Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

"ചന്ദ്രിക' നവതിയുടെ നിറവില്‍

പി.കെ ജമാൽ

ചന്ദ്രിക' ദിനപത്രം തൊണ്ണൂറ് വര്‍ഷം പിന്നിടുകയാണ്. മുസ്്‌ലിം സമുദായത്തിന്റെയും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെയും നാനാ ജീവിത തുറകളിലെ കുതിപ്പും കിതപ്പും രേഖപ്പെടുത്തുമ്പോള്‍ ഓര്‍മയില്‍ ഒന്നാമതായി തെളിയുന്ന പേരാണ് 'ചന്ദ്രിക'യുടേത്. കേരളീയ സമൂഹത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിലെ ചരിത്രം പരിശോധിക്കുക: ഇല്ലായ്മയുടെ കഥകളാണ് ആര്‍ക്കും പറയാനുണ്ടാവുക. സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക രംഗങ്ങളില്‍ ശൂന്യത അനുഭവപ്പെട്ട ആ കാലഘട്ടത്തില്‍ ഉണര്‍വിന്റെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെയും ചെറിയ ചലനങ്ങള്‍ക്ക് പോലും വലിയ പ്രസക്തിയുണ്ടായിരുന്നു. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും ആഴക്കടലില്‍ അമര്‍ന്നുപോയ സമുദായത്തിന് വെളിച്ചവും ദിശാബോധവും നൽകുന്ന വൈജ്ഞാനിക - സാംസ്‌കാരിക യത്‌നങ്ങള്‍ ഏറെ ആവശ്യമായ സന്ദര്‍ഭത്തിലാണ് ചന്ദ്രികയുടെ പിറവി. 1937-ല്‍ വാരികയായി പിറന്ന ചന്ദ്രിക, 1938-ല്‍ ദിനപത്രമായി. 1946-ല്‍ ചന്ദ്രിക കോഴിക്കോട്ടേക്ക് മാറി. 
പിറന്നുവീണ തലശ്ശേരി അക്കാലത്ത് മലബാറിന്റെ വിദ്യാഭ്യാസ - സാംസ്‌കാരിക സിരാകേന്ദ്രമായിരുന്നു. കോഴിക്കോട്ടേക്ക് പത്രസ്ഥാപനം പറിച്ചു നട്ടതോടെ ചന്ദ്രികയുടെ പ്രഭാ മണ്ഡലവും വികസിച്ചു. മുസ്്‌ലിം ലീഗിന്റെ ജിഹ്വയായി അറിയപ്പെട്ട പത്രം മുസ്്‌ലിം സമുദായത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും കടന്നുചെന്നു സ്വീകാര്യത നേടി. സമുദായത്തിന്റെ ആവശ്യങ്ങളും വികാരങ്ങളും വേദനകളും അറിയാനുള്ള മാധ്യമമായി മാറാന്‍ ചന്ദ്രികക്ക് സാധിച്ചത്, ആ കാലഘട്ടത്തില്‍ പത്രത്തെ നയിച്ച മഹാരഥന്മാരുടെ കാഴ്ചപ്പാടിന്റെ സവിശേഷതകൊണ്ടായിരുന്നു. സമുദായത്തിലെ വ്യത്യസ്ത ചിന്താധാരകള്‍ക്ക് ഇടം അനുവദിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാ വിഭാഗങ്ങളുടെയും വാര്‍ത്തകള്‍ക്കും വീക്ഷണങ്ങള്‍ക്കും ഇടം നല്‍കാനും സന്നദ്ധമായപ്പോള്‍ സമുദായം പൊതുവെ ചന്ദ്രിക തങ്ങളുടേത് കൂടിയാണെന്ന് അംഗീകരിച്ചു. പരസ്പരം പോരടിച്ചിരുന്ന സമുദായത്തിലെ വ്യത്യസ്ത സംഘടനകളും ചന്ദ്രികയുടെ സംഗമവേദിയില്‍ ഒന്നിച്ചു. മുസ്്‌ലിം ലീഗിന്റെ സര്‍വാംഗീകൃത നേതൃത്വവും അതിന് പാകമായ മണ്ണൊരുക്കുകയും ദീര്‍ഘ വീക്ഷണത്തോടെ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. 
ബാഫഖി തങ്ങളെയും 
