ദിലാവര്‍ സഈദിയുടെ മരണവും ഇടത് ലിബറല്‍ കാപട്യവും
ബംഗ്ലാദേശ് ജമാഅത്തെ ഇസ്്‌ലാമിയുടെ ഉപാധ്യക്ഷനും പ്രമുഖ വാഗ്മിയും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ദിലാവര്‍ ഹുസൈന്‍ യൂസുഫ് സഈദിയുടെ ചികിത്സ കിട്ടാതെയുള്ള മരണം ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പതിമൂന്ന് വര്‍ഷമായി അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. ആഗസ്റ്റ് പതിനാലിനാണ് മരണം. 1971-ല്‍ ബംഗ്ലാദേശ് രൂപവത്കരിക്കപ്പെടുന്ന സമയത്ത് പാക് പട്ടാളത്തോടൊപ്പം ചേര്‍ന്ന് അതിക്രമങ്ങളില്‍ പങ്കാളികളായി എന്ന വ്യാജകുറ്റം ചുമത്തി ബംഗ്ലാ ജമാഅത്തിന്റെ പ്രമുഖ നേതാക്കളെയെല്ലാം ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടം തൂക്കിലേറ്റിയിരുന്നു. മുതിര്‍ന്ന നേതൃനിരയില്‍ അവശേഷിക്കുന്ന ഒരേയൊരാള്‍ ആയിരുന്നു ദിലാവര്‍. അദ്ദേഹത്തിനെതിരെ പലതരത്തില്‍ കള്ളക്കേസുകളുണ്ടാക്കി നോക്കിയിട്ടും അവ ഒരിക്കലും ചേര്‍ന്നുവരാതെയായപ്പോഴാണ് തൂക്കുകയറിന് പകരം അദ്ദേഹത്തിന് ജീവപര്യന്തം വിധിക്കേണ്ടിവന്നത്. 1971-ല്‍ ഇന്ത്യാ -പാക് യുദ്ധം നടക്കുന്ന സമയത്ത് ദിലാവര്‍ സഈദി, കറാച്ചിയിലെ ബനൂരി ദര്‍സെ നിളാമിയ്യയില്‍ വിദ്യാര്‍ഥിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ യുദ്ധക്കെടുതികള്‍ കാരണം സ്വദേശം വിട്ടുപോയിരുന്നു. ദിലാവര്‍ ജമാഅത്തുമായി ബന്ധപ്പെടുന്നത് ഈ സംഭവങ്ങളൊക്കെ കഴിഞ്ഞ് 1975-ലാണ്. ഒരു നിലക്കും അദ്ദേഹത്തെ 1971-ലെ സംഭവങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നെയുള്ള മാര്‍ഗം ജയിലിലിട്ട്, ചികിത്സ നല്‍കാതെ പീഡിപ്പിച്ചുകൊല്ലുക എന്നതായിരുന്നു; അതാണ് സംഭവിച്ചതും. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന ദിലാവര്‍ സഈദിയെ മരിക്കുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണ് ആശുപത്രിയിലെത്തിച്ചത്.
ഭരണകൂടം പലതരം ഓഫറുകള്‍ വെച്ചുനീട്ടിയിട്ടും അദ്ദേഹം മാപ്പെഴുതിക്കൊടുക്കാന്‍ തയാറായില്ല. ജമാഅത്തുമായുള്ള ബന്ധവും നിഷേധിച്ചില്ല. രക്തസാക്ഷ്യ പദവിയിലേക്ക് അദ്ദേഹം സ്വയം നടന്നുകയറുകയായിരുന്നു. അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് പതിനായിരങ്ങളാണ് സകല വിലക്കുകളും മറികടന്ന് ഒരുമിച്ചുകൂടിയത്. ഭരണകൂട ഭീകരതക്കെതിരായ ചെറുത്തുനില്‍പ്പായി അത് മാറി. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഭരണത്തില്‍ കടിച്ചുതൂങ്ങുന്ന ഹസീനക്കെതിരെ പ്രതിപക്ഷം ഒന്നിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പ്രമുഖ മത സംഘടനകള്‍ വരെ മര്‍ദക ഭരണകൂടത്തിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. അടുത്ത വര്‍ഷമാദ്യത്തില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പ്രഹസനം നടത്താനുള്ള ഹസീനയുടെ നീക്കത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. നിലവിലുള്ള ഭരണകൂടം രാജിവെച്ചൊഴിഞ്ഞ് കെയര്‍ ടേക്കര്‍ ഭരണകൂടമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നാണവരുടെ ആവശ്യം.
ഈ ഏകാധിപത്യ ഭരണകൂടത്തെ പാടിപ്പുകഴ്ത്താനല്ലാതെ, നിഷ്‌കൃഷ്ടമായി വിലയിരുത്താന്‍ നമ്മുടെ നാട്ടിലെ ഇടതുപക്ഷമോ ലിബറലുകളോ മുഖ്യധാരാ മീഡിയയോ തയാറല്ല. ഇസ്്‌ലാമിസ്റ്റുകളെയും മതകക്ഷികളെയും നേരിടുന്നുണ്ടല്ലോ എന്ന നിഗൂഢ ആഹ്ലാദം കൊണ്ടാവാം ഇത്. ഇന്ത്യയിലെ ഇസ്്‌ലാമിക പ്രസ്ഥാനത്തോടുള്ള ഇവരുടെ നിലപാടിലും ഈ ഇരട്ടത്താപ്പ് തന്നെയാണ് മറനീക്കി പുറത്തുചാടുക. l
Comments