Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

ആസൂത്രണങ്ങളുണ്ടെങ്കിൽ ആസൂത്രകനുമുണ്ട്

ജി.കെ എടത്തനാട്ടുകര

വഴിയും വെളിച്ചവും

 

സ്രഷ്ടാവായ ദൈവം ഒരു യാഥാർഥ്യമാണെന്ന്  വേദങ്ങളും മനുഷ്യയുക്തിയും പറയുന്നു. എന്നാൽ, ശാസ്ത്രം എന്ത് പറയുന്നു? 
'ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ദൈവത്തെ അംഗീകരിക്കാനാവില്ല' എന്ന്  വാശിപിടിച്ച ഒരു കാലമുണ്ട്.
ദൈവ വിശ്വാസികള്‍ ശാസ്ത്രബോധം ഇല്ലാത്തവരാണ്. അവരുടെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ ഒരടിത്തറയുമില്ല. അതേസമയം നിരീശ്വര വാദക്കാരാണ് ശാസ്ത്രത്തിലൂന്നി മുന്നോട്ടുപോകുന്നത്. ഈ തോന്നൽ ഒരു  'അഹങ്കാര'മായിരുന്നു അന്ന്.
എന്നാൽ, മഹാന്മാരായ പല ശാസ്ത്രജ്ഞരും ദൈവ വിശ്വാസികളായിരുന്നു എന്ന കാര്യം മനസ്സിലാക്കിയത് പിന്നീടാണ്. മാത്രമല്ല, 'ഏത് ശാസ്ത്ര ശാഖയിലാണ് ദൈവത്തെ കണ്ടെത്താനുള്ള ഫോർമുലയുള്ളത്' എന്ന ചോദ്യത്തിന് ഉത്തരവുമില്ല.
'ഗണിത ശാസ്ത്രത്തിൽ ദൈവത്തെ പഠിക്കാൻ എന്തെങ്കിലും സമവാക്യമുണ്ടോ?'
'ഇല്ല' എന്നാണ് ഉത്തരം.
'ഗോള ശാസ്ത്രത്തിൽ?'
'ഇല്ല.'
'ജീവ ശാസ്ത്രത്തിൽ?'
'ഇല്ല.'
'ഭൗതിക ശാസ്ത്ര ശാഖകളിലെവിടെയെങ്കിലും?'
'ഇല്ല.'
'പിന്നെങ്ങനെയാണ് ശാസ്ത്രം ദൈവത്തെപ്പറ്റി പറയുക?'
ഭൗതിക ശാസ്ത്രം ദൈവത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. കാരണം, അത് ശാസ്ത്രത്തിെന്റ വിഷയമല്ല. ഈ വസ്തുത മനസ്സിലാക്കിയത് പിന്നീടാണ്. അഭൗതിക കാര്യങ്ങൾ ഭൗതിക ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന വിഷയമല്ല.
അതുകൊണ്ടാണ് മഹാന്മാരായ ശാസ്ത്രജ്ഞരിൽ നിരീശ്വര വാദികളുണ്ടായതു പോലെ ഐസക് ന്യൂട്ടനെ പ്പോലുള്ള ദൈവ വിശ്വാസികളുമുണ്ടായത്.
ന്യൂട്ടൻ തന്റെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങളിലൊന്നായ 'ഗുരുത്വാകര്‍ഷണ നിയമ'(Law of Gravity)ത്തെപ്പറ്റി വിശദീകരിക്കവേ പറഞ്ഞത് ജോൺ ഹഡ്സൺ ടൈനർ 'Isaac Newton: Inventor, Scientist, and Teacher' എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട്:   
   'ഗുരുത്വാകര്‍ഷണം ഗ്രഹങ്ങളുടെ സഞ്ചാരത്തെപ്പറ്റി വിവരിക്കുന്നു. എന്നാല്‍, ആരാണ് അവയുടെ സഞ്ചാരത്തെ നിയമിച്ചത് എന്ന് ഈ നിയമം പറയുന്നില്ല. ദൈവമാണ് ഈ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്. അവയുമായി ബന്ധപ്പെട്ട് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് അവനറിയാം. സൂര്യനും ഗ്രഹങ്ങളും ഉല്‍ക്കകളും ഉള്‍പ്പെടുന്ന ഈ മനോഹര സംവിധാനം ഒരു അതിബുദ്ധിമാനായ ശക്തിയില്‍നിന്നു മാത്രമേ ഉല്‍ഭവിക്കൂ.'
