Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 25

3315

1445 സഫർ 08

അമേരിക്കയിലെ സ്ത്രീകളുടെ ലോകം

ഡോ. മുനീർ മുഹമ്മദ് റഫീഖ്

ന്യൂയോര്‍ക്കില്‍നിന്ന് റോചസ്റ്ററിലേക്കുള്ള യാത്രയിലാണ് ഫരീദയെ പരിചയപ്പെടുന്നത്. എഴുപതിനടുത്ത് പ്രായം കാണുമെങ്കിലും ആരോഗ്യവതി. മേല്‍കോട്ടും പാന്റ്‌സും ധരിച്ച അവര്‍ ഒറ്റനോട്ടത്തില്‍ ഉദ്യോഗസ്ഥയാണെന്ന് തോന്നും. തല മറയ്ക്കാത്ത അവരെ വേഷംകൊണ്ട് മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ കഴിയില്ല. എനിക്കും അവര്‍ക്കും അടുത്തടുത്തായിരുന്നു സീറ്റ്. അവര്‍ക്കനുവദിക്കപ്പെട്ട സീറ്റാണതെങ്കിലും സഹയാത്രികനായ എന്നോട് ഉപചാരപൂര്‍വം അനുവാദം ചോദിച്ചാണ് അവര്‍ അവിടെയിരുന്നത്. സംസാരത്തിലും പെരുമാറ്റത്തിലും കുറെയേറെ ഉപചാരങ്ങളുണ്ട് അമേരിക്കക്കാര്‍ക്ക്. പരസ്പരം കണ്ടുമുട്ടുന്നവര്‍ സലാം പറഞ്ഞ് അഭിവാദ്യം ചെയ്തു സംസാരിച്ചുതുടങ്ങുമ്പോള്‍ മുസ്‌ലിംകൾക്കുണ്ടാകുന്ന പോസിറ്റീവ് ഫീലിംഗിന് സമാനമായ ഒരു വികാരമാണ് അമേരിക്കക്കാര്‍ ഹായ് ഹലോ പറഞ്ഞ് സംസാരമാരംഭിക്കുമ്പോള്‍. രാവിലെ ജോഗിംഗിനിറങ്ങുമ്പോള്‍ കണ്ടുമുട്ടുന്ന അപരിചതരായ വെള്ളക്കാര്‍പോലും എത്ര പ്രസന്നവദരായാണ് ഹലോയും ഗുഡ് മോണിംഗും പറഞ്ഞ് അഭിവാദ്യം ചെയ്യുന്നത്! മറുനാട്ടിലാകുമ്പോള്‍ മനസ്സില്‍ അറിയാതെ രൂപപ്പെടുന്ന ഒരുതരം 'വിദേശി'  അന്യതാബോധത്തെ അലിയിച്ചുകളയാന്‍ മാത്രം ശക്തിയുണ്ട് അവരുടെ പുഞ്ചിരിക്കും ഗുഡ്‌മോണിംഗിനും. ആറ് മണിക്കൂറിലധികം നീണ്ട ബസ്‌യാത്ര ഫരീദയുമായി സാമാന്യം സുദീര്‍ഘമായി സംസാരിക്കാന്‍ അവസരം നല്‍കി. അതുവഴി ഒരു ടിപ്പിക്കല്‍ അമേരിക്കന്‍ വനിതയുടെ ജീവിതം എനിക്കു മുമ്പില്‍ അനാവൃതമായി.

