Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

ശൈഖ് അബ്ദുല്ല അദ്ദബ്ബാഗ് ജീവകാരുണ്യ രംഗത്തെ ഇതിഹാസം

വി.കെ അലി

വിജ്ഞാനത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും നാട് എന്ന നിലക്ക് വിശ്രുതമാണ് ഖത്തര്‍ എന്ന കൊച്ചു ഗള്‍ഫ് രാഷ്ട്രം. 1970-കളുടെ ആരംഭത്തില്‍ ഖത്തറിലേക്ക് ഉപരിപഠനത്തിനു പോകുന്ന ചില വിദ്യാര്‍ഥികള്‍ ഖത്തര്‍ യാത്രക്ക് വേണ്ടി ടിക്കറ്റെടുക്കാന്‍ എയര്‍ ഇന്ത്യാ ഓഫീസില്‍ ചെല്ലുമ്പോള്‍, അതെവിടെയാണ് എന്ന് അത്ഭുതം കൂറുന്ന ഉദ്യോഗസ്ഥരുണ്ടായിരുന്നു. അത്രയും അജ്ഞാതമായിക്കിടന്ന ഒരു കൊച്ചു പ്രദേശം ഇന്ന് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന രാഷ്ട്രീയ വിസ്മയമായി മാറിയിരിക്കുന്നു. വിജ്ഞാനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമെന്ന പോലെ സ്‌പോര്‍ട്‌സ് രംഗത്തും നയതന്ത്ര രംഗത്തും തങ്ങള്‍ മുന്‍നിരയില്‍ തന്നെയെന്ന് ഖത്തര്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു.
സുഊദി അറേബ്യ കഴിഞ്ഞാല്‍ ഗള്‍ഫിലെ വൈജ്ഞാനിക മേധാവിത്വം ഖത്തറിന് ലഭിക്കാന്‍ മുഖ്യ കാരണം ഖത്തര്‍ വംശജരും അറിയപ്പെടുന്ന പണ്ഡിതരുമായ ചില വ്യക്തിത്വങ്ങളുടെ സാന്നിധ്യമാണ്. ശൈഖ് അബ്ദുല്ല ഇബ്‌നു സൈദ് ആലു മഹ്്മൂദ്, ശൈഖ് അബ്ദുല്ല അന്‍സാരി, ശൈഖ് അബ്ദുല്ല അദ്ദബ്ബാഗ് എന്നിവര്‍ അവരില്‍ മുന്‍പന്തിയില്‍ വരും. കൂടാതെ, മര്‍ദക ഭരണകൂടങ്ങളില്‍നിന്ന് ഖത്തറില്‍ അഭയം തേടിയെത്തിയ വിശ്വ പ്രശസ്ത പണ്ഡിതന്‍ ശൈഖ് യൂസുഫുല്‍ ഖറദാവി, ശൈഖ് അബ്ദുല്‍ ബദീഅ് സഖര്‍, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ശൈഖ് അലി ജമ്മാസ് എന്നിവരും ഈ ഗണത്തില്‍ പെട്ടവരാണ്. മതഭക്തരും ദീനീസ്‌നേഹികളുമായിരുന്ന ഖത്തറിലെ അമീറുമാര്‍ അവര്‍ക്ക് സൗകര്യങ്ങളൊരുക്കുകയും  സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. അങ്ങനെയാണ് ലോകത്തിന്റെ മുക്കുമൂലകളില്‍നിന്നുള്ള വിജ്ഞാന ദാഹികള്‍ ഖത്തറിലെ 'അല്‍ മഅ്ഹദുദ്ദീനി'യിലേക്കും ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലേക്കും വിദ്യ തേടിയെത്തിയത്. അവര്‍ക്ക് ആതിഥ്യമൊരുക്കാന്‍ ഖത്തര്‍ ജനത ആവേശം കാണിച്ചു.
