പിലാക്കൽ മൊയ്തീൻ (കുഞ്ഞാപ്പ ഉസ്താദ്)
കരുവാരക്കുണ്ട് ഏരിയയിലെ ചോക്കാട് പഞ്ചായത്തിൽ മഞ്ഞപ്പെട്ടിയിൽ താമസിച്ചിരുന്ന പിലാക്കൽ മൊയ്തീൻ എന്ന കുഞ്ഞാപ്പ ഉസ്താദ് ജൂലൈ 21-ന് നമ്മോട് വിടപറഞ്ഞു. 87 വയസ്സായിരുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗവും അധ്യാപനത്തിനും ഇസ്്ലാമിക പ്രസ്ഥാന പ്രവർത്തനങ്ങൾക്കുമായി സമർപ്പിച്ചു. 60 വർഷത്തോളം മദ്്റസാ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ആയിരക്കണക്കിന് ശിഷ്യ സമ്പത്തിന്റെ ഉടമ. ഞങ്ങളുടെ പ്രദേശത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാരല്ലാത്തവർ വിരളം.
മഞ്ഞപ്പെട്ടിയിൽ ഇസ്്ലാമിക പ്രസ്ഥാനത്തെ നട്ടു വളർത്തിയതിൽ മുന്നിൽനിന്ന വ്യക്തിത്വം. ജമാഅത്തെ ഇസ്്ലാമി അംഗമായിരുന്ന അദ്ദേഹം സഹപ്രവർത്തകർക്കെല്ലാം മാതൃകയും ആവേശവുമായിരുന്നു. സാമ്പത്തികമായി വളരെയധികം പ്രയാസപ്പെട്ട സമയത്താണ് മദ്്റസക്ക് വേണ്ടി അദ്ദേഹവും സഹപ്രവർത്തകരും നാട്ടിലുടനീളം ഓടിനടന്ന് 50 സെന്റ് ഭൂമി വാങ്ങിയതും നല്ലൊരു ഓട് മേഞ്ഞ മദ്്റസ സ്ഥാപിച്ചതും. ആ സ്ഥാപനം 8 ക്ലാസ്സുകളോടു കൂടി വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.
ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ശബ്ദം മഞ്ഞപ്പെട്ടിയിൽ വ്യാപിക്കാൻ ഒരു പള്ളി കൂടി വേണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നവും അല്ലാഹുവിന്റെ അനുഗ്രഹത്താൽ സാക്ഷാൽക്കരിക്കാൻ സാധിച്ചു. സാമ്പത്തിക പരാതീനതക്കിടയിലും 9 മക്കളെ പോറ്റിവളർത്തി വിദ്യാഭ്യാസം നൽകി. ഇസ്്ലാമിക പ്രസ്ഥാനത്തിന് മഞ്ഞപ്പെട്ടിയിൽ നേതൃത്വം നൽകുന്നത് അദ്ദേഹത്തിന്റെ മക്കളാണ്. കണിശതയും ആത്മാർഥതയും തഖ്‌വയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
ഈ കുറിപ്പുകാരനെ ഇസ്്ലാമിക പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചത് അദ്ദേഹമാണ്. ഒരു യാഥാസ്ഥിതിക മുസ്്ലിം കുടുംബത്തിൽ ജനിച്ചുവളർന്ന എനിക്ക് ഇസ്്ലാമിക പ്രസ്ഥാനത്തോട് ചെറുപ്പം മുതലേ അനിഷ്ടമായിരുന്നു. അങ്ങനെ എന്റെ പിതാവിനെ കണ്ടു സംസാരിച്ച് അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ മണ്ണാർക്കാട് ഇർശാദിയ്യ കോളേജിൽ പഠിച്ചത്. തുടർന്നങ്ങോട്ട് ഇസ്്ലാമിക പ്രസ്ഥാനം എന്റെ ജീവവായുവായി മാറുകയായിരുന്നു. ഇസ്്ലാമിക പ്രസ്ഥാനത്തിലേക്ക് ഇതുപോലെ നിരവധി പേരെ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്.
