Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 25

3315

1445 സഫർ 08

ശിക്ഷാ നിയമങ്ങളുടെ പൊളിച്ചെഴുത്ത് ജനകീയ സംവാദം നടക്കണം

എ.ആര്‍

ബ്രിട്ടീഷിന്ത്യയില്‍ 1860-ല്‍ നടപ്പാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമവും (ഐ.പി.സി) 1898-ല്‍ കൊണ്ടുവന്ന ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്‍.പി.സി) 1872-ല്‍ കൊണ്ടുവന്ന തെളിവ് നിയമവും (വിറ്റ്‌നസ്സ് ആക്ട്) പൊളിച്ചെഴുതിക്കൊണ്ട്, യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്), ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എന്‍.എസ്.എസ്), ഭാരതീയ സാക്ഷ്യ (ബി.എസ്) എന്നീ പേരുകളില്‍ മൂന്ന് പുതിയ ബില്ലുകള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരിക്കുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ. വിശദമായ ചര്‍ച്ചക്കായി ഇവ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ചക്ക് വിട്ടിരിക്കുകയാണിപ്പോള്‍. ഭേദഗതി നിര്‍ദേശങ്ങളോടെ വീണ്ടും പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും പരിഗണനക്ക് വരും. ഈ പ്രക്രിയ 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാവണമെന്നില്ല. അതേസമയം കാലഹരണപ്പെട്ടതോ, സ്വതന്ത്ര ഇന്ത്യയുടെ ഇതഃപര്യന്തമുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ മാറ്റം വേണമെന്ന് പല കോണുകളില്‍നിന്നും ആവശ്യങ്ങള്‍ ഉയര്‍ന്നതോ ആയ പല ശിക്ഷാനിയമങ്ങളും ഇപ്പോള്‍ പ്രാബല്യത്തിലുണ്ട് എന്ന കാരണത്താല്‍ മാറ്റം അനിവാര്യമായിരുന്നു എന്ന് രാജ്യം പൊതുവെ വിലയിരുത്തിയതാണ്. അതിനാല്‍, താത്ത്വികമായി ബില്ലുകളെ സ്വാഗതം ചെയ്യുന്നതോടൊപ്പം നിര്‍ദിഷ്ട ഭേദഗതികളിലെ അപകടങ്ങളും അവ്യക്തതകളും ന്യായമായും ചൂണ്ടിക്കാണിക്കപ്പെടും. സമഗ്രാധിപത്യ സ്വഭാവമുള്ള ഹിന്ദുത്വ സര്‍ക്കാറാണ് മൂന്നാമതും നിലവില്‍ വരുന്നതെങ്കില്‍ കാതലായ ഭേദഗതികള്‍ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ല താനും.

നിയമവാഴ്ച ഉറപ്പാക്കലും ക്രമസമാധാന പാലനവുമാണ് ഏത് ഭരണകൂടത്തിന്റെയും പ്രാഥമിക ചുമതല എന്ന കാര്യം സര്‍വാംഗീകൃതമാണ്. അതു സാധിക്കണമെങ്കില്‍ കുറ്റമറ്റ നിയമങ്ങളും ആ നിയമങ്ങള്‍ നീതിപൂര്‍വം നടപ്പാക്കാന്‍ ജാഗ്രത്തായ പോലീസും സ്വതന്ത്ര നീതിന്യായ കോടതികളും നിലവിലിരുന്നേ തീരൂ. സര്‍വോപരി പ്രധാനമാണ് നിയമവാഴ്ചയോട് പ്രതിബദ്ധതയുള്ള പൗരസമൂഹം. ധാര്‍മിക ബോധവും അച്ചടക്കവും സമൂഹത്തിന്റെ സുരക്ഷയില്‍ താല്‍പര്യവുമുള്ള പൗരസമൂഹത്തിന്റെ നിര്‍മിതിയാണ് ഏത് രാജ്യത്തിന്റെയും സുരക്ഷക്കും വളര്‍ച്ചക്കും പുരോഗതിക്കുമുള്ള പ്രാഥമികോപാധി. അത്തരമൊരു പൗരസഞ്ചയത്തിന്റെ അഭാവത്തില്‍ ശിക്ഷാ നിയമങ്ങള്‍ എത്ര കര്‍ക്കശമാക്കിയാലും നിയമലംഘനം വ്യാപകവും അനിയന്ത്രിതവുമായി തുടരും. ഇന്ത്യയില്‍ സ്ത്രീ പീഡനം, ശിശുക്കളോടുള്ള ക്രൂരത, വര്‍ഗീയാക്രമണം, കൊല, കൊള്ള, തട്ടിപ്പ്, വെട്ടിപ്പ്, ചൂതാട്ടം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഭയാനകമായ വര്‍ധനവ് ഇതിന്റെ നേര്‍സാക്ഷ്യമാണ്. ഇത്തരമൊരു സമൂഹത്തിന്റെ പരിഛേദമായ പോലീസിന്റെ അനാസ്ഥയും കൃത്യവിലോപവും ക്രിമിനലിസവും കെടുകാര്യസ്ഥതയും വംശീയ വിവേചനവും ദിനേന വാര്‍ത്തകളാവുന്നതിന്റെ പിന്നില്‍ നടേ പറഞ്ഞ ധാര്‍മികത്തകര്‍ച്ച തന്നെ. നീതിയുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറി പോലും പക്ഷപാതപരമായും അനവധാനതയോടും ഭരണകൂടത്തിന്റെ ചട്ടുകമായും പെരുമാറുന്ന സ്ഥിതിവിശേഷം ഒറ്റപ്പെട്ടതല്ല. ന്യായാധിപന്മാരുടെ തെരഞ്ഞെടുപ്പിന് ഉത്തരവാദപ്പെട്ട കൊളീജിയം സംവിധാനം പോലും വിമര്‍ശനവിധേയമാണ്. ഇതൊക്കെയാണ് വര്‍ത്തമാനകാല സത്യമെന്നിരിക്കെ നിയമ പരിഷ്‌കാരം മാത്രം സമാധാനത്തിനും സുരക്ഷക്കുമുള്ള ഗ്യാരണ്ടിയല്ല.

