Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

എം.ടി ഇബ്്റാഹീം വേങ്ങേരി

ടി.കെ ഹുസൈൻ

2023 മെയ് 3 സ്വുബ്ഹ് നമസ്കാരാനന്തരം വേങ്ങേരിയിലെ ചിരകാല സുഹൃത്ത് കെ.വി അബ്‌ദുർറഹ്‌മാന്റെ ഫോൺ സന്ദേശം: എം.ടി ഇബ്റാഹീം സാഹിബ് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. തൊട്ട് തലേ ദിവസം ചേളന്നൂരിലെ നൂഹ് മാസ്റ്ററും അൽ ഹറമൈൻ വൈസ് പ്രിൻസിപ്പൽ സലാം സാറും ഞാനും എം.ടിയെ സന്ദർശിച്ചിരുന്നു.
കോഴിക്കോട് ഇടിയങ്ങരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവിനോടൊപ്പം പന്ത്രണ്ടാം വയസ്സിൽ തന്നെ ബോംബെയിലെത്തി. പഠനവും കച്ചവടവുമായി 16 വർഷം അവിടെ ചെലവഴിച്ചു. ഉർദു ഭാഷയോടുള്ള താൽപര്യം മൗദൂദി സാഹിത്യങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ചു. 29-ാ൦ വയസ്സിൽ യു.എ. ഇയിലേക്ക്. 27 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 2001 ഒക്ടോബറിൽ വേങ്ങേരിയിൽ തിരിച്ചെത്തി. പിന്നീട് വിടപറയുന്നത് വരെ പ്രസ്ഥാന പ്രവർത്തനത്തിൽ മുഴുകി. 2002 ഫെബ്രുവരിയിൽ D4 മീഡിയയുടെ ആദ്യ രൂപമായ ധർമധാര ട്രസ്റ്റിന്റെ മാനേജരായി ഒരു വ്യാഴവട്ടകാലം ഹിറാ സെന്ററിൽ സേവനം.
പ്രവാസ കാലഘട്ടത്തിലെ സന്തത സഹചാരിയും സഹപ്രവർത്തകനുമായ എടച്ചേരി അബ്ദുർറഹ്്മാൻ ഓർത്തെടുക്കുന്നത് ഇങ്ങനെ: “എഴുപതുകളുടെ തുടക്കത്തിൽ എം.ടി ഇബ്റാഹീം സാഹിബ് യു.എ. ഇയിൽ എത്തുമ്പോൾ ഐ.സി.സി സംവിധാനം നിലവിലുണ്ടായിരുന്നില്ല. വിവിധ പേരുകളിൽ നിലനിന്നിരുന്ന പ്രസ്ഥാന പ്രവർത്തന കേന്ദ്രങ്ങൾ ഐ.സി.സിയുടെ പേരിൽ സംഘടിപ്പിച്ചത് മർഹൂം കെ.ടി അബ്ദുർറഹീം സാഹിബാണ്. അബൂദബിയിൽ ഒരു ടൈപ്പിംഗ് സെന്ററിൽ ജോലി ചെയ്തിരുന്ന കെ.ടിയെ ഷാർജയിൽ കൊണ്ടുവന്ന് വാട്ടർ സപ്ലൈ ഓഫീസിൽ ജോലി നേടിക്കൊടുക്കുകയും ഒപ്പം പ്രസ്ഥാനത്തിന്റെ വികസനത്തിന്റെ മൊത്തം ചുമതല ഏൽപിക്കുകയും ചെയ്തതിന്റെ മുഖ്യ സൂത്രധാരൻ എം.ടി യായിരുന്നു. നേതൃനിരയിൽ കെ.ടി യും എം.