എ.സി മുഹമ്മദ് ഹാജി
ഞങ്ങളുടെ പ്രിയ പിതാവ് എ.സി മുഹമ്മദ് ഹാജി (93) കഴിഞ്ഞ മാർച്ച് 25-ന് അല്ലാഹുവിലേക്ക് യാത്രയായി. ജമാഅത്തെ ഇസ്‌ലാമി അംഗവും പൊന്മുണ്ടം ഹൽഖയിലെ പ്രവർത്തകനുമായിരുന്നു. പൊന്മുണ്ടത്തെയും പരിസരത്തെയും സുന്നി പശ്ചാത്തലമുള്ള കുടുംബങ്ങളിലൊന്നായ അരിമണിച്ചോല കുടുംബത്തിൽനിന്ന് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി കടന്നുവന്ന ഉപ്പ പ്രദേശത്തെ പ്രസ്ഥാന പ്രവർത്തനങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്നു. ദീർഘവീക്ഷണമുള്ള, കണിശക്കാരനായ ഇസ്‌ലാമിക പ്രവർത്തകനായിരുന്നു അദ്ദേഹം. അടുക്കും ചിട്ടയുമുള്ള ജീവിത ശൈലി. ഭക്ഷണ-ആരോഗ്യ കാര്യങ്ങളിലും അവസാനം വരെ ആ ചിട്ട തുടർന്നു. ചരിത്രകുതുകിയും അപാരമായ ഓർമശക്തിയുടെ ഉടമയുമായിരുന്നു.
പൊന്മുണ്ടത്ത് ജമാഅത്തെ ഇസ്‌ലാമി ഘടകം രൂപവത്കരിക്കപ്പെട്ടത് മുതൽ അതിലെ സജീവ പ്രവർത്തകനായിരുന്നു. പല ഘട്ടങ്ങളിലായി ഹൽഖാ നാസിം മുതലുള്ള ഉത്തരവാദിത്വങ്ങൾ വഹിച്ചു. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും സ്ഥാപനങ്ങൾ നിർമിക്കുന്നതിലും അവയ്ക്ക് ഫണ്ട് ശേഖരിക്കുന്നതിലും പ്രായം തളർത്തുന്നത് വരെ എ.സി മുന്നിൽ തന്നെ ഉണ്ടായിരുന്നു. ടി.ഐ.സി സെക്കന്ററി സ്കൂൾ തിരൂർ, മസ്ജിദുസ്സ്വഫാ തിരൂർ, മസ്ജിദുസ്സലാം വൈലത്തൂർ, ഇസ്‌ലാമിക് സെന്റർ പൊന്മുണ്ടം, പൊന്മുണ്ടം സകാത്ത് കമ്മിറ്റി, പലിശ രഹിത നിധി എന്നിവ സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. ഉപ്പയും കൂട്ടുകാരും പൊന്മുണ്ടത്തെ കോയാമു സാഹിബിന്റെ വീട്ടിൽ സ്ഥിരമായി ഒത്തുകൂടിയിരുന്നു. ആ 'സ്വറ'കൾക്കിടയിൽ രൂപപ്പെട്ട ചിന്തകളാണ് പിൽക്കാലത്ത് മേൽ പറയപ്പെട്ട തലയെടുപ്പുള്ള സ്ഥാപനങ്ങളായി വളർന്നത്.
പ്രദേശത്തെ മറ്റ് ധാരാളം കുടുംബങ്ങളുമായി നല്ല പൊതുബന്ധങ്ങൾ സൂക്ഷിച്ചിരുന്ന അദ്ദേഹം ഓരോ സ്ഥാപനത്തിന്റെയും കലക്്ഷനിലേക്ക് ഓരോരുത്തരും തരേണ്ട സംഖ്യ അവരുടെ കഴിവ് നോക്കി നേരത്തെ നിശ്ചയിച്ച് ചോദിച്ചു വാങ്ങുമായിരുന്നു. കർഷകനായിരുന്ന അദ്ദേഹം കുറേ കാലം തലക്കടത്തൂരിലെയും പരിസര പ്രദേശത്തെയും അടക്ക വ്യാപാരവുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. ഇംഗ്ലീഷ് ഭാഷ നന്നായി എഴുതാനും വായിക്കാനും കഴിയുമായിരുന്ന ഉപ്പ ഗണിതവും അക്കൗണ്ട്സും അനായാസം കൈകാര്യം ചെയ്യുമായിരുന്നു. ഞങ്ങൾ മക്കളുടെയും കുടുംബത്തിന്റെയും ഇസ്‌ലാമിക -പ്രസ്ഥാന ജീവിതത്തിൽ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു.
ഉമ്മ പത്ത് വർഷങ്ങൾക്ക് മുന്നെ അല്ലാഹുവിലേക്ക് യാത്രയായി. മക്കൾ: അബ്ദുൽ ഗഫൂർ (ജിദ്ദ), അഷ്റഫ് (അധ്യാപകൻ), മുനീഷ് (ഖത്തർ കൾച്ചറൽ ഫോറം പ്രസിഡന്റ് ), ആയിഷ, റംല, റസീന.
എ.സി മുനീഷ്
Comments