ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
عَنْ عَبْدِالله بْنِ عَبَّاس رَضِيَ اللهُ عَنْهُ قال : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : “مَنْ أرَادَ الحَجَّ فَلْيَتَعَجَّلْ فَإنَّهُ قَدْ يَمْرِضُ المَرِيضُ وَتَضِلُّ الضَّالَّةُ وَتَعْرِضُ الحَاجَةُ” [أبو داود ]
ഇബ്്നു അബ്ബാസി(റ)ൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: ''ആരെങ്കിലും ഹജ്ജ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കിൽ അവൻ വേഗത്തിലത് നിർവഹിക്കട്ടെ! ചിലപ്പോൾ അവൻ രോഗിയായേക്കാം. അല്ലെങ്കിൽ ഹജ്ജിനുള്ള വഴികൾ മുടങ്ങിയേക്കാം. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യം
ഇടക്ക് വന്നേക്കാം" (അബൂ ദാവൂദ്, ഇബ്്നു മാജഃ).
ഇമാം അഹ്്മദ് (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ''നിങ്ങൾ നിർബന്ധ ഹജ്ജ് വേഗത്തിൽ നിർവഹിക്കുക. എന്തെല്ലാം തടസ്സങ്ങളാണ് വരാനിരിക്കുന്നതെന്ന് നിങ്ങളിൽ ഒരാൾക്കും അറിയില്ല." ഹജ്ജ് നിർബന്ധമായവർ ഉടനെയത് നിർവഹിക്കണമെന്നാണ് ഹദീസ് വ്യക്തമാക്കുന്നത്. കൂടുതൽ സൗകര്യങ്ങൾക്കായി നീട്ടിവെക്കുന്നത് നല്ലതല്ല. ഭാവിയിൽ ചിലപ്പോൾ അപ്രതീക്ഷിത പ്രതിബന്ധങ്ങൾ വന്നേക്കാം. രോഗവും യാത്രാ തടസ്സങ്ങളും നേരിടാം.
وَتَضِلُّ الضَّالَّةُ എന്നതിന്, ഹജ്ജ് യാത്രക്കുള്ള മൃഗത്തിന് പ്രായമേറുന്നതോടെ അതിന് വഴിതെറ്റാനുള്ള സാധ്യതയുണ്ട് എന്നും, സത്തും സൗകര്യങ്ങളും നഷ്ടപ്പെട്ട് യാത്ര മുടങ്ങിയേക്കാം എന്നും അർഥമാവാം. അതിനാൽ, കിട്ടിയ ആദ്യ അവസരത്തിൽ തന്നെ ഹജ്ജിനായി പുറപ്പെടണം.
ഏത് പുണ്യകർമങ്ങളും സാധ്യമാവുന്ന ആദ്യ സന്ദർഭങ്ങളിൽ തന്നെ നിർവഹിക്കണമെന്നാണ് വിശുദ്ധ ഖുർആനും ആവശ്യപ്പെടുന്നത്. കൂരിരുട്ടുള്ള രാത്രിയെപ്പോലെ ഭയാനകമാണ് ഭാവിയെന്നും നന്മ പ്രവർത്തിക്കാൻ അവസരം കിട്ടിയവർ സമയം വൈകിക്കരുതെന്നും നബി(സ) ഉണർത്തുന്നുണ്ട്.
അബ്ദുല്ലാഹിബ്്നു മസ്ഊദ് (റ) പറഞ്ഞു: "തീർച്ചയായും ഹൃദയങ്ങൾക്ക് മുന്നേറ്റവും പിൻമാറ്റവുമുണ്ട്. ആവേശവും ഉൽസാഹവുമുള്ളപ്പോൾ അതിനെ പ്രയോജനപ്പെടുത്തുക. മടുപ്പും അലസതയുമുണ്ടാവുമ്പോൾ അവയെ വിട്ടേക്കുക."
എല്ലാ നന്മകളും അതിവേഗം നിർവഹിക്കണമെന്ന് ഇമാം അഹ്്മദുബ്്നു ഹമ്പൽ (റ) ഉപദേശിക്കുന്നുണ്ട്.
അലി (റ) പാടി:
إِذا هَبَّت رِياحُكَ فَاغتَنِمها - فَعُقبى كُلُّ خافِقَةٍ سُكونُ
وَلا تَغفَل عَنِ الإِحسانِ فيها - فَما تَدري السُكونُ مَتى يَكونُ
(നിന്റെ ആവേശം വീശുമ്പോൾ അതിനെ പ്രയോജനപ്പെടുത്തുക. എല്ലാ ചലനങ്ങൾക്കും ഒരു നിശ്ചലതയുണ്ട്. ആവേശമുള്ളപ്പോൾ നന്മ ചെയ്യാൻ നീ അശ്രദ്ധനാവരുത്. നിശ്ചലത എപ്പോഴാണെന്ന് നിനക്കറിയില്ല).
ആളുകൾ പിന്നിലേക്ക് പോവുമ്പോൾ അല്ലാഹു അവരെ പിന്നിലാക്കുമെന്ന് റസൂൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചില പ്രത്യേക കാരണങ്ങളാലായിരുന്നു നബി (സ)യുടെ ഹജ്ജ് വൈകിയത്. ഹിജ്റ ഒമ്പതിന് നിർബന്ധമാക്കിയെങ്കിലും ഒരു വർഷം കഴിഞ്ഞ് ഹിജ്റ പത്തിനാണ് റസൂൽ (സ) ഹജ്ജ് നിർവഹിച്ചത്. ബഹുദൈവ വിശ്വാസികളും, നഗ്നരായി ഹജ്ജ് ചെയ്യുന്നവരും കഅ്ബയുടെ പരിസരത്തുനിന്ന് പൂർണമായി മുക്തമാവാൻ ഒരു വർഷം കാത്തിരിക്കുകയായിരുന്നു. അതുപോലെ, മദീനയിലേക്ക് ഇസ്‌ലാം സ്വീകരിക്കാനായി ധാരാളം യാത്രാ സംഘങ്ങൾ പ്രവഹിച്ച വർഷമായിരുന്നു ഹിജ്റ 9. അതിനാൽ, അവർക്കെല്ലാം ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്ന തിരക്കിലായതു കൊണ്ടു കൂടിയാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഈ വിഷയത്തിൽ, നബി(സ) യുടെ പ്രവൃത്തിയെക്കാൾ അവിടുത്തെ വാക്കുകളാണ് വിശ്വാസികൾ പിന്തുടരേണ്ടത്. l
Comments