ആത്മാനുഭൂതികളുടെ നിമിഷങ്ങളാണ് നമസ്‌കാരം
'നമസ്‌കാരത്തെക്കാള്‍ സൗന്ദര്യപൂരിതവും ഗരിമയാര്‍ന്നതുമായ മറ്റൊന്നും ഭൗതിക ലോകത്തില്ല' -അലി ത്വന്‍താവി
ദൈവത്തോടുള്ള മുസ്‌ലിമിന്റെ ആത്മീയ സംസാരമാണ് നമസ്‌കാരം. തിരുചര്യ പറയുന്നു: ''നിങ്ങളില്‍ ഒരാള്‍ നമസ്‌കാരത്തിന് എഴുന്നേറ്റാല്‍, തന്റെ നാഥനോട് സംസാരിക്കുന്നതിനാണ് എഴുന്നേറ്റത്''(ബൈഹഖി). ദൈവത്തോടുള്ള യഥാര്‍ഥ ബന്ധത്തിന്റെ ലളിതവും ആഴത്തിലുള്ളതുമായ ആവിഷ്‌കാരമാണ് നമസ്‌കാരം. ഒത്തിരി അനുഭൂതികള്‍ ഉള്ളകത്തില്‍ നിറക്കുന്നു അത്. നമസ്‌കരിക്കുമ്പോള്‍ ആത്മാവ് ദൈവത്തോടൊപ്പം ചേരുന്നു; സൂക്ഷ്മ കോശങ്ങള്‍ ഒരേ ലയത്തിലും താളത്തിലും അവന് ചുറ്റും കറങ്ങുന്നു; വിശ്വാസം, സമര്‍പ്പണം, ആത്മാര്‍ഥത, ഭക്തി, ആദരവ്, വിനയം തുടങ്ങിയ മൂല്യങ്ങള്‍ സന്നിവേശിക്കുന്നു.
പല രൂപത്തിലുള്ള നമസ്‌കാരങ്ങളുണ്ട്; നിര്‍ബന്ധ നമസ്‌കാരങ്ങള്‍, ഐഛിക നമസ്‌കാരങ്ങള്‍, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ എന്നിങ്ങനെ. മറ്റുള്ളവ സന്ദര്‍ഭത്തിന്റെ തേട്ടമനുസരിച്ച് നിര്‍വഹിക്കുകയും നിര്‍വഹിക്കാതിരിക്കുകയും ചെയ്യാം. എന്നാല്‍, പ്രഭാതനമസ്‌കാരത്തിന് മുമ്പും രാത്രിനമസ്‌കാരത്തിന് ശേഷവുമുള്ള നമസ്‌കാരങ്ങള്‍, പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പോലുള്ള ഐഛിക നമസ്‌കാരങ്ങള്‍ ഒട്ടും മുടങ്ങാതെ ശ്രദ്ധാപൂര്‍വം പ്രവാചകന്‍ നിര്‍വഹിക്കാറുണ്ടായിരുന്നു.
രോഗത്തിന്റെയും മറ്റും സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ ഇളവുകളുണ്ട്. നിന്ന് നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ക്ക് ഇരുന്നും അതിന് സാധ്യമല്ലെങ്കില്‍, ചരിഞ്ഞുകിടന്നും നമസ്‌കരിച്ചാല്‍ മതി. യാത്രക്കാരന് ഉച്ച-വൈകുന്നേര നമസ്‌കാരങ്ങള്‍ ഒന്നിച്ചും ചുരുക്കിയും നമസ്‌കരിക്കാം. സായാഹ്ന-രാത്രി നമസ്‌കാരങ്ങളും അപ്രകാരം നിര്‍വഹിക്കാം. യുദ്ധ സാഹചര്യത്തില്‍ എങ്ങനെയാണ് നമസ്‌കരിക്കേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ഏതു പ്രതികൂല സാഹചര്യത്തിലും നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിറവേറ്റണമെന്ന് ചുരുക്കം. ഖന്ദഖ് യുദ്ധവേളയില്‍ പ്രവാചകന്‍ ഒരു ദിവസം പ്രഭാത നമസ്‌കാരമൊഴികെ ബാക്കി നിര്‍ബന്ധ നമസ്‌കാരങ്ങളും രാത്രി വളരെ വൈകി ഒന്നിച്ചാണ് നിര്‍വഹിച്ചതെന്ന് ഡോ. മുഹമ്മദ് ഹമീദുല്ല രേഖപ്പെടുത്തുന്നുണ്ട്.
നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ ഇസ്‌ലാം അനുശാസിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''നിശ്ചയം, വിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ് നമസ്‌കാരം''(അന്നിസാഅ് 103). ഇസ്‌ലാമിന്റെ പ്രതലവും തൂണുമായാണ് നമസ്‌കാരത്തെ തിരുചര്യ പരിചയപ്പെടുത്തുന്നത്. പ്രവാചകന് കണ്‍കുളിര്‍മ നല്‍കിയ മൂന്ന് കാര്യങ്ങളിൽ ഒന്ന് നമസ്‌കാരമായിരുന്നു. വല്ല പ്രയാസവും അലട്ടുമ്പോള്‍ പ്രവാചകന്‍ നമസ്‌കാരത്തിലൂടെയായിരുന്നു പ്രത്യാശ കണ്ടെത്താറുണ്ടായിരുന്നത്. 'ഉണരൂ, നമസ്‌കരിക്കൂ. നിശ്ചയം, നമസ്‌കാരത്തില്‍ ശമനമുണ്ട്'(ഇബ്‌നു മാജ) എന്ന് അവിടുന്ന് പറയുകയുണ്ടായി.
വെടിപ്പിന്റെ അനവധി തലങ്ങള്‍ നമസ്‌കാരം ഉൾക്കൊള്ളുന്നുണ്ട്. നമസ്‌കാരം സാധുവാകണമെങ്കില്‍, ചെറുതും വലുതുമായ അശുദ്ധിയില്‍നിന്ന് ശരീരം മുക്തമാവണം. വലിയ അശുദ്ധിയില്‍നിന്ന് ശരീരത്തെ ശുചീകരിക്കുന്നു കുളി. ചെറിയ അശുദ്ധിയില്‍നിന്ന് ശരീരത്തെ ശുചീകരിക്കുന്നു അംഗസ്‌നാനം. വലിയ അശുദ്ധിയില്ലെങ്കില്‍ ഓരോ നമസ്‌കാരത്തിനും കുളി ആവശ്യമില്ല. ഉണ്ടെങ്കില്‍ കുളി നിര്‍ബന്ധമാവും. എന്നാല്‍, ഓരോ നമസ്‌കാരത്തിനും അംഗസ്‌നാനം വേണം. അംഗസ്‌നാനത്തിന്റെ സാങ്കേതിക പദം വുദൂഅ് എന്നാണ്. വൃത്തി, വെടിപ്പ്, ശുചിത്വം എന്നൊക്കെയാണ് അതിനര്‍ഥം. അംഗസ്‌നാനം മുസ്‌ലിമിന്റെ വൃത്തി എപ്പോഴും ഉറപ്പുവരുത്തുന്നു. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളാണ് കൈകാലുകളും മുഖം ഉൾക്കൊള്ളുന്ന അവയവങ്ങളും. എത്ര ശ്രദ്ധിച്ചാലും പൊടിപടലങ്ങളും മാലിന്യങ്ങളും അവയില്‍ പറ്റിപ്പിടിക്കാനിടയുണ്ട്. രോഗാണുക്കള്‍ എളുപ്പം ശരീരത്തിലേക്ക് പ്രവേശിക്കുന്നത് അവയിലൂടെയാണ്. അതിനാല്‍, കൈകാലുകള്‍ക്കും മുഖത്തിനും എപ്പോഴും വൃത്തിയുണ്ടാവണം. കൈകാലുകള്‍ക്കും മുഖത്തിനും പൂര്‍ണമായ ശുചിത്വം ഉറപ്പുവരുത്താന്‍ അംഗസ്‌നാനത്തിലൂടെ സാധിക്കുന്നു.
ശരീരത്തില്‍ മാത്രം പരിമിതമല്ല നമസ്‌കാരം നല്‍കുന്ന ശുചിത്വം. നമസ്‌കരിക്കുന്നവന്റെ വസ്ത്രവും സ്ഥലവും മാലിന്യമുക്തമാവണം. വസ്ത്രത്തില്‍ മാലിന്യമുണ്ടെങ്കില്‍ കഴുകിയ ശേഷമേ നമസ്‌കരിക്കാന്‍ പാടുള്ളൂവെന്ന് പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നമസ്‌കരിക്കുന്നവന്റെ ശരീരം, വസ്ത്രം, സ്ഥലം എന്നിവ വൃത്തിയുള്ളതായിരിക്കണമെന്ന തത്ത്വത്തിലൂടെ ആരോഗ്യകരമായ ജീവിതത്തിനാണ് ഇസ്‌ലാം മണ്ണൊരുക്കുന്നത്. ശുചിത്വബോധം നമസ്‌കാരത്തില്‍നിന്ന് കുടുംബത്തിലേക്കും സമൂഹത്തിലേക്കും വികസിക്കുന്നു. ഭക്ഷണം, വീട്, വാഹനം, അങ്ങാടി തുടങ്ങി എല്ലാറ്റിലും ശുചിത്വമുണ്ടാവല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങനെയാണ് വൃത്തി സംസ്‌കാരത്തിന്റെ അടിത്തറയാവുന്നത്.