ടിയും മമ്പാട് സയ്യിദ് ഹുസൈൻ തങ്ങളും ഉണ്ടായിരുന്ന കാലമാണ് ഷാർജയിലെ പ്രവർത്തനത്തിന്റെ തിളക്കമാർന്ന സന്ദർഭം. ഐ.സി.സിയെ ജനകീയവത്കരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ദാറുൽ ഹുദാ മദ്റസയുടെ എല്ലാമെല്ലാമായിരുന്നു എം.ടി. ലക്ഷങ്ങൾ മൂലധനമുള്ള പലിശരഹിത നിധിയും, നൂറുകണക്കിന് പുസ്തകങ്ങളും വായനക്കാരുമുള്ള ലൈബ്രറിയും വ്യവസ്ഥാപിതമായി കൊണ്ടുപോവുന്നതിലും, സാഹിത്യങ്ങളും കാസറ്റുകളും വിവിധ എമിറേറ്റുകളിൽ സ്‌ക്വാഡ് വഴി ചെലവഴിക്കുന്നതിലും, സാഹിത്യ കുറി ഹൽഖകൾ തോറും സംഘടിപ്പിക്കുന്നതിലും എം.ടിയുടെ പങ്ക് നിസ്സീമമാണ്.  പ്രബോധനത്തിന് ഏജൻസി ഇല്ലാത്ത കാലത്ത് സ്വന്തം പേരിൽ പണമടച്ച് തപാൽ മാർഗം പത്രം വരുത്തി നോർത്തേൺ എമിറേറ്റ്സിൽ വിതരണച്ചുമതല വഹിക്കാൻ എം.ടി അല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. സുഹൃത്തുക്കൾ നാട്ടിൽ വന്ന് തിരിച്ചു വരുമ്പോൾ IPH-ൽ നിന്ന് 5 കിലോ പുസ്തകം വാങ്ങി ഗൾഫിലെത്തിക്കുക എന്ന ബാധ്യതയും അദ്ദേഹം പ്രവർത്തകരുടെ മേൽ ചുമത്തി. ആയിരക്കണക്കിന് പ്രസാധകർ പങ്കെടുക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായി IPH-ന്  സ്റ്റാൾ അനുമതി നേടിയത് എം.ടി യുടെ ശ്രമഫലമായാണ്. പ്രവാസികളോടുള്ള ഊഷ്മള ബന്ധവും ഐ.സി.സിയിൽ എത്തുന്ന അതിഥികളോടുള്ള സ്നേഹമസൃണമായ പെരുമാറ്റവും ഏറെപ്പേരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കാൻ നിമിത്തമായി.”
പ്രവാസമവസാനിപ്പിച്ച് വേങ്ങേരിയിലെത്തിയ അദ്ദേഹം ശിഷ്ട ജീവിതം പൂർണമായും പ്രസ്ഥാനത്തിന് സമർപ്പിച്ചു. വേങ്ങേരി പ്രാദേശിക അമീർ, ഇഹ്തിസാബി ഗ്രൂപ്പ് ലീഡർ, കക്കോടി-ചേളന്നൂർ ഏരിയകളുടെ രണ്ട് മീഖാത്തിലെ പ്രസിഡന്റ്, സൗഹൃദ വേദിയിൽ വിവിധ സംഘടനാ നേതാക്കളെ അണിനിരത്തുന്നതിൽ നേതൃപരമായ പങ്ക്, വേങ്ങേരി മഹല്ലിന്റെ സ്വതന്ത്ര വളർച്ചയിൽ ഒ. മുഹമ്മദ് സാഹിബിന്റെ വലംകൈ, സമുദായ അംഗങ്ങളുമായുള്ള സഹകരണത്തിലെ കണ്ണി, നിരാലംബരുടെ തോഴൻ, കുടുംബ പ്രശ്നങ്ങളിലെ മധ്യസ്ഥൻ... ഇങ്ങനെ നേതൃഗുണങ്ങളുടെ സാകല്യമായിരുന്നു അദ്ദേഹം.
 

