ധാർമികത നശിക്കുന്നിടത്ത് ഹണി ട്രാപ്പുകൾ പെരുകും
ഈയിടെ പത്രങ്ങളിൽ നിരന്തരം കാണാറുള്ള വാർത്തകളാണ് ഹണി ട്രാപ്പും അതോടൊപ്പം നടക്കുന്ന കൊലപാതകങ്ങളും. കൊലപാതകം നടക്കുമ്പോൾ മാത്രമാണ് പത്രവാർത്തയും പോലീസ് കേസും ഉണ്ടാകുന്നത്. സ്ത്രീശരീരം വെച്ച് ഒരാളെ വശീകരിക്കുകയും അയാളിൽനിന്ന് പണമോ രഹസ്യമോ തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവൃത്തിയെയാണ് ഹണി ട്രാപ്പെന്നു പറയുന്നത്. മുൻകാലങ്ങളിൽ സൈനിക രഹസ്യങ്ങളോ പ്രതിരോധ രഹസ്യങ്ങളോ ചോർത്തിയെടുക്കാൻ സ്ത്രീകളെ ഉപയോഗപ്പെടുത്തിയിരുന്നു.
മൊസാദ് പോലുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഇത് അനവധി തവണ ഉപയോഗപ്പെടുത്തിയിട്ടുള്ളതായി ചരിത്രത്തിലുണ്ട്. അതിനായി എന്തിനും പോന്ന സ്ത്രീകളെ പരിശീലിപ്പിച്ചെടുക്കുകയാണ് ചെയ്യുക. ആകർഷകമായ ചലനം, വേഷം, ഭാഷാ ചാതുരി എന്നിവയിൽ പ്രാവീണ്യം നൽകി പരിശീലിപ്പിച്ചെടുത്ത സ്ത്രീകളുടെ കെണിയിൽ വീണുപോയ വമ്പന്മാരുടെ ചരിത്രം അനവധി.
രണ്ടാം ലോക യുദ്ധകാലത്താണ് ഇത് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 1978-ൽ ഇന്ത്യയിൽ നടന്ന കുപ്രസിദ്ധമായ സാംബാ ചാരക്കേസ് ഒരുദാഹരണം. അന്ന് അറസ്റ്റിലായവരിൽ ഒരു ബ്രിഗേഡിയർ, മൂന്ന് ലെഫ്റ്റനന്റ് കേണലുകൾ, നിരവധി മേജർമാർ, ക്യാപ്റ്റൻമാർ, ജൂനിയർ കമീഷൻഡ് ഓഫീസർമാർ, നോൺ കമീഷൻഡ് ഓഫീസർമാർ, സാംബ സെക്ടറിൽ ജോലി ചെയ്തിരുന്ന 11 സിവിലിയൻമാർ എന്നിവർ ഉൾപ്പെട്ടിരുന്നു.
ഈയിടെ കേരളത്തിൽ നടന്ന ഹണി ട്രാപ്പുകളിലധികവും പണം തട്ടാൻ വേണ്ടിയായിരുന്നു. സ്ത്രീ ഒരു സമ്പന്നനെ വശീകരിച്ച് ഹോട്ടൽ റൂമിലെത്തിക്കുകയാണ് ആദ്യപടി. അപ്രതീക്ഷിതമായി അവിടെ പ്രത്യക്ഷപ്പെടുന്ന പുരുഷന്മാരാണ് പിന്നീട് കാര്യങ്ങൾ നിയന്ത്രിക്കുക. അയാളെ സ്ത്രീയോടൊപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുക്കും. ആ ചിത്രം സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുമെന്നും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യാ സന്താനങ്ങൾക്കുമൊക്കെ അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെടും. പലപ്പോഴും കുടുക്കിൽ പെട്ട് പോയ ജാള്യതയും ഭയവും മൂലം ആവശ്യപ്പെട്ടത് കൊടുത്ത് രക്ഷപ്പെടുകയാണ് പലരും ചെയ്യുക. അതുകൊണ്ടുതന്നെ ഒട്ടു മിക്ക സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ഇരയുടെ എതിർപ്പുണ്ടാവുകയോ ആക്രമണമുണ്ടാവുകയോ കൊലപാതകത്തിൽ അവസാനിക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് പുറം ലോകമറിയുക.
