സൂമാനിയ്യ രാഗങ്ങൾ
കഴിഞ്ഞ ഏതാനും വർഷങ്ങളായി സുഡാന്റെ തലസ്ഥാനമായ ഖുർത്വൂമിൽ സംഘടിപ്പിച്ചു വരുന്ന ഒരു സാംസ്കാരിക പരിപാടിയുണ്ട്. 'അശ്ജാൻ സൂമാനിയ്യ' എന്നാണതിന്റെ പേര്. 'സൂമാനിയ്യ രാഗങ്ങൾ' എന്ന് അതിനെ പരിഭാഷപ്പെടുത്താം. എന്താണ് സൂമാനിയ്യ? സുഡാനും യമനും ചേർന്നതാണ് സൂമാനിയ്യ. ഇങ്ങനെയൊരു പദം രൂപകൽപന ചെയ്തത് ഉമ്മു ദർമാൻ യൂനിവേഴ്സിറ്റിയിലെ ഡോ. നിസാർ ഗാനിം ആണ്. അദ്ദേഹം കവി കൂടിയാണ്. സാഹിത്യത്തിലായാലും കലയിലായാലും സംഗീതത്തിലായാലും യമനും സുഡാനും വളരെയേറെ സാമ്യതകൾ പുലർത്തുന്നു എന്ന് അദ്ദേഹം പറയുന്നു. അതിനാൽ, അദ്ദേഹത്തിന്റെ കാഴ്ചയിൽ സാംസ്കാരികമായി അവ രണ്ടും ഒരു രാജ്യം തന്നെയാണ്. യമനിൽനിന്ന് സുഡാനിലേക്കും തിരിച്ചും കാലങ്ങളായി കുടിയേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും സംസ്കാരങ്ങൾ സദൃശമാവാൻ കാരണമായിട്ടുണ്ടാവാം. അബ്ദുല്ല ബർദൂനിയെപ്പോലുള്ള പ്രശസ്ത യമനീ കവികളിലും ഇരു സംസ്കാരങ്ങളുടെയും മുദ്രകൾ ചേർന്നുവരുന്നത് കാണാം. ഈ സാംസ്കാരിക പ്രവണതയെ കുറിക്കാൻ 'യമാസൂദി' എന്ന വാക്കാണ് അദ്ദേഹം പ്രയോഗിച്ചതെങ്കിലും നിസാർ ഗാനിമിന്റെ 'സൂമാനിയ്യ'ക്കാണ് പ്രചാരം ലഭിച്ചത്.
ഫറാസ് സുൽത്താൻപൂരി
മൗലാനാ ഫാറൂഖ് ഖാനെ (1932- 2023) നമുക്കെല്ലാം അറിയാം. ഹിന്ദിയിൽ വിശുദ്ധ ഖുർആന് പരിഭാഷയും വ്യാഖ്യാനവും തയാറാക്കി പ്രബോധന മേഖലയിൽ വലിയ സേവനങ്ങൾ അർപ്പിച്ച വ്യക്തിത്വം. ഈ വർഷമാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അപ്പോൾ ഫറാസ് സുൽത്താൻപൂരിയോ? രണ്ടും ഒരാൾ തന്നെ. നല്ലൊരു ഉർദു കവി കൂടിയാണ് ഫാറൂഖ് ഖാൻ. കാവ്യരചനയിലെ അദ്ദേഹത്തിന്റെ തൂലികാനാമമാണ് ഫറാസ് സുൽത്താൻപൂരി. അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് കളങ്കമില്ലാത്ത സ്വൂഫി ആധ്യാത്മികതയാണ്. ഉർദു കാവ്യാലാപന സദസ്സുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
ഉർദു സാഹിത്യത്തിൽ കവിതയിലും ഗദ്യത്തിലും ഒരുപോലെ തിളങ്ങിയവർ ഹാലി, ശിബ്്ലി പോലെ ചുരുക്കം ചിലരേയുള്ളൂ. ആ ഗണത്തിലേക്കാണ് ഫറാസ് സുൽത്താൻപൂരിയെയും ചേർത്തുവെക്കേണ്ടത്. ഹിന്ദിയിലും കവിതയെഴുതി എന്ന പ്രത്യേകത ഒരു പക്ഷേ അദ്ദേഹത്തിന് മാത്രമുള്ളതാണ്. സംസ്കൃതവും അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ വശം വേണ്ടപോലെ ചർച്ചയിൽ വരാത്തതിനാലാവാം ദൽഹിയിൽ നിന്ന് ഇദാറെ അദബെ ഇസ്്ലാമി പ്രസിദ്ധീകരിക്കുന്ന പേശ് റഫ്ത് എന്ന ഉർദു സാഹിത്യ മാസിക പുതിയ ലക്കം (ആഗസ്റ്റ്) ഫറാസ് സുൽത്താൻപൂരിയെക്കുറിച്ച് കവർ സ്റ്റോറി തയാറാക്കിയത്. ഡോ. ഹസൻ റിദയാണ് ആമുഖക്കുറിപ്പും ആമുഖ ലേഖനവും എഴുതിയിരിക്കുന്നത്.
