പുഴപോലെയാണ് പുതിയ കാലം
ഏതെല്ലാം കാലങ്ങള്‍ കടന്നുപോയി. എന്തെല്ലാം കണ്ടുപിടിത്തങ്ങള്‍. തീ കണ്ടുപിടിച്ച കാലം ആലോചിച്ചിട്ടുണ്ടോ? ഇനി മുതല്‍ വന്യ മൃഗങ്ങളെ തീ കാണിച്ച് ഭയപ്പെടുത്താം എന്ന് ചിന്തിച്ച മനുഷ്യന്‍ അതുപയോഗിച്ച് തണുപ്പില്‍ ചൂടും ഇരുട്ടില്‍ വെളിച്ചവും കൊണ്ടു. കാലം പോകെ തീയുപയോഗിച്ച് അവന്‍ നിര്‍മിച്ച രുചിവൈവിധ്യങ്ങള്‍ എത്രയാണ്!
പിന്നീടൊരിക്കല്‍ ആണി കണ്ടുപിടിച്ചു. നിര്‍മാണ മേഖലയില്‍ അതുണ്ടാക്കിയ സ്വാധീനം ആലോചിക്കാവുന്നതേയുള്ളൂ. മഷിയും പേപ്പറും പ്രസ്സുമെല്ലാം അതത് കാലത്തെ സമ്പന്നമാക്കി. കലണ്ടര്‍, അക്ഷരങ്ങള്‍, ഭാഷ, കപ്പല്‍, വിമാനം, റേഡിയോ, എറൈസര്‍.. സോപ്പിന്റെ കണ്ടുപിടിത്തം നമ്മുടെ ജീവിതത്തെ എത്രമേല്‍ സുഗന്ധപൂരിതമാക്കി. സ്വയം തിരുത്താന്‍ വേണ്ടി ഒരു കാലത്ത് കണ്ണാടി കണ്ടുപിടിച്ചു. ഈ ലോകത്തെ നിറം മങ്ങാതെ കാണാന്‍ കണ്ണട കണ്ടുപിടിച്ചു, കണക്കു കൂട്ടല്‍ തെറ്റല്ലേ എന്ന പ്രാർഥന കാല്‍ക്കുലേറ്ററില്‍ കൊണ്ടെത്തിച്ചു. അങ്ങനെയങ്ങനെ എന്തെല്ലാം കാഴ്ചകളും കണ്ടുപിടിത്തങ്ങളും കടന്നുപോയി.
അനേകം മനുഷ്യരുടെ ചിന്തയും അധ്വാനവും കൊണ്ടിന്ന് നമ്മളിങ്ങനെ അന്തസ്സുള്ളവരായി നടക്കുന്നു!
കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും കാലം പക്ഷേ, മാറ്റങ്ങളുടെ വേഗത പതിന്‍മടങ്ങാക്കി. വേഗതയുടെ കാലത്ത് നമുക്കും വേഗതയുള്ളവരാകാതെ തരമില്ലെന്നായി.
എം. മുകുന്ദന്റെ 'നൃത്തം' എന്നൊരു നോവലുണ്ട്. 2000-ത്തില്‍ പുറത്തിറങ്ങിയ നോവലാണ്.
'നാല്‍പ്പത്തിയെട്ടാമത്തെ വയസ്സില്‍ അയാള്‍ക്കൊരു പുതിയ മേല്‍വിലാസമുണ്ടായി' എന്നു പറഞ്ഞാണ് നോവല്‍ തുടങ്ങുന്നത്. മെയില്‍ ഐഡിയെ പറ്റിയാണ് സൂചന. [email protected] എന്ന് അയാള്‍ക്കൊരു അഡ്രസ് ഉണ്ടായിരിക്കുന്നു.
വാടകവീട് ഒഴിയേണ്ടി വന്നാലോ ട്രാന്‍സ്ഫറുകള്‍ ഉണ്ടായാലോ ഈ വിലാസത്തിന് മാറ്റമില്ലെന്നും, ഈ വിലാസത്തില്‍ വീടിന്റെ പേരോ ഫ്‌ളാറ്റിന്റെ പേരോ നാടിന്റെ പേരോ ഇല്ലെന്നും, അയാള്‍ എവിടെ പോയാലും അതില്‍ അയക്കുന്ന സന്ദേശങ്ങള്‍ തനിക്ക് കിട്ടുമെന്നുമെല്ലാം അയാള്‍ അല്‍ഭുതപ്പെടുന്നു. ഇനി ഭൂമിയാണ് ടി.പി ശ്രീധരന്റെ മേല്‍വിലാസമെന്ന് അയാള്‍ ആഹ്ലാദിക്കുന്നു.
'ഇവിടെ എവിടെയെങ്കിലും സൈബര്‍ കഫേയുണ്ടോ..?' എന്ന് അയാള്‍ ഒരു പോലീസുകാരനെ കണ്ടപ്പോള്‍ നോവലിലൊരിടത്ത് തിരക്കുന്നുണ്ട്. പോലീസുകാരന് അയാളുടെ ചോദ്യം മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഷോപ്പ് എന്ന് വിശദീകരിച്ചിട്ടും അയാള്‍ക്ക് മനസ്സിലായില്ല.
ഒടുക്കം ഒരു കഫേയില്‍ എത്തിയപ്പോള്‍ കൈയില്‍ ഫ്‌ളോപ്പിയുമായി ഇ-മെയില്‍ ചെയ്യാനായി എത്രയോ ആളുകള്‍ കഫേക്ക് മുമ്പില്‍ കാത്തുനിൽപുണ്ടായിരുന്നു.
ഇന്ന് പക്ഷേ, സൈബര്‍ കഫേകള്‍ അപ്രത്യക്ഷമായിരിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഓരോരുത്തരുടെയും പോക്കറ്റിലായി. അത്ര വേഗമാണ് ഓരോന്നും മാഞ്ഞുകൊണ്ടേയിരിക്കുന്നത്.
കുറേ കാലം പഠിച്ച്, പിന്നീട് ജോലി കിട്ടി, പിന്നെ പ്രത്യേകിച്ചൊന്നും പഠിച്ചില്ലെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാം എന്ന ലൈഫ് പാറ്റേണിനാണ് അത്രവേഗം മാറ്റം വന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിക്കുന്ന പുതിയ കാലത്തിന്റെ അല്‍ഭുതത്തിലാണിന്ന് നമ്മള്‍.
പുഴ പോലെയാണ് പുതിയ കാലം. ഓരോ നേരവും വന്നു തൊടുന്നത് പുതിയ വെള്ളമാണ്. ആ വെള്ളത്തെ അറിയാതെ ജീവിക്കല്‍ അത്യുഷ്ണത്തോട് മല്ലിടുന്നതു പോലെയാണ്. ജീവിതം ഏറെ വരണ്ടു പോകും. പുതുമകളോ വേഗതയോ ഇല്ലാതെ തീര്‍ത്തും ഒട്ടിയും ഉണങ്ങിയും പരുവപ്പെടും നമ്മള്‍. കാലത്തെ മനസ്സിലാക്കി, പൊരുത്തപ്പെട്ട്, നിരന്തരം പുതുക്കാന്‍ തയാറായാല്‍ നൂറാളുകളുടെ പവറുള്ള സൂപ്പർ ഹീറോകളാണ് നമ്മളോരോരുത്തരും!
രാജാവും മഹര്‍ഷിയും
ഒരിക്കല്‍ ഒരു മഹര്‍ഷി രാജാവിനെ കാണാന്‍ ചെന്നു. തന്റെ നാട്ടിലെ ആളുകളെല്ലാം പട്ടിണിയാണെന്നും സഹായിക്കണമെന്നും രാജാവിനോട് അഭ്യർഥിക്കാനാണ് യാത്ര. കാര്യങ്ങള്‍ കേട്ടപ്പോള്‍, താന്‍ സഹായിക്കാന്‍ സന്നദ്ധനാണെന്ന് രാജാവ് പറഞ്ഞു. എന്നാല്‍, ഒരു വ്യവസ്ഥയുണ്ട്: തന്നെ ചതുരംഗത്തില്‍ തോൽപിക്കണം. അങ്ങനെയാണെങ്കില്‍ മഹര്‍ഷി പറയുന്നതെന്തും താന്‍ അംഗീകരിക്കും. മഹര്‍ഷി സമ്മതിച്ചു. കളി ചൂടു പിടിച്ചു. ഒടുക്കം രാജാവിനെ മഹര്‍ഷി തോൽപിക്കുക തന്നെ ചെയ്തു. തോല്‍വി അംഗീകരിച്ച രാജാവ് മഹര്‍ഷിയോട് എന്താണ് ആവശ്യപ്പെടുന്നതെന്ന് അന്വേഷിച്ചു.