എന്നുവെച്ച് നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടതില്ലെന്നോ കൂടുതല്‍ ശക്തവും ഫലപ്രദവുമാക്കേണ്ടതില്ലെന്നോ പറയാനാവില്ല. തീര്‍ച്ചയായും സാഹചര്യങ്ങളും ആവശ്യങ്ങളും മുന്‍നിര്‍ത്തി നിയമ പരിഷ്‌കാരം അനുപേക്ഷ്യമാണ്. തങ്ങളുടെ ഭരണകാലത്തുതന്നെ അത് നടന്നിരിക്കണമെന്ന മോദി-അമിത് ഷാ ടീമിന്റെ  ശാഠ്യത്തിനും അതിന്റേതായ ന്യായീകരണമുണ്ട്. ഇപ്പോള്‍ പാര്‍ലമെന്റ് മുമ്പാകെ അവതരിപ്പിക്കപ്പെട്ട ബില്ലുകളില്‍ ക്രിയാത്മകമായ ചില മാറ്റങ്ങളുണ്ട് താനും. ഉദാഹരണത്തിന്, ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളില്‍ ആദ്യമായി ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷയായി സാമൂഹിക സേവനം നിര്‍ബന്ധമാകുന്നതാണ് ഒരു വ്യവസ്ഥ. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നവര്‍ക്ക് 10 വര്‍ഷം വരെയുള്ള തടവ് ശിക്ഷ, കൂട്ട ബലാത്സംഗത്തിന് 20 വര്‍ഷം വരെയോ ജീവപര്യന്തമോ തടവ്, ആള്‍ക്കൂട്ട കൊലക്കും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കും വധശിക്ഷ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ അനുപേക്ഷ്യമാണ് എന്ന് കരുതുന്നവരാവും കൂടുതലും. എന്നാല്‍, മരണശിക്ഷ തീരെ എടുത്തു കളയണം എന്നു വാദിക്കുന്നവര്‍ ഒടുവില്‍ പറഞ്ഞതിനോട് വിയോജിക്കാനാണിട.

