ആ മുറി അവിടെത്തന്നെയുണ്ട്
ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ റിയോ ഡെ ജനീറോയിലെ 'ക്രൈസ്റ്റ് ദ റെഡീമർ' എന്ന പടുകൂറ്റൻ പ്രതിമ കഴിഞ്ഞ വാരം ഒരു മണിക്കൂർ നേരം ഇരുട്ടത്ത് നിന്നു. എന്നും പ്രഭാപൂരിതമാകുന്ന അതിന്റെ ചുറ്റുവട്ടങ്ങൾ ഇരുട്ട് തുന്നിയ ചേല വാരിച്ചുറ്റി, തെളിച്ചമുള്ള ഒരു പേരുച്ചരിച്ചു: വിനീഷ്യസ് ജൂനിയർ... ബ്രസീൽ ജനതയൊന്നടങ്കം ആ പേരിന് കുറുകെ ചെവി വട്ടംപിടിച്ചു. ലോകവും അത് കേൾക്കാൻ കാത് കൂർപ്പിച്ചു. ഇരുട്ട് തിങ്ങി കനംവെച്ച ഹൃദയമുള്ള വർണവെറിയന്മാർക്ക് ചമ്മട്ടി കൊണ്ടുള്ള പ്രഹരമായിരുന്നു അത്.
തീർന്നില്ല, വിനീഷ്യസിന്റെ സാന്നിധ്യമില്ലാത്ത ഗാലറികളും തെരുവുകളും മൈതാനങ്ങളും ഒരേയൊരു പേര് മാത്രം ഉച്ചൈസ്തരം ഉരുവിട്ട്, ഇരയുടെ നെഞ്ചിലെ മുറിവുണക്കാൻ ലേപനം ചാലിച്ചു. വിനീഷ്യസ് ജൂനിയറിന്റെ ഇരുപതാം നമ്പർ ജഴ്സിയണിഞ്ഞ് റയലിലെ സഹകളിക്കാരും ഒഫീഷ്യലുകളും മൈതാനത്ത് പ്രതിഷേധസ്വരമുയർത്തിയും അനുഭാവം പ്രകടിപ്പിച്ചും ഞങ്ങളെന്നും നിന്റെ ചാരത്തുണ്ടെന്ന് കണ്ണീരൊപ്പി. നിയമപാലകരുടെ നിസ്സംഗതയിൽ വിസ്മൃതിയുടെ കയങ്ങളിലേക്ക് ആണ്ടുപോയ, ഏഴുവർഷം പഴക്കമുള്ള വംശീയവിദ്വേഷത്തിന്റെ കേസുകളിൽ പോലും അനക്കമുണ്ടാകുന്നതും വൈകാതെ അറസ്റ്റ് നടക്കുന്നതും ലോകം കൺകുളിർക്കെ കണ്ടു.
'നിന്റെ കണ്ണിന്റെ തിളക്കത്തെക്കാൾ പ്രാധാന്യം ചർമത്തിന്റെ നിറത്തിനായിരിക്കുവോളം യുദ്ധം ചെയ്യുക. നമ്മൾ ഒരുമിച്ചാണ് വിനീ...'.
റയലിന്റെ ബദ്ധവൈരികളായ ബാഴ്സലോണയുടെ സ്ട്രൈക്കർ റഫീഞ്ഞ കുറിച്ചതിൽ ഒരുപാട് പൊരുളുകളുണ്ട്. വെളുത്തവർ മാത്രം പന്തുതട്ടുന്ന സ്പാനിഷ് ലീഗിന്റെ ഭാവിയെ അത് നിനവിൽ കൊണ്ടുവരുന്നുണ്ട്. അതെത്രമാത്രം ചടുലരഹിതമാണെന്ന് കൂട്ടിക്കിഴിച്ച് നോക്കാൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനെ വെല്ലുവിളിക്കുന്നുണ്ട്. കളിയാരംഭിച്ച് ആദ്യ മിനിറ്റിൽ തുടങ്ങിയ കുരങ്ങുവിളി അയാൾ കണ്ണീരൊലിപ്പിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചുകയറുവോളം തുടർന്നുവെങ്കിൽ പഴിപറയേണ്ടത് എല്ലാം നിശ്ചേതനയോടെ കണ്ടുനിന്ന ലാലിഗയുടെ സംഘാടകരെത്തന്നെയാണ്.
