വേനലവധിയടുത്തു, വിമാന നിരക്കില്‍ അഭൂതപൂര്‍വമായ വര്‍ദ്ധന
വേനലവധി വന്നതും റമദാന്‍ വിളിപ്പാടകലെ എത്തിയതും നാട്ടിലേക്കുള്ള വിമാനനിരക്കില്‍ വന്‍വര്‍ദ്ധനയാണ് ഉണ്ടാക്കിയത്. നേരത്തെ ഉണ്ടായിരുന്ന നിരക്കില്‍ നിന്ന് മൂന്നും നാലും ഇരട്ടിയാണ് മിക്ക വിമാന കമ്പനികളും ഈടാക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുന്ന സ്‌കൂളുകളുടെ വേനലവധിക്ക് പതിനായിരങ്ങളാണ് നാട്ടിലേക്ക് പോകുന്നത്. ഇവരില്‍ നിന്ന് കമ്പനികള്‍ വന്‍ നിരക്കുകളാണ് ഈടാക്കുന്നത്. കഴിഞ്ഞ ഒരു മാസമായി നടന്ന് വരുന്ന എയര്‍ ഇന്ത്യ സമരമാണ് നിരക്കുകള്‍ ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമായത്.
എയര്‍ ഇന്ത്യ പൈലറ്റുമാര്‍ സമരത്തിന്നായി മുന്നോട്ട് വെച്ച കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നത് മാത്രമല്ല, മുന്നറിയിപ്പ് നല്‍കാതെയാണ് സമരം നടത്തുന്നതെന്ന ന്യായവും കൂടി പറഞ്ഞ് കൊണ്ട് വ്യോമയാന വകുപ്പ് മന്ത്രി അജിത് സിംഗ് ചര്‍ച്ചക്ക് പോലും ഇത് വരെ തയാറായിട്ടില്ല. പൊതുവെ അബല പിന്നെ ഗര്‍ഭിണിയും എന്ന് പറഞ്ഞത് പോലെ സേവന കാര്യത്തില്‍ ഗള്‍ഫില്‍ നിന്ന് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന എയര്‍ ഇന്ത്യ, നിലവിലെ സമരം കൊണ്ട് ബുദ്ധിമുട്ടിക്കുന്നത് കുറഞ്ഞ വരുമാനക്കാരായ പതിനായിരങ്ങളെയാണ്. സുഊദി അറേബ്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ അടുത്ത മാസം 31 വരെ നിര്‍ത്തലാക്കിയതായാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ ടിക്കറ്റെടുക്കുന്നവര്‍ക്ക് പൊതുവെ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് നല്‍കുന്നത്. ഇതേ നിരക്ക് നല്‍കുന്ന എയര്‍ അറേബ്യ, ബഹ്‌റൈന്‍ എയര്‍, ഫ്‌ളൈ ദുബൈ എന്നീ വിമാനസര്‍വീസുകളുള്ളപ്പോള്‍ അവയെ മാറ്റി നിര്‍ത്തി ദേശീയ 'ശകടം' എന്ന പരിഗണന നല്‍കിയാണ് പലരും എയര്‍ ഇന്ത്യക്ക് തന്നെ ടിക്കറ്റെടുക്കുന്നത്. ഈ പരിഗണന മുതലെടുത്ത് കൊണ്ട് സ്വന്തക്കാരോട് എന്തുമാവാമെന്ന ചിറ്റപ്പന്‍ നയമാണ് എയര്‍ ഇന്ത്യന്‍ മാനേജ്‌മെന്റ് സ്വീകരിക്കുന്നത് എന്ന ആക്ഷേപമാണ് പരക്കെയുള്ളത്. വേനലവധി, നാട്ടിലെ സ്‌കൂള്‍ അവധിക്ക് നാട്ടിലെത്തിയവരുടെ മടക്കം, റമദാന്‍ അടുത്ത സന്ദര്‍ഭം തുടങ്ങി എല്ലാ നിലക്കും ഏറെ തിരക്ക് അനുഭവപ്പെടുന്ന സന്ദര്‍ഭത്തിലാണ് മാനേജ്‌മെന്റ് ഭാഗത്ത് നിന്നുള്ള ക്രൂരമായ ഈ അലംഭാവം. ആറ് മാസം മുന്‍പ് വരെ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് വിമാനം റദ്ദ് ചെയ്ത് വിവരം കിട്ടുന്നത് രണ്ടും മൂന്നും ദിവസങ്ങള്‍ക്ക് മുന്‍പാണ്. പണം തിരിച്ച് നല്‍കുമെന്ന 'ഔദാര്യം' മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള സഹായം. തൊട്ടടുത്ത ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടെങ്കിലും അതിലേക്ക് മാറ്റി