ഹരിയാന വംശഹത്യയുടെ ബുൾഡോസറുകൾ
കുക്കി ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ഭൂരിപക്ഷ മെയ്തി വംശീയ ആക്രമണങ്ങളില്‍ മണിപ്പൂര്‍ കത്തിയെരിയുന്നതിനിടെയാണ് ഹരിയാനയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മേവാത്തിലെ നൂഹിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. സവിശേഷമായ ഹിന്ദു-മുസ്‌ലിം ബന്ധങ്ങളാണ് ദല്‍ഹിയോടു ചേര്‍ന്നുകിടക്കുന്ന മേവാത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നത്. മുസ്‌ലിംകളാണോ ഹിന്ദുക്കളാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാനാവാത്ത നിരവധി ഗോത്രങ്ങള്‍ ഈ പ്രദേശത്ത് ഇപ്പോഴുമുണ്ട്. സംഘ് പരിവാറിന് കണ്ണിലെ കരടായി നിന്ന, വിഭജന കാലത്ത് പോലും വര്‍ഗീയമായി കുത്തിമലര്‍ത്താന്‍ മടിച്ചുനിന്ന മേവാത്തിന്റെ സൗഹൃദഭൂമിയിലേക്കാണ് ഒടുവില്‍ സംഘ് പരിവാറിന്റെ ഹിംസാത്മക രാഷ്ട്രീയം കടന്നുവരുന്നത്. മുസഫര്‍ നഗറിനെ പലതുകൊണ്ടും അനുസ്മരിപ്പിക്കുന്ന ഈ പ്രദേശത്ത് 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു കലാപമായിരിക്കാം ഹിന്ദുത്വ രാഷ്ട്രീയം മനസ്സില്‍ കണ്ടത്.
മോദിയുടെ മൂന്നാമൂഴത്തിന് മുന്നോടിയായി ഇന്ത്യയിലുടനീളം വര്‍ഗീയ കലാപങ്ങള്‍ ശക്തിപ്പെടാനിടയുണ്ടെന്ന് 'ജെനോസൈഡ് വാച്ച്' അധ്യക്ഷന്‍ ഗ്രിഗറി സ്റ്റാന്‍ടണും പതിനേഴ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും കഴിഞ്ഞ വര്‍ഷം നല്‍കിയ മുന്നറിയിപ്പ് ശരിവെക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. മണിപ്പൂരിലെ വംശഹത്യയും അതെക്കുറിച്ച് പുറത്തുവന്ന ചില ദൃശ്യങ്ങളും രാജ്യമനസ്സാക്ഷിയെ ഞെട്ടിക്കുകയെങ്കിലും ചെയ്തപ്പോള്‍ നൂഹിലെ കലാപങ്ങളെ കുറിച്ച് സംഘ് പരിവാറിന്റെ കള്ളക്കഥകള്‍ വലിയൊരളവില്‍ രാജ്യം അംഗീകരിക്കുകയാണ് ചെയ്തത്. വംശഹത്യകളുടെ പത്ത് ലക്ഷണങ്ങള്‍ പറയുന്നിടത്ത് ഡിഹ്യുമനൈസേഷന്‍, അഥവാ അപമാനവീകരണം എന്നൊരു വാക്ക് 'ജെനോസൈഡ് വാച്ച്' ഉപയോഗിക്കുന്നുണ്ട്. അതായത്, കൊല്ലപ്പെടുന്നവന്‍ മനുഷ്യനല്ലാതാവുന്ന രീതിയില്‍ ഔദ്യോഗികമായി പ്രചാരണം നടക്കുമ്പോഴാണ് വംശഹത്യകള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ പോവുകയെന്നാണ് ഈ സിദ്ധാന്തം. മണിപ്പൂരില്‍ ചെറിയൊരു പ്രതിഷേധം ഉയര്‍ന്നുവെങ്കിലും പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി പോലും നൂഹിനെ കുറിച്ച് മിണ്ടിയിട്ടില്ല. ചില വംശഹത്യകള്‍ ആവര്‍ത്തന വിരസമായ ആചാരങ്ങളായി മാറുന്നതിന്റെ കൂടി ഓർമപ്പെടുത്തലായിരുന്നു അത്.
