Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 25

3315

1445 സഫർ 08

വെടിയൊച്ചകൾ നിലക്കാത്ത മണിപ്പൂർ

ശാഹിദ് ഫാരിസ്

രക്തം തളം കെട്ടിയ നിരത്തുകൾ. ഇടക്കിടെ ഉയരുന്ന വെടിയൊച്ചകൾ. പലതും കത്തിയമർന്ന് ഉയരുന്ന പുകച്ചുരുളുകൾ. ആക്രമിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും നിലവിളികൾ. കണ്ണടച്ചുപോയാൽ അടുത്ത പകൽ കാണുമോ എന്നുറപ്പില്ലാത്ത രാത്രികൾ. ജീവഭയമില്ലാതെ ഒരാൾക്കും പൊതുനിരത്തിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ- ഇതാണ് മണിപ്പൂർ എന്ന ഇന്ത്യൻ സംസ്ഥാനം പിന്നിട്ട നൂറുദിനങ്ങൾ. കൊലപാതകങ്ങളുടെയും പീഡനങ്ങളുടെയും കണക്കെടുത്ത് ആര് മുന്നിൽ നിൽക്കുന്നു എന്ന് അന്വേഷിക്കുന്ന അധഃപതിച്ച മാധ്യമ പ്രവർത്തനത്തിന്റെ കെട്ട കാലം. മൂന്ന് മാസം പിന്നിട്ടിട്ടും കുക്കി - മെയ്‌തി സംഘർഷം മണിപ്പൂരിലെ സാധാരണ ജീവിതം കൂടുതൽ ദുസ്സഹമാക്കി തുടരുകയാണ്.  ഇത്രയൊക്കെയായിട്ടും സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അവരുടെ ബീഭത്സമായ നിസ്സംഗത തുടരുന്നു.

'ഇനിയെത്ര ജീവനുകൾ പൊലിയണം, ഇനിയുമെത്ര നഗ്‌ന പരേഡുകൾ കാണണം, ഇനിയുമെത്ര പീഡനങ്ങൾ കേൾക്കണം; സർക്കാരൊന്നിടപെടാൻ' എന്നായിരുന്നു കുക്കി സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ പ്രസിഡന്റ് ഞങ്ങളോട് ചോദിച്ചത്.

115 കുക്കികളും 65 മെയ്‌തികളും ഉൾപ്പെടെ 187 പേർ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേർക്ക്  നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. എന്നാൽ, ഔദ്യോഗിക കണക്കുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് യഥാർഥ കണക്കുകൾ എന്നാണ് പലരും പറയുന്നത്. 133 കുക്കികൾ കൊലചെയ്യപ്പെടുകയും മുന്നൂറോളം പേരെ കാണാതാവുകയും നാനൂറോളം ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെടുകയും നാൽപതിനായിരത്തിലധികം കുക്കികൾക്ക്  നാട് വിട്ടോടുകയും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് കുക്കികൾക്കായുള്ള റിലീഫ് പ്രവർത്തനങ്ങളുടെ മുന്നിലുള്ള കെ.എസ്.ഒ മീഡിയാ സെൽ കൺവീനർ ഗ്രേസി പറയുന്നത്.   

 

എന്താണ് മണിപ്പൂരിൽ സംഭവിച്ചത്?


