സെന്‍സിബിലിറ്റിയെ പുതുക്കിപ്പണിയുന്ന വിചാരഗതി
വായനാശീലം ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന കൗമാരകാലം തൊട്ടേ പ്രബോധനം വാരിക സന്തത സഹചാരിയായി ഒപ്പമുണ്ട്. മംഗളം, മനോരമ തുടങ്ങിയ കോട്ടയം വാരികകളിലെ രാഗതാള വിലോല വികാരങ്ങളെ താലോലിക്കുന്ന ഖണ്ഡശഃ നോവലുകളില്‍ ആകൃഷ്‌ടനായാണ് വായന തുടങ്ങുന്നതെങ്കിലും സര്‍ഗാത്മകതയുടെ മൂല്യവത്തായ മറ്റൊരു ഗതിയിലേക്ക് പ്രബോധനം വാരിക വഴിതിരിക്കുകയായിരുന്നു. നിലവാരമുള്ളതോ ഇല്ലാത്തതോ, മഞ്ഞയോ ചുകപ്പോ നീലയോ വെള്ളയോ എന്നൊന്നും വേര്‍തിരിക്കാതെ കൈയില്‍ കിട്ടുന്നതെന്തും വായിക്കുന്ന സ്വഭാവത്തിന് അതിനുശേഷവും മാറ്റമൊന്നുമില്ലെങ്കിലും ഏത് തള്ളണം, ഏതൊക്കെ ഉള്‍ക്കൊള്ളണം എന്ന് പ്രബോധനം വഴികാണിക്കുന്നു. സര്‍ഗാത്മകതയുടെ സൂക്ഷ്‌മ സ്‌പര്‍ശിനികളുണര്‍ന്നിരിക്കുന്ന സെന്‍സിബിലിറ്റിയെ പ്രബോധനം പുതുക്കിപ്പണിയുകയായിരുന്നു. കവിത എഴുതിത്തുടങ്ങിയ കാലം തൊട്ടേ, ഏറെ 'പണിക്കുറവു'കളുള്ള എന്റെ രചനകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് പ്രബോധനം വാരിക നല്‍കിയ സ്‌നേഹോദാരമായ പ്രോത്സാഹനവും പരിഗണനയും ഇന്നും നിര്‍ലോഭം തുടരുന്നു. കവിതയും ലേഖനങ്ങളുമായി ഈ എളിയവന്റെ ഒട്ടനേകം രചനകള്‍ക്ക് പ്രബോധനം വാരിക ഇതിനകം ഇടമനുവദിച്ചു. ശുദ്ധ സര്‍ഗാത്മകതയുടെ രാഗ തരംഗങ്ങളെ സദാ നേരവും വരവേൽക്കാനുള്ള ആ സഹൃദയത്വ സന്നദ്ധതക്ക് നന്ദിയോതാന്‍ അക്ഷരാര്‍ച്ചനകളെല്ലാം അപര്യാപ്‌തം തന്നെ.