ആത്മവിശുദ്ധി
ആത്മാവിന് തിളക്കവും പ്രജ്ഞക്ക് തെളിമയും നല്‍കുന്നു നമസ്‌കാരം. മുഖവും കൈകാലുകളും സവിശേഷമായ ക്രമത്തിലും രീതിയിലും കഴുകലാണല്ലോ അംഗസ്‌നാനം. അങ്ങനെ കഴുകുമ്പോള്‍ ശരീരം വൃത്തിയാവുന്നു. എന്നാല്‍, അംഗസ്‌നാനം ശാരീരികമായ കഴുകല്‍ മാത്രമല്ല, ആത്മീയമായ കഴുകല്‍ കൂടിയാണ്. കൈ കഴുകുമ്പോള്‍ ആത്മാവിനെയും കാല്‍ കഴുകുമ്പോള്‍ പ്രജ്ഞയെയും മുഖം കഴുകുമ്പോള്‍ ചേതസ്സിനെയുമാണ് കഴുകുന്നത്. നമസ്‌കാരവും അതിലെ പ്രാര്‍ഥനകളും മന്ത്രങ്ങളും നിര്‍ത്തവും ഇരുത്തവും വണക്കവും സാഷ്ടാംഗവും താഴ്ചയും ഉയര്‍ച്ചയുമെല്ലാം ഉള്ളകത്തെ പൂര്‍ണമായ വിശുദ്ധിയിലേക്ക് പതിയെ പതിയെ നയിക്കുന്നു.
പൂര്‍ണമായ വിശുദ്ധി കൈവരിക്കണമെങ്കില്‍, ജീവിതം വീഴ്ചകളില്‍നിന്ന് മുക്തമായിരിക്കണം. എന്നാല്‍, മനുഷ്യ ജീവിതത്തില്‍ വീഴ്ചകള്‍ സംഭവിച്ചുപോവുക സ്വാഭാവികമാണ്. ജീവിതത്തില്‍ വന്നുപോവുന്ന വീഴ്ചകളെ മായ്്ചുകളയുന്ന ആത്മീയ സാധനയാണ് നമസ്‌കാരം. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ വീഴ്ചകള്‍ പൊറുപ്പിക്കാന്‍ പര്യാപ്തമാണെന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്: ''നിങ്ങളില്‍ ഒരാളുടെ പടിവാതില്‍ക്കല്‍ ഒരു നദിയുണ്ടായിരിക്കുകയും ദിനേന അഞ്ചുനേരം അതില്‍നിന്ന് കുളിക്കുകയും ചെയ്താല്‍, അവന്റെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? പ്രവാചകാനുയായികള്‍ പറഞ്ഞു: ഇല്ല, അവന്റെ ശരീരത്തില്‍ തെല്ലും അഴുക്ക് ഉണ്ടാവില്ല. പ്രവാചകന്‍ പറഞ്ഞു: അതുപോലെയാണ് അഞ്ചു നേരത്തെ നമസ്‌കാരം. അതു മുഖേന ദൈവം കുറ്റങ്ങള്‍ മായ്ചുകളയുന്നു''(ബുഖാരി, മുസ്‌ലിം).
