Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 25

3315

1445 സഫർ 08

യൂനുസ് നബിയുടെ പ്രാർഥന

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ سَعْد بن أبي وقاص قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:   دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الحُوتِ: لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ، فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلَّا اسْتَجَابَ اللَّهُ لَهُ  (الترمذي، أحمد).
 

സഅ്ദുബ്നു അബീ വഖാസ്വിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "ദുന്നൂനി(യൂനുസ് നബി)ന്റെ മത്സ്യഉദരത്തിനകത്ത് നിന്നുള്ള  പ്രാർഥന ഇപ്രകാരമായിരുന്നു:  لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ   (നീയല്ലാതെ ഇലാഹില്ല. നീയെത്ര പരിശുദ്ധന്‍! ഞാന്‍ അതിക്രമിയായിരിക്കുന്നു). ഏതൊരു കാര്യത്തിലും ഒരു മുസ്‌ലിം ഇത് പ്രാർഥിക്കുകയാണെങ്കിൽ അല്ലാഹു ഉത്തരം നൽകാതിരിക്കില്ല" (തിർമിദി, അഹ്്മദ്).

 

വിശുദ്ധ ഖുർആൻ പറഞ്ഞു: "ദുന്നൂന്‍ കുപിതനായി പോയ കാര്യം ഓര്‍ക്കുക, നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: 'നീയല്ലാതെ ഇലാഹില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു.'

അന്നേരം നാം അദ്ദേഹത്തിന് ഉത്തരമേകി. അദ്ദേഹത്തെ ദുഃഖത്തില്‍നിന്നു മോചിപ്പിച്ചു. ഇവ്വിധം നാം സത്യവിശ്വാസികളെ രക്ഷപ്പെടുത്തുന്നു"(21: 87,88). ഇക്കാര്യമാണ് ഹദീസ് വിശദീകരിക്കുന്നത്.

മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് യൂനുസ് നബി (അ) നടത്തിയ പ്രാർഥന വളരെ പ്രാധാന്യമുള്ളതാണെന്ന് നബി (സ) പഠിപ്പിക്കുന്നു. ശൈഖ് അബ്ദുർറഹ്്മാൻ അസ്സഅദി (റ) പറഞ്ഞു: " ഈ വാക്യത്തിലെ 'ഇവ്വിധം നാം സത്യവിശ്വാസികളെ രക്ഷപ്പെടുത്തുന്നു' എന്നത് വിപത്തുകളിലും വിഷാദങ്ങളിലും അകപ്പെട്ട എല്ലാ സത്യവിശ്വാസികൾക്കുമുള്ള വാഗ്ദാനവും സന്തോഷവാർത്തയുമാണ്. യൂനുസ് നബി(അ)ക്ക് നൽകിയതു പോലെ അല്ലാഹു ഏവർക്കും ഈ പ്രാർഥനയിലൂടെ രക്ഷയും സമാധാനവും നൽകും" (തഫ്്സീറുസ്സഅദി).

ഇമാം അത്ത്വബ്്രി എഴുതി: "ഈ പ്രാർഥനയെ دعاء الكرب (പ്രതിസന്ധികളിലെ പ്രാർഥന) എന്നാണ് പൂർവസൂരികൾ വിളിച്ചിരുന്നത്."

'ഇതെങ്ങനെയാണ് പ്രാർഥനയാവുക? അല്ലാഹുവിനെ പ്രകീർത്തിക്കുകയും മഹത്വപ്പെടുത്തുകയുമല്ലാതെ മറ്റൊന്നും ഇതിലില്ലല്ലോ' എന്ന് ചോദിക്കാവുന്നതാണ്.

രണ്ട് തരത്തിലാണ് ഇതിന് ഉത്തരം നൽകപ്പെട്ടിട്ടുള്ളത്:
ഇതിനെ പ്രാർഥന എന്ന് വിളിക്കുന്നത് ദുആയുടെ പ്രാരംഭം എന്ന അടിസ്ഥാനത്തിലാണ്.  ഇതാദ്യം ചൊല്ലി പിന്നീടാണ് ഓരോരുത്തരുടെയും ആവശ്യങ്ങൾ അല്ലാഹുവിന്റെ മുന്നിൽ സമർപ്പിക്കേണ്ടത്.

രണ്ടാമതായി, ഇത്തരം ദിക്റുകൾ ചൊല്ലുന്നവരുടെ ആഗ്രഹങ്ങൾ  അവരാവശ്യപ്പെടാതെ തന്നെ അല്ലാഹു പൂർത്തീകരിച്ചു കൊടുക്കും.

ഇബ്്നു ഉയയ്്ന (റ) ഉദ്ധരിക്കുന്നു. അല്ലാഹു പറഞ്ഞു: "എന്നെ വാഴ്ത്തുന്നതിനിടയിൽ എന്നോട് ചോദിക്കാൻ മറന്നുപോയവർക്ക്, ചോദിച്ചവർക്ക് നൽകുന്നതിനെക്കാൾ കൂടുതൽ ഞാൻ നൽകും."

അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ ദിക്റുകളെ  പ്രാർഥന എന്ന് വിളിച്ചത് (10:10). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ്- സൂക്തം 04-06
ടി.കെ ഉബൈദ്

ഹദീസ്‌

യൂനുസ് നബിയുടെ പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്