തനിക്ക് കൂടുതലൊന്നും വേണ്ട. കുറച്ച് അരി മാത്രം മതിയെന്നായിരുന്നു മഹര്‍ഷിയുടെ പ്രതികരണം.
'ആദ്യത്തെ ദിനം എനിക്ക് ഒരു അരിമണി മതി. രണ്ടാമത്തെ ദിനം രണ്ട് അരി മണി. മൂന്നാമത്തെ ദിനം നാല് അരിമണി. നാലാമത്തെ ദിനം എട്ട് അരിമണി.. അങ്ങനെയങ്ങനെ.......'
രാജാവ് ചിരിച്ചുകൊണ്ട് സമ്മതിച്ചു. വളരെ കുറച്ച് അരിമണിയാണല്ലോ ചോദിച്ചത്.. മഹര്‍ഷിയെന്താ മണ്ടനോ എന്ന് ആലോചിക്കുകയും ചെയ്തു. 64 ദിവസം കഴിഞ്ഞപ്പോള്‍ മൊത്തം 65,536 അരിയായിരുന്നു നല്‍കിയത്. എന്നുവെച്ചാല്‍ ഏതാണ്ട് ഒരു കിലോ. പിറ്റേ ദിവസം രണ്ട് കിലോ നല്‍കേണ്ടി വന്നു. പിന്നെ നാല് കിലോ, എട്ട് കിലോ, പതിനാറ് കിലോ..
രാജാവിന്റെ കണ്ണ് തള്ളാന്‍ തുടങ്ങി. 1000 കിലോ നല്‍കിയതിന്റെ പിറ്റേ ദിവസം 2000 കിലോയാണ് കൊടുക്കേണ്ടത്. തൊട്ടടുത്ത ദിവസം 4000. സംഗതി കൈവിട്ടു പോയെന്ന് രാജാവിന് മനസ്സിലായി. അവസാനം, ദയവുണ്ടാകണമെന്ന് മഹര്‍ഷിയോട് രാജാവ് കേണപേക്ഷിച്ചു. രാജാവിന്റെ അഹങ്കാരത്തിന് തക്ക മറുപടി കൊടുത്ത സന്തോഷമായിരുന്നു മഹര്‍ഷിക്ക്. തന്റെ നാട്ടുകാര്‍ക്ക് ആവശ്യമായ അരി മതിയെന്ന് മഹര്‍ഷി പറഞ്ഞതോടെയാണ് രാജാവിന് സമാധാനമായത്.
ശരിക്കും ഈ കഥയില്‍ സംഭവിച്ചതെന്താണ്? മാത്തമാറ്റിക്‌സില്‍ ഇതിനെ എക്‌സ്‌പൊനന്‍ഷ്യല്‍ ഫംഗ്ഷന്‍ എന്നാണ് വിളിക്കുക. ഒരു എക്‌സ്‌പൊനന്‍ഷ്യല്‍ ഫംഗ്ഷനിലൂടെ കൂടുന്ന വാരിയബ്‌ളിന്റെ വാല്യൂ വേഗത്തില്‍ വർധിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് ഈ കാലത്തെ അസീം അസ്ഹര്‍ എക്‌സ്‌പൊനന്‍ഷ്യല്‍ ഏജ് എന്ന് വിളിക്കുന്നത്. ആ പേരില്‍ ഒരു പുസ്തകവും അദ്ദേഹം രചിച്ചു.
