Prabodhanm Weekly

Pages

Search

2012 ജൂണ്‍ 23

സങ്കടപ്പെടുന്ന പ്രവാസികള്‍

ണ്ട് കാര്‍ഷിക രാജ്യമായിരുന്ന കേരളത്തില്‍ ഇപ്പോള്‍ റബര്‍ ഒഴിച്ചുള്ള സകല കൃഷികളും നശിച്ചുകൊണ്ടിരിക്കുകയാണ്. വ്യവസായം പണ്ടേ കുറവായിരുന്നു. ഉള്ളവ ഒന്നൊന്നായി പൂട്ടിക്കൊണ്ടിരിക്കുന്നു. വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് അനുകൂലമല്ലാത്ത ജനസാന്ദ്രതയും ആവാസ വ്യവസ്ഥയുമാണ് കേരളത്തിന്റേത്. ഈ സാഹചര്യത്തില്‍, സംസ്ഥാനം തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ആഴക്കടലിലാണ്ടുപോകാതിരിക്കാന്‍ ജനങ്ങള്‍ കണ്ടെത്തിയ അതിജീവന തന്ത്രമാണ് പ്രവാസം. അത് സര്‍ക്കാറോ രാഷ്ട്രീയ കക്ഷികളോ കാട്ടിക്കൊടുക്കുകയായിരുന്നില്ല; ജനങ്ങള്‍ സ്വയം കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ പ്രവാസികളില്‍ ഏതാണ്ട് മൂന്നിലൊന്ന് കേരളീയരാണ്. 22.8 ലക്ഷം കേരളീയര്‍ പ്രവാസികളാണെന്നാണ് 2011-ലെ കണക്ക്. ഇവരില്‍ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. അവരുടെ വിയര്‍പ്പിന്റെ വിലയാണ് കേരളം ഇന്നനുഭവിക്കുന്ന സാമൂഹിക പുരോഗതിയുടെ സിംഹഭാഗം. പ്രവാസി മലയാളി സ്വന്തം കുടുംബത്തെ മാത്രമല്ല പോറ്റുന്നത്. സ്വന്തം രാജ്യത്തെയും അവന്‍ പോറ്റുന്നുണ്ട്. ഇവിടത്തെ ആരോഗ്യ-വിദ്യാഭ്യാസ-മത-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം അവര്‍ നേരിട്ടോ അല്ലാതെയോ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. അശരണരായ രോഗികളുടെ ചികിത്സ മുതല്‍ ദേശീയ പാര്‍ട്ടികളുടെ സമ്മേളന മാമാങ്കങ്ങളില്‍ വരെ അവരുടെ വിയര്‍പ്പൊഴുകുന്നു. ഇന്ത്യയുടെ വിദേശ നാണ്യശേഖരം കൊഴുപ്പിക്കുന്നത് പ്രവാസികളാണെന്നത് ഭരണസാരഥികള്‍ ഇടക്കിടെ എടുത്തോതാറുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 50000 കോടി രൂപയാണ് പ്രവാസി മലയാളികളില്‍ നിന്ന് കേരളത്തിലെത്തിയത്. കണക്കില്‍ പെടാത്ത വരവുകള്‍ വേറെ.
കൃഷിയും വ്യവസായവും അന്യംനിന്നപ്പോള്‍ ജനങ്ങള്‍ കണ്ടെത്തുകയും സംസ്ഥാനത്തിന്റെ ജീവനാഡിയായി പരിണമിക്കുകയും ചെയ്ത ഈ അതിജീവനതന്ത്രം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെയും, ഉത്തരവാദിത്വ ബോധവും ജനക്ഷേമതാല്‍പര്യവുമുള്ള സര്‍ക്കാറിന്റെയും നിര്‍ബന്ധ ബാധ്യതയാണ്. വൈദേശിക തൊഴില്‍ സാധ്യതകള്‍ ചൂഷണം ചെയ്യാന്‍ പര്യാപ്തമാംവണ്ണം കേരളത്തിന്റെ തൊഴില്‍ശേഷി സംസ്‌കരിച്ച് പാകപ്പെടുത്തുക, വിദേശങ്ങളില്‍ തൊഴില്‍ തേടി പോകാനും വരാനുമുള്ള സുഗമമായ സഞ്ചാര മാര്‍ഗങ്ങളേര്‍പ്പെടുത്തുക, പ്രവാസികളുടെ തൊഴിലും വേതനവും ആരോഗ്യവും മറ്റു ജീവിത സൗകര്യങ്ങളും ഉറപ്പുവരുത്തുക. ഇതൊക്കെയാണതിനു ചെയ്യേണ്ടത്. ഇതൊന്നും സര്‍ക്കാറിന് അറിഞ്ഞുകൂടാത്ത കാര്യങ്ങളല്ല. നമുക്ക് പ്രവാസി മന്ത്രിമാരുണ്ട്; മന്ത്രാലയങ്ങളുണ്ട്. നോര്‍ക്കയുണ്ട്. പ്രവാസി ക്ഷേമപദ്ധതികളുണ്ട്. വര്‍ഷം തോറും 'പ്രവാസി ഭാരതീയ ദിവസ്' കെങ്കേമമായി കൊണ്ടാടുന്നുണ്ട്. അതില്‍ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത് പ്രവാസികളെ പ്രശംസ കൊണ്ട് പൊതിയുന്നു. മോഹന വാഗ്ദാനങ്ങള്‍ വര്‍ഷിക്കുന്നു. ഇല്ലാത്തത് പ്രവാസി ക്ഷേമം മാത്രമാണ്. അവരുടെ വോട്ടവകാശം പോലും ഇപ്പോഴും വാഗ്ദാനമായി തന്നെ നില്‍ക്കുന്നു.
മലയാളി കിടപ്പാടം പണയപ്പെടുത്തി വിസ സംഘടിപ്പിച്ച് ഗള്‍ഫിലെത്തിയാല്‍ പിന്നെ അവന്‍ ചൂഷണം ചെയ്യപ്പെടുകയായി. ഒന്നോ രണ്ടോ മാസം കുടുംബത്തോടൊപ്പം കഴിയാനെത്തുന്ന ഗള്‍ഫുകാരനെ മത്സ്യക്കച്ചവടക്കാര്‍ മുതല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ വരെ പിടിച്ചുപറിക്കുന്നു. ഈ പിടിച്ചുപറി നാട്ടുകാരിലേക്കു വ്യാപിക്കുമ്പോള്‍ ഗള്‍ഫുകാരന്റെ ധൂര്‍ത്ത് സകല സാധനങ്ങള്‍ക്കും തീവിലയാക്കി എന്ന പഴിയും അവന്‍ കേള്‍ക്കേണ്ടിവരുന്നു. ഗള്‍ഫുകാരെ പിഴിയാന്‍ മുന്‍പന്തിയില്‍ സര്‍ക്കാറുമുണ്ട്. പ്രവാസികള്‍ വന്‍തോതില്‍ നാട്ടില്‍ വന്നുപോകുന്ന സീസണാകുമ്പോള്‍ എയര്‍ ഇന്ത്യ ടിക്കറ്റ് ചാര്‍ജ് ഇരട്ടിയായും അതിലധികമായും വര്‍ധിപ്പിക്കുകയായി. കാലങ്ങളായി ഈ കൊടും ചൂഷണത്തിനെതിരെ പ്രവാസികളുയര്‍ത്തിയ മുറവിളികള്‍ ബധിര കര്‍ണങ്ങളിലാണ് ചെന്നുപതിക്കുന്നത്. ഈ വര്‍ഷം കൂനിന്മേല്‍ കുരുവെന്നോണം എയര്‍ ഇന്ത്യയുടെ പൈലറ്റുമാരിലൊരു വിഭാഗം പണിമുടക്ക് സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. അതിന്റെ പേരില്‍ റദ്ദാക്കപ്പെടുന്നതിലേറെയും ഗള്‍ഫ് ഫ്‌ളൈറ്റുകള്‍. പല ഗള്‍ഫ് നഗരങ്ങളിലേക്കുമുള്ള എയര്‍ ഇന്ത്യാ ഫ്‌ളൈറ്റുകള്‍ ജൂലൈ 30 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പ്രവാസി മലയാളികള്‍ക്ക് വരുത്തിവെക്കുന്ന കഷ്ട-നഷ്ടങ്ങള്‍ കുറച്ചൊന്നുമല്ല. നിശ്ചയിച്ചുവെച്ച സ്വന്തം വിവാഹത്തിനെത്തേണ്ട യുവാക്കള്‍, പെങ്ങളുടെയോ പെണ്‍മക്കളുടെയോ വിവാഹത്തിനെത്തേണ്ട രക്ഷിതാക്കള്‍, ആസന്നമരണരായ ഉറ്റവരെ ഒരു നോക്കുകാണാന്‍ വെമ്പുന്നവര്‍, വിസ തീര്‍ന്ന കുടുംബങ്ങളെ നാട്ടിലെത്തിക്കാനാവാതെ പരിഭ്രമിക്കുന്നവര്‍, ഒഴിവുകാലത്ത് നാട്ടിലെത്താന്‍ കൊതിച്ച് നിരാശരാകുന്ന ഗള്‍ഫു കുടുംബങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവാതെ വേപഥു കൊള്ളുന്നവര്‍ ഇങ്ങനെ നീളുന്നു പീഡിതരുടെ പട്ടിക.
സമരം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടുവെങ്കിലും അതവസാനിപ്പിക്കാന്‍ ഇഛാശക്തിയോടെയുള്ള നീക്കം ഇനിയും ഉണ്ടായിട്ടില്ല. 400 കോടി രൂപ പൊതു ഖജനാവിന് ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞു. വ്യോമയാന മന്ത്രി അജിത് സിംഗിനോ ഉദ്യോഗസ്ഥന്മാര്‍ക്കോ നഷ്ടമൊന്നുമില്ല. പ്രവാസികളുടെ യാതനകള്‍ അവരറിയുന്നുമില്ല. പ്രതിമാസം എട്ടു ലക്ഷം രൂപ ശമ്പളവും 2000 ഡോളര്‍ അലവന്‍സും വാങ്ങുന്ന പൈലറ്റുമാര്‍ സമരം നീണ്ടുപോയാല്‍ പട്ടിണിയിലാവുകയുമില്ല. നഷ്ടപ്പെടുന്നത് രാജ്യത്തിനാണ്. കഷ്ടപ്പെടുന്നത് എയര്‍ ഇന്ത്യയുടെ ഉപഭോക്താക്കളായ പ്രവാസികളും. ലാഭം കൊയ്യുന്നത് വിദേശ വിമാനക്കമ്പനികള്‍. നഗ്നമായ പിടിച്ചുപറി തന്നെയാണവര്‍ നടത്തുന്നത്. പതിനായിരവും പന്തീരായിരവും ചാര്‍ജുണ്ടായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്നത് നാല്‍പതിനായിരവും അമ്പതിനായിരവുമാണ്. മൃതദേഹങ്ങളോടു പോലും കനിവില്ല.  നേരത്തെ 22000 രൂപക്ക് നാട്ടിലെത്തിച്ചിരുന്ന മൃതദേഹങ്ങള്‍ക്ക് ഇപ്പോള്‍ ചാര്‍ജ് 42000. സ്വന്തം നാട്ടുകാരാല്‍ ചൂഷണം ചെയ്യപ്പെടുന്നവരെ മറുനാട്ടുകാര്‍ ചൂഷണം ചെയ്യുന്നതില്‍ വിലപിച്ചിട്ടെന്തു കാര്യം?! പ്രവാസികള്‍ ഈ സങ്കടങ്ങളെല്ലാം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളെ മുറക്ക് അറിയിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍ ഉറപ്പുകള്‍ നിര്‍ലോഭം നല്‍കുന്നു. സംസ്ഥാന മന്ത്രിമാര്‍ ഉദാരമായി നിസ്സഹായത വിളമ്പുന്നു. പ്രായോഗിക നടപടികള്‍ ആരില്‍നിന്നുമില്ല.
നാട്ടിലെ വിവാഹ പ്രായമെത്തിയ അനാഥ യുവതികളുടെ സങ്കടങ്ങള്‍ മുതല്‍ ദേശീയ പാര്‍ട്ടികളുടെയും സ്ഥാപനങ്ങളുടെയും സാരഥികളുടെ സങ്കടങ്ങള്‍ വരെ കേള്‍ക്കാന്‍ പ്രവാസികളുണ്ട്. പ്രവാസികളുടെ സങ്കടം കേള്‍ക്കാനും തീര്‍ക്കാനും ആരുമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍
എ.വൈ.ആര്‍