നൂഹിലെ വംശീയ അതിക്രമ ങ്ങളിലേക്ക് വഴിമരുന്നിട്ട സംഘ് പരിവാര്‍ നീക്കങ്ങള്‍ക്ക് മാസങ്ങളുടെയോ വര്‍ഷങ്ങളുടെയോ പഴക്കമുണ്ടായിരുന്നു. ഫെബ്രുവരി 15-ന് ഗോരക്ഷക ഗുണ്ടകള്‍ ഭരത്പൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ നാസിര്‍, ജുനൈദ് എന്നീ യുവാക്കളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഹരിയാനയിലെ ഭിവാനിയില്‍നിന്ന് കണ്ടെടുത്തതു മുതല്‍ക്കാണ് മേഖല പുകയാന്‍ തുടങ്ങിയത്. ഈ സംഭവത്തിന് പിന്നില്‍ മോനു മനേസര്‍ എന്ന കവലച്ചട്ടമ്പിയുടേതടക്കം ആറു പേരുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ എഫ്.ഐ. ആറില്‍ ഉണ്ടായിട്ടും അയാള്‍ നിയമത്തെ വെല്ലുവിളിച്ച് മേഖലയിലുടനീളം ഭീതിവിതച്ച് അഴിഞ്ഞാട്ടം തുടര്‍ന്നു. എന്നു മാത്രമല്ല, ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന് ചില കാപ്പ് പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടത് സുപ്രീം കോടതിയുടെ ഉത്തരവ് പോലെ ഭക്ത്യാദരപൂർവം നെഞ്ചേറ്റുവാങ്ങിയ പോലീസ് നിലപാട് മാറ്റുകയും മോനുവിന്റെയും മറ്റൊരു ഗോരക്ഷക ഗുണ്ടയായ ലോകേഷ് സിംഗ്‌ളയുടേയും പേരുകള്‍ എഫ്.ഐ.ആറില്‍നിന്ന് നീക്കുകയും ചെയ്തു. മുസ്‌ലിംകള്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. പോലീസിന്റെയും ഭരണകൂടത്തിന്റെയും പിന്തുണ ഉറപ്പാക്കിയ മോനു മനേസറും സംഘവും ഒരു കലാപത്തിലേക്ക് മേവാത്ത് മേഖലയെ അതിവേഗം കൊണ്ടെത്തിക്കുകയാണ് പിന്നീടുണ്ടായത്.
പോലീസ് രേഖകളില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന ഒരു ക്രിമിനലാണ്, താന്‍ ബ്രജ് മണ്ഡല്‍ ജലാഭിഷേക യാത്രയില്‍ പങ്കെടുക്കുമെന്നും ഹിന്ദുക്കള്‍ കൂട്ടത്തോടെ തന്റെയൊപ്പം അണിചേരണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. കാര്യങ്ങള്‍ ഇത്രത്തോളം പരിഹാസ്യമായ നിലവാരത്തിലേക്കെത്തിയിട്ടും അതുവരെ കേസില്‍ ഇയാളെ അന്വേഷിച്ചിട്ടും 'കിട്ടാതിരുന്ന' പോലീസ് ഈ യാത്ര വിലക്കാനോ അത് മുസ്‌ലിംകളുടെ മേഖലകളിലൂടെ പോയാല്‍ ഉണ്ടാവാനിടയുള്ള അനിഷ്ട സംഭവങ്ങളെ ഗൗരവത്തിലെടുക്കാനോ തയാറായില്ല. ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കു നേരെ മുസ്‌ലിംകള്‍ നടത്തിയെന്ന് സംഘ് പരിവാര്‍ ആരോപിക്കുന്ന ആക്രമണമാണ് കലാപത്തിന് കാരണമായതെന്നാണ് പോലീസ് ഏറ്റുപിടിക്കുന്ന സിദ്ധാന്തം.