നോബൽ സമ്മാന ജേതാവായ സർ പീറ്റർ മെഡാവർ 'The Limits of Science' എന്ന പുസ്തകത്തിൽ ദൈവത്തെപ്പറ്റി ശാസ്ത്രം എന്തുകൊണ്ട് ഒന്നും പറയുന്നില്ല എന്ന കാര്യം ചർച്ച ചെയ്യുന്നുണ്ട്.
'ദൈവത്തെപ്പറ്റി എന്തുകൊണ്ട്  ശാസ്ത്രം പറയുന്നില്ല' എന്ന ചോദ്യം 'എന്തുകൊണ്ട് ട്രെയിൻ പറക്കുന്നില്ല' എന്ന ചോദ്യം പോലെ അപ്രസക്തമാണ് എന്നാണദ്ദേഹം പറയുന്നത്.
ട്രെയിൻ നിർമിച്ചിരിക്കുന്നത് റെയിൽപാളത്തിലൂടെ ഓടാവുന്ന ഘടനയിലാണ്. അതിനാൽ, അതൊരിക്കലും പറക്കില്ല. ഭൗതിക ശാസ്ത്രം ഭൗതിക കാര്യങ്ങൾ പഠിക്കാനുള്ള വിജ്ഞാന ശാഖയാണ്. അതിനാൽ, അഭൗതിക കാര്യങ്ങൾ ശാസ്ത്രം പറയില്ല. ശാസ്ത്രം ഒരു കാര്യത്തെ പറ്റി പറയില്ല എന്നതിനർഥം അതില്ല എന്നല്ല.
ഉദാഹരണത്തിന്, രണ്ട് സഹോദരിമാർ കരയുന്നു. രണ്ടുപേരുടെയും കണ്ണിൽ നിന്ന് കണ്ണുനീരൊഴുകുന്നു. ഒരാൾ കരയുന്നത് വർഷങ്ങൾ മുമ്പ് കാണാതെ പോയ മകനെ തിരിച്ചുകിട്ടിയ 'സന്തോഷ'ത്താലാണ്. മറ്റൊരാൾ കരയുന്നത് മകൻ മരിച്ചതിന്റെ 'ദുഃഖ'ത്താലാണ്. ഇതു സംബന്ധമായി ശാസ്ത്രം ഒരു പഠനം നടത്തിയാൽ രണ്ടു പേരുടെയും കണ്ണീരിന്റെ അളവും കണ്ണീരിലെ ഘടകങ്ങളുമെല്ലാം കണ്ടെത്താൻ കഴിയും.
എന്നാൽ, കണ്ണീര് വരാൻ കാരണമായ സന്തോഷവും ദുഃഖവും അവയുടെ ഘടനയും തോതുമൊന്നും ശാസ്ത്രത്തിന് കണ്ടെത്താനാവില്ല. അതിനർഥം സന്തോഷവും ദുഃഖവും ഇല്ല എന്നല്ലല്ലോ.
ശാസ്ത്രത്തിന് പ്രപഞ്ച രഹസ്യങ്ങള്‍ മുഴുവന്‍ വിശദീകരിക്കാനാവും എന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ട്. അതിനാൽ, മനുഷ്യനെ നയിക്കാന്‍ ദൈവവും ദൈവത്തിന്റെ പേരിൽ നിയമങ്ങളും ആവശ്യമില്ല എന്നുമാണ് അന്ന് 'വിശ്വിസിച്ചിരുന്നത് '.