റയൽ മാഡ്രിഡ്, വലൻസിയയുമായി ഏറ്റുമുട്ടിയ മത്സരത്തിലാണ് വിനീഷ്യസിന്റെ കണ്ണുനീര് വീണ് മൈതാനത്തിലെ പച്ചപ്പുൽനാമ്പുകളുടെ ശോഭ കെട്ടത്. പത്തുമിനിറ്റോളം കളി തടസ്സപ്പെട്ട മത്സരത്തിനൊടുവിൽ കണ്ണീരൊലിപ്പിച്ച് കൂടാരം കയറുന്ന ആ യുവപ്രതിഭ, എത്ര മായ്ക്കാൻ ശ്രമിച്ചാലും മായാതെ നില്‍ക്കുന്ന നൊമ്പരമായി. വലൻസിയയിലെ വർണവെറിയന്മാർ അപ്പോഴും ആ ചർമത്തിലേക്ക് ചൂണ്ടി കാപ്പിരിയെന്നും, മുഖത്തേക്ക് ചൂണ്ടി കുരങ്ങനെന്നും കുറുകിക്കൊണ്ടിരുന്നു. ഡാനി ആൽവ്സിന് പഴം എറിഞ്ഞുകൊടുത്ത, കുരങ്ങന്റെ ചേഷ്ടകളിലൂടെ കറുത്തവരെ സംബോധന ചെയ്യാൻ ഔത്സുക്യം കാണിക്കുന്ന ആ പഴയ സ്പാനിഷ് ഗാലറികൾക്ക് ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്ന് പുതിയ സംഭവവികാസങ്ങൾ വിളിച്ചുപറയുന്നു.
നിർത്തൂ..., ഈ വംശീയാധിക്ഷേപത്തിന്റെ ആക്രോശങ്ങൾ കേട്ട് എനിക്കിനി കളി തുടരാനാവില്ല.... മത്സരം നിയന്ത്രിക്കുന്ന റഫറിയോട് നിറകണ്ണുമായി അയാൾ പരാതി പറഞ്ഞിട്ടും, മത്സരം പൂർത്തീകരിക്കുക എന്ന ദൗത്യത്തിനപ്പുറത്ത് വിനീഷ്യസിനോട് അനുഭാവം പ്രകടിപ്പിക്കാൻ സ്പാനിഷ് ലാലിഗയിലെ സംഘാടകർക്ക് കഴിയാതെപോയത് 'No room for racism' എന്ന ആഗോള കാൽപ്പന്തുകളിയുടെ മുദ്രാവാക്യത്തിന് തീരാകളങ്കം ചാർത്തി. തീർച്ചയായും, റേസിസത്തിന്റെ ആ ഇരുട്ടുമുറി ഇപ്പോഴും അവിടെത്തന്നെയുണ്ട്. നിയമം കാർക്കശ്യത്തോടെ പെരുമാറാത്ത കാലത്തോളം ആ മുറി പുതുക്കിപ്പണിയുന്ന തിരക്കിലാവും 'ആധുനിക' റേസിസ്റ്റുകൾ. റേസിസത്തിന് ഒരു മുറി അനുവദിച്ചു കൊടുക്കില്ല എന്നല്ല, ചവിട്ടി നിൽക്കാൻ ഒരു തരിമണ്ണ് കൊടുക്കില്ല എന്ന് മാറ്റിയെഴുതാൻ നേരമായിരിക്കുന്നു. l
Comments