നല്‍കാന്‍ പോലും തയാറാകുന്നില്ല. ഈ മാസം പത്തിന് ദോഹയില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന ഒരു കുടുംബം അവരുടെ വിമാനം റദ്ദ് ചെയ്ത വിവരം അറിയുന്നത് മൂന്ന് ദിവസം മുന്‍പ് മാത്രമാണ്. എയര്‍ ഇന്ത്യ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി വിമാനം റദ്ദ് ചെയ്തിരിക്കുന്നു, പണം തിരിച്ച് നല്‍കാമെന്ന 'സന്തോഷ' വാര്‍ത്ത മാത്രമായിരുന്നു. ജൂണ്‍ പന്ത്രണ്ടിന് വിസ കാലാവധി കഴിയുന്ന കുടുംബത്തിന് ഒരു ദിവസം ദോഹയില്‍ തങ്ങണമെങ്കില്‍ 800 റിയാല്‍ പിഴ നല്‍കണം. മറ്റു വിമാന കമ്പനികളുടെ ഓഫീസുകളുമായി ബന്ധപ്പെട്ടപ്പോഴാണ് അറിയുന്നത് 2500 റിയാല്‍ മുതലാണ് ദോഹ- കോഴിക്കോട് നിരക്കായി വാങ്ങുന്നതെന്ന്. നാലാളുകള്‍ക്ക് പോകാന്‍ എയര്‍ ഇന്ത്യയില്‍ മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയത് 3300 റിയാലായിരുന്നത് ഏകദേശം പതിനായിരം റിയാലാണ് ഈ കുടുംബം നല്‍കേണ്ടത്. എയര്‍ ഇന്ത്യ ഓഫീസുമായി നിരന്തരം ബന്ധപ്പെടുകയും കത്തിടപാടുകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 11നുള്ള വിമാനത്തില്‍ സീറ്റ് അനുവദിക്കാനുള്ള ഔദാര്യം അധികൃതര്‍ കാണിച്ചു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള മിക്ക യാത്രക്കാരുടെയും അവസ്ഥയാണിത്. അടുത്ത ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ട പലരും മറ്റ് വിമാന കമ്പനികളുടെ ഓഫീസുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും സാങ്കല്‍പികമായ നിരക്കുകളാണ് ഈടാക്കുന്നത്. ഈ മാസം ഇരുപതോടെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് വേനലവധി ആരംഭിക്കുകയാണ്. ഖത്തറില്‍ നിന്ന് മാത്രം പതിനയ്യായിരത്തിലധികം ആളുകള്‍ ഈ ഒരാഴ്ച മാത്രം കേരളത്തിലേക്ക് യാത്ര നിശ്ചയിച്ചവരാണ്. വളരെ നേരത്തെ യാത്ര തീരുമാനിച്ചതിനാല്‍ മിക്കപേരും മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റെടുത്തവരുമാണ്. ഈ സന്ദര്‍ഭത്തില്‍ ഒരു വിമാനമെങ്കിലും റദ്ദായാല്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം വിവരണാതീതമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതേ അവസ്ഥ തന്നെയാണ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമുള്ള യാത്രക്കാര്‍ അനുഭവിക്കുന്നത്. സുഊദി അറേബ്യയിലെ കുറഞ്ഞ ശമ്പളക്കാരായ ആളുകള്‍ അവലംബിക്കുന്ന വിമാനമാണ് എയര്‍ ഇന്ത്യ. റിയാദില്‍ നിന്ന് മാത്രമായി ആഴ്ചയില്‍ അഞ്ച് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഈ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. കോഴിക്കോട്ടേക്കും മുംബൈയിലേക്കുമുള്ള സര്‍വീസുകള്‍ മെയ് 30 വരെയാണ് ആദ്യം നിര്‍ത്തിയത്. പിന്നീട് അത് ജൂണ്‍ മുപ്പതിലേക്കും തുടര്‍ന്ന് ജൂലൈ മുപ്പത് വരേക്കും നീട്ടിയിരിക്കുകയാണ്.