ആത്മീയമായ ഉണര്‍വിന് ചില ആധ്യാത്മിക ഗുണങ്ങള്‍ പ്രധാനമാണ്. വിശ്വാസം, സമര്‍പ്പണം, ഏകാഗ്രത, ദൈവസ്മരണ, സമാധാനം എന്നിവ അവയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ജര്‍മന്‍ തത്ത്വജ്ഞാനിയായ ഇമ്മാനുവല്‍ കാന്റ് ചില കാര്യങ്ങള്‍ പറയുന്നുണ്ട്: 'എന്തുകൊണ്ട് നമുക്ക് ദൈവവിശ്വാസം കാത്തുസൂക്ഷിച്ചുകൂടാ? വിശ്വാസം നമുക്ക് ആവശ്യമാണല്ലോ. ലോകത്തെ നിലനിര്‍ത്തുന്ന അനന്തശക്തിയുടെ അധിപനായ ദൈവവുമായി എന്തുകൊണ്ട് ആത്മബന്ധം സൃഷ്ടിച്ചുകൂടാ'? കാന്റ് പറയുന്ന വിശ്വാസമുള്‍പ്പെടെയുള്ള ആത്മീയ മൂല്യങ്ങള്‍ സ്വാംശീകരിക്കാന്‍ സഹായകമാണ് നമസ്‌കാരം. പ്രവാചകന്റെ ആകാശാരോഹണവേളയില്‍ സ്വര്‍ഗലോകത്തുവെച്ചാണ് നമസ്‌കാരം നിര്‍ബന്ധമാവുന്നത്. ഓരോ നമസ്‌കാരവും വിശ്വാസിയുടെ സ്വര്‍ഗലോകത്തേക്കുള്ള സഞ്ചാരമാണെന്ന് അവിടുന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ജീവിത വിശുദ്ധി
പ്രായോഗിക ജീവിതത്തിലും വിശുദ്ധി അനിവാര്യമാണ്. നമസ്‌കാരം ജീവിത വിശുദ്ധിയും ഉറപ്പുവരുത്തുന്നു. കൈ ശുദ്ധമാവുന്നതോടൊപ്പം കൈകൊണ്ടുള്ള കര്‍മങ്ങളും ശുദ്ധമാവണം; കാല്‍ നന്നാവുന്നതോടൊപ്പം കാലുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നന്നാവണം; കണ്ണുകൊണ്ട് നല്ലതു മാത്രമേ കാണാന്‍ പാടുള്ളൂ; ചെവികൊണ്ട് നല്ലതു മാത്രമേ കേള്‍ക്കാന്‍ പാടുള്ളൂ; ബുദ്ധികൊണ്ട് നല്ലതു മാത്രമേ ചിന്തിക്കാനും പാടുള്ളൂ. മുഴുവന്‍ ജീവിതവും ദൈവത്തിന് മുമ്പാകെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. അക്കാര്യം നമസ്‌കാരത്തില്‍ അവന്‍ പ്രഖ്യാപിക്കുന്നുണ്ട്. നമസ്‌കാരവും ആരാധനയും ജീവിതവും മരണവും തുടങ്ങി എല്ലാം ദൈവത്തിനാണെന്ന കാര്യമാണല്ലോ പ്രാരംഭ പ്രാര്‍ഥനയുടെ ഉള്ളടക്കം. ഈ പ്രാര്‍ഥന പ്രായോഗിക ജീവിതത്തെ വിശുദ്ധിയില്‍ നെയ്‌തെടുക്കാന്‍ പ്രചോദനമേകുന്നു.
സാമൂഹിക ബോധവും സാമൂഹിക നന്മകളും വിശുദ്ധിയുടെ ഭാഗമാണ്. നമസ്‌കാരം അവക്കും പ്രചോദനമേകുന്നു. ഒറ്റക്കുള്ള നമസ്‌കാരത്തെക്കാള്‍ കൂട്ടായ നമസ്‌കാരത്തിന് കൂടുതല്‍ പുണ്യമുണ്ടെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. സാമൂഹികമായിട്ടാവണം ജീവിതമെന്ന വലിയ സന്ദേശമാണ് അത് പകരുന്നത്. പരക്ഷേമ തല്‍പരത, ഉദാരത, ആദരവ് പോലുള്ള നന്മകള്‍ പ്രകടമാവണം. സമൂഹത്തില്‍നിന്നുണ്ടാവുന്ന പ്രയാസങ്ങളില്‍ സംയമനം പാലിക്കണം. നമസ്‌കരിക്കുകയും സാമൂഹിക നന്മകള്‍ ശീലിക്കാതിരിക്കുകയും ചെയ്യുന്നവരെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്: ''അതിനാല്‍, നമസ്‌കാരക്കാര്‍ക്ക് നാശം. അവരോ, തങ്ങളുടെ നമസ്‌കാരത്തിന്റെ കാര്യത്തില്‍ അശ്രദ്ധരാണ്. അവര്‍ ആളുകളെ കാണിക്കാൻ വേണ്ടി ചെയ്യുന്നവരാണ്. നിസ്സാരമായ സഹായം പോലും മുടക്കുന്നവരും''(അല്‍മാഊന്‍ 4-7). l
Comments