയുടെ വിശദാംശങ്ങള്‍ പഠിച്ച അബ്ദുല്‍ ഖാദിര്‍ ഔദ നിയമത്തിന്റെ കാഴ്ചപ്പാടില്‍ ഭരണകൂടത്തെ ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. വിദേശശക്തികളും അബ്ദുല്‍ ഖാദിര്‍ ഔദയുടെ രക്തം കൊതിച്ചിരുന്നു. ജമാല്‍ അബ്ദുന്നാസിര്‍ അതിന് ആക്കം കൂട്ടി.
* * * * *
ഇഖ്‌വാന്റെ ചരിത്രകാരനായ മഹ്മൂദ് അബ്ദുല്‍ ഹലീം 'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍-ചരിത്രം രചിച്ച സംഭവങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: ''ജമാല്‍ അബ്ദുന്നാസിറില്‍ പ്രതീക്ഷകള്‍ പുലര്‍ത്തിയ ഇഖ്‌വാന്‍ നേതാക്കളില്‍ ഒരാളായിരുന്നു അബ്ദുല്‍ ഖാദിര്‍ ഔദ. ഇഖ്‌വാനില്‍ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. അങ്ങേയറ്റം സ്‌നേഹവും ആദരവും അണികളില്‍ അദ്ദേഹം നേടിയെടുത്തു. 'ഇമാമുശ്ശഹീദി'(ഹസനുല്‍ ബന്നായെ ഇഖ്‌വാന്‍കാര്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്)ന്ന് ഏറ്റവും പ്രിയങ്കരനായിരുന്നു ഖാദിശ്ശഹീദ് (അബ്ദുല്‍ ഖാദിര്‍ ഔദയെ അവര്‍ വിശഷിപ്പിച്ചതങ്ങിനെയാണ്). ഹസനുല്‍ ബന്നായുടെ കാലത്ത് അദ്ദേഹം തന്റെ ന്യായാധിപപദവിയില്‍ ഇരുന്നു. ഹസനുല്‍ ഹുദൈബി മുര്‍ശിദുല്‍ ആമായപ്പോള്‍ ഇഖ്‌വാന്റെ സെക്രട്ടറി ജനറലായി നിയമിതനായ അബ്ദുല്‍ ഖാദിര്‍ ഔദക്ക് ന്യായാധിപ സ്ഥാനം രാജിവെച്ച് മുഴുസമയ പ്രവര്‍ത്തകനായി മാറേണ്ടിവന്നു. അത്ര മതിപ്പും സ്‌നേഹവുമായിരുന്നു ഹുദൈബിക്ക് അബ്ദുല്‍ ഖാദിര്‍ ഔദയോട്.''
* * *
1954 ഡിസംബര്‍ 9. അബ്ദുല്‍ ഖാദിര്‍ ഔദയെയും അഞ്ച് സഹപ്രവര്‍ത്തകരെയും തൂക്കിലേറ്റുന്ന ദിവസം. കൊലമരത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കയറിനിന്ന് അബ്ദുല്‍ ഖാദിര്‍ ഔദയുടെ ദൃഢസ്വരം മുഴങ്ങി: ''യുദ്ധ മുന്നണിയിലോ വിരിപ്പില്‍ കിടന്നോ തടവുകാരനായോ സ്വതന്ത്രനായോ എങ്ങനെ മരിച്ചാലെന്ത്? ഞാന്‍ എന്റെ നാഥനായ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ പോവുകയാണ്.'' ചുറ്റും കൂടിനിന്ന ഉദ്യോഗസ്ഥരെ നോക്കി: ''എനിക്ക് ശഹാദത്ത് കനിഞ്ഞേകിയ അല്ലാഹുവിന് സര്‍വസ്തുതിയും. എന്റെ ഈ രക്തം വിപ്ലവനായകരുടെ മേല്‍ ശാപമായി പതിക്കും.''
Comments