ശൈഖ് അബ്ദുല്ല അദ്ദബ്ബാഗ് ഒരു മഹാ പണ്ഡിതനോ കോടീശ്വരനോ അല്ല. എങ്കിലും തന്റെ വിനയവും സാത്വികതയുംകൊണ്ട് ബന്ധപ്പെടുന്ന ഏവരെയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിന് ശേഷം ഈ ലേഖകന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മത കാര്യാലയത്തിലെ 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്്‌ലാമിക് അഫയേഴ്‌സി'ലാണ് നിയമിതനായത്. അന്ന് പ്രസ്തുത ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാരഥ്യം (മുദീര്‍) അബ്ദുല്ല അദ്ദബ്ബാഗിനായിരുന്നു. ഭാഗ്യവശാല്‍ എനിക്ക് ജോലി നല്‍കിയത് ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈബ്രറി സെക്്ഷനിലായിരുന്നു. ഇസ്്‌ലാമിക ലോകത്തെ ക്ലാസിക്ക് കൃതികള്‍ പുനര്‍ മുദ്രണം ചെയ്യുക, പുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുക, രിയാദുസ്സ്വാലിഹീന്‍ തുടങ്ങിയ ജനപ്രിയ കൃതികള്‍ പൊതുവിതരണത്തിനായി തയാറാക്കുക എന്നിവയായിരുന്നു ഈ വകുപ്പിന്റെ മുഖ്യ ചുമതലകള്‍. ഇസ്്‌ലാമിക ദഅ്‌വത്തിന് പ്രയോജനപ്പെടുന്ന അന്യ ഭാഷാ കൃതികള്‍ തെരഞ്ഞെടുത്ത് വിതരണം ചെയ്യുകയെന്നതും ഇതിന്റെ പരിധിയിൽ വരുമായിരുന്നു. കൂടാതെ പള്ളികളിലേക്കാവശ്യമായ ഇമാമുമാരെയും ഖത്വീബുമാരെയും ടെസ്റ്റ് നടത്തി 'ശുഊനുല്‍ മസാജിദി'ന് (പള്ളി കാര്യ വകുപ്പ്) കൈമാറുന്നത് ഇതേ ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയായിരുന്നു. പുതിയ പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടാനും പണ്ഡിതന്മാരുമായി ബന്ധപ്പെടാനും ഈ ജോലി വളരെയേറെ ഉപകരിക്കുകയുണ്ടായി.  ഭാവി ജീവിതത്തിലും അതൊരു മുതല്‍ക്കൂട്ടായി.
ചേന്ദമംഗല്ലൂരിലെ കെ.സി മൊയ്തീന്‍ കോയ (മുന്‍ അമീര്‍ കെ.സി അബ്ദുല്ല മൗലവിയുടെ മകന്‍) അബ്ദുല്ല അദ്ദബ്ബാഗിന്റെ ഓഫീസില്‍ ചാര്‍ജെടുത്തതും ഇതേ സമയത്താണ്. ഇസ്്‌ലാമിക പ്രസ്ഥാനത്തിന് അനുകൂലമായ ഒരു സാഹചര്യം ഖത്തറില്‍ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയുണ്ടായി. കേരളത്തിലെ വിജ്ഞാന കേന്ദ്രങ്ങളെ അവര്‍ക്ക് പരിചയപ്പെടുത്താനും പ്രസ്ഥാന നേതാക്കളെ ഗവണ്‍മെന്റ് അതിഥികളായി കൊണ്ടുവരാനും ഇതുമൂലം അവസരം ലഭിച്ചു. ഇന്ത്യയില്‍നിന്ന് മൗലാനാ മുഹമ്മദ് യൂസുഫ്, സിറാജുല്‍ ഹസന്‍, ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി, ശംസ് പീർ ‍സാദാ, മൗലാനാ അബ്ദുല്‍ അസീസ് (ഹൈദരാബാദ്) എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. കൂടാതെ, കെ.സി അബ്ദുല്ല മൗലവി, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ തുടങ്ങിയവരും ഔഖാഫിന്റെ അതിഥികളായി ഖത്തര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അറിയപ്പെടുന്നവരും മിതവാദികളുമായ പണ്ഡിതന്മാരുടെ പരിപാടികള്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കാനും അബ്ദുല്ല അദ്ദബ്ബാഗ് സമര്‍ഥനായിരുന്നു. ഈജിപ്തിലെ സ്വലാഹ് അബൂ ഇസ്മാഈല്‍, ഫഹ്്മീ ഹുവൈദി, ശൈഖ് മുതവല്ലി അശ്ശഅ്‌റാവി, ഇറാഖിലെ അബ്ദുല്‍ കരീം സൈദാൻ, ഇന്ത്യയിലെ അബുല്‍ ഹസന്‍ അലി നദ്‌വി, പാകിസ്താനിലെ ഖുര്‍ശിദ് അഹ്്മദ് തുടങ്ങി അനേകം വ്യക്തിത്വങ്ങള്‍ ഖത്തറിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്.