യാത്ര തടയാന്‍ മുസ്‌ലിം ചെറുപ്പക്കാര്‍ രംഗത്തിറങ്ങി എന്നത് വസ്തുതയാണ്. പോലീസില്‍ നിന്നും ഭരണകൂടത്തില്‍നിന്നും സംരക്ഷണം ലഭിക്കില്ലെന്ന് വന്നപ്പോഴായിരുന്നില്ലേ അത്? മതഘോഷയാത്ര എന്നതിനെക്കാളുപരി പോകുന്ന വഴിയിലെ മുസ്‌ലിം സ്ഥാപനങ്ങള്‍ക്കു നേരെ അഴിഞ്ഞാടുന്ന ഈ പുതിയ ഏര്‍പ്പാട് എന്തുകൊണ്ട് ഭരണകൂടം തടഞ്ഞില്ല? മറ്റുള്ളവരുടെ മേക്കിട്ടു കയറാനായി മുസ്‌ലിംകള്‍ ഒരു ജാഥ നടത്താന്‍ നിശ്ചയിച്ചാല്‍ പോലീസ് അനുമതി കൊടുക്കുമോ? കലാപങ്ങളുണ്ടാക്കാനായി സംഘ് പരിവാര്‍ പൊതുവെ എന്താണ് ചെയ്യാറുള്ളതെന്ന് ഇന്ത്യയിലെ പോലീസ് രേഖകളില്‍ ആവോളം തെളിവുകളുള്ള സ്ഥിതിക്ക് കല്ലെറിഞ്ഞു എന്നും മറ്റുമുള്ള ആരോപണത്തെ കുറിച്ച് വേറെ തന്നെ അന്വേഷിക്കേണ്ടതുണ്ട്. മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രതയോടെ നില്‍ക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ക്ഷേത്രങ്ങളിലേക്ക് മലം മുതല്‍ മാംസം വരെ വലിച്ചെറിഞ്ഞ കേസുകള്‍ സംഘ് ബന്ധമുള്ളവർക്കെതിരെ നിലനില്‍ക്കുന്നുണ്ട്. നൂഹില്‍ സംഘര്‍ഷത്തിന് സാധ്യത ഉണ്ടായിരുന്നിരിക്കാം. സ്വന്തം സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ രംഗത്തിറങ്ങിയിട്ടുമുണ്ടാവാം. പക്ഷേ, ബി.ജെ.പി ഭരിക്കുന്ന ഇപ്പോഴത്തെ ഇന്ത്യയില്‍, മുസഫര്‍ നഗറില്‍നിന്ന് അത്രയൊന്നും അകലത്തിലല്ലാത്ത ഒരു പ്രദേശത്ത്, അവര്‍ ഊതിപ്പെരുപ്പിക്കുന്ന വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്കിടയില്‍, തീക്കൊള്ളി കൊണ്ട് മുസ്‌ലിംകള്‍ തലചൊറിയുമെന്ന് കരുതുന്നതില്‍ കുറച്ചൊന്നുമല്ലാത്ത അസ്വാഭാവികതയുണ്ടായിരുന്നു.
എ.പി.സി.ആര്‍ റിപ്പോര്‍ട്ടും ഞെട്ടിക്കുന്ന വസ്തുതകളും പൊടുന്നനെ ഉണ്ടായ പ്രകോപനത്തിന്റെ ഭാഗമല്ല നൂഹിലെ കലാപം എന്നാണ് അസോസിയേഷന്‍ ഓഫ് പ്രൊട്ടക്്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സി(എ.പി.സി.ആര്‍)ന്റെ ആഭിമുഖ്യത്തില്‍ ഹരിയാന സന്ദര്‍ശിച്ച അന്വേഷണ സംഘം പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ എല്ലാ വര്‍ഗീയ കലാപങ്ങളിലുമെന്ന പോലെ സുദീര്‍ഘമായ മുന്നൊരുക്കങ്ങളുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നു അത്. ഫെബ്രുവരി 15-ലെ കൊലപാതകങ്ങളില്‍ പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ലാത്ത മുഖ്യ പ്രതി മോനു മനേസര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുക മാത്രമല്ല, ഈ ജലാഭിഷേക യാത്രയില്‍ നേര്‍ക്കു നേരെ പങ്കെടുക്കുകയും ചെയ്തതാണ് കലാപത്തിന് വഴിയൊരുക്കിയതെന്നാണ് നൂഹിലെ കോണ്‍ഗ്രസ് എം.എല്‍.എ ചൗധരി അഫ്താബ് അഹമ്മദ് ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം ചൗധരി പോലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ബ്രജ് മണ്ഡല്‍ ഘോഷയാത്രകള്‍ നൂഹില്‍ നടന്നുവരുന്നുണ്ടായിരുന്നു. മുസ്‌ലിം പ്രദേശങ്ങളിലൂടെ തെറിവിളിയുമായി കടന്നുപോകുന്ന ഈ 'ഭക്തി' യാത്രകള്‍ക്കു നേരെ ഇത്രയും കാലം സംയമനം പാലിക്കുകയാണ് ആ പ്രദേശത്തുള്ളവര്‍ ചെയ്തത്. പശുക്കടത്ത് ആരോപിച്ചുള്ള മോനുവിന്റെ ഗുണ്ടാപ്പിരിവും ഗോരക്ഷക സംഘങ്ങളുടെ അഴിഞ്ഞാട്ടവുമൊക്കെ ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. അതുകൊണ്ടുതന്നെയാണ് കലാപത്തിന്റെ കാരണത്തെ കുറിച്ച വിഎച്ച്.