Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 25

3315

1445 സഫർ 08

ഇന്‍ഫര്‍മേഷന്‍ ഡയറ്റും ഓഫ്‌ലൈന്‍ ഫുഡും

മെഹദ് മഖ്ബൂല്‍

ഇന്‍ഫര്‍മേഷന്റെ കാലമാണിത്. എവിടെ നോക്കിയാലും വിവരങ്ങളാണ്. വിവരങ്ങളുടെ വിസ്‌ഫോടനം എന്നെല്ലാം വേണമെങ്കില്‍ പറയാം. അല്‍പ കാലം മാത്രമുള്ള ഈ ജീവിതത്തിന് ഇത്രമാത്രം വിവരത്തിന്റെ കാര്യമുണ്ടോ..? അല്ലെങ്കില്‍ ജീവിതത്തിന് ഇന്ധനമേകുന്ന വിവരങ്ങളാണോ ഇതെല്ലാം?

മുമ്പൊക്കെ നമ്മള്‍ വെറുതെ ഇരിക്കുമായിരുന്നു. ഇപ്പോള്‍ വെറുതെ ഇരിക്കാന്‍ പോലും നേരമില്ല. ഏത് നേരവും നമ്മള്‍ വിവരങ്ങള്‍ കണ്‍സ്യൂം ചെയ്തുകൊണ്ടിരിക്കുകയാണ്.  വിവരങ്ങളുടെ ആധിക്യമാണ് നമ്മിലിന്ന് ആധി വിതക്കുന്നത്.

ഈയൊരു ഘട്ടത്തിലാണ് ഇന്‍ഫര്‍മേഷന്‍ ഡയറ്റിനെ കുറിച്ചുള്ള ആലോചകള്‍ കനപ്പെടുന്നത്. ഫുഡ് ഡയറ്റ് (പഥ്യാഹാരം) പോലെ തന്നെയാണ് ഇന്‍ഫര്‍മേഷന്‍ ഡയറ്റും. ഹെല്‍ത്തിയും ന്യൂട്രീഷ്യസും ആയ ഭക്ഷണം കഴിക്കുന്ന പോലെ, ജങ്ക് ഫുഡ് ഒഴിവാക്കണം എന്ന് പറയുന്ന പോലെ തന്നെ  ഹെല്‍ത്തി അല്ലാത്ത വിവരങ്ങള്‍ നമ്മിലേക്കെത്തുന്നതും നിയന്ത്രിക്കണം എന്ന ചിന്തയാണത്. വിവരങ്ങള്‍ വായിക്കുക മാത്രമല്ലല്ലോ ഇന്ന് നമ്മള്‍, ആ വാര്‍ത്തക്കടിയിലെ കമന്റുകളും തെറികളും വായിച്ച് മനസ്സ് മലിനപ്പെടുക കൂടിയാണ്. ഒരു വാര്‍ത്തയും അനേകായിരം കമന്റുകളുമാണ് ഒരു സമയം നമ്മില്‍ കുടിയേറുന്നത്. അത് നമ്മുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഒരു കാരണവുമില്ലാതെ അങ്ങനെയാണ് മനസ്സ് ഹാംഗ് ആകുന്നത്, സമാധാനം കെടുന്നത്. ഏതു നേരവും വഴക്കും ബഹളവും നിറഞ്ഞ ഒരു കുടുംബത്തിലെ അംഗത്തിന്റെ മാനസികാരോഗ്യം എത്ര ദുര്‍ബലമാകാന്‍ സാധ്യതയുണ്ടോ അതിന് സമാനമാണ് വക്കാണം നിറഞ്ഞ സോഷ്യല്‍ മീഡിയാ ഇടത്തിലെ  ഓരോ നമ്മളും.