എക്‌സ്‌പൊനന്‍ഷ്യല്‍ ഏജ്
ഇന്നലത്തെ പോലെയല്ല ഇന്ന്. ഇന്നത്തെ പോലെയല്ല നാളെ.. ഓരോ പ്രഭാതവും അത്ര മേല്‍ പുതുമ നിറഞ്ഞതാണ്, വേഗത കൂടിയതാണ്. ഇന്നലത്തെ വേഗതയില്‍ സഞ്ചരിച്ചാല്‍ മതിയാകില്ല ഇന്ന്.
വേഗമെന്ന് പറഞ്ഞാലും പോരാത്തത്ര വേഗത്തിലാണീ കാലം പോകുന്നത്. ക്രമാതീതമായാണ് ഓരോ മാറ്റവും സംഭവിക്കുന്നത്. ടെക്നോളജിക്കലായും സാമൂഹികമായുമെല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ മാറിക്കൊണ്ടേയിരിക്കുകയാണെന്ന തോന്നല്‍ എല്ലാവര്‍ക്കുമുണ്ട് താനും.
ചാറ്റ് ജി.പി.ടിയും ജി.പി.ടി ഫോറുമെല്ലാം നിര്‍മിക്കുന്ന പുതിയ കാലത്തിന്റെ ആശ്ചര്യം വിവരണാതീതമാണ്.
ഇപ്പോള്‍ നടക്കുന്നത് ഒരു 'phase transition' ആണെന്നാണ് കോംപ്ലക്സിറ്റി സയന്റിസ്റ്റുകള്‍ പറയുന്നത്. വെള്ളം നീരാവിയാകുന്നത് പോലെയുള്ള പ്രകടമായ, വേഗത്തിലുള്ള മാറ്റമാണിത്. എന്നാല്‍, അത്ര പെട്ടെന്ന് അതാരും ശ്രദ്ധിച്ചില്ലെന്ന് വരാം.
കൊളംബസ് അമേരിക്കയില്‍ എത്തിയ പോലെയോ, ബര്‍ലിന്‍ മതില്‍ തകര്‍ന്ന പോലെയോ ഉള്ള മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് അസീം അസ്ഹര്‍ പറയുന്നത്. ആ സംഭവങ്ങളെല്ലാം സമൂഹത്തില്‍ എത്രമാത്രം ഇംപാക്ട് ഉണ്ടാക്കി എന്നത് നമുക്കറിവുള്ളതാണ്.
നമ്മുടെ സിസ്റ്റമാകെയും മാറിക്കൊണ്ടിരിക്കുന്നത് നാം കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ മാറ്റം നമ്മുടെ രാഷ്ട്രീയത്തിലും സാമ്പത്തികത്തിലും ജീവിത രീതികളിലുമെല്ലാം സംഭവിക്കുന്നുണ്ട്.
കാലം എത്ര വേഗത്തില്‍ സഞ്ചരിച്ചാലും പക്ഷേ, മനുഷ്യന് ആ വേഗത്തിലുള്ള മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാകും. കാരണം, മനുഷ്യന്റെ അഡാപ്റ്റബിലിറ്റി വലിയൊരു സംഗതിയാണ്. ആദ്യം ഒന്ന് അങ്കലാപ്പിലാകുമെങ്കിലും പിന്നീടവന്‍ പൊരുത്തപ്പെടുകയും അതിജീവിക്കുകയും ചെയ്യും.
ഒരു കാര്യം എക്സ്പൊനന്‍ഷ്യല്‍ ആണെന്ന് പറയണമെങ്കില്‍ അത് വളര്‍ന്നുകൊണ്ടേയിരിക്കുന്ന ഒന്നാകണമെന്ന് പറയുന്നു അസീം അസ്ഹര്‍. ഒരു ഷോര്‍ട്ട് ടേം ട്രെന്‍ഡ് ആകരുത്. കുറച്ച് വര്‍ഷങ്ങള്‍ പത്ത് ശതമാനത്തോളം വളര്‍ന്ന് പിന്നെ നിന്നുപോകുന്നതാകരുത്.