വർഗീയമായി ധ്രുവീകരിക്കപ്പെട്ട മണിപ്പൂരിലെ ഗോത്രങ്ങൾക്കിടയിലെ സംഘർഷം ഒരു പുതിയ കാര്യമല്ല. പക്ഷേ, അതിങ്ങനെയൊരു അവസ്ഥയിലേക്ക് വഷളാവുമെന്ന് ആരും കരുതിയില്ല. മെയ്തി വിഭാഗം ഏറക്കാലമായി ഉന്നയിക്കുന്ന എസ്.ടി പദവിക്ക് വേണ്ടിയുള്ള ആവശ്യം അംഗീകരിച്ച് മണിപ്പൂർ ഹൈക്കോടതി ഉത്തരവിറക്കിയതോടെയാണ് കാര്യങ്ങൾ വഷളാകുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തി വിഭാഗത്തിലെ ഭൂരിഭാഗം പേരും എസ്.സി, ഒ.ബി.സി, ഇ.ഡബ്ലിയു.എസ് തുടങ്ങിയ വിഭാഗത്തിൽ പെടുന്നവരായിരുന്നു. ഇതിന് പുറമെ, കുക്കി, നാഗ, മെയ്‌തി പംഗൽ തുടങ്ങിയ വിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന എസ്.ടി പദവി കൂടി മെയ്‌തി വിഭാഗത്തിന്  നൽകുന്നതായിരുന്നു കോടതി ഉത്തരവ്. വിധിക്കായി ഹൈക്കോടതി ഉപയോഗിച്ച കണക്കുകൾ വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി പിന്നീട് ഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും, ഉത്തരവിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ കുക്കികളും നാഗ വിഭാഗത്തിൽ പെട്ടവരും ചേർന്ന് മെയ് 3-ന് ട്രൈബൽ സോളിഡാരിറ്റി മാർച്ച് എന്ന പേരിൽ റാലി സംഘടിപ്പിച്ചു.

റാലിക്ക് തൊട്ട് പിറകെ, ചുരാചന്ദ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ആംഗ്ലോ കുക്കി വാർ മെമ്മോറിയൽ ഗേറ്റിന് മെയ്തി വിഭാഗക്കാർ തീവെച്ചു. കുക്കികൾ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പിന്റെ ഓർമയായിരുന്നു ആ ഗേറ്റ്. ഗേറ്റിന് തീ വെച്ചത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്നത് കൂട്ടക്കൊലകളും ആയുധധാരികളായ മെയ്തികളുടെ അഴിഞ്ഞാട്ടവുമായിരുന്നു.

നാലുഭാഗവും മലനിരകളാൽ ചുറ്റപ്പെട്ട മണിപ്പൂരിലെ താഴ്‌വര ജില്ലകളായ ഇംഫാൽ, ബിഷ്ണുപൂർ എന്നിവിടങ്ങളിലായിരുന്നു മെയ്തികൾ കൂടുതലായി താമസിച്ചിരുന്നത്; മലയോര ജില്ലകളായ ചുരാചന്ദ്പൂർ, കാങ്‌പോക്പി തുടങ്ങിയ ജില്ലകളിൽ കുക്കികളും. ഇംഫാലിലെയും ബിഷ്ണുപൂരിലെയും കുക്കികളെ അവിടത്തെ മെയ്‌തി വിഭാഗക്കാർ ആട്ടിയോടിച്ചു. മെയ്‌തി സായുധ വിഭാഗമായ 'അറമ്പായി തെങ്കോൽ' താഴ്‌വരയിലെ കുക്കികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. കുക്കി വീടുകൾക്കും കടകൾക്കും തീ വെച്ചു. പട്ടാളത്തിന് പ്രത്യേക അധികാരം നൽകിയിരുന്ന അഫ്‌സ്പ നിയമം പിൻവലിക്കാനുള്ള സമരങ്ങൾക്ക് മുന്നിലുണ്ടായിരുന്ന മെയ്‌തി സ്ത്രീ സംഘടനയായ 'മീര പൈബി' കുക്കി സ്ത്രീകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും അവരെ 'അറമ്പായി തെങ്കോൽ' സൈന്യത്തിന് പിടിച്ചുകൊടുക്കുകയും ചെയ്തു. താഴ്‌വരകളിൽനിന്ന് കുക്കികൾ മലകയറി. അതോടെ മലയോര ജില്ലകളിലെ മെയ്തികൾക്കെതിരെയും ആക്രമണങ്ങളുണ്ടായി. അവരുടെ സ്വത്തും ജീവനും നഷ്ടപ്പെടാൻ തുടങ്ങി. ഒരാഴ്ചക്കുള്ളിൽ തന്നെ നൂറിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം വീടുകളും കടകളും കത്തിക്കുകയും ചെയ്തു.