 ടൊറണ്ടോ നഗരത്തില്‍ ഒരു സൂപ്പര്‍മാർക്കറ്റിലെ മാനേജറാണവര്‍. ആഴ്ചയിലെ അവസാന ദിവസങ്ങള്‍ ന്യൂയോർക്കില്‍ ചെലവഴിച്ച് (അടിച്ചുപൊളിച്ച്) കാനഡയിലേക്ക് മടങ്ങുകയാണ്. എന്നോ വിവാഹമോചിതയായ അവര്‍ക്ക് മക്കളില്ല. ആകെയുള്ളത് മാതാവ് മാത്രം. ആഴ്ച മുഴുവന്‍ ജോലി ചെയ്ത് വീകെന്‍ഡ് നഗരത്തില്‍ സുഹൃത്തുക്കൾക്കൊപ്പം ആസ്വദിക്കുന്ന ഒരു ശരാശരി അമേരിക്കക്കാരിയുടെ പ്രതീകമാണ് ഫരീദ. വാര്‍ധക്യത്തിലേക്ക് നടന്നടുക്കുമ്പോഴും ജീവിതം ആസ്വദിക്കുന്നവള്‍. പ്രായമായിട്ടും തൊഴിലെടുക്കാന്‍ മടിയില്ലാത്തവള്‍. മാതാവിനപ്പുറമുള്ള കുടുംബ ബന്ധങ്ങളിലേക്ക് ആലോചനകള്‍ നീളാത്തവള്‍. ഫരീദയെപ്പോലെ വിവാഹ ബന്ധം വേർപ്പെടുത്തിയോ, അങ്ങനെയല്ലാതെയോ ഏകാന്ത ജീവിതം നയിക്കുന്ന അനേകം സ്ത്രീകളുണ്ടിവിടെ. കുടുംബ ബന്ധങ്ങളെക്കാളും മതമൂല്യങ്ങളെക്കാളും ലിബറല്‍ ജീവിതമൂല്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവര്‍. ആഴ്ചയിലെ അവസാന രാവുകളില്‍ സജീവമാകുന്ന അമേരിക്കന്‍ തെരുവുകളില്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന ജനത. ആട്ടവും പാട്ടും മദ്യസേവയുമൊക്കെ ആ ജീവിതത്തിലെ പതിവ് കാഴ്ചകള്‍ മാത്രം. എല്ലാവരും അവരവരുടെ ജീവിതം കരുപ്പിടിപ്പിക്കാനോ ആഘോഷിക്കാനോ ഉള്ള നെട്ടോട്ടത്തിലാണിവിടെ. തങ്ങളുടെ സ്വകാര്യതയിലേക്കും സുഖസൗകര്യങ്ങളിലേക്കും മാത്രം ചുരുണ്ടുകൂടുന്നവര്‍. ഒരു ശരാശരി അമേരിക്കക്കാരിയുടെ ജീവിതം ഇങ്ങനെയൊക്കെയാണ്.

സ്വയം പര്യാപ്തരാണ് ഇവിടെ സ്ത്രീകള്‍. തൊഴില്‍, ഉദ്യോഗം, കല ഇങ്ങനെ തങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും കാര്യങ്ങളില്‍ വ്യാപൃതരാണ് അധിക സ്ത്രീകളും. പുരുഷന്റെ വരുമാനംകൊണ്ട് മാത്രം വര്‍ധിച്ചുവരുന്ന കുടുംബചെലവുകള്‍ താങ്ങാനാകാത്ത സാഹചര്യവും സ്ത്രീകളെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ടാവാം. രാത്രി വൈകിയും ബസ്സിലും സ്‌റ്റേഷനുകളിലുമെല്ലാം സ്ത്രീകള്‍ സ്വതന്ത്രരായും സുരക്ഷിതരായും യാത്ര ചെയ്യുന്നു. ദീര്‍ഘദൂര ബസ്സ് യാത്രികരില്‍ അധികവും സ്ത്രീകളാണ്. ആഫ്രിക്കനും യൂറോപ്യനും കറുത്തവനും വെളുത്തവനുമൊക്കെ തോളോടുതോള്‍ ചേര്‍ന്നിരുന്നു യാത്ര ചെയ്യുന്ന ഈ ബസ്സില്‍ പോലും ഈ രാജ്യത്തിന്റെ വൈവിധ്യം ദൃശ്യമാണ്.