തങ്ങള്‍ യാത്ര ചെയ്യേണ്ട വിമാനങ്ങള്‍ റദ്ദ് ചെയ്ത വിവരം അവസാന നിമിഷം അറിയാന്‍ ഇടയായത് കാരണം പല ദിവസവും എയര്‍ ഇന്ത്യ ഓഫീസുകളില്‍ വികാരഭരിതമായ രംഗങ്ങളാണ് ഉണ്ടാകുന്നത്. മരണാനന്തര ചടങ്ങുകളില്‍ എത്താനുള്ളവര്‍, മൃത ദേഹങ്ങളുമായി പോകേണ്ടവര്‍, തുടര്‍ ചികിത്സക്ക് ആസ്പത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജീവന്‍ നിലനിര്‍ത്താനുള്ള ഉപകരണങ്ങളുമായി യാത്രക്കെത്തിയവര്‍ തുടങ്ങി നിരവധി ആളുകളാണ് കഴിഞ്ഞ ഒരു മാസമായി ദുരിതത്തിലായത്. പ്രസവത്തിന് നാട്ടില്‍ പോകാന്‍ ദിവസങ്ങള്‍ എണ്ണിയെണ്ണി കഴിയുന്ന ഗര്‍ഭിണികള്‍ യാത്ര ചെയ്യാന്‍ കഴിയുമോയെന്ന ആശങ്കയിലാണ്. ആറ് മാസം കഴിഞ്ഞാല്‍ യാത്ര ചെയ്യാന്‍ വിമാന കമ്പനികള്‍ അനുവദിക്കില്ലയെന്നത് ഇവരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
ഏതാണ്ട് അഞ്ച് വര്‍ഷം മുന്‍പ് നടന്ന എയര്‍ ഇന്ത്യ-ഇന്ത്യന്‍എയര്‍ലൈന്‍സ് കമ്പനി ലയനത്തിന് ശേഷമുണ്ടായ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് ധര്‍മാധികാരി കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകാര്യമല്ല എന്ന് പറഞ്ഞ് കൊണ്ടാണ് പൈലറ്റുമാര്‍ സമരരംഗത്തിറങ്ങിയത്. നിലവില്‍ എട്ട് ലക്ഷം രൂപ ശമ്പളവും രണ്ടായിരം ഡോളര്‍ അഥവാ ഒരു ലക്ഷത്തി പതിനായിരം രൂപ അലവന്‍സും പറ്റുന്ന പൈലറ്റുമാരാണ് സമരത്തിനിറങ്ങി മരുഭൂമിയില്‍ ചോര നീരാക്കി കുറഞ്ഞ ശമ്പളത്തില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യന്‍ പൗരന് നേരെ കൊഞ്ഞനം കുത്തുന്നത്. ആര്‍ജ്ജവമുള്ള സര്‍ക്കാറുണ്ടെങ്കില്‍ ദിവസങ്ങള്‍ കൊണ്ട് പരിഹരിക്കാമായിരുന്ന ഈ പ്രശ്‌നം ഇത്രയധികം വഷളാക്കിയതിന്റെ പ്രധാന ഉത്തരവാദിത്തം കേന്ദ്ര ഗവണ്‍മെന്റിന് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി പൊതു ഖജനാവില്‍ നിന്നുള്ള പണം ചെലവഴിച്ച് വിമാനം ചാര്‍ട്ടേഡ് ചെയ്യാന്‍ മടിക്കാത്തവര്‍ക്ക് കാനേഷുമാരിയില്‍ പോലും പേരില്ലാത്ത പാവം ഗള്‍ഫ് പ്രവാസിയുടെ ദുരിതമെന്തറിയാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫ് മേഖലയില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ സര്‍വീസിന് മുറവിളി ഉയര്‍ന്നപ്പോള്‍ അന്ന് കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്നു ഒരു മന്ത്രി ദോഹ സന്ദര്‍ശിക്കുകയും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഖത്തറിലെ പോഷക സംഘടന നല്‍കിയ സ്വീകരണത്തില്‍ താന്‍ മന്ത്രിയായിരിക്കുമ്പോള്‍ തന്നെ ഫെറി സര്‍വീസ് കൊണ്ട് വരുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തെ സ്വകാര്യമായി സന്ദര്‍ശിച്ചപ്പോള്‍ ഫെറി സര്‍വീസ് പ്രതീക്ഷിക്കാമോ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി നിനക്കെന്താ പിരാന്തുണ്ടോ, നടക്കാന്‍ സാധ്യതയുള്ള എന്തെങ്കിലും ചോദിക്ക് എന്നായിരുന്നു. അതെ, കേരളത്തെ നിലനിര്‍ത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി ഇത്തരം മന്ത്രിമാരില്‍ നിന്ന് ഇനിയും എന്തെങ്കിലും പ്രതീക്ഷിക്കാമോ?
Comments