കാര്യങ്ങൾ കൈവിട്ട് പോവുകയാണെന്ന് കണ്ടിട്ടും മെയ്‌തി വിഭാഗത്തിൽ പെട്ട മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗോ അദ്ദേഹത്തിന്റെ സർക്കാരോ കാര്യമായൊന്നും ചെയ്തില്ല. അറുപത് എം.എൽ.എമാരുള്ള മണിപ്പൂർ നിയമസഭയിൽ 40 പേരും മെയ്‌തികളായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്ന ആയുധങ്ങൾക്ക് പുറമെ മെയ്തികൾ പോലീസ് സ്‌റ്റേഷനുകളിലെ തോക്കുകളും മറ്റും കൊള്ളയടിച്ചു. പിന്നീട് നടന്നത് അറുകൊലകളായിരുന്നു.

'കറുത്ത വസ്ത്രധാരികളായ അറമ്പായി തെങ്കോൽ സൈന്യം തോക്കും മറ്റ് ആയുധങ്ങളുമായി ഞങ്ങളുടെ ഗ്രാമമായ കോനോംഫായിലേക്കും വന്നു. കൈയിൽ കിട്ടിയതെല്ലാം അവർ നശിപ്പിച്ചു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രായമായവരെയും രോഗികളെയും ഉപദ്രവിച്ചു. ഞങ്ങളുടേതിന് തൊട്ടടുത്തുള്ള ഗ്രാമം തീവെച്ചതിന് ശേഷമുള്ള വരവായിരുന്നു അത്. ഗ്രാമ മുഖ്യന്റെ നിർദേശ പ്രകാരം ഞങ്ങൾ മലകയറി. എന്നാൽ, എന്റെ ഗ്രാമവാസിയായിരുന്ന 65-കാരനായ തൊങ്കോസൺ ഞരമ്പ് സംബന്ധമായ അസുഖം മൂലം നടക്കാനും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്ന ആളായിരുന്നതിനാൽ അദ്ദേഹത്തെയുംകൊണ്ട് മലകയറൽ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാലും അയാളെ കൂടെ കൂട്ടാതെ ഞങ്ങൾ പോകാൻ തയാറായില്ല. തന്നെ കാത്തിരുന്നാൽ മറ്റുള്ളവരും വൈകുമെന്ന് പറഞ്ഞ് തൊങ്കോസൺ ഞങ്ങളെ നിർബന്ധിച്ച് ഗ്രാമത്തിൽ നിന്ന് പറഞ്ഞയച്ചു. പ്രായമായ തന്നെ ആരും ഒന്നും ചെയ്യാൻ സാധ്യതയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ തൊങ്കോസണ്ണിനെ അവിടെ തനിച്ചാക്കി ഞങ്ങൾ മലകയറി. മെയ്തികൾ ഞങ്ങളുടെ വീടുകളും ഗ്രാമവും കത്തിക്കുന്നത് ഞങ്ങൾ വേദനയോടെ മലമുകളിൽ നിന്ന് നോക്കിനിന്നു. ഞങ്ങളുടെ വീടും മറ്റും നശിച്ചാലും തൊങ്കോസണ്ണിന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു ഞങ്ങളുടെ പ്രാർഥന. എന്നാൽ, ഞങ്ങളുടെ പ്രാർഥന വിഫലമായി. അക്രമി സംഘം പോയതിന് ശേഷം മലയിറങ്ങിവന്ന് നോക്കിയപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ് കിടക്കുന്ന തൊങ്കോസണ്ണിന്റെ മൃതദേഹമായിരുന്നു. ആ മനുഷ്യനെ അവർ ജീവനോടെ കത്തിച്ചു.'

