Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

മുംബൈ ഹൈക്കോടതിയുടെ ചരിത്ര പ്രധാന വിധി

എഡിറ്റർ

കഴിഞ്ഞ മെയ് 20-ന് മുംബൈ ഹൈക്കോടതിയിലെ ഗോവ ബെഞ്ച് നടത്തിയ ഒരു വിധിപ്രസ്താവം വളരെ സുപ്രധാനവും പൗരാവകാശ പോരാട്ടത്തിലെ നാഴികക്കല്ലുമാണ്. ഒരു വ്യക്തി / വിഭാഗം തങ്ങളുടെ സ്വകാര്യ ഭൂമിയിൽ തങ്ങൾ വിശ്വസിക്കുന്ന മതദർശനങ്ങൾ പ്രചരിപ്പിക്കുന്നതും പ്രബോ ധനം ചെയ്യുന്നതും ഇന്ത്യൻ ക്രിമിനൽ ആക്ട് 144 വകുപ്പ് പ്രകാരം തടയുന്നത്, ഇന്ത്യൻ ഭരണഘടന ഖണ്ഡിക 19(1)ലും 25, 26 ഖണ്ഡികകളിലും ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് വിധിന്യായത്തിൽ (Case No- CRI WP 63 of 2023) പറഞ്ഞിരിക്കുന്നത്. ഗോവയിലെ സിയോലിം നിവാസി ജോൻ മസ്കർനാസ് ഡിസൂസയാണ് പരാതിക്കാരി. അവർ സ്വന്തം സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൽ ക്രിസ്ത്യൻ മത പ്രബോധന പ്രവർത്തനങ്ങൾ നടത്തുന്നത് ജില്ലാ മജിസ്ട്രേറ്റ് (നോർത്ത് ) തടഞ്ഞിരുന്നു. ഭീഷണിയിലൂടെയോ പ്രലോഭനങ്ങളിലൂടെയോ മതം മാറ്റുന്നത് മത സ്വാതന്ത്രൃത്തിനും പൗരന്മാരുടെ മനസ്സാക്ഷിക്കും എതിരാണ് എന്നായിരുന്നു മജിസ്ട്രേറ്റിന്റെ വാദം. 2022 ഡിസംബർ 28-ന്, ആ സ്വകാര്യ ഭൂമിയിൽ മത പ്രവർത്തനങ്ങൾ നടത്തുന്നത് ജില്ലാ മജിസ്ട്രേറ്റ് തടയുകയും ചെയ്തു. ഈ നിരോധത്തെയാണ് ജസ്റ്റിസ് മഹേഷ് സൊനക്, ജസ്റ്റിസ് വാൽമീകി മെൻസേസ് എന്നിവരുൾപ്പെടുന്ന ഗോവൻ ബെഞ്ച് തള്ളിക്കളഞ്ഞിരിക്കുന്നത്. താൻ വിശ്വസിക്കുന്ന മതം പ്രബോധനം ചെയ്യാനുള്ള മൗലികാവകാശം ഓരോ വ്യക്തിക്കും ഉണ്ടെന്നിരിക്കെ അത് കവർന്നെടുക്കുന്ന വിധത്തിൽ ക്രിമിനൽ ആക്ടിലെ നിയമങ്ങൾ പ്രയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജോൻ ഡിസൂസയും അവരുടെ ഭർത്താവും കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷമായി തങ്ങളുടെ ഭൂമിയിൽ നിർമിച്ച കെട്ടിടത്തിൽ നടത്തിക്കൊണ്ടിരുന്ന മത പ്രവർത്തനങ്ങൾ തടഞ്ഞത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പരാതിക്കാർ ചൂണ്ടിക്കാണിച്ചപ്പോൾ മുംബൈ ഹൈക്കോടതി അത് അംഗീകരിക്കുകയായിരുന്നു.
എന്നാൽ, രാജ്യം ഭരിക്കുന്നവരുടെ നോട്ടത്തിൽ മത സ്വാതന്ത്ര്യം എന്നേ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. താൻ ഇഷ്ടപ്പെട്ട മതം സ്വീകരിക്കാൻ വ്യക്തിക്ക് അനുവാദം നൽകപ്പെടുന്നില്ല. അങ്ങനെയൊരാൾ മതം മാറാൻ തീരുമാനിച്ചാൽ നിരവധി നിയമക്കുരുക്കുകൾ പിറകെ വരും. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറുന്നതെന്ന് ആ വ്യക്തി നേരിൽ വന്നു പറഞ്ഞാലും 'പ്രലോഭന'ത്തിന്റെയോ 'ഭീഷണി'യുടെയോ കള്ളികളിലേക്ക് ഭരണാധികാരികൾ അതിനെ കൊണ്ടെത്തിക്കും. പല സംസ്ഥാനങ്ങളും മതംമാറ്റ നിരോധന നിയമം ഉണ്ടാക്കിവെച്ചിരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റം വരെ തടയാനാണ്. ഇവിടെ മനുഷ്യന്റെ മത സ്വാതന്ത്ര്യം മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് തടയപ്പെടുന്നത്. ചിന്താശീലനാണ് മനുഷ്യൻ. ഏതെങ്കിലും പാരമ്പര്യ ചിന്തകളിൽ അവനെ തളച്ചിടാനാവില്ല. തന്നെ ചൂഴ്്ന്നുനിൽക്കുന്ന അത്ഭുത പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്ന മനുഷ്യൻ തന്റെ പഴയ അഭിപ്രായങ്ങളും ദൈവ സങ്കൽപവുമെല്ലാം മാറ്റുകയെന്നത് ഒട്ടും അസ്വാഭാവികമല്ല. പക്ഷേ, അത്തരം മതംമാറ്റ ചിന്തകളൊന്നും പാടില്ലെന്ന തിട്ടൂരമിറക്കിയിരിക്കുകയാണ് ഭരണകൂടം. മതം മാറുന്നത് വർഗീയ സംഘർഷത്തിന് കാരണമാവുമെന്ന് പറഞ്ഞാണ് ഗോവയിലെ മതസ്ഥാപനം അടപ്പിച്ചത്. ഇത്തരം കുത്സിത നീക്കങ്ങൾക്കെതിരെ ഉയർത്തിക്കാട്ടാൻ പറ്റുന്ന സുപ്രധാന ചരിത്രവിധി തന്നെയാണ് മുംബൈ ഹൈക്കോടതി നടത്തിയിരിക്കുന്നത്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്