അപകീര്‍ത്തിയടക്കമുള്ള ലഘു കേസുകളില്‍ സാമൂഹിക സേവനം ബദല്‍ ശിക്ഷയായി മതി എന്ന്, നിലവിലെ രണ്ടു വര്‍ഷം വരെയുള്ള തടവു ശിക്ഷക്ക് പകരം നിര്‍ദേശിക്കപ്പെട്ടതും ശ്രദ്ധേയമാണ്. പക്ഷേ, ഇക്കാര്യത്തില്‍ കോടതികള്‍ക്ക് വിവേചനാധികാരമുണ്ടാവും. കേന്ദ്ര സര്‍ക്കാര്‍ 2020-ല്‍ ദേശീയ നിയമ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രണ്‍ബീര്‍ സിംഗിന്റെ അധ്യക്ഷതയില്‍ നിയമിച്ച വിദഗ്ധ സമിതി നാലു വർഷക്കാലം 158 മീറ്റിംഗുകൾക്ക് ശേഷം  2022 ഫെബ്രുവരി 27-ന് സമര്‍പ്പിച്ച ശിപാര്‍ശകളുടെയും, മറ്റു നിയമ വിദഗ്ധരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വിശദമായ ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് ബില്ലുകള്‍ പുറത്ത് വന്നപ്പോള്‍ കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ചില വകുപ്പുകളും അവയിലുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഉദാഹരണത്തിന്, സുപ്രീം കോടതി മരവിപ്പിച്ച രാജ്യദ്രോഹ ശിക്ഷ പേരിനു മാത്രം ഒഴിവാക്കി കൂടുതല്‍ ഭീകര ശിക്ഷ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള വകുപ്പ് വെറും ചതിയായി എന്നേ പറയാനാവൂ.  രാജ്യദ്രോഹക്കുറ്റത്തിന്റെ വ്യവസ്ഥകളെക്കാള്‍ കടുത്തതാണ് പുതിയ കരട് ബില്ലിലെ 150-ാം വകുപ്പെന്ന് അഭിഭാഷകയും ഗവേഷകയുമായ സുരഭി കര്‍വ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മൂന്ന് വര്‍ഷമോ ജീവപര്യന്തമോ തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ് രാജ്യദ്രോഹം. എന്നാല്‍, പുതിയ ബില്ലില്‍ മൂന്ന് വര്‍ഷത്തിന് പകരം ഏഴു വര്‍ഷമാണ് ശിക്ഷ. കുറ്റകൃത്യത്തെ കൃത്യമായി നിര്‍വചിക്കുന്നുമില്ല. 'വിധ്വംസക പ്രവര്‍ത്തനങ്ങള്‍, വിഘടനവാദ പ്രവര്‍ത്തന വിചാരങ്ങള്‍' തുടങ്ങി കൃത്യത ഒട്ടുമില്ലാത്ത, എങ്ങനെയും വലിച്ചുനീട്ടാവുന്ന വാക്കുകളാണ് കരട് നിര്‍ദേശങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളെയെല്ലാം രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന സംഘ് പരിവാര്‍ മനസ്സ് തന്നെയാണ് ഈ കൃത്യതയില്ലാത്ത പദപ്രയോഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതേണ്ടിവരുന്നു. കേന്ദ്ര സര്‍ക്കാര്‍ മീഡിയാ വണ്‍ വാര്‍ത്താ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അതേപ്പറ്റി അഭിപ്രായമാരാഞ്ഞ മാധ്യമ ലേഖകരോട് പ്രതികരിച്ച സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വാക്കുകള്‍ ഇവിടെ അനുസ്മരിക്കാവുന്നതാണ്. രാജ്യദ്രോഹമാണ് ചാനലിന്റെ നിരോധത്തിന് കാരണമെന്ന് ഒറ്റ ശ്വാസത്തില്‍ അദ്ദേഹം തട്ടിവിട്ടു. കാരണം, 'രാജ്യദ്രോഹ' സംഘടനയായ ജമാഅത്തെ ഇസ്്‌ലാമിയുടേതാണ് അതെന്ന ന്യായവാദവും! ഒടുവില്‍ നിരോധം റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്ര  ചൂഡിന്റെ ബെഞ്ച് പുറപ്പെടുവിച്ച അസന്ദിഗ്ധമായ വിധിയില്‍ ചാനലോ ജമാഅത്തെ ഇസ്്‌ലാമിയോ രാജ്യദ്രോഹപരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഒരു തെളിവും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. നിലവിലെ യു.എ.പി.എയുടെ ഇരകളായി സായുധകലാപം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍, വിഘടനവാദം തുടങ്ങിയ അതിഭീകര കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അനേകശ്ശതം നിരപരാധികള്‍ വിചാരണപോലും നടക്കാതെ കാരാഗൃഹങ്ങളില്‍ കഴിയുന്ന സ്ഥിതിവിശേഷം പുതിയ നിയമ സംഹിതയുടെ ദുരുപയോഗ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പോലീസിന്റെ അധികാരം ശക്തിപ്പെടുത്തുകയാണ് ഐ.പി.സിക്കു പകരമുള്ള ഭാരതീയ ന്യായ സംഹിതയിലൂടെ കേന്ദ്രം ചെയ്യുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്. പക്ഷപാതിത്തവും മുന്‍വിധിയും പ്രതികാരബുദ്ധിയും വേണ്ടത്രയുള്ള പോലീസും, ഭരണകൂടങ്ങളുടെ ഇംഗിതം മനസ്സിലാക്കി വിധി പുറപ്പെടുവിക്കുന്ന ന്യായാധിപന്മാരും, അവരെയൊക്കെ അശേഷം മനസ്സാക്ഷിക്കുത്തില്ലാതെ ന്യായീകരിക്കുന്ന ഭരണാധികാരികളും സുലഭമായ ഒരു സാമൂഹിക സാഹചര്യത്തില്‍ പരമാവധി കുറ്റമറ്റതും നീതിപൂര്‍വവും ദുര്‍വിനിയോഗ സാധ്യത ഇല്ലാത്തതുമായ ഒരു നിയമവ്യവസ്ഥ എന്ന ലക്ഷ്യം മുന്നില്‍ വെച്ചു വേണം ഇപ്പോള്‍ രാജ്യത്തിന്റെ മുമ്പാകെ ആഭ്യന്തരമന്ത്രി  അമിത് ഷാ അവതരിപ്പിച്ച ബില്ലുകളെ വിലയിരുത്താനും ജനകീയ സംവാദത്തിന് വിധേയമാക്കാനും. അല്ലാത്ത പക്ഷം നീതിയുടെ ത്രാസ് കേവലം ജലരേഖയായി കലാശിക്കുമെന്ന് നിശ്ചയം. l

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ്- സൂക്തം 04-06
ടി.കെ ഉബൈദ്

ഹദീസ്‌

യൂനുസ് നബിയുടെ പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്