മനുഷ്യന്റെ ലോലവികാരങ്ങളെ മുതലെടുപ്പ് നടത്തുന്ന ഇത്തരം അക്രമികൾ നിയമത്തിന്റെ മുമ്പിൽ നിന്ന് രക്ഷപ്പെടുകയാണ് പതിവ്. അതുകൊണ്ടുതന്നെ അവർ ഈ കെണി വെച്ചുകൊണ്ടേയിരിക്കും. വിവാഹിതരെയാണ് ഹണിട്രാപ്പിൽ കുടുക്കാൻ വളരെ എളുപ്പം. വിവാഹം ചെയ്തിട്ടും വികാരശമനത്തിന് അഗമ്യഗമനത്തിൽ ആശ്രയം കണ്ടെത്തുന്നത് പൊറുക്കാവുന്ന തെറ്റല്ല. അതുകൊണ്ടാണ് വിവാഹിതരായ വ്യഭിചാരികളെയും വ്യഭിചാരിണികളെയും കഠിന ശിക്ഷക്ക് വിധേയമാക്കാൻ ഇസ്ലാമിക ശരീഅത്ത് നിർദേശിക്കുന്നത്. ബഹുഭാര്യത്വത്തിനെതിരെ കണ്ഠക്ഷോഭം നടത്തുന്ന പല പകൽ മാന്യന്മാരും ഇതിൽ പെട്ടുപോയിട്ടുണ്ട്. ധാർമിക ജീവിതത്തിൽ അടിയുറച്ചു നിൽക്കുന്നവർക്കേ യൂസുഫ് നബിയെപ്പോലെ ഒരു ഹണിട്രാപ്പിലും പെടാതെ അന്തസ്സായി ജീവിക്കാൻ സാധിക്കുകയുള്ളൂ.
മനസ്സിന്റെ ഹജ്ജ്
നമസ്കാരവും നോമ്പും സകാത്തുമെല്ലാം സമയബന്ധിതമായി, യഥാതഥം നിർവഹിക്കുമ്പോൾ ഫലം ഏറെ ഗുണകരമായിരിക്കും. ആയുസ്സിൽ ഒരൊറ്റ പ്രാവശ്യമാണല്ലോ ഹജ്ജിന്റെ നിർബന്ധ നിർവഹണം. നാലോ അഞ്ചോ ദിവസങ്ങളിൽ ഒതുങ്ങിയ ആ ആരാധനയുടെ ഫലം ശേഷിക്കുന്ന ജീവിതകാലം മുഴുവൻ നിലനിർത്തേണ്ടതുമുണ്ട്. കഠിനമായ, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്രാനുഭവങ്ങൾ ഈ ആധുനിക കാലത്ത് പഴങ്കഥകളായി മാറിയിരിക്കുന്നു. മാത്രമല്ല, ഇന്ന് ദീർഘയാത്ര ഉല്ലാസം നൽകുന്ന അനുഭവമായും മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്തെ ഹജ്ജിന്റെ ഫലം ശേഷിക്കുന്ന ജീവിതത്തിൽ എങ്ങനെ കൂടുതൽ നിലനിർത്താമെന്ന ചിന്തയാണ് ഈ കുറിപ്പ്.
മനശ്ശാസ്ത്ര കോണിലൂടെ നോക്കിയാൽ ഹജ്ജിനെ രണ്ടായി തിരിക്കാം: ഒന്ന്, ശരീരത്തിന്റെ ഹജ്ജ്. രണ്ട്, മനസ്സിന്റെ ഹജ്ജ്. യഥാർഥ ഹജ്ജിന്റെ ആദ്യവും അവസാനവുമാണ് മനസ്സിന്റെ ഹജ്ജായി കാണുന്നത്. സമ്പൂർണമായ യഥാർഥ ഹജ്ജാവട്ടെ ശരീരവും മനസ്സും കൂടിച്ചേർന്നതും. മനുഷ്യന് അല്ലാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹമാണ് അവന്റെ ബുദ്ധിശക്തി. ബുദ്ധിയും ചിന്തയും മനസ്സും വിചാരങ്ങളും ഓർമയും വികാരങ്ങളുമെല്ലാം പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന, കൃത്യമായി നിർവചിക്കാൻ സാധിക്കാത്ത സംജ്ഞകളാണ്.
