Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 25

3315

1445 സഫർ 08

സ്‌നേഹബന്ധങ്ങളാല്‍ ഉര്‍വരമാകട്ടെ ജീവിതം

റഹ്്മാൻ മധുരക്കുഴി

മനുഷ്യജീവിതം സജീവവും ഊഷ്മളവുമായി മാറുന്നത് സ്‌നേഹബന്ധങ്ങള്‍ വഴിയാണ്. നാം അധിവസിക്കുന്ന ഈ ഭൂമിയില്‍ മറ്റെന്തിനെക്കാളും അനിവാര്യമായി ഉണ്ടാവേണ്ടത് സ്‌നേഹത്തിന്റെ നനവാണ്. ജീവിതത്തിന് മനുഷ്യജീവിതം എന്ന മഹത്തായ മാനം ലഭിക്കുന്നത് ലക്ഷ്യബോധമുള്ള പ്രവര്‍ത്തനമായി ജീവിതം മാറുമ്പോഴാണ്. ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദം പരിമിതികളെ പുണരാന്‍ അവനെ നിര്‍ബന്ധിതനാക്കുമ്പോള്‍ പോലും, അവന്റെ ആഗ്രഹങ്ങള്‍ ഉള്ളതിനപ്പുറമുള്ള ഏതോ അജ്ഞാത വിഹായസ്സിലേക്ക് ചിറകടിച്ച് പറക്കുകയാണ്. 'സ്‌നേഹമാണഖിലസാര മൂഴിയില്‍' എന്ന മനോമോഹന സ്‌നേഹ ഗീതം നീട്ടിച്ചൊല്ലുകയും, വിദ്വേഷത്തിന്റെ മൂര്‍ച്ചവാള്‍ കൊണ്ട് തമ്മില്‍ തമ്മില്‍ വെട്ടിവീഴ്ത്തുകയും ചെയ്യുന്ന ക്രൂരത ആവര്‍ത്തിക്കപ്പെടുന്നത് മതങ്ങളുടെ പേരിലായാലും ഇസങ്ങളുടെ പേരിലായാലും ആത്മബോധമുള്ള ഒരു ജനതക്കും അഭിമാനകരമല്ലെന്ന തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്. അഭിപ്രായ ഭിന്നതകളെ ചൊല്ലി, വീക്ഷണ വ്യത്യാസങ്ങളെ ചൊല്ലി അക്രമാസക്തരാവുന്നത് മഹാ വിപത്താണ്. അറിയപ്പെടാത്ത അനേകായിരങ്ങളുമായി 'നീയെനിക്ക് സൗഹൃദം നല്‍കി' എന്ന് പാടാനാവും വിധം, ജാതി -മത ഭേദമന്യേ സ്വയം പുതുക്കിപ്പണിയുക എന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ ദൗത്യം. അന്യന്റെ വാക്കുകള്‍ പോലും സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന നല്ല കാലത്തെക്കുറിച്ച പ്രകാശപൂര്‍ണമായ പ്രത്യാശ നമുക്ക് നഷ്ടമായിക്കൂടാ. സകലവിധ സങ്കുചിതത്വങ്ങള്‍ക്കും അതീതമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന വിശാലമായ ബന്ധങ്ങളാണ് മനുഷ്യ മഹത്വത്തെ മഹത്തരമാക്കുന്നത്. ദേഹം മാത്രം വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുകയും മനസ്സ് അന്ധകാരത്തില്‍ മുങ്ങിക്കിടക്കുകയുമാണ്. ആശുപത്രിയില്‍ രോഗിയായി കിടക്കുമ്പോള്‍ മാത്രം മനുഷ്യരാവുകയും രോഗം മാറി തിരിച്ചുപോകുമ്പോള്‍ സകലവിധ സങ്കുചിത ചിന്താഗതികളിലേക്കും കൂറ് മാറുകയും ചെയ്യുന്ന മനുഷ്യര്‍. വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭിന്ന നിറം നൽകി വേര്‍തിരിച്ചു നിര്‍ത്തിയ മനുഷ്യരെ, നമ്മളൊന്ന് എന്ന് കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് നാം ഊന്നല്‍ നല്‍കേണ്ടത്.

നമ്മുടെ കര്‍മങ്ങളും വചനങ്ങളും ശബ്ദങ്ങളും സര്‍വതും മനുഷ്യബന്ധങ്ങളുടെ തുറന്ന ലോകത്തിന് വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളായി സ്വയം മാറേണ്ടതുണ്ട്. ആര്‍ക്കും ഒന്നിനും സമയമില്ലാത്ത ഇക്കാലത്ത് മാനുഷിക ബന്ധങ്ങൾ സുദൃഢവും ഊഷ്മളവുമാക്കാന്‍ കഴിയാതെ പോവുന്നു. സ്വയം ആര്‍ജിക്കുന്ന ബോധവും അനുഭവിക്കുന്ന ആത്മീയ ലോകവും അപരനുമായി പങ്കുവെക്കുക എന്നത് സര്‍ഗാത്മക ബന്ധത്തിന്റെ അടിസ്ഥാനമാണ്. പക്ഷേ, ഈ സര്‍ഗാത്മക സുഖം അനുഭവവേദ്യമാകണമെങ്കില്‍ ഒരാള്‍ തന്റെ വ്യക്തിതാല്‍പര്യത്തെ സാമൂഹിക താല്‍പര്യത്തിന് കീഴ്‌പ്പെടുത്തുന്നിടത്തോളം വികസിക്കേണ്ടതുണ്ട്.

'അന്യന്നുയര്‍ച്ച കാണുമ്പോള്‍ ആനന്ദിക്കേണ്ടതാണു നീ' എന്ന കവിയുടെ സാരോപദേശം ഹൃദയപൂര്‍വം ഉള്‍ക്കൊള്ളാന്‍ സ്വാര്‍ഥ മാത്ര ചിന്തയാല്‍ സങ്കുചിതമാക്കപ്പെട്ട മനസ്സുകള്‍ക്ക് സാധിക്കാതെ പോവുന്നത് തികച്ചും സ്വാഭാവികം. ഉപഭോഗ സംസ്‌കാരത്തിന്റെ മായാവലയത്തിലകപ്പെട്ട് കണ്ണ് മഞ്ഞളിച്ചുപോയ പുതിയ കാലത്തെ മനുഷ്യന് ഉദാത്ത മൂല്യങ്ങളിലധിഷ്ഠിതമായ മനുഷ്യപ്പറ്റ് തൊട്ടു തീണ്ടാതെ പോകുന്നുവെങ്കില്‍ അതിശയോക്തി ഇല്ല തന്നെ. മാനവന്റെ ചിന്താ മണ്ഡലത്തില്‍ പരിവര്‍ത്തനമുണ്ടാവാത്ത കാലത്തോളം, ജീവിതത്തിന്റെ ബാഹ്യ പ്രപഞ്ചത്തില്‍ മാറ്റമുണ്ടാവുക അതീവ ദുഷ്‌കരം.
'അടുത്തു നില്‍പോരനുജനെ നോക്കാന്‍
അക്ഷികളില്ലാത്തോര്‍
ക്കരൂപനീശ്വരന്‍ അദൃശ്യനായാല്‍ അതിലെ
ന്താശ്ചര്യം' 
എന്ന ഉള്ളൂര്‍ കവിവാക്യം എന്തു മാത്രം 
ചിന്തോദ്ദീപകമല്ല! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ്- സൂക്തം 04-06
ടി.കെ ഉബൈദ്

ഹദീസ്‌

യൂനുസ് നബിയുടെ പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്