സ്ത്രീകളും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളും

അമേരിക്കന്‍ ജീവിതം പൊതുവില്‍ ഇങ്ങനെയൊക്കെയായിരിക്കാം. എന്നാല്‍, ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇസ്‌ലാമിക പ്രവര്‍ത്തകരായ സ്ത്രീകളുടെ ജീവിതം. കാരണം, ഓരോരുത്തര്‍ക്കും അവരവര്‍ ഇഷ്ടപ്പെടുന്ന ജീവിതം കരുപ്പിടിപ്പിക്കാനുള്ള സാഹചര്യമുണ്ടിവിടെ. അവനവന്റെ ഇഷ്ടങ്ങളുടെയും നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും നാടാണിത്. ഒരാളുടെ സ്വാതന്ത്ര്യം അപരന്റെ അവകാശങ്ങളെ കവരാത്തിടത്തോളം ഇവിടെ ആര്‍ക്കും എന്തും ചെയ്യാം.  അനിയന്ത്രിതമായ ഈ സ്വാതന്ത്ര്യം ചിലരെ  അധാർമികതയിലേക്ക് നയിക്കുന്നുവെന്നത് വാസ്തവമാണ്. എന്നല്ല, അങ്ങനെയുള്ളവരായിരിക്കാം ഭൂരിഭാഗവും. എന്നാല്‍, ആ സ്വാതന്ത്ര്യത്തിന്റെ അതേ സാധ്യതകള്‍ തന്നെ നല്ല മനുഷ്യര്‍ക്കു മുമ്പിലും വലിയ അവസരങ്ങള്‍ തുറന്നിടുന്നുണ്ടിവിടെ. മുസ്‌ലിംകള്‍ ഇത്രയും ന്യൂനപക്ഷമായ ഒരു രാജ്യത്ത് ഒരു മുസ് ലിമിന്റെ വ്യക്തിജീവിതവും മറ്റു ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളും ഇത്ര വ്യവസ്ഥാപിതമായും സുന്ദരമായും കൊണ്ടുപോകാന്‍ കഴിയുന്നതെങ്ങനെയെന്ന് ചോദിച്ചാല്‍, അമേരിക്ക തങ്ങളുടെ ജനതക്ക് നല്‍കുന്ന സ്വാതന്ത്ര്യം എന്ന ഒറ്റ ഉത്തരമേയുള്ളൂ. നല്ല മനുഷ്യര്‍ അത് പരമാവധി നന്മകളില്‍ മുന്നേറാന്‍ ഉപയോഗപ്പെടുത്തുമ്പോള്‍, ദുര്‍വൃത്തര്‍ അവരുടെ ഇഷ്ടങ്ങള്‍ക്കും ഈ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നു.

അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ മുസ് ലിംകളുമായി സംവദിച്ചപ്പോള്‍ ശ്രദ്ധയിൽപെട്ട ഒരു പ്രധാന കാര്യം ഇസ് ലാമിക പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവനരംഗങ്ങളിലുമുള്ള സ്ത്രീകളുടെ സജീവതയും പങ്കാളിത്തവുമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, സ്ത്രീ ഇവിടെ 'സൂപ്പര്‍ വുമൺ' ആണ്. അമേരിക്കയിലെ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകക്ക് നാട്ടിലെ ഏറ്റവും നല്ല ഇസ്‌ലാമിക പ്രവര്‍ത്തകയെക്കാള്‍ കർമകുശലതയുണ്ട്. മുസ് ലിം സ്ത്രീകള്‍ക്ക് സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കാന്‍ അമേരിക്ക തുറന്നിടുന്ന സാധ്യതകളുടെ വലിയ ലോകമായിരിക്കാം ഈ മാറ്റത്തിന് കാരണം. സ്ത്രീകളുടെ പൊതുരംഗത്തെ പ്രവര്‍ത്തനങ്ങളെയും അവരുടെ സ്വതന്ത്ര ഉദ്യമങ്ങളെയും സംശയദൃഷ്ടിയോടെ കണ്ടുശീലിച്ച  സമൂഹത്തില്‍ സ്ത്രീശാക്തീകരണവും വനിതാക്ഷേമവുമൊക്കെ  വാചാടോപങ്ങള്‍ മാത്രമായിരിക്കും. നമ്മുടെ കേരളീയ സാമൂഹിക ഘടന സ്ത്രീക്ക് വിലക്കിയ കുറേ പദവികളും ഉത്തരവാദിത്വങ്ങളും അവര്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണെന്ന് അമേരിക്ക പോലൊരു സാമൂഹിക ചുറ്റുപാടില്‍ അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഒരേ സമയം ഗൃഹഭരണവും ജോലിയും കമ്യൂണിറ്റി സര്‍വീസും മതപഠനവും ഷോപ്പിംഗും തുടങ്ങി ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ് ഇവിടത്തെ മുസ്‌ലിം സ്ത്രീ. ഈ ദൃശ പ്രവര്‍ത്തനങ്ങള്‍ അമിത ഭാരമേറ്റി മനസ്സില്ലാ മനസ്സോടെ ചെയ്യുകയല്ല. വീട്ടുജോലികളിലും പഠനത്തിലും ക്ലാസ്സുകളിലും കമ്യൂണിറ്റി സര്‍വീസിലുമൊക്കെ അവളുടെ മനസ്സും ശരീരവും ഒരുപോലെ അര്‍പ്പിച്ചിരിക്കുന്നു. ജോലിയും കമ്യൂണിറ്റി സേവനങ്ങളും അറിഞ്ഞാസ്വദിച്ച് ചെയ്യുന്ന കർമനിരതരായ അനേകം സ്ത്രീകളുണ്ടിവിടെ. നാട്ടില്‍ മതപരമായി പിന്നാക്കം നിന്നവര്‍ പോലും സ്വയം പ്രചോദിതരായി ഇസ്‌ലാമിന്റെ മുന്നണിപ്പോരാളികളായ ധാരാളം കഥകളുണ്ട് ഇവിടത്തെ കുടിയേറ്റ മുസ്‌ലിംകള്‍ക്കിടയില്‍. ഇസ്‌ലാമിക പ്രവര്‍ത്തനത്തിനുള്ള സാധ്യതകള്‍ അത്രയുമുണ്ടിവിടെ.