മനസ്സിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെ ചിന്തയിലൂടെ വീണ്ടും ഓർമയിലേക്ക് കൊണ്ടുവരാനും അതുവഴി അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന വികാരങ്ങളെ പുനഃസൃഷ്ടിക്കാനുമുള്ള അത്ഭുതശക്തി ഓരോ മനുഷ്യനും നൽകപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, കഴിഞ്ഞുപോയ ഒരു ദുഃഖ സംഭവം മനപ്പൂർവം വിശദമായി ഓർത്തു നോക്കിയാൽ നമ്മുടെ ശരീരവും അതിനനുസരിച്ച് മാറുന്നു. ദുഃഖ സംഭവം നമ്മുടെ മുഖഭാവം മാറ്റുന്നു, കണ്ണ് നിറയ്ക്കുന്നു! ഇനി സന്തോഷം ഉളവാക്കുന്ന സംഭവം ഓർത്താലോ, ശാരീരിക മാറ്റങ്ങളും അതിനനുസരിച്ചായിരിക്കും. അങ്ങനെ നമ്മുടെ ഇഛാപൂർവമല്ലാത്ത ശാരീരിക മാറ്റങ്ങളെപ്പോലും മനസ്സിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ നമുക്ക് കഴിയുന്നു.
ഹജ്ജിന്റെ ഫലം കൂടുതൽ കാലം നിലനിൽക്കാനും മറന്നു പോകാതിരിക്കാനും ഹജ്ജ് കർമങ്ങൾ യാന്ത്രികമാവാതെ സൂക്ഷിക്കണം. കർമങ്ങളും അവിടെയുള്ള ദൃഷ്ടാന്തങ്ങളും ചരിത്രത്തിന്റെ പിൻബലത്തോടെ സ്വന്തം മനസ്സിലേക്ക് സ്വാംശീകരിക്കുകയാണ് വേണ്ടത്. സ്വമേധയാ ഉണ്ടാകുന്ന മറവിയെ ചരിത്രസംഭവങ്ങൾ ഒരു പരിധിവരെ തടയും. മറന്നുപോയാലും ഓർത്തെടുക്കാൻ സഹായിക്കും.
ഹജ്ജിന് ശേഷവും അനുഭവങ്ങൾ ഇടക്കിടക്ക് ഓർത്തെടുക്കണം. അപ്പോൾ വീണ്ടും വീണ്ടും ഹജ്ജ് ചെയ്യുന്ന അനുഭൂതി ഉണ്ടാകും. ഉദാഹരണമായി, നമസ്കാരത്തിന് ഖിബ്്ലക്ക് തിരിഞ്ഞു നിൽക്കുമ്പോൾ മനസ്സുകൊണ്ട് ശ്രമിച്ചാൽ കഅ്ബയുടെ അടുത്ത് നിന്ന അനുഭവം മനസ്സിലേക്ക് കൊണ്ടുവരാം. അന്നനുഭവിച്ച വികാരത്തോടെ തന്നെ മക്കയിൽ പോവാതെ നമസ്കരിക്കാം. മറ്റു പ്രാർഥനകളിലും ഇതേ അനുഭവം പുനരാവർത്തിക്കാം.
ഹജ്ജിൽനിന്ന് ലഭിക്കേണ്ട നിഷ്കളങ്കമായ മനസ്സ് നിലനിൽക്കണമെങ്കിൽ മനസ്സുകൊണ്ടുള്ള ഹജ്ജ് ആവർത്തിച്ചുകൊണ്ടിരിക്കണം. ഭാവിയിൽ തെറ്റും ശരിയും വേർതിരിച്ചു സ്വീകരിക്കാൻ വളരെ ശക്തമായ ഒരു മനസ്സിന്റെ ഉടമയാവണം. അതിനു വേണ്ട ബോധ - ഉപബോധ മനസ്സുകളുടെ നിർമാണവും പരിശുദ്ധ ഹജ്ജ് വഴി നടക്കണം.
അബ്ദുസ്സലാം കോലൊളമ്പ്
(മനശ്ശാസ്ത്ര വിഭാഗം മുൻ തലവൻ, ഷാർജ ഇന്ത്യൻ സ്കൂൾ)
Comments