ചുരാചന്ദ്പൂരിലെ ഹാപ്പി ഹാർട്ട് സ്‌കൂളിൽ പ്രവർത്തിക്കുന്ന റിലീഫ് ക്യാമ്പിൽവെച്ച് ഈ കഥ ഞങ്ങളോട് പറയുമ്പോൾ 55-കാരിയായ ലിങ്കിൻ  വിതുമ്പുകയായിരുന്നു. ആ ദിവസങ്ങളിലെ അനുഭവങ്ങളെ കുറിച്ച് ക്യാമ്പിലെ ആർക്കും കൂടുതൽ പറയാൻ സാധിച്ചില്ല. നാടും വീടും നഷ്ടപ്പെട്ട അവർക്ക് ജീവനോടെ ഇരിക്കണമെങ്കിൽ കുക്കികൾ കൂടുതലുള്ള ചുരാചന്ദ്പൂരിൽ എത്തണമായിരുന്നു. എന്നാൽ, അവരുടെ ഗ്രാമമായ കോനോംഫായിൽനിന്ന് ചുരാചന്ദ്പൂരിലേക്ക് എത്തണമെങ്കിൽ മെയ്‌തി ജില്ലകളായ ഇംഫാലും ബിഷ്ണുപൂരും കടന്നുപോകണം. അതൊഴിവാക്കി ചുരാചന്ദ്പൂരിലെത്താൻ ഒരു വഴിയേ അവർക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. മലകളിലൂടെ സഞ്ചരിക്കുക. അങ്ങനെ ദിവസങ്ങളെടുത്ത് മലയും കുന്നും പുഴയും താണ്ടിയാണ് അവർ ചുരാചന്ദ്പൂരിലെത്തിയത്.

മണിപ്പൂർ ഇപ്പോൾ രണ്ട് സംസ്ഥാനമായിരിക്കുന്നു; ഒന്ന് മെയ്തികളുടെയും മറ്റൊന്ന് കുക്കികളുടെയും. കുക്കി വിഭാഗത്തിൽപെട്ട ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ജനപ്രതിനിധികളും വരെ താഴ്‌വര ജില്ലകൾ വിട്ട് മലയോര ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കുടിയേറിയിരിക്കുന്നു. കുക്കി പ്രദേശങ്ങളിലുള്ള മെയ്തികളും സമാന രീതിയിൽ അവരുടെ നാടും വീടും വിട്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. 

കുക്കികൾക്ക് നേരെയുള്ള മെയ്തികളുടെ അക്രമ പരമ്പരകളായിരുന്നു പ്രശ്നങ്ങൾ തുടങ്ങിയ സമയത്തുണ്ടായിരുന്നത്. വംശീയ ഉന്മൂലനം എന്ന കണക്കെ  കുക്കികൾ വേട്ടയാടപ്പെട്ടു.  പിന്നീട് കണ്ടത് കുക്കികളുടെ സംഘടിതമായ പ്രതിരോധമായിരുന്നു. സാധാരണ ജനങ്ങൾ പ്രതിരോധ നിരയുടെ മുൻനിരയിലേക്ക് വന്നതോടെ താഴ്‌വരക്കും മലനിരകൾക്കുമിടയിൽ ബങ്കറുകളും ട്രഞ്ചുകളും അതിർത്തികളും അവർ സ്ഥാപിച്ചു. അതോടെയാണ് ആക്രമണങ്ങൾക്കും കൊലകൾക്കും ശമനം വന്നത്.