സമാധാനം അകലെ
ലോകത്ത് ഏറ്റവും സമാധാനം കുറഞ്ഞ രാജ്യങ്ങളെടുത്താൽ അതിൽ അഞ്ചെണ്ണവും മുസ്്ലിം ലോകത്ത് നിന്നാണ്. യമൻ, സിറിയ, സോമാലിയ, സുഡാൻ, ഇറാഖ് എന്നിവയാണവ. ഏറ്റവും കൂടുതൽ സമാധാനം കളിയാടുന്ന നാടുകളിൽ ഖത്തറും കുവൈത്തും ജോർദാനും ഒമാനും ഇടം പിടിച്ചിട്ടുമുണ്ട്. ഗ്ലോബൽ പീസ് ഇൻഡക്സ് 2023 - ൽ തയാറാക്കിയ റാങ്ക് പട്ടികയിൽ സമാധാനം നിലനിർത്തുന്നതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത് യഥാക്രമം ഐസ്്ലന്റും ഡൻമാർക്കും അയർലന്റുമാണ്.
ആദ്യ നൂറ്
2023-ലെ നൂറ് പ്രമുഖ അറബ് ബിസിനസ് കുടുംബങ്ങളുടെ പട്ടിക ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ചു. ഈ ബിസിനസ് സംരംഭങ്ങളിൽ ആറെണ്ണം 19-ാം നൂറ്റാണ്ടിൽ തന്നെ സ്ഥാപിതമായതാണ്. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് നവീകരണങ്ങൾ നടത്താൻ കഴിഞ്ഞതാണ് അറബ് ലോകത്തെ ഏറ്റവും വലിയ ഈ ബിസിനസ് സംരംഭങ്ങളുടെ വിജയ രഹസ്യമെന്ന് ഫോബ്സ് വിലയിരുത്തുന്നു. നൂറിൽ 33-ഉം സുഊദി കമ്പനികളാണ്. തൊട്ടടുത്ത് യു.എ.ഇ - 29. ഈജിപ്തിൽനിന്ന് ഒമ്പതും ഖത്തറിൽനിന്ന് എട്ടും സംരംഭങ്ങളാണ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്.
ഈജിപ്ഷ്യൻ ശത കോടീശ്വരൻ മുഹമ്മദ് മൻസ്വൂറിന്റെ മൻസ്വൂർ ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്ത്. യു.എ.ഇയിലെ അൽ ഫുത്വൈം ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും സുഊദിയിലെ അൽ ഉലയാൻ (Olayan) ഗ്രൂപ്പ് മൂന്നാം സ്ഥാനത്തുമാണ്.
ECOWAS
ഇക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ് എന്ന കൂട്ടായ്മയുടെ ചുരുക്കപ്പേരാണ് ECOWAS. ബുർക്കിനോ ഫാസോ, ഗാംബിയ, ഘാന, ഗിനിയ, മാലി, നൈജർ, നൈജീരിയ തുടങ്ങി പടിഞ്ഞാറൻ ആഫ്രിക്കയിലെ പതിനഞ്ച് രാജ്യങ്ങളാണ് ഇതിലെ അംഗങ്ങൾ. പേര് സൂചിപ്പിക്കുന്നതു പോലെ അംഗരാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിതിയാണ് 'ഇക്കൊവസി'ന്റെ മുഖ്യ ലക്ഷ്യം. പരസ്പര സാമ്പത്തിക സഹകരണം വർധിപ്പിച്ചു കൊണ്ട് അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ വേദി ശ്രമിക്കും.
'ഇക്കൊവസി'ലെ അംഗരാജ്യമായ നൈജറിലാണ് ഇപ്പോൾ പട്ടാള അട്ടിമറി നടന്നിരിക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി ജനറൽ അബ്ദുർറഹ്്മാൻ തെശിയാനി അധികാരം പിടിച്ചിരിക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു നോക്കുന്നുണ്ടെങ്കിലും ജനറൽ വഴങ്ങുന്ന ലക്ഷണമില്ല. 'ഇക്കൊവസ്' സൈനികമായി ഇടപെടുമെന്നാണ് ഒടുവിൽ പറഞ്ഞുകേൾക്കുന്നത്. പക്ഷേ, ഈ കൂട്ടായ്മക്ക് സ്വന്തമായി സൈന്യമില്ല. ഇതിൽ നൈജീരിയക്ക് മാത്രമാണ് ഭേദപ്പെട്ട സൈന്യമുള്ളത്. മുൻ കാലങ്ങളിൽ ചില്ലറ സൈനിക ഇടപെടലുകളൊക്കെ അവർ അയൽനാടുകളിൽ നടത്തിയിരുന്നു. നഷ്ടക്കച്ചവടമാണെന്ന് കണ്ട് അവരത് നിർത്തി. നൈജർ പ്രശ്നത്തിൽ 'ഇക്കൊവസ്' ഇടപെടുമെന്ന് പറയുമ്പോഴും സൈന്യം എവിടെ എന്ന ചോദ്യം ബാക്കിയാണ്.