കഴിഞ്ഞ കുറേ നാളുകളായി അമേരിക്കയിലെ ഡെന്‍വറില്‍ സ്ഥിരതാമസമാക്കിയ ലബീബ സമീർ അമേരിക്കൻ മുസ്‌ലിം വനിതയുടെ വ്യക്തി-സാമൂഹിക ജീവിതത്തെ അടയാളപ്പെടുത്തുന്നുണ്ട്. മൂന്ന് കുട്ടികളുടെ മാതാവായ അവര്‍ ഒരേസമയം വ്യക്തി-കുടുംബ ജീവിതത്തിലും സാമൂഹിക രംഗങ്ങളിലും  നിറഞ്ഞുനില്‍ക്കുന്നു.  സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അവര്‍ അമേരിക്കയിലെ ഏറ്റവും വലിയ മുസ് ലിം സംഘടനയായ ICNA (Islamic Council of North America) യുടെ വെസ്റ്റ് റീജ്യന്‍ വനിതാ വിംഗ് ശൂറാ മെമ്പര്‍, ഇസ്‌ലാം ദഅ്വാ ഗ്രൂപ്പായ Why Islam ന്റെ സെന്‍ട്രല്‍ ടീം മെമ്പര്‍, വെസ്റ്റ് റീജ്യന്‍ ഔട്ട്‌റീച് റപ്രസന്ററ്റീവ് തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നു. നോര്‍ത്ത് അമേരിക്കന്‍ മലയാളി ഇസ്‌ലാമിക പ്രവര്‍ത്തകരുടെ മദ്റസാ സംവിധാനമായ 'വെളിച്ചം' ഓണ്‍ലൈന്‍ മദ്റസയില്‍ അധ്യാപിക കൂടിയാണ് ലബീബ. ICNA വനിതകള്‍ക്കായി നടത്തുന്ന ചതുര്‍വര്‍ഷ തഫ്‌സീര്‍ കോഴ്‌സ്, Online Institute of Woman ന്റെ ഉലൂമുല്‍ ഹദീസ്- ഉലൂമുല്‍ ഖുര്‍ആന്‍  കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് അവര്‍. ഇതിനൊക്കെ പുറമെ, ഡെന്‍വറിലെ ഇസ് ലാമിക് സെന്റര്‍ ഓഫ് ബോള്‍ഡറിലെ, മതപഠന, കമ്യൂണിറ്റി-ചാരിറ്റി പ്രവര്‍ത്തനങ്ങളിലും ഭര്‍ത്താവ് സമീര്‍ ബിന്‍ ഖാലിദിനൊപ്പം സജീവ പങ്കാളിയാണവര്‍. നാട്ടിലെ കുടുംബ-സുഹൃദ് ബന്ധങ്ങളൊക്കെ മിസ്സ് ചെയ്യുമെങ്കിലും, നാട്ടില്‍ അത്തരം കാര്യങ്ങള്‍ക്ക് പോകുന്ന സമയം ഇങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ സാധിക്കുന്നതിലെ സംതൃപ്തിയുണ്ട് അവരുടെ സംഭാഷണത്തില്‍. ഇവിടത്തെ പല ഇസ് ലാമിക പ്രവര്‍ത്തകരുടെയും ജീവിതം ഇങ്ങനെയൊക്കെയാണ്.