ഒരു സുഹൃത്ത് സോഷ്യൽ മീഡിയയിൽ ഒരു യുക്തിവാദിയോട് ചോദിച്ച ചോദ്യമാണ് ഓർമ വരുന്നത്: 'അങ്ങനെയെങ്കിൽ, ശാസ്ത്രം പ്രപഞ്ചത്തിെന്റ മുക്കുമൂലകളെല്ലാം കണ്ടെത്തി പ്രപഞ്ച രഹസ്യങ്ങളെയെല്ലാം വ്യാഖ്യാനിച്ചുകഴിഞ്ഞു എന്ന് ഉറപ്പുവരുത്തണ്ടേ? അങ്ങനെ വല്ലതും നടന്നിട്ടുണ്ടോ?'
ആ യുക്തിവാദിക്ക് ആ ചോദ്യത്തിന് ഇന്നേ വരെ ഒരുത്തരവുമുണ്ടായിട്ടില്ല. ശാസ്ത്രത്തെ ദൈവസ്ഥാനത്തിരുത്തുന്നവർ യഥാർഥത്തിൽ ശാസ്ത്രത്തെ തെറ്റായി സമീപിക്കുകയാണ്. യഥാർഥ ശാസ്ത്ര പഠനം ഈ പ്രപഞ്ചത്തിെന്റ പിന്നിലെ ശക്തിയെ നിരാകരിക്കാനല്ല, കൂടുതൽ ബോധ്യപ്പെടാനാണ് ഉപകരിക്കുക. ലോകം കണ്ട മഹാ ശാസ്ത്രജ്ഞരിൽ ഒരാളാണല്ലോ ആൽബർട്ട് ഐന്‍സ്റ്റീന്‍. മാക്സ് ജാമറിെന്റ 'ഐൻസ്റ്റീനും മതവും' എന്ന പുസ്തകത്തിൽ ഐൻസ്റ്റീനെ ഉദ്ധരിച്ച് പറയുന്നതിങ്ങനെ: 'സയന്‍സ് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യം എന്തെന്നാല്‍, ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിലെല്ലാം ഒരു ഉന്നത ശക്തിയുടെ സാന്നിധ്യം പ്രകടമാണ്; മനുഷ്യനെക്കാള്‍ ഉന്നതനായ ഒരു ശക്തി. ആ ശക്തിയുടെ മുന്നില്‍ നാം മനുഷ്യര്‍ വിനയാന്വിതരായിരിക്കണമെന്ന് മനസ്സിലാക്കുക.'
 ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ 'കയോസ് തിയറി' ഐൻസ്റ്റീെന്റ പ്രസ്താവനക്ക് അടിവരയിടുന്നതായി കാണാം. ഈ തിയറിയെ സംബന്ധിച്ച് കൊച്ചി സർവകലാശാലാ വൈസ്ചാൻസലറായിരുന്ന ഡോ. ബാബുജോസഫ് എഴുതിയ 'കയോസ് ക്രമമില്ലായ്മയിലെ ക്രമം' എന്നൊരു ശാസ്ത്രഗ്രന്ഥമുണ്ട്. അതിെന്റ ഉള്ളടക്കത്തെ സംബന്ധിച്ച് രണ്ടായിരം ജൂൺ രണ്ടിലെ മാധ്യമം ആഴ്ചപ്പതിപ്പിൽ ശാസ്ത്രകാരൻ കൂടിയായ സി. രാധാകൃഷ്ണൻ എഴുതിയതിങ്ങനെ:
'ലളിതമായി പറഞ്ഞാൽ ഈ തിയറിയുടെ സാരാംശം ഇത്രയുമാണ്: പ്രത്യക്ഷത്തിൽ ക്രമരഹിതമെന്നും അരാജകമെന്നും തോന്നുന്ന വ്യവസ്ഥിതിക്ക് പിന്നിൽ അദൃശ്യമായ നിയാമകത്വം ഒളിഞ്ഞിരിപ്പുണ്ട്.'