പി.കെ ഇസ്മാഈൽ സാഹിബ്


പലരുടെയും വേർപാടോടെയാണ് അവരുടെ വിശാലമായ സേവന മേഖലകൾ ജനം അറിയുന്നത്. കാസർകോട് ജില്ലയിലെ കൈക്കോട്ട് കടവ് ഹൽഖയിലായിരുന്നു ഇസ്മാഈൽ സാഹിബ് അവസാന കാലമെങ്കിലും പടന്നയിലെ പ്രവർത്തനങ്ങളിലും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. പടന്ന ഐ.സി.ടി ട്രസ്റ്റിയും, മസ്ജിദ് ഉമർ ഫാറൂഖ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. മുംബെയിലും സുഊദിയിലും യു.എ.ഇയിലുമായി പ്രവാസ ജീവിതം നയിച്ചിരുന്നു ഏറക്കാലം.
മക്കയിൽ ഉണ്ടായിരുന്ന കാലമത്രയും ഉംറക്കും ഹജ്ജിനുമായി വരുന്ന പരിചയക്കാരൊക്കെയും അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിക്കുമായിരുന്നു. രാപ്പകൽ ഭേദമില്ലാതെ അവർക്ക് സേവനം ചെയ്യുന്നതിൽ അദ്ദേഹം ശുഷ്കാന്തി കാണിച്ചു. യാതൊരു പരിചയവുമില്ലാത്തവരെയും, വഴിയറിയാതെയോ മറ്റോ പ്രയാസപ്പെടുന്നവരെയും അന്വേഷിച്ച് കണ്ടെത്തി അവരുടെ പ്രയാസങ്ങൾ പരിഹരിച്ചു കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പലപ്പോഴും സേവനനിരതനായി ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു അദ്ദേഹത്തിന്റെ മക്കയിലെ ജീവിതം. ജംറയിൽ തിക്കിലും തിരക്കിലും പെട്ട് കുറേ പേർ മരണമടഞ്ഞപ്പോൾ നാട്ടുകാരായ നാല് പേരുടെ മയ്യിത്ത് ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് അദ്ദേഹം പലപ്പോഴും സ്മരിക്കാറുണ്ടായിരുന്നു.
പാലിയേറ്റീവ് പ്രവർത്തനമാണ് അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായ മറ്റൊരു രംഗം. തൃക്കരിപ്പൂരിലെ പാലിയേറ്റീവ് വിംഗിന്റെ മുംബൈ, ദുബൈ, അബൂദബി ചാപ്റ്ററുകൾ രൂപവത്കരിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. രോഗാവസ്ഥയിൽ കഴിയുമ്പോഴും ധാരാളം പേരെ പാലിയേറ്റീവ് ടീമിൽ അംഗങ്ങളാക്കുന്നതിൽ ശ്രദ്ധിച്ചതോടൊപ്പം ഫണ്ട് സമാഹരണവും നടത്തി.
കൈക്കോട്ടു കടവിൽ താമസിക്കുമ്പോഴും പടന്ന ഐ.സി.ടി സ്കൂളിന്റെയും പള്ളിയുടെയും നടത്തിപ്പിലും വികസന പ്രവർത്തനങ്ങളിലും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഒരു ഘട്ടത്തിൽ കാൻസറും, തുടർന്ന് ഹൃദ്രോഗവും ശരീരത്തെ തളർത്തിയപ്പോഴും തളരാത്ത മനസ്സുമായി നാട്ടിലും വിദേശത്തും കർമ നിരതനായി.
ചാരിറ്റി പ്രവർത്തനം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. വീട്, ചികിത്സ, കട ബാധ്യതകൾ തുടങ്ങി പ്രയാസപ്പെടുന്നവരെ സഹായിക്കാൻ തന്റെ എല്ലാ സുഹൃദ് ബന്ധങ്ങളും ഉപയോഗപ്പെടുത്തി. ഒരാളുടെ പ്രയാസമറിഞ്ഞാൽ അത് പരിഹരിക്കുവോളം അതിന്റെ പിന്നിലായിരിക്കും. അതിന് ആരെയും സമീപിക്കുന്നതിൽ ഒരു മടിയുമുണ്ടായിരുന്നില്ല. സഹായം ചോദിക്കുന്നത് സ്വന്തം ആവശ്യത്തിനല്ലല്ലോ, പിന്നെന്തിന് മടിക്കണം എന്ന നിലപാടായിരുന്നു.
കായിക രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ പടന്നയിൽ നിറഞ്ഞു നിൽക്കുന്ന CAP സ്പോർട്സ് സെന്ററിന്റെ പിന്നിൽ തുടക്കം മുതൽ ഇസ്മാഈൽ സാഹിബുമുണ്ടായിരുന്നു.
കുടുംബ ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തി. ആശയപരമായ വിയോജിപ്പുള്ളവരുമായി സംവാദം നടത്തുോഴും ബന്ധങ്ങൾക്ക് പോറലേൽക്കാതിരിക്കാൻ ശ്രദ്ധ പുലർത്തിയതു കൊണ്ടുതന്നെ അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളുമായും വിശാലമായ സൗഹൃദ ബന്ധം ഉണ്ടായിരുന്നു.
കൈക്കോട്ട് കടവിലെ ഹെവൻസ് പ്രവർത്തിക്കുന്ന ശാന്തി തീരം ദീർഘ കാലം അദ്ദേഹം മനസ്സിൽ കൊണ്ടു നടന്ന സ്വപ്നമായിരുന്നു. ഒരു ഘട്ടത്തിൽ ഹെവൻസ് തുടങ്ങാൻ വീട്ടിൽത്തന്നെ സൗകര്യപ്പെടുത്തിക്കൊടുത്തു. ഭാര്യ നൂർജഹാനും മകൾ ആമിനയും മരുമകൻ സാബിറും പ്രസ്ഥാന പ്രവർത്തനങ്ങളിൽ സജീവമായുണ്ടെന്നത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നു.   
ബശീർ ശിവപുരം

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്