കുട്ടികളും വിദ്യാഭ്യാസ രീതിയും

അമേരിക്കയിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് പല രക്ഷിതാക്കള്‍ക്കും വലിയ മതിപ്പാണ്. കുട്ടികളുടെ വായനാ ശീലമാണ് അമേരിക്കന്‍ വിദ്യാഭ്യാസക്രമത്തില്‍ എന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യം. ഇവിടെ ചെറിയ ക്ലാസ്സുകള്‍ മുതല്‍ കുട്ടികള്‍ അവരവരുടെ പ്രായത്തിനനുയോജ്യമായ പുസ്തകങ്ങള്‍ വായിച്ചു ശീലിക്കുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ലൈബ്രറിയില്‍ പോയി ബാലസാഹിത്യങ്ങള്‍, സയന്‍സ്  നോവലുകള്‍ തുടങ്ങിയവ എടുത്തു വായിക്കുന്നതും കുറിപ്പുകള്‍ തയാറാക്കുന്നതുമൊക്കെ ഇവിടെ കുട്ടികള്‍ക്കിടയില്‍ പതിവാണ്. ഈ ശീലം ചിലരെ ചെറുപ്രായത്തിലേ നല്ല വായനക്കാരാക്കി മാറ്റുന്നു. ഡെന്‍വറില്‍ സമീര്‍ ബിന്‍ ഖാലിദ്-ലബീബ ദമ്പതികളുടെ മകന്‍ പത്താം ക്ലാസുകാരന്‍ യൂസുഫ് 15 വയസ്സിനുള്ളില്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ നമ്മെ തെല്ലൊന്ന് അതിശയപ്പെടുത്തും. വീട്ടില്‍ സജ്ജമാക്കിയ അവന്റെ ചെറു ലൈബ്രറിയില്‍ സയന്‍സ് ഫിക്്ഷന്‍, ലോക ചരിത്രം, ഇസ് ലാമിക ചരിത്രം തുടങ്ങി പല മേഖലകളിലുമുള്ള പുസ്തകങ്ങളുണ്ട്. അവയൊക്കെ വായിച്ചു തീര്‍ത്ത് അടുത്ത പുസ്തകങ്ങള്‍ക്കായി കാത്തിരിക്കുകയാണവന്‍. പ്രായത്തെക്കാള്‍ പക്വതയുള്ള യൂസുഫിന്റെ സംസാരത്തില്‍ പരന്ന വായനയിലൂടെ അവനാർജിച്ച അറിവും പ്രതിഫലിക്കും.

  ഡെന്‍വറിലെ ലോംഗ് മോണ്ടില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ അഫ്‌സലിന്റെ പത്തുവയസ്സുകാരന്‍ മകന്‍ അഹ്സന്റെ ഏറ്റവും വലിയ ആഗ്രഹം ലോകമറിയുന്ന ഒരു എഴുത്തുകാരനാകണമെന്നതാണ്. സാധാരണ കുട്ടികള്‍ സൂപ്പര്‍മാനോ സ്‌പൈഡര്‍മാനോ പോലുള്ള സൂപ്പർ ഹീറോ ആകാന്‍ കൊതിക്കുമ്പോള്‍, ഈ ചെറുപ്രായത്തില്‍ ഗ്രന്ഥകാരനാകാനുള്ള അടങ്ങാത്ത ആഗ്രഹവുമായി വെറുതെയിരിക്കുകയല്ല അഹ്‌സന്‍; അവന്റെ രീതിയില്‍ അവന്‍ ഗ്രന്ഥരചന ആരംഭിച്ചുകഴിഞ്ഞു. 8-ാം വയസ്സില്‍ താനെഴുതിയ  നോവല്‍ അവനെന്നെ കാണിച്ചു. കെട്ടിലും മട്ടിലും ലക്ഷണമൊത്ത ഒരു പുസ്തകം. ആല്‍ബനിയിലെ ജംഷീദ്-തസ്‌നി ദമ്പതികളുടെ മകള്‍ ആറു വയസ്സുകാരി മശാല്‍ വായനക്കാരി മാത്രമല്ല, എഴുത്തുകാരിയുമാണ്. ഈ ചെറുപ്രായത്തില്‍ അവളുടെ മനസ്സില്‍ കവിതകള്‍ വിരിയുന്ന ഭാവനാലോകം തീര്‍ത്തത് അവളുടെ ഗൃഹ-പാഠശാലാ അന്തരീക്ഷം തന്നെയാകണം. അക്ഷരങ്ങള്‍ എഴുതിപ്പഠിച്ചുവരുന്നേയുള്ളൂവെങ്കിലും പോകാന്‍ നേരം അവള്‍ എനിക്കൊരു കത്തെഴുതി. എന്റെ ഹ്രസ്വസന്ദര്‍ശനം അവളിലുണ്ടാക്കിയ ആഹ്ലാദത്തെ, വരച്ചുവെച്ച ഒരു ചെറു കവിതപോലെ മനോഹരമായിരുന്നു എന്റെ മനം കുളിര്‍പ്പിച്ച ആ എഴുത്ത്.