പി ഭാഷ്യം സംശയാസ്പദമായി മാറുന്നത്. ജൂലൈ 31-നാണ് നൂഹിലെ ഇപ്പോഴത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ തുടക്കം. രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ ആറു പേരുടെ മരണത്തിനും കോടികള്‍ വിലമതിക്കുന്ന നിരവധി സ്വത്തുവകകളുടെ നാശത്തിനും വഴിയൊരുക്കിയ ഈ വംശീയ ആക്രമണം ഏറ്റവുമൊടുവില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന ഭരണകൂടം ഏറ്റെടുത്ത് നടത്തുന്ന മറ്റൊരു ബുള്‍ഡോസര്‍ വേട്ടയാടലായി മാറുക മാത്രമാണ് ഹരിയാനയില്‍ സംഭവിച്ചത്. പോലീസുകാര്‍ കാവല്‍ നില്‍ക്കെയാണ് ഗുരുഗ്രാമിലെ അന്‍ജുമന്‍ ജമാ മസ്ജിദിന് കലാപകാരികള്‍ തീവെച്ചതും മഹല്ലിലെ നാഇബ് ഇമാം മുഹമ്മദ് സആദ് എന്ന 20-കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതും. മോനു മനേസര്‍ മാത്രമല്ല ഭിട്ടു ബജ്‌റംഗി, ദിനേഷ് ഭാരതി എന്നീ പ്രാദേശിക ബജ്‌റംഗ്ദള്‍ നേതാക്കളും തെറ്റായ വാര്‍ത്തകളും വ്യാജ ദൃശ്യങ്ങളും പ്രചരിപ്പിച്ച് കലാപത്തിന് വഴിയൊരുക്കുന്നുണ്ടായിരുന്നു. സുരേന്ദ്ര കുമാർ ജയിനിനെ പോലുള്ള വി.എച്ച്.പിയുടെ ദേശീയ നേതാക്കളും കലാപത്തിന് തുടക്കം കുറിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തവരിലുണ്ട്. സോഹ്‌ന, ഗുരുഗ്രാം, പല്‍വല്‍, ബഹാദൂര്‍ഗഢ്, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ഏതാനും മാസങ്ങളായി കലാപ സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. വിദ്വേഷ പ്രചാരകര്‍ മേഖലയിലുടനീളം മുസ്‌ലിംകളെ ബഹിഷ്‌കരിക്കാനും അവരെ ആക്രമിക്കാനും ആഹ്വാനം ചെയ്യുന്ന നിരവധി സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ആഗസ്ത് 7 ആയപ്പോഴേക്കും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറി. അന്‍ജുമന്‍ മസ്ജിദിനു നേര്‍ക്കു നടന്ന ആക്രമണത്തിന് പിന്നാലെ പല്‍വലിലെ ഹാമിദിയാ മസ്ജിദിനു നേര്‍ക്കും ഹിന്ദുത്വ കലാപകാരികള്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിട്ടു. ശൈഖ്പുര, ഹോഡല്‍ എന്നിവിടങ്ങളിലും പള്ളികളായിരുന്നു ആക്രമണകാരികളുടെ ലക്ഷ്യം. മുസ്‌ലിംകളെ പരമാവധി പ്രകോപിപ്പിച്ച് തെരുവിലിറക്കാനായിരുന്നു സംഘ് പരിവാറിന്റെ പദ്ധതി. ഇതില്‍ ഹോഡലിലെ പള്ളിയുടെ നേര്‍ക്ക് നടന്നത് പെട്രോള്‍ ബോംബ് ആക്രമണമാണ്. ബാദ്ഷാപൂരില്‍ പട്ടാപ്പകല്‍ രണ്ട് മണിയോടെ 200-ഓളം മോട്ടോര്‍ സൈക്കിളുകളിലും എസ്.യു.വികളിലുമായി എത്തിയ അക്രമി സംഘം മുസ്‌ലിംകടകള്‍ തെരഞ്ഞുപിടിച്ച് തീയിട്ടു നശിപ്പിച്ചു. ഈ പ്രദേശത്ത് സമാധാന മാര്‍ച്ച് നടന്ന് എതാനും മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു ആക്രമണം. തിഗ്ര, വസീറാബാദ്, ടിഗാംവ്, സെക്ടര്‍ 70, സെക്ടര്‍ 57, സെക്ടര്‍ 56, ദുന്‍ദഹ്‌റ, പാലം വിഹാര്‍, മനേസര്‍, സുകന്‍ദര്‍പൂര്‍, നാഥൂര്‍പൂര്‍, ടീക്‌ലി, കസന്‍, ഐ.എം.