80-കളില്‍ വൈദ്യുതിയെത്തിയിട്ടില്ലാതിരുന്ന നാട്ടുമ്പുറത്തെ ഓലമേഞ്ഞ മണ്‍കുടിലില്‍ മണ്ണെണ്ണ വിളക്കിന്റെ തിരിനീട്ടി വായിച്ചു തുടങ്ങിയതാണ് പ്രബോധനം. എന്റെ വായനാശീലം കണ്ടറിഞ്ഞ്, അക്കാലത്ത് മുടങ്ങാതെ പ്രബോധനം വാരിക എത്തിച്ചുതന്ന കണ്ണിയന്‍ കുഞ്ഞയമു, ആലുങ്ങല്‍ മുഹമ്മദ് എന്ന നാണ്യാക്ക, നാലകത്ത് മുഹമ്മദ് എന്നീ ആദരണീയരായ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനത്തെ ഏറെ വിലമതിക്കുന്നു. കാലയവനികക്കപ്പുറം മറഞ്ഞ ആ പുണ്യാത്മാക്കള്‍ക്കുവേണ്ടി അശ്രുപൂര്‍ണമായ പ്രാര്‍ഥനകള്‍. അന്ന് ടാബ്ലോയിഡ് രൂപത്തില്‍ 12 പേജുകളിലായിരുന്ന പ്രബോധനം വാരിക ഇന്ന് ആകെ മാറി 50 പേജുകളില്‍ കളര്‍ പുറം ചട്ടകളോടെ, കെട്ടിലും മട്ടിലും മലയാളത്തിലെ മറ്റേതു വാരികകളോടും കിടപിടിക്കുന്ന പുസ്‌തക രൂപത്തിലിറങ്ങുമ്പോള്‍ ജീവിതത്തിലും ചില മാറ്റങ്ങളൊക്കെ വന്നു. ചേതനയുടെ ചക്രവാളങ്ങളില്‍ നിലീനമായ അറിവിന്റെ തീര രേഖകളെ മുറിച്ചുകടന്ന് ആത്മജ്ഞാനത്തിന്റെ വന്‍കരയിലേക്ക് ആനയിക്കുന്ന പ്രബോധനം വാരിക, വീടിന്റെ മുകള്‍നിലയിലെ ബാല്‍ക്കണിയില്‍, ദൂരെ മൂവന്തി ചായുന്ന പടിഞ്ഞാറന്‍ മലനിരകള്‍ക്ക് അഭിമുഖമായിരുന്ന് വായിക്കാനാകുന്ന മാറ്റം! വ്യക്തിജീവിതത്തിലുണ്ടായ ധനാത്മകമായ (ഏതര്‍ഥത്തിലും) ഈ മാറ്റത്തിന് വഴിതുറന്നു കിട്ടിയതും പ്രബോധനം മാര്‍ഗദര്‍ശനം ചെയ്‌ത, ലക്ഷ്യബോധത്തിലൂന്നിയ വായനയിലൂടെ ശീലിച്ച അക്ഷരങ്ങളുടെ അനുധ്യാനത്തിലൂടെ തന്നെ.
1949-ല്‍ പ്രസിദ്ധീകരണമാരംഭിച്ച് ഇപ്പോള്‍ 75-ന്റെ നിറവിലെത്തുന്ന പ്രബോധനം വാരിക ഇതഃപര്യന്തം തുടര്‍ന്നുവരുന്ന സാമൂഹിക നന്മയിലും വൈജ്ഞാനിക മേന്മയിലുമൂന്നുന്ന സമീപനരീതി കേരളീയ മുസ്‌ലിം നവോത്ഥാന സംരംഭങ്ങളില്‍ അവഗണിക്കാനാവാത്ത പങ്കാണ് നിര്‍വഹിക്കുന്നതെന്ന് നിസ്സംശയം പറയാം. ദൈവപ്രോക്തമായ മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചത്തിലുള്ള സമ്പൂര്‍ണമായ ജീവിത വ്യവസ്ഥയായ ഇസ്‌ലാമിന്റെ തനത് രൂപം പരിചയപ്പെടുത്താന്‍, കലര്‍പ്പറ്റ മാനവിക സ്‌നേഹത്തില്‍നിന്ന് വാറ്റിയെടുത്ത ദീപ്‌ത പദാവലികള്‍ മാത്രമുപയോഗിക്കുന്നു പ്രബോധനം എന്നതാണ് അനുഭവം. കേരളീയ ഇസ്‌ലാമിക സാംസ്‌കാരിക ഭൂമികയിലൂടെ തൗഹീദിന്റെ വെളിച്ചത്തില്‍ മനുഷ്യ സാഹോദര്യത്തിന്റെയും സാമൂഹിക നന്മയുടെയും ദേശീയോദ്‌ഗ്രഥനത്തിന്റെയുമായ പ്രശാന്ത വിചാര മഹാ പ്രവാഹമായി പ്രബോധനം വാരികയുടെ ജൈത്രയാത്ര അനുസ്യൂതം തുടരുന്നു.
Comments