ഹലാൽ ഉൽപ്പന്നങ്ങളുടെ ജനപ്രിയത
നമ്മുടെ നാട്ടിൽ 'ഹലാൽ' വിശേഷണമുളള എന്തും വർഗീയത തലക്ക് പിടിച്ചവർക്ക് വിഭാഗീയത സൃഷ്ടിക്കാനുള്ള അവസരങ്ങൾ തുറന്നുകൊടുക്കുമ്പോൾ, ആഗോള മാർക്കറ്റിൽ ഹലാൽ ഉൽപ്പന്നങ്ങളുടെ ജനപ്രിയത അനുദിനം കൂടി വരികയാണ്. 2018 മുതൽ 2020 വരെ 19 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് ഹലാൽ മാർക്കറ്റ്. ഹലാൽ ഉൽപ്പന്നങ്ങൾ പതിനാറായിരത്തിൽനിന്ന് ഇരുപതിനായിരവുമായി. 2021-ലെ കണക്കുപ്രകാരം ഹലാൽ ഇൻഡസ്ടിയുടെ മൂല്യം 1.27 ട്രില്യൻ അമേരിക്കൻ ഡോളറാണ്. 2025-ൽ അത് 1.67 ട്രില്യൻ അമേരിക്കൻ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ആ വേർപാടിന് അര നൂറ്റാണ്ട്
ഇരുപതാം നൂറ്റാണ്ടിലെ തുനീഷ്യ ഇസ്്ലാമിക ലോകത്തിന് സംഭാവന ചെയ്ത പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായ മുഹമ്മദ് അത്ത്വാഹിറുബ്നു ആശൂർ (1879 - 1973) വിടവാങ്ങിയിട്ട് കഴിഞ്ഞ ആഗസ്റ്റ് 12-ന് അര നൂറ്റാണ്ട് പിന്നിട്ടു. മുസ്്ലിം സ്പെയ്നിൽ നിന്ന് തുനീഷ്യയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിൽ ജനിച്ച അദ്ദേഹം സൈത്തൂന യൂനിവേഴ്സിറ്റിയുടെ സന്തതിയായിരുന്നു. ആ സർവകലാശാലയിൽ അധ്യാപകനായിരിക്കെ അദ്ദേഹവും സഹപ്രവർത്തകരും അതിനെ മികവിന്റെ ഉയരങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്തു. പരമ്പരാഗത ഫിഖ്‌ഹിന്റെ യാന്ത്രികതയിൽ മനം മടുത്ത അദ്ദേഹം ഇമാം ശാത്വിബിയുടെ രചനകളെ കൂട്ടുപിടിച്ച് ശരീഅ പഠനങ്ങൾക്കും ഫിഖ്ഹിനും പുതിയ കരുത്തും ദിശാബോധവും നൽകുന്ന വിധത്തിൽ എടുത്തുവന്നിരുന്ന ക്ലാസ്സുകളാണ് 'മഖാസ്വിദുശ്ശരീഅ അൽ ഇസ്്ലാമിയ്യ' എന്ന പേരിൽ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചത്. പുതിയ ഇസ്്ലാമിക പഠന ശാഖയായ മഖാസ്വിദുശ്ശരീഅ ഇന്ന് കൈവരിച്ച വളർച്ച എല്ലാ അർഥത്തിലും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
ഭാഷാപരമായും (ലുഗവി) ലാവണ്യശാസ്ത്രപരമായും (ബലാഗി) ഓരോ ഖുർആനിക സൂക്തത്തിനുമുള്ള പ്രത്യേകതകൾ സവിസ്തരം വിവരിക്കുന്ന അദ്ദേഹത്തിന്റെ ഖുർആൻ വ്യാഖ്യാന കൃതിയാണ് 'അത്തഹ്്രീർ വത്തൻവീർ.' നാൽപത് വർഷമെടുത്തു ഇത് പൂർത്തിയാക്കാൻ. ഇതും സൈത്തൂനയിൽ ചെയ്ത ലക്ചറുകളുടെ സമാഹാരമാണ്. തഫ്സീർ സാഹിത്യത്തിൽ ഇതുപോലൊരു കൃതി കണ്ടെത്തുക സാധ്യമല്ലെന്ന് കരുതുന്നവരുണ്ട്. തുടർന്നു പോരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ അടിമുടി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് 25-ാം വയസ്സിൽ അദ്ദേഹമെഴുതിയ പുസ്തകമാണ് 'പ്രഭാതം അടുത്തല്ലയോ' (അലൈസസ്സുബ്ഹു ബി ഖരീബ്). സാമൂഹിക പരിഷ്കരണ സംരംഭങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു.
ഇരുപതാം നൂറ്റാണ്ടിൽ അദ്ദേഹത്തെപ്പോലുള്ള പരിഷ്കർത്താക്കൾ രൂപകൽപന ചെയ്ത ആധുനിക ഇസ്്ലാമിക ചിന്തയെ കാലത്തിനൊപ്പം വികസിപ്പിക്കുക എന്നതാണ് നമ്മുടെ കാലക്കാർക്ക് ചെയ്യാനുള്ളത്.
Comments