പ്രാദേശിക ചാനലുകളെല്ലാം മെയ്തികളുടേതായതിനാൽ ആക്രമണങ്ങൾക്കെല്ലാം കാരണം കുക്കി സായുധസംഘങ്ങളാണെന്നാണ് അവർ പ്രചരിപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പത്രമായ സങായി എക്സ്പ്രസ്സ്  നടത്തുന്നത് മെയിതേയിയായ ഒരു ബി.ജെ.പി എം.എൽ.എ.  'ലൈസൻസുള്ള തോക്കുകൾ സാധാരണ എല്ലാ കുക്കികളുടെ വീടുകളിലും ഉണ്ടാകാറുണ്ട്. അതു വെച്ചാണ് ഞങ്ങൾ പ്രതിരോധിക്കുന്നത്. അവർ (മെയ്തെയികൾ) ഞങ്ങളെ ഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ചാണ് ആക്രമിക്കുന്നത്. ഞങ്ങൾക്ക് അത് പ്രതിരോധിക്കണ്ടേ?' ചുരാചന്ദ്പൂരിലെ ഒരു അതിർത്തി ഗ്രാമമായ ഹോലൈകോപിയിൽ മുൻനിര പോരാളിയായ ലിലിം ചോദിച്ചു.

21 മെയ്തി എം.എൽ.എമാർ, സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്നും സംസ്ഥാന സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പറഞ്ഞ് 2023 ജൂൺ 23-ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, അടുത്ത ദിവസം തന്നെ അവർ പ്രസ്താവന പിൻവലിച്ചു. പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ നിസ്സംഗത കാണിക്കുകയാണെന്ന് പലരും ഇത് ചൂണ്ടിക്കാണിച്ച് വിമർശിച്ചിരുന്നു. അപ്പോഴും സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ തന്നാലാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു  മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞത്. 'സംസ്ഥാന സർക്കാർ വിചാരിച്ചിരുന്നെങ്കിൽ ഈ പ്രശ്നം രണ്ട് മണിക്കൂർ കൊണ്ട് തീർക്കാമായിരുന്നു. പക്ഷേ, അവർക്ക് വേണ്ടത് പ്രശ്നമാണ്' - മെയ്‌തി മുസ്‌ലിം ഇന്റലെക്ച്വൽ ഫോറം പ്രസിഡന്റ് ജിയ പറഞ്ഞു.

മെയ്തികളും കുക്കികളും താഴ്‌വരയിലായാലും മലമുകളിലായാലും ഒരുമിച്ച് ഇടപഴകി ജീവിച്ചവരായിരുന്നു. അവർക്കിടയിൽ ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നെങ്കിലും എങ്ങനെയാണ് ഇത്രയും ഭീകരമായ വെറുപ്പ് അവരിൽ ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്നാണ് മെയ്‌തി മുസ്്ലിംകളായ പംഗൽ വിഭാഗം കൂടുതലായി താമസിക്കുന്ന അതിർത്തി പ്രദേശമായ ക്വക്തയിൽനിന്നുള്ള റഹ്്മത്ത് പറയുന്നത്. ക്വക്ത ബസാറിൽ കുക്കി ഉടമസ്ഥതയിലുള്ള കട ഈയടുത്ത് 17 ലക്ഷം രൂപ കൊടുത്ത് റഹ്്മത്ത് വാങ്ങിയിരുന്നു. കടയിലേക്കായി നാലുലക്ഷം വിലപിടിപ്പുള്ള വസ്തുക്കളും വാങ്ങിവെച്ചു. എന്നാൽ, കട തന്റെ പേരിലേക്കാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. കട തന്റേതാണെന്ന് റഹ്്മത്ത് പറഞ്ഞിട്ടും മെയ്‌തികൾ കേട്ടില്ല. അവർ കട തല്ലിത്തകർത്ത് തീയിട്ടു. റഹ്്മത്തിന് നോക്കി നിൽക്കുകയല്ലാതെ മറ്റു മാർഗമൊന്നും ഉണ്ടായിരുന്നില്ല. അവരോട് പ്രതികരിച്ചൂടായിരുന്നോ എന്ന ഞങ്ങളുടെ ചോദ്യത്തിന്, കടയോട് ചേർന്നുള്ള ഐ.എൻ.എ ഹയർ സെക്കന്ററി സ്‌കൂളിൽ ക്യാമ്പ് ചെയ്തിട്ടുള്ള ബി.എസ്.എഫ് കമാൻഡോസ് പോലും നോക്കി നിൽക്കുമ്പോൾ തനിക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നായിരുന്നു റഹ്്മത്തിന്റെ മറുപടി.