ഹെന്റി പൊങ്കാറെ എന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനാണ് ഈ തിയറിയുടെ ഉപജ്ഞാതാവ്. 'കയോസ്' എന്നാൽ പ്രത്യക്ഷത്തിൽ കുഴഞ്ഞുമറിഞ്ഞും ക്രമരഹിതമായും ഇരിക്കുന്ന അവസ്ഥ എന്നാണ്. പ്രപഞ്ചത്തെ പ്രത്യക്ഷത്തിൽ ഇങ്ങനെ തോന്നാമെങ്കിലും ഉള്ളിന്റെയുള്ളിൽ വ്യാപകമായ ക്രമപ്പെടുത്തലുകൾ ഉണ്ടത്രെ. 'എന്തുകൊണ്ടാണ് മനുഷ്യൻ മുപ്പതിനായിരം അടി ഉയരാത്തത്? എന്തുകൊണ്ടാണ് പനമ്പട്ട ഒരു തരത്തിലും വാഴക്കൈ മറ്റൊരു തരത്തിലുമായത്? ജനുസ്സ്  അങ്ങനെയൊക്കെയായിപ്പോയതിനാൽ എന്നാണ് ലളിതമായ മറുപടി. എന്നാൽ, ജനുസ്സ് അങ്ങനെയായത് എന്തുകൊണ്ട് എന്ന് ചോദിച്ചാലോ? അറിഞ്ഞുകൂടാ എന്ന് നാം പറയും. പക്ഷേ, ഇനി പറയാം അറിയുമെന്ന്. 'കയോസ് തിയറി' ഇത് സംബന്ധമായി അറിവ് നൽകിയിരിക്കുന്നു. പ്രത്യക്ഷത്തിൽ അകാരണമെന്നോ ദുരൂഹമെന്നോ തോന്നുന്നതിനെല്ലാം അടിയിൽ കൂടുതൽ വ്യാപകമായ തലങ്ങളിൽ ക്രമമുണ്ട്. ആ ക്രമങ്ങൾ മനസ്സിലാക്കാൻ ഇപ്പോഴുള്ള 'മനസ്സിലാക്കൽ സംവിധാനം' പോരാ എന്നാണ് സി. രാധാകൃഷ്ണൻ പറയുന്നത്.
പല്ലുകളില്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ വായിൽ മുളച്ചുവരുന്ന പല്ലുകൾ ഒരു നിശ്ചിതയളവിൽ വളർന്നാൽ പിന്നീട് വളരുന്നില്ല. ജനിച്ചത് മുതൽ പല്ലുകൾ വളർന്നുകൊണ്ടേയിരുന്നാലോ? വിരലുകളിലെ നഖങ്ങൾ വളരും പോലെ വിരലുകൾ വളർന്നു കൊണ്ടിരുന്നാലോ? രുചിയറിയാനുള്ള രുചിമുകുളങ്ങൾ നാവിൽ മാത്രം ക്രമീകരിച്ചതിന് പകരം അന്നനാളം വഴി കുടലുകളിലൂടെ മലദ്വാരം വരെയുണ്ടായിരുന്നെങ്കിലോ? ഇങ്ങനെ തുടങ്ങി സൃഷ്ടിപ്പിന്റെ ഓരോ കാര്യത്തിലും ഉദ്ദേശ്യപൂർവമായ ക്രമീകരണങ്ങൾ കാണാം. സൃഷ്ടിപ്പിൽ മാത്രമല്ല, പ്രകൃതിയുടെ പ്രതിഭാസങ്ങളിലെല്ലാം ഈ ക്രമീകരണങ്ങൾ കാണാവുന്നതാണ്.    