അമേരിക്കയുടെ പൊതുജീവിതത്തിന്റെ ഭാഗമാണ് ലൈബ്രറികള്‍. ലൈബ്രറിയില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. എല്ലാ ലൈബ്രറികളിലും ബാലസാഹിത്യങ്ങള്‍ ഉണ്ടെന്നു മാത്രമല്ല, ബാലമനസ്സിനെ ആകര്‍ഷിക്കുംവിധം ലൈബ്രറിയില്‍ ഒരിടം കുട്ടികള്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കും. ഇവിടെ കുട്ടികളുടെ പാഠ്യപ്രവര്‍ത്തനങ്ങളില്‍ മത്സരബുദ്ധി കുറവാണ്. ഓരോരുത്തരും വ്യത്യസ്തരാണെന്നും ഓരോരുത്തര്‍ക്കും വ്യത്യസ്ത കഴിവുകളുണ്ടെന്നും കുട്ടികള്‍ ചെറുപ്പത്തിലേ മനസ്സിലാക്കാന്‍ ഇത് അവസരം നല്‍കുന്നു. ഒരു ദിവസത്തില്‍ അധിക മണിക്കൂറുകളും ലാപ്‌ടോപ് പോലുള്ള ഇലക്ട്രോണിക്‌ ഗാഡ്ജറ്റിനു മുമ്പില്‍ ചെലവഴിക്കേണ്ടിവരുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ മക്കള്‍ (സ്‌കൂള്‍ കുട്ടികള്‍) പോലും ഇലക്ട്രോണിക്‌ ഗാഡ്ജറ്റുകള്‍ കുറഞ്ഞ സമയം മാത്രം ഉപയോഗിക്കുന്നവരാണെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം. കുഞ്ഞുങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വില നല്‍കുന്ന ഒരു സാമൂഹിക ക്രമമാണിവിടെ.