ടി, ഗാട്ടാ വില്ലേജ് എന്നിവിടങ്ങളിലേക്ക് കലാപം പടര്‍ന്നു. പാല്‍റാ ഗ്രാമത്തിലെ ചേരിയില്‍ താമസിച്ച 900-ത്തോളം ബംഗാളി കുടുംബങ്ങളെ രായ്ക്കുരാമാനം കുടിയൊഴിപ്പിച്ചു. നൂഹിലെ റാലിയും അവിടെയുണ്ടായ കശപിശയുമായിരുന്നില്ല കലാപത്തിന്റെ കാരണമെന്ന് വ്യക്തം. മോനു മനേസറിന്റെയും ബിട്ടു ബജ്‌റംഗിയുടെയും വിദ്വേഷ പ്രചാരണങ്ങള്‍ മേഖലയില്‍ ആഴ്ചകളായി പ്രചരിക്കുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതിരുന്ന ജില്ലാ ഭരണകൂടങ്ങള്‍ കലാപം ആരംഭിച്ചതിനു ശേഷമാണ് ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും റദ്ദാക്കാന്‍ തുടങ്ങിയത്. മോനു മനേസര്‍ നടത്തിക്കൊണ്ടിരുന്ന വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് വളരെ കൃത്യമായ തെളിവുകള്‍ പോലീസിന് നല്‍കിയതായാണ് നൂഹിലെ അഭിഭാഷകരായ താഹിര്‍ ഹുസൈന്‍ രുപാദിയയും റംസാന്‍ ചൗധരിയും പറയുന്നത്. നൂഹിലെ വ്യത്യസ്ത സമുദായാംഗങ്ങളുള്‍പ്പെട്ട സമാധാന കമ്മിറ്റിയും വഷളായിവരുന്ന സാമുദായിക അന്തരീക്ഷത്തെ കുറിച്ച് പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഈ ആശങ്കകള്‍ തള്ളിക്കളയുകയാണ് ചെയ്തത്. നടക്കാന്‍ പോകുന്ന ദുരന്തത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിരുന്ന ഈ സൂപ്രണ്ട് പിന്നീട് ലീവില്‍ പ്രവേശിച്ചു. റാലിക്ക് അദ്ദേഹം എതിരായിരുന്നുവെന്നും വി.എച്ച്.പി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുത്തതാണെന്നുമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. പോലീസിന്റേത് വെറും അനവധാനത മാത്രമായിരുന്നില്ലെന്നാണ് പിന്നീട് ആരോപണമുയര്‍ന്നത്. മുസ്‌ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ കലാപകാരികള്‍ക്കൊപ്പം മുഖം മൂടിക്കെട്ടി പോലീസുകാരും പങ്കെടുക്കുന്നതും സി.സി.ടി.വിയുള്ള ഭാഗങ്ങളിലേക്ക് അക്രമി സംഘങ്ങള്‍ പോകാതിരിക്കാന്‍ അവരെ വഴിതിരിച്ചു വിടുന്നതുമൊക്കെ അങ്ങിങ്ങായി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ അഡ്വ. രുപാദിയ സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്. കലാപകാരികള്‍ എന്താണോ ചെയ്തത് അതുതന്നെയാണ് പോലീസും ചെയ്തതെന്നാണ് അഡ്വ. റംസാന്‍ എ.പി.സി.ആര്‍ സംഘത്തിന് നല്‍കിയ മൊഴി.
നീതിപാലകരുടെ ഇരട്ടത്താപ്പ്
കലാപത്തിന് ശേഷമാണ് നിയമപാലകരുടെ ബീഭല്‍സമായ യഥാര്‍ഥ മുഖം പുറത്തുവന്നത്. കലാപം തടയുന്നതില്‍ പരാജയപ്പെട്ട ജില്ലാ ഭരണകൂടം ഉണ്ടായ സംഭവങ്ങള്‍ക്ക് കള്ളക്കഥ മെനഞ്ഞ് വ്യാജമായ കേസുകളില്‍ മുസ്‌ലിംകളെ പിടികൂടുകയാണ് പിന്നീടുണ്ടായത്. നിയമവാഴ്ചയുടെ അടിസ്ഥാന തത്ത്വങ്ങളെ തന്നെ പരിഹസിക്കുന്ന ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ എ.പി.സി.ആര്‍ റിപ്പോര്‍ട്ടിലുണ്ട്. മുസ്‌ലിം ഗ്രാമങ്ങളിലേക്ക് വെളുപ്പിന് അഞ്ച് മണിക്ക് ഡസന്‍ കണക്കിന് വണ്ടികളുമായി വന്ന് ഒരു അറസ്റ്റ് വാറണ്ടുമില്ലാതെ കണ്ണില്‍ കണ്ടവരെയെല്ലാം പിടികൂടി കൊണ്ടുപോവുകയും മൂന്നാം കിട മർദന മുറകളുപയോഗിച്ച് 'യാത്രക്കു നേരെ കല്ലെറിഞ്ഞ' കുറ്റം സമ്മതിപ്പിക്കുകയുമാണ് ചെയ്യുന്നത്. നൂഹില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള മിയോലി ഗ്രാമത്തില്‍ ആഗസ്ത് 1-ന് പോലീസ് നടത്തിയ തേര്‍വാഴ്ച ഉദാഹരണം. നൂഹില്‍ എന്താണ് നടന്നതെന്ന് ഈ ഗ്രാമത്തിലുള്ളവര്‍ അറിയുന്നത് പോലും പോലീസ് എത്തിയതിനു ശേഷമാണ്.