ക്ലിക്ക് കിട്ടാന്‍ മാധ്യമങ്ങള്‍ നല്‍കുന്ന തലവാചകങ്ങളും സെന്‍സേഷനല്‍ വാര്‍ത്തകളും സോഷ്യല്‍ മീഡിയാ പോസ്റ്റുകളുമെല്ലാം തരുന്ന വിവരങ്ങള്‍ക്ക് എത്ര വാല്യൂ ഉണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ? വാല്യൂ ഇല്ലെന്ന് തോന്നുന്നെങ്കില്‍ അതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയണം. ചാനലുകളിലെ പാതിരാ ചര്‍ച്ചകള്‍ തരുന്നത് ജീവിതത്തിന് ദിശാബോധമാണോ അതോ വെറും വായ്ത്താരികളാണോ എന്ന് വിലയിരുത്തണം. വെളിച്ചം നല്‍കുന്ന വാക്കുകള്‍ക്ക് മാത്രം ചെവി നല്‍കണം.  ഒരുപാട് നല്ല കണ്ടന്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കെ ഒട്ടും വാല്യൂ ഇല്ലാത്ത കാര്യങ്ങള്‍ക്ക് പിറകെ പോകില്ലെന്ന് നിശ്ചയിക്കണം. ഇങ്ങനെയുള്ള സ്വയം വിലയിരുത്തലാണ് ഇന്‍ഫര്‍മേഷന്‍ ഡയറ്റിന്റെ ആദ്യ പടി.

ഏതൊക്കെയോ വിവരങ്ങള്‍ക്ക് പിറകെ പോകാതെ തനിക്ക് നിര്‍ബന്ധമായും വേണ്ടുന്ന വിവരങ്ങള്‍ക്ക് പിറകെ പോകാന്‍ അത് നമ്മെ സഹായിക്കും. ജീവിതം നമ്മുടെ തന്നെ കൈയിലാവും. റിലാക്‌സ് ചെയ്യാന്‍ കുറച്ച് നേരം സോഷ്യല്‍ മീഡിയ തുറക്കാം എന്ന് വെക്കുന്ന അബദ്ധം ചെയ്യാതിരിക്കും.  നമ്മുടെ മനസ്സ് അലങ്കോലമാവുകയാണ് പലപ്പോഴും സോഷ്യല്‍ മീഡിയാ സഞ്ചാരം വഴി ഉണ്ടാകുന്നത്. കണ്ടന്റില്‍ റിച്ച് ആയ ആളുകളെ മാത്രം ഫോളോ ചെയ്യുന്ന രീതിയിലേക്ക് നമുക്ക് നമ്മെ മാറ്റിപ്പാര്‍പ്പിക്കാന്‍ പറ്റണം.

'ഓഫ്‌ലൈന്‍ ഫുഡ്' കണ്‍സ്യൂം ചെയ്യുക എന്നൊരു രീതിയും ഈ കാലത്ത് പ്രചാരത്തിലുണ്ട്. എന്നു വെച്ചാല്‍ പുസ്തകം, മാഗസിന്‍, മ്യൂസിക് തുടങ്ങിയവയിലേക്ക് മാറുക. ഓണ്‍ലൈന്‍ ലോകം കുറച്ച് നേരമെങ്കിലും ബ്രേക്ക് ചെയ്യുക. റിലാക്‌സ് ചെയ്യാനും സ്ട്രസ്സില്‍നിന്ന് കര കയറാനും 'ഓഫ്‌ലൈന്‍ ഫുഡ്' സഹായിക്കും എന്നാണ് പറയുന്നത്.  പ്രസന്റ് മൊമന്റ് ഫോക്കസ് ചെയ്യാനും അങ്ങനെ കഴിയും.

ഇന്‍ഫര്‍മേഷന്‍ ഡയറ്റ് മെന്റല്‍ ഹെല്‍ത്തും പ്രൊഡക്റ്റിവിറ്റിയും വർധിപ്പിക്കും. വലിയ വാല്യൂ ഇല്ലാത്ത സോഷ്യല്‍ മീഡിയാ പ്രൊഫൈലുകളെ അണ്‍ഫോളോ ചെയ്യുക, ഇന്‍ഫര്‍മേഷന്‍ കണ്‍സ്യൂം ചെയ്യുന്നതിന് കൃത്യമായ ഒരു സമയം കാണുക തുടങ്ങിയ പലതും ഇന്‍ഫര്‍മേഷന്‍ ഡയറ്റിന്റെ ഭാഗമാണ്.

സമയവും ജീവിതവും നമ്മുടേതാണ്. അതിന് ദ്വാരം വരാതെ നോക്കാം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ്- സൂക്തം 04-06
ടി.കെ ഉബൈദ്

ഹദീസ്‌

യൂനുസ് നബിയുടെ പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്