അതുകൊണ്ട് ഡീസല്‍ എഞ്ചിന്‍ എക്സ്പൊനന്‍ഷ്യല്‍ അല്ല. അതിന് തുടക്ക കാലത്ത് നല്ല വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴില്ല. എന്നാല്‍, കമ്പ്യൂട്ടര്‍ ചിപ്പിന്റെ കാര്യം നോക്കൂ. അമ്പത് ശതമാനമാണ് അതിന്റെ ആന്വല്‍ ഇംപ്രൂവ്മെന്റ്.
'എല്ലാ വീട്ടിലും ഓരോ കമ്പ്യൂട്ടര്‍ ഉണ്ടാകുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നു'വെന്ന് 1974 -ലാണ് ബില്‍ഗേറ്റ്സ് പറഞ്ഞത്. അഞ്ച് ലക്ഷത്തില്‍ കുറവായിരുന്നു അന്ന് ലോകത്ത് ആകെയുള്ള കമ്പ്യൂട്ടറുകള്‍. 2000-ത്തില്‍ അത് അഞ്ഞൂറ് മില്യൻ ആയി. പിന്നെയും കാലം കടന്നപ്പോള്‍ നമ്മുടെയെല്ലാം വീടുകള്‍ A gadget-savy household ആയി മാറി. കമ്പ്യൂട്ടറും ടിവിയും അലക്സ പോലുള്ള സ്മാര്‍ട്ട് സ്പീക്കറും സ്മാര്‍ട്ട് ഫോണുമെല്ലാം കൊണ്ട് വീട് നിറഞ്ഞു.
കമ്പ്യൂട്ടറിന്റെ കണ്ടുപിടിത്തം തന്നെയായിരുന്നു ഈ എക്സ്പൊനന്‍ഷ്യല്‍ ഏജിന് തുടക്കം കുറിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് വന്നു. 1984-ല്‍ 1024 കമ്പ്യൂട്ടറിലാണ് ഇന്റര്‍നെറ്റ് കണക്ട് ചെയ്തത്. 94-ല്‍ 3000-ത്തില്‍ അധികമായി. 95-ല്‍ 16 മില്യൻ ആയി. 2020-ല്‍ അഞ്ച് ബില്യൻ ആയി. മുന്നൂറ് മടങ്ങ് വേഗത!
എക്സ്പൊനന്‍ഷ്യല്‍ ഗ്യാപിനെ കുറിച്ചും അസീം അസ്ഹര്‍ പറയുന്നുണ്ട്.
അതായത്, 2010 വരെ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ അത്ര വലിയ വ്യത്യാസമൊന്നും പ്രത്യക്ഷത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് വളരെ വേഗത്തിലായി കാര്യങ്ങള്‍. എല്ലാ സംവിധാനങ്ങളും ആ വേഗതക്കനുസരിച്ച് മുന്നോട്ട് പോകാതായി. കമ്പനികളും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം അക്കൂട്ടത്തില്‍ പെടും. ഗവണ്‍മെന്റ് സംവിധാനങ്ങളും പ്രൈവറ്റ് കമ്പനികളും തമ്മിലെ വ്യത്യാസം ആലോചിച്ചാല്‍ അത് എളുപ്പം നമുക്ക് മനസ്സിലാകും. അങ്ങനെ കാലത്തിനനുസരിച്ച്, അതിന്റെ വേഗതക്കനുസരിച്ച് ചില സംവിധാനങ്ങള്‍ ചലിക്കാതാവുമ്പോള്‍ കാലവും അവരും തമ്മില്‍ ഒരു ഗ്യാപ്പ് ഉണ്ടാകും. അതിനെയാണ് അസീം അസ്ഹര്‍ എക്സ്പൊനന്‍ഷ്യല്‍ ഗ്യാപ് എന്ന് വിളിക്കുന്നത്. ഓരോ വര്‍ഷം കൂടുംതോറും ടെക്നോളജിയും മറ്റു സംവിധാനങ്ങളും പത്ത് ശതമാനമെങ്കിലും മികച്ചതാവുന്നുണ്ട്. ഇങ്ങനെ പുതുക്കാത്ത എല്ലാ സംവിധാനവും പിറകിലായി പോകുന്നുമുണ്ട്. l
Comments