എന്നാല്‍, ഇത്തരം ഗുണങ്ങള്‍ ഉള്ളതോടൊപ്പം ചില പോരായ്മകളും ഈ വിദ്യാഭ്യാസ രീതിക്കുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. രക്ഷിതാക്കള്‍ അതിനെക്കുറിച്ച് തികച്ചും ബോധവാന്‍മാരാണ്. അമേരിക്കയുടെ ലിബറല്‍ സാംസ്‌കാരിക മൂല്യങ്ങള്‍ ഏറെ പ്രതിഫലിക്കുന്ന ഇടങ്ങള്‍ കൂടിയാണ് ഇവിടത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മറ്റുള്ളവര്‍ക്ക് ഹാനികരമാകാത്ത രീതിയില്‍ എന്തും ചെയ്യാമെന്ന അധ്യാപക ഉപദേശം കുട്ടികള്‍ക്ക് തോന്ന്യാസങ്ങള്‍ ചെയ്യാനുള്ള ലൈസന്‍സാണ്. ഈ ചെറുപ്രായത്തില്‍തന്നെ ഏതുതരം അശ്ലീല കണ്ടന്റുകളും  കാണുന്നതിന് അധ്യാപകരുടെ ഭാഗത്തു നിന്ന് വിലക്കുകളൊന്നുമില്ലാത്തത് കുട്ടികളെ എവിടെ കൊണ്ടെത്തിക്കുമെന്ന ആശങ്ക മുസ് ലിം രക്ഷിതാക്കള്‍ക്കു മാത്രമല്ല എല്ലാവർക്കുമുണ്ട്. ഉദാര ലൈംഗികതക്കു പുറമേ ഇപ്പോള്‍, ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും കുട്ടികളുടെ മാനസിക ബൗദ്ധിക വളര്‍ച്ചയെ സാരമായി ബാധിക്കുന്നുവെന്നതാണ് ഇവിടത്തെ വിദ്യാഭ്യാസരീതിയില്‍ രക്ഷിതാക്കള്‍ കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി. വിദ്യാർഥികേന്ദ്രിതമായ ഈ വിദ്യാഭ്യാസ ക്രമത്തില്‍ അധ്യാപകര്‍ കൂട്ടുകാരെപ്പോലെയാണ്. അതുകൊണ്ട് പല ഗുണങ്ങളുമുണ്ടെന്നതു നേരു തന്നെ. പക്ഷേ, അധ്യാപകരോടുള്ള ബഹുമാനാദരവുകളുടെ ധാര്‍മിക വശം ചോര്‍ന്നുപോകുന്നുവെന്നത് വലിയ പോരായ്മയാണ്. എന്നു മാത്രമല്ല, മാതാപിതാക്കളോടുള്ള സ്‌നേഹബഹുമാനത്തിലും ആ കുറവ് നന്നായി പ്രതിഫലിക്കുന്നതും രക്ഷിതാക്കളെ അസ്വസ്ഥപ്പെടുത്തുന്നു.

   കൃത്യമായ ഇസ് ലാമിക ശിക്ഷണത്തിന്റെയും ധാര്‍മിക ബോധത്തിന്റെയും അനിവാര്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇവിടത്തെ മദ്റസകളുടെ പ്രധാന റോള്‍, ഇത്തരം  അധാർമികതകളില്‍നിന്ന് കുട്ടികളെ മോചിപ്പിക്കുക  എന്നതാണ്. പൊതുവിദ്യാഭ്യാസം പോലെ മതപഠനവും പ്രത്യേകിച്ച്, മദ്റസാ സംവിധാനം ഇവിടെ മികച്ചവതന്നെ. ആല്‍ബനിയിലെ അല്‍ഹിദായ മദ്റസയെക്കുറിച്ച് ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ സോഫ്റ്റ്്വെയര്‍ എഞ്ചിനീയറായ തസ്‌നി ജംഷീദിന് വലിയ മതിപ്പാണ്. ആ ഇസ്‌ലാമിക് സെന്ററിലെ മതപഠനം തങ്ങളുടെ കുട്ടികള്‍ക്ക് ഇസ്‌ലാമിക ശിക്ഷണം നല്‍കുന്നതില്‍ അത്രകണ്ട് ഫലവത്താണെന്നാണ് അവരുടെ വിലയിരുത്തല്‍. ഐ.ടി പ്രഫഷനല്‍ എന്ന നിലയില്‍ കാലിഫോര്‍ണിയ തുടങ്ങി മറ്റു പല സ്ഥലങ്ങളില്‍നിന്നും നല്ല ജോബ് ഓഫറുകള്‍ ഉണ്ടെങ്കിലും, ശൈത്യകാലത്തെ അതികഠിന തണുപ്പും സഹിച്ച് ആല്‍ബനിയില്‍ തന്നെ ജോലി തുടരാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന ഘടകം മക്കളുടെ മതപരമായ വിദ്യാഭ്യാസമാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ 12 വയസ്സുകാരി മകള്‍ മലീഹ നല്ല ഖുര്‍ആന്‍ ഖാരിഅയാണ്. ഇസ്‌ലാമിക ശിക്ഷണത്തിന്റെ സുന്ദര മാതൃകകള്‍ മലീഹയുടെ സംസാരത്തിലും പെരുമാറ്റത്തിലും  കാണാം.
(തുടരും ) 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ്- സൂക്തം 04-06
ടി.കെ ഉബൈദ്

ഹദീസ്‌

യൂനുസ് നബിയുടെ പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്