കേരളത്തിൽ മഴ വർഷിക്കുന്ന തോതിൽ തമിഴ്്നാട്ടിൽ മഴ വർഷിക്കുന്നില്ല. ഇന്ത്യയിൽ മഴ വർഷിക്കുന്ന തോതിൽ ഗൾഫ് നാടുകളിൽ മഴ വർഷിക്കാറില്ല. ഭൂപ്രകൃതി അനുസരിച്ചുള്ള മഴയുടെ വിതരണത്തിലെ ഈ ക്രമീകരണങ്ങൾ ലോകത്തെല്ലായിടത്തുമുണ്ട്‌. ഇതില്ലെങ്കിൽ മഴ പോലും അനുഗ്രഹമല്ലാതാവും. ഇതിെന്റയൊക്കെ പിന്നിൽ ഒരു ആസൂത്രണം ദർശിക്കാതിരിക്കാൻ കഴിയാതിരിക്കുന്നതെങ്ങനെ? ഒരു കർഷകൻ   തന്റെ  വ്യത്യസ്ത കൃഷിക്ക് ആവശ്യാനുസൃതം ജലസേചനം ചെയ്യുന്നതു പോലെയുള്ള ഒരു ക്രമീകരണം മഴയുടെ കാര്യത്തിൽ കാണുന്നുണ്ട്. 
 കരയിൽ അമീബ പെരുകുംപോലെ ആന പെരുകുന്നില്ല. കടലിൽ മത്തി പെരുകുംപോലെ തിമിംഗലവും പെരുകാറില്ല. അങ്ങനെ സംഭവിച്ചാൽ കരയുടെയും കടലിന്റെയും സന്തുലിതാവസ്ഥ തകരും. ജീവജാലങ്ങളുടെ പ്രജനന പ്രക്രിയകളിൽ വരെ ഒരു 'കുടുംബാസൂത്രണ'മുണ്ടെന്നർഥം.
   ചുരുക്കത്തിൽ, കൊതുകിന്റെ ചിറകുകളിൽ മുതൽ  ജീവജാലങ്ങളുടെ പ്രജനന പ്രക്രിയകളിലടക്കം പ്രപഞ്ച സംവിധാനങ്ങളിലൊക്കെയും ആസൂത്രണങ്ങളും ക്രമീകരണങ്ങളും പ്രകടമാണ്. ബോധ ശൂന്യതയിൽനിന്ന് ആസൂത്രണങ്ങളും ബുദ്ധിശൂന്യതയിൽനിന്ന് ക്രമീകരണങ്ങളും ഉണ്ടാവുകയില്ല. സ്വയം നിയമങ്ങളുണ്ടാക്കാൻ കഴിയാത്ത പ്രകൃതിയിൽ നിയമങ്ങളുണ്ടെങ്കിൽ അവയുടെ പിന്നിൽ നിയമനിർമാതാവുമുണ്ടെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി.
എല്ലാം സൃഷ്ടിച്ച് സന്തുലിതപ്പെടുത്തിയതിനാലാണ് ഇവിടെ ജീവിതം സാധ്യമാകുന്നത്. സൂര്യൻ ഉണ്ട് എന്നതുകൊണ്ടല്ല, ഒരു നിശ്ചിത അകലത്തിൽ ഉണ്ട് എന്നതുകൊണ്ടാണത് അനുഗ്രഹമാകുന്നത്. മഴ ഉണ്ട് എന്നതുകൊണ്ടല്ല, ഒരു നിശ്ചിത തോതിൽ ഉണ്ട് എന്നതുകൊണ്ടാണത് ഉപകാരപ്പെടുന്നത്. എല്ലാം അങ്ങനെയാണ്. ഈ വസ്തുതയിലേക്കും അതിന്റെ മഹത്വത്തിലേക്കും വിരൽ ചൂണ്ടിക്കൊണ്ട് വിശുദ്ധ ഖുർആൻ എൺപത്തിയേഴാം അധ്യായത്തിൽ പറയുന്നു: "അത്യുന്നതനായ നിന്റെ നാഥന്റെ നാമം പ്രകീർത്തിക്കുക. അവനോ, സൃഷ്ടിച്ച് സന്തുലിതമാക്കിയവൻ. ക്രമീകരിച്ച് നേർവഴി കാണിച്ചവൻ."  l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്