77 വയസ്സ് പ്രായമുള്ള ചൗധരി ഷഫാഅത്തിന്റെ വീട്ടില്‍നിന്ന് ഒമ്പത് അംഗങ്ങളെയാണ് പിടികൂടിയത്. ഇതില്‍ അംഗവൈകല്യമുള്ള ഒരു കുട്ടിയുള്‍പ്പെടെ പ്രായപൂര്‍ത്തിയെത്താത്ത അഞ്ച് പേരുണ്ടായിരുന്നു. മൊത്തം 400-ഓളം അറസ്റ്റുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. മിക്ക വീടുകളിലും സ്ത്രീകളെ അസഭ്യം വിളിച്ചും പരസ്യമായി പുരുഷന്‍മാരെ ഉടുതുണിയുരിഞ്ഞുമൊക്കെയാണ് പോലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്. മേഖലയിലുടനീളം നടന്ന ഇത്തരം അറസ്റ്റുകളുടെ 95 ശതമാനവും മുസ്‌ലിംകള്‍ മാത്രമാണ്. പിടികൂടിയവരെ സ്‌റ്റേഷനിലെത്തിച്ച് ശരീരത്തില്‍ ഭാരം കയറ്റിവെച്ചും ഗുഹ്യഭാഗങ്ങളില്‍ പരിക്കേൽപിച്ചുമൊക്കെയാണ് അവര്‍ ദൃക്‌സാക്ഷികള്‍ പോലുമല്ലാത്ത കലാപത്തിന്റെ പ്രതികളാക്കാനുള്ള പോലീസിന്റെ ആസൂത്രിതമായ നീക്കങ്ങള്‍ നടന്നത്. നിയമവാഴ്ചയിലും ഭരണഘടനാ തത്ത്വങ്ങളിലുമുള്ള ഒരു സമൂഹത്തിന്റെ വിശ്വാസം ചവിട്ടിയരക്കുന്ന ഹരിയാനാ പോലീസിന്റെ ഇത്തരം നീക്കങ്ങള്‍ വിശദമായി റിപ്പോര്‍ട്ടിലുണ്ട്.
നൂഹിലും ബുൾഡോസർ രാജ്
അറസ്റ്റും വേട്ടയാടലും ഒരു ഭാഗത്ത് നടക്കുന്നതിനിടയില്‍ തന്നെ നേരത്തെ തയാറെടുത്തു നിന്ന കലാപകാരികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രദേശത്തെ മുസ്‌ലിം കച്ചവടക്കാരുടെ വീടുകളും കടകളും ലക്ഷ്യമിട്ട് ബി.ജെ.പി ഭരണകൂടത്തിന്റെ ബുള്‍ഡോസറുകളെത്തി. പതിറ്റാണ്ടുകളായി സ്വന്തം കുടുംബത്തിന്റെ ഭൂമിയില്‍ കെട്ടിയുയര്‍ത്തിയ പതിനഞ്ച് കടകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടമായ നവാബ് ശൈഖിന്റെ കഥ ബി.ബി.സിയില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഒരു കെട്ടിടം പോലും നിയമവിരുദ്ധമായി നിർമിച്ചതായിരുന്നില്ല. അത് തെളിയിക്കുന്ന രേഖകളും ശൈഖിന്റെ കൈയിലുണ്ട്. നിയമ വിരുദ്ധമായ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയതെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്നാല്‍, ജാഥക്കു നേരെ കല്ലേറുണ്ടായ കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നല്‍കുന്ന വിശദീകരണം. ഇക്കൂട്ടത്തില്‍ വിരലിലെണ്ണാവുന്ന ചില കടകളും മറ്റും ഹിന്ദുക്കളുടേതും ഉണ്ടെങ്കിലും 95 ശതമാനവും മുസ്‌ലിംകളുടേതാണ്.