തൊട്ടടുത്തായി വീടുകളിൽ കഴിയുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ജോലിചെയ്യുകയും ചെയ്തിരുന്നവരായിരുന്നു കുക്കികളും മെയ്തികളും. ഏറ്റവും അവസാനം ആഗസ്റ്റ് 5-ന് നടന്ന മെയ്തി മരണങ്ങൾ ക്വക്തയിലായിരുന്നു. പിശക്, പ്രേംജിത്, ജിതൻ എന്നിവർ. ഇവരുടെ തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന കുക്കികളായിരിക്കും പലായനത്തിന് ശേഷം ഇവരുടെ വീടുകൾ പറഞ്ഞുകൊടുത്തത് എന്നാണ് മെയ്‌തികൾ ആരോപിക്കുന്നത്. റഹ്്മത്ത് പറഞ്ഞത് പ്രകാരം അവർ പരസ്പരം വളരെ സ്നേഹത്തിലും സന്തോഷത്തിലും ജീവിച്ചവരായിരുന്നു. കുക്കി കുടുംബത്തിന്റെ വയൽ പാട്ടത്തിനെടുത്തായിരുന്നു പിശക്കും പ്രേംജിത്തും നെൽകൃഷി നടത്തിയിരുന്നത്. വൈകുന്നേരങ്ങളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന, തമാശകൾ പറയുന്ന, പരസ്പരം പ്രശ്നങ്ങൾ പങ്കുവെക്കുന്ന ബന്ധം.
 
ബിരേൻ സിംഗിന്റെ വിദ്വേഷ പ്രസംഗങ്ങൾ


2017-ലും തുടർന്ന് 2022-ലും സംസ്ഥാനത്ത് അധികാരത്തിൽ വന്ന ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ്  പ്രചാരണ സമയത്ത് നൽകിയിരുന്ന പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മെയ്‌തി വിഭാഗത്തിനുള്ള എസ്.ടി പദവി. മണിപ്പൂരിൽ ബി.ജെ.പിയുടെ ബലവും 53 ശതമാനം വരുന്ന മെയ്‌തികൾ തന്നെയാണ്. അവരുടെ സായുധ സംഘടനയായ അറമ്പായി തെങ്കോൽ സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കളായ ബിരേൻ സിംഗിന്റെയും രാജ്യസഭാ എം.പിയും രാജകുടുംബത്തിലെ കിരീടാവകാശിയുമായ ലീഷെമ്പ സനാജയോബയുടെയും ആശീർവാദത്തോടെയാണ് പ്രവർത്തിക്കുന്നത്. മണിപ്പൂരിലെ ഒരു ആർ.എസ്.എസ് ഔട്ട് ഫിറ്റാണ് അറമ്പായി തെങ്കോൽ എന്ന വിമർശനവും പ്രബലമാണ്.

കോൺഗ്രസ്സിൽനിന്ന് ചേക്കേറി ബി.ജെ.പി പാളയത്തിൽ വന്നത് മുതൽ കുക്കികൾക്കെതിരെ നിരവധി തവണയാണ് ബിരേൻ സിംഗ് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത്. 2014-ൽ ബി.ജെ.പി കേന്ദ്രത്തിൽ അധികാരത്തിലേറിയതിന് ശേഷം, രാജ്യത്താകമാനം അവർ നടപ്പാക്കിയ 'തീവ്ര ഹിന്ദുത്വവത്കരണം' മെയ്തികളെയും സ്വാധീനിച്ചു. അതുവരെ മതത്തിന്റെ പേരിൽ പരസ്പരം വിഭാഗീയത വെച്ചുപുലർത്തിയിട്ടില്ലാത്ത  മെയ്തികളും, ക്രിസ്ത്യൻ വിഭാഗത്തിൽപെട്ട കുക്കികളും തമ്മിൽ അകലാൻ ബി.ജെ.പിയുടെ പദ്ധതികൾ കാരണമായി.