അബ്ദുല്ല അദ്ദബ്ബാഗിന്റെ വ്യക്തിത്വത്തിന് കൂടുതല്‍ യശോധാവള്യം ചാര്‍ത്തിയത് ആതുര സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തമാണ്. അനാഥകളോടും അഭയാര്‍ഥികളോടും അതിരില്ലാത്ത അനുകമ്പയായിരുന്നു അദ്ദേഹത്തിന്. ഇസ്രായേല്‍ കിങ്കരന്മാരുടെ സമാനതയില്ലാത്ത ക്രൂരതകളില്‍ പെട്ട് നരകയാതന അനുഭവിക്കുന്ന ഫലസ്ത്വീന്‍ ജനതയെ അദ്ദേഹം നെഞ്ചേറ്റി. ബോസ്‌നിയയില്‍ പീഡനങ്ങള്‍ക്കിരയായ ജനസമൂഹത്തിന് കൈത്താങ്ങാവാനും അദ്ദേഹത്തിന് സാധിച്ചു. സുഡാന്‍, യമന്‍, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ ദരിദ്ര രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കാനും ദബ്ബാഗ് മുന്നിലുണ്ടായിരുന്നു. സേവനങ്ങൾക്കുള്ള അംഗീകാരമായി സുഡാനിലെ ഉംദര്‍മാന്‍ യൂനിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയുണ്ടായി. ഫലസ്ത്വീന്‍ നേതാക്കളായ ഇസ്മാഈല്‍ ഹനിയ്യയും ഖാലിദ് മിശ്അലും അദ്ദേഹത്തിന്റെ ജനാസ സംസ്‌കരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഇന്ത്യക്കാരെ പൊതുവിലും മലയാളികളെ വിശേഷിച്ചും സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ശൈഖ് ദബ്ബാഗ്. അവരുടെ കര്‍മകുശലതയിലും ആത്മാര്‍ഥതയിലും വിശ്വാസ്യതയിലും അദ്ദേഹത്തിന് മതിപ്പായിരുന്നു. അനാഥകളുടെ സംരക്ഷണം, പള്ളികളുടെയും ആശുപത്രികളുടെയും ആതുരാലയങ്ങളുടെയും നിര്‍മാണം, ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കേരളത്തെ അദ്ദേഹം പ്രത്യേകം പരിഗണിക്കുമായിരുന്നു. കേരളത്തില്‍ വരികയും ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിഗണന. കെ.സി അബ്ദുല്ല മൗലവിയോട് അദ്ദേഹത്തിന് വലിയ ആദരവായിരുന്നു. 
1984-ല്‍ 'ലജ്‌നത്തു ഖത്തർ ലി മശ്റൂഇ കാഫിലില്‍ യതീം' എന്ന പേരില്‍ തുടങ്ങിയ അനാഥാശ്രയ വേദിയിലൂടെയാണ് ശൈഖ് ദബ്ബാഗ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്. അദ്ദേഹത്തിന്റെ സേവനങ്ങളില്‍ ആകൃഷ്ടരായ സഹൃദയരുടെ പങ്കാളിത്തം സ്ഥാപനത്തിന് കൂടുതല്‍ കരുത്ത് പകർന്നു. ആ സ്ഥാപനമാണ് ജംഇയ്യത്ത് ഖത്തര്‍ അല്‍ ഖൈരിയ്യ ആയി വികസിച്ചത്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും മുൻനിരയിലുള്ള ചാരിറ്റി സ്ഥാപനങ്ങളിലൊന്നായാണ് ഇത് എണ്ണപ്പെടുന്നത്. ഇപ്പോള്‍ 'ഖത്തർ അല്‍ ഖൈരിയ്യ' എന്ന പേരില്‍ ഗവണ്‍മെന്റ് തന്നെ സ്ഥാപനത്തെ ഏറ്റെടുത്തിരിക്കുന്നു. ഈ സ്ഥാപനത്തില്‍ ആദ്യഘട്ടം മുതല്‍ക്കേ സേവനം ചെയ്യുന്ന രണ്ട് മലയാളികളാണ് കെ.സി അബ്ദുര്‍റഹ്്മാനും അബൂബക്കര്‍ തിരൂര്‍ക്കാടും. അബൂബക്കര്‍ അടുത്തിടെ ഖത്തറിനോട് വിടപറയുകയുണ്ടായി.
1948-ലാണ് ശൈഖ് ദബ്ബാഗിന്റെ ജനനം. നീണ്ട അമ്പത് വര്‍ഷം ജനസേവന പ്രവര്‍ത്തനങ്ങളാൽ നിരതമായിരുന്നു ആ ജീവിതം. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. കഴിഞ്ഞ മെയ് 23-നാണ് അദ്ദേഹത്തിന്റെ വിയോഗം. ഖത്തറിലെ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍  ജനാസ നമസ്കാരത്തിന് വലിയൊരു ജനാവലി ഒരുമിച്ചുകൂടിയിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങള്‍ സ്വീകരിക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഇടം നല്‍കുകയും ചെയ്യട്ടെ- ആമീന്‍. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്