ഒരു കെട്ടിടത്തിന്റെ ഉടമസ്ഥന്‍ എന്തെങ്കിലും ക്രമസമാധാന ലംഘനത്തില്‍ ഏര്‍പ്പെട്ടാല്‍ തന്നെയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പോലീസിന്റെയോ ജില്ലാ അധികാരികളുടെയോ തീരുമാനമനുസരിച്ച് കെട്ടിടം പൊളിച്ചുനീക്കാന്‍ അനുമതി നല്‍കുന്ന ഒരു വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഇതുവരെ അനുശാസിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമത്തില്‍ പോലും ഇങ്ങനെയൊരു വകുപ്പ് ഇല്ലെന്നാണ് മനസ്സിലാവുന്നത്. നൂഹിലാകട്ടെ, പ്രാഥമികമായ തെളിവ് പോലും ഹാജരാക്കാതെയാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയുമൊക്കെ വഴിയാധാരമാക്കുന്ന പ്രാകൃതമായ ഈ കാട്ടുനീതി നടപ്പായത്. വീട് നഷ്ടപ്പെട്ട നൂറു കണക്കിനാളുകള്‍ ഈ കഠിന വേനൽക്കാലത്ത് വെളിമ്പ്രദേശങ്ങളിലും മലകളിലുമൊക്കെ അഭയം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം 1208 കെട്ടിടങ്ങളാണ് നൂഹില്‍ ഇടിച്ചുനിരത്തിയത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർ പ്രദേശ്, മധ്യപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായ തോതില്‍ നിയമവിരുദ്ധമായ ഈ സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്.
നാലു ദിവസം തുടര്‍ന്ന ഈ കിരാതവാഴ്ച ഹൈക്കോടതി ഇടപെട്ട് അവസാനിപ്പിച്ചെങ്കിലും ആ ഉത്തരവ് നല്‍കിയ ബെഞ്ചിനെ തൊട്ടടുത്ത ദിവസം കേസില്‍ വിചാരണ കേള്‍ക്കുന്നതില്‍നിന്ന് മാറ്റുകയാണ് പിന്നീടുണ്ടായ അങ്ങേയറ്റം ഗുരുതരമായ സംഭവവികാസം; രൂക്ഷമായ വിമര്‍ശനത്തെ തുടര്‍ന്ന് കേസ് പിന്നീട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റി ഹരിയാനാ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും.
ബി.ജെ.പി ഇന്ത്യയെ നയിക്കുന്ന വഴി
ഗുജറാത്ത് കലാപം മുതല്‍ക്ക് തുടക്കമിട്ട്, മുസഫര്‍ നഗറും ദല്‍ഹിയും പിന്നിട്ട് ബി.ജെ.പിയുടെ വംശഹത്യാ രാഷ്ട്രീയം ഒടുവില്‍ മണിപ്പൂരിലും നൂഹിലും എത്തിനില്‍ക്കുകയാണ്. ദല്‍ഹി കലാപത്തിന് വഴിമരുന്നിട്ട കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറും സാഹിബ് പര്‍വേഷും, മുസഫര്‍ നഗര്‍ കലാപത്തിന് അണിയറയില്‍ ചരടുവലിച്ച സഞ്ജീവ് ബാലിയനും സംഗീത് സോമും സുരേഷ് റാണയും, സഹാറൻപൂരില്‍ ദലിതര്‍ക്കെതിരെ നടന്ന കലാപത്തില്‍ ആരോപിക്കപ്പെട്ട രാജീവ് ലഖന്‍പാലും ബംഗളൂരുവിലെ തേജസ്വി സൂര്യയുമൊക്കെ മതേതരത്വത്തിന്റെ മറുപക്ഷത്ത് ബി.ജെ.പി വളര്‍ത്തിയെടുത്ത ഭാവിയുടെ നേതാക്കളായാണ് മാറിയത്. മാലെഗാവ് ഹാമിദിയാ മസ്ജിദിലും സംഝോത്താ എക്‌സ്പ്രസിലും ബോംബുവെച്ച കേസുകളില്‍ വിചാരണ നേരിടുന്ന പ്രഗ്യാസിംഗും മറ്റൊരു വനിതാ'താര'മായ പ്രാച്ചിയുമൊക്കെ ഉള്‍പ്പെടുന്ന ഈ നേതാക്കള്‍ ഏതെങ്കിലും പരിഷ്‌കൃത സമൂഹങ്ങളിലാണ് ഉണ്ടായിരുന്നതെങ്കിലെന്ന് ഒന്നാലോചിച്ചു നോക്കൂ. ആജീവനാന്തം ജയിലില്‍ കിടക്കുമായിരുന്നില്ലേ? വെറുപ്പ് വിറ്റ് വളരാന്‍ നോക്കുന്ന ഏത് തെമ്മാടിക്കും നിഷ്പ്രയാസം നേതാവായി മാറാനാവുന്ന ഒരു സാഹചര്യമാണ് ബി.ജെ.പി രാജ്യത്ത് ബോധപൂർവം സൃഷ്ടിച്ചുണ്ടാക്കുന്നത്. അതാണ് രാഹുല്‍ ഭംഗ്യന്തരേണ ചൂണ്ടിക്കാട്ടിയത്. ഭാരത്മാതാ എന്ന സങ്കല്‍പ്പത്തെയാണ് ബി.ജെ.പി കൊല്ലുന്നത്.