അതിനായി അവർ ആദ്യം മെയ്തികളെ ഹിന്ദുക്കളാക്കുകയായിരുന്നു. മെയ്്തികൾ തന്നെ ഏഴു തരമുണ്ട്. അവർ  സന്മഹിസ(Sanmahism)ത്തിൽ വിശ്വസിച്ചിരുന്നവരായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ അന്നത്തെ രാജാവ് പാംഹെയ്‌ബ ഹിന്ദു മതം സ്വീകരിച്ചതിന്റെ ചരിത്രം വെച്ചാണ് മെയ്തികളെ ഒന്നാകെ ഹിന്ദുക്കളായി പരിഗണിക്കുന്നത്.  യഥാർഥ തദ്ദേശീയതയാണ് അവരുടെ വാദമെങ്കിൽ അവർ സന്മഹിസത്തിലേക്ക് തിരികെ പോകുമായിരുന്നു. പല മെയ്‌തി റാഡിക്കൽ ഗ്രൂപ്പുകളും അതിനായി വാദിക്കുന്നുമുണ്ട്. 'ഞങ്ങൾ ഹിന്ദുക്കളെ കുക്കി ക്രിസ്ത്യാനികൾ ആക്രമിക്കുകയാണ്' എന്നാണ് ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ലൈഷ്‌റാം  ദീപൻ പറഞ്ഞത്. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും വിദ്വേഷ പ്രചാരണങ്ങളിൽ വീണു പോയിട്ടുണ്ട് എന്നർഥം.

ഹിന്ദുത്വവത്കരണം നടന്നുകഴിഞ്ഞാൽ മെയ്തികൾക്ക് ഒരു ശത്രുവിനെ കൊടുക്കണം. ജനസംഖ്യ കുറഞ്ഞ മുസ്‌ലിംകളെ ശത്രുക്കളാക്കുന്നതു കൊണ്ട് ഇലക്ടറൽ പൊളിറ്റിക്‌സിൽ കാര്യമായ പ്രയോജനം ഉണ്ടായേക്കില്ല എന്ന തോന്നൽകൊണ്ടാകാം കുക്കികളെ ശത്രുസ്ഥാനത്തേക്ക് കൊണ്ടുവന്നത്. അങ്ങനെ മെയ്‌തി ഹിന്ദുവും, കുക്കി ക്രിസ്ത്യനുമായി.  'മെയിൻലാന്റ് ഇന്ത്യയിലെ (വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളെ മാറ്റിനിർത്തിയിട്ടുള്ള ഇന്ത്യ) ഹിന്ദുക്കളെ തൃപ്തിപ്പെടുത്താനായിട്ടാണ് നിലവിൽ സർക്കാരുകൾ ശ്രമിക്കുന്നത്' - കുക്കി ക്രിസ്ത്യൻ ലീഡേഴ്‌സ് ഫെല്ലോഷിപ് (കെ.സി.എൽ.എഫ്) ചെയർമാൻ ഡോ. എം. താങ്കോസീ ഹോകിപ് പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പി സർക്കാരുകൾക്ക് വേണ്ടത് അതുതന്നെയാണ്. വരാൻ പോകുന്ന ലോക്്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുതന്നെയാണ് അവർ പ്രവർത്തിക്കുന്നത്. l
(തുടരും) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ്- സൂക്തം 04-06
ടി.കെ ഉബൈദ്

ഹദീസ്‌

യൂനുസ് നബിയുടെ പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്