ബി.ജെ.പി സര്‍ക്കാറുകളുടെ ഭരണമികവോ അവരുടെ സംവിധാനങ്ങളുടെ കാര്യക്ഷമതയോ അല്ല ഹരിയാനയിലും മണിപ്പൂരിലും രാജ്യം കണ്ടത്. സോഷ്യല്‍ മീഡിയയാണ് മണിപ്പൂരില്‍ ബി.ജെ.പിയുടെ ധാർഷ്ട്യത്തെ മുട്ടുകുത്തിച്ചത്. അപമാനിക്കപ്പെടുന്ന ആ യുവതികളുടെ ദൃശ്യങ്ങള്‍ ഗോദി മീഡിയക്ക് കിട്ടാത്തവ ആയിരുന്നുവെന്ന് കരുതാനാവില്ല. അവര്‍ മൂടിവെച്ചതാവാനേ തരമുള്ളൂ. നൂഹിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. കര്‍ഷകരും സിഖ് സമുദായാംഗങ്ങളും മുസ്‌ലിംകള്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതും ഹൈക്കോടതിയിലെ നീതിബോധമുള്ള രണ്ട് ജസ്റ്റിസുമാര്‍ സ്വമേധയാ ഇടപെട്ടതുമാണ് ഹരിയാനയിലെ ചിത്രത്തെ മറ്റൊന്നാക്കിയത്.
നൂഹിലെ വംശീയ അതിക്രമങ്ങള്‍ മാസങ്ങള്‍ തന്നെ നീണ്ടുനിന്നാലും പ്രധാനമന്ത്രി വായതുറക്കാതെയും മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മൂടിവെച്ചുമൊക്കെ ബി.ജെ.പിയങ്ങനെ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടു പോയേനെ. കര്‍ഷകരുടെ മഹാപഞ്ചായത്ത് നടന്ന ഹരിയാനയിലെ ബാസ് ഗ്രാമത്തില്‍ വിവിധ സമുദായങ്ങളില്‍ പെട്ട രണ്ടായിരത്തോളം കര്‍ഷകരെത്തി സംസ്ഥാന സര്‍ക്കാറിന് താക്കീത് നല്‍കിയപ്പോഴാണ് സംഘ് പരിവാര്‍ ഒതുങ്ങിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ ഏറ്റവും ശക്തമായി പ്രക്ഷോഭകര്‍ രംഗത്തുവന്ന പ്രദേശങ്ങളിലൊന്നു കൂടിയാണ് ബാസ് ഉള്‍പ്പെട്ട ഹിസാര്‍ ജില്ല. ചില ബി.ജെ.പി അനുകൂല കാപ്പ് പഞ്ചായത്തുകള്‍ മുസ്‌ലിംകള്‍ ഇനിമുതല്‍ അവരുടെ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് പ്രമേയം പാസാക്കുന്നത് മാത്രമായിരുന്നു അതുവരെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ബാസിലെ മഹാപഞ്ചായത്ത് വേദിയില്‍, 'മുസ്‌ലിംകളെ തൊടാന്‍ ധൈര്യമുണ്ടെങ്കില്‍ രംഗത്തു വാ' എന്ന കര്‍ഷക നേതാവ് സുരേഷ് കോത്തിന്റെ വെല്ലുവിളി ബി.ജെ.പിക്കേറ്റ കനത്ത പ്രഹരമായിരുന്നു. ഈ സിഖ് - ഹിന്ദു കര്‍ഷകര്‍ മുസ്‌ലിംകളോടൊപ്പം കട്കര്‍കലാന്‍ ടോള്‍ പ്ലാസക്കു സമീപത്തെ സമരവേദിയില്‍ ഒന്നിച്ച് ഈദ് നമസ്‌കരിച്ചവര്‍ ആയിരുന്നുവെന്നത് മറക്കരുത്. ആ കൂട്ടായ്മ അടുത്ത തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഉണ്ടാക്കാന്‍ പോകുന്ന തിരിച്ചടിയെ ഭയന്നാണ് മോനു മനേസറിനെ ഇളക്കിവിട്ടതെങ്കില്‍ കളി കൈവിട്ടുപോകുന്നുവെന്ന് മനോഹര്‍ലാല്‍ ഖട്ടറിന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ടാവും.
Comments