സി.എച്ച് മുഹമ്മദ് കോയയെയും പോലുള്ള നേതാക്കള്‍, തങ്ങള്‍ നയിക്കുന്ന സംഘടനയുടെ ഉള്‍ക്കരുത്തും ശക്തിയും ചോര്‍ന്നുപോകാതെ അതിനെ കരുതലോടെ കാക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. അതിന്റെ നന്മകളെല്ലാം ചന്ദ്രിക പത്രത്തിലും പ്രതിഫലിച്ചു. മുസ്്‌ലിം സമുദായത്തിലെ നവോത്ഥാന യത്‌നങ്ങള്‍ക്ക് ശക്തിയും പിന്‍ബലവും നല്‍കുകയാണ് പത്രത്തിന്റെ  ദൗത്യമെന്ന് ചന്ദ്രിക തിരിച്ചറിഞ്ഞു. ശാഫി സാഹിബ്, യു.എ ബീരാന്‍, വി.സി അബൂബക്കര്‍ തുടങ്ങി ആ കാലഘട്ടത്തിലെ പ്രഗത്ഭരായ പത്രാധിപന്മാര്‍, ബാഫഖി തങ്ങളും സി.എച്ചും കാണിച്ച ദിശയിലൂടെ സഞ്ചരിച്ചപ്പോള്‍ ഗുണാത്മകമായ സദ്ഫലങ്ങള്‍ ഉളവാക്കി. സാമുദായിക പത്രമാണ് ചന്ദ്രിക എന്ന വിശേഷണം ഉള്ളപ്പോള്‍തന്നെ, അതിന്റെ മതനിരപേക്ഷ  ജനാധിപത്യ നിലപാടുകളും പൊതു സമൂഹത്തിലെ ക്രിയാത്മക ഇടപെടലുകളും പൊതു സ്വീകാര്യത നേടി. എഴുപതുകളില്‍ സമുദായത്തില്‍ സര്‍വ സമ്മതനായ ടി.പി കുട്ട്യമ്മു സാഹിബ് മാനേജിംഗ് എഡിറ്ററായി വന്നതോടെ വിവിധ ധാരകളിലേക്കുള്ള ചന്ദ്രികയുടെ പ്രവേശനം സുഗമമായി. ചീഫ് എഞ്ചിനീയറായി ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച കുട്ട്യമ്മു സാഹിബിന്റെ വിപുലമായ സംഘടനാതീത ബന്ധങ്ങളും പൊതു സമൂഹത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സല്‍പേരും ചന്ദ്രികക്ക് മൂലധനമായി.
1950-ല്‍ പ്രസിദ്ധീകരണമാരംഭിച്ച ചന്ദ്രിക ആഴ്ചപ്പതിപ്പിലൂടെ വളര്‍ന്ന നിരവധി എഴുത്തുകാരുണ്ട്. പ്രശസ്തരായ പല സാഹിത്യകാരന്മാരുടെ സര്‍ഗസിദ്ധികളുടെ വിലാസവേദിയായിരുന്നു ആഴ്ചപ്പതിപ്പ്. യു.എ ഖാദര്‍, പി.എ മുഹമ്മദ് കോയ, തിരക്കഥാകൃത്ത് ശരീഫ്, ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ പരിശീലന കളരിയായിരുന്നു അത്. പി. മുഹമ്മദ് കുട്ടശ്ശേരി, ശൈഖ് മുഹമ്മദ് കാരകുന്ന് തുടങ്ങിയവരുടെ രചനകള്‍ നിരന്തരം വെളിച്ചം കണ്ടു. മലയാള സാഹിത്യത്തിലെ അതികായരായ വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, പി. കേശവദേവ്, ഉറൂബ്, എസ്.കെ പൊറ്റെക്കാട്ട്, മഹാ കവി വള്ളത്തോള്‍, പി. കുഞ്ഞിരാമന്‍ നായര്‍, വി.കെ.എന്‍, പുനത്തില്‍ കുഞ്ഞബ്ദുല്ല തുടങ്ങിയവരും ആഴ്ചപ്പതിപ്പിനെ ധന്യമാക്കിയ എഴുത്തുകാരാണ്. അവര്‍ക്കെല്ലാം പ്രചോദനമേകാന്‍ സി.എച്ച് മുഹമ്മദ് കോയയും തലപ്പത്തുണ്ടായിരുന്നു. തിരക്കുപിടിച്ച 'മന്ത്രിപ്പണി'ക്കിടയിലും പത്രത്താളുകളിലും ആഴ്ചപ്പതിപ്പിലും വരുന്ന ഓരോ സൃഷ്ടിയും സൂക്ഷ്മമായി വിശകലനം ചെയ്യാനും വിലയിരുത്താനും പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനും അഭിനന്ദിക്കാനും സി.എച്ച് സമയം കണ്ടിരുന്നു. ചന്ദ്രികയുടെ ഓരോ സ്പന്ദനവും തന്റേത് കൂടിയാണെന്ന് സി.എച്ച് വിശ്വസിച്ചു. ചന്ദ്രികയുടെ വളര്‍ച്ചക്ക് കുടുംബത്തെ പോലും മറന്നായിരുന്നു സി.എച്ചിന്റെ സേവനവും സമര്‍പ്പണവും. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ ഹാസ്യാത്മകമായും ഗൗരവാര്‍ഹമായും സമീപിക്കുന്ന 'കേട്ടീലയോ കിഞ്ചന വര്‍ത്തമാനം' എന്ന മിഡില്‍ പീസ് 'മാളിയേക്കല്‍' എന്ന തൂലികാ നാമത്തില്‍ സി.എച്ചായിരുന്നു എഴുതിയത്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പങ്കുവഹിക്കാന്‍ അഖിലേന്ത്യാ തലത്തില്‍ ജമാഅത്തെ ഇസ്്‌ലാമി എടുത്ത തീരുമാനത്തെക്കുറിച്ച് സി.എച്ചിന്റെ 'കിഞ്ചന വര്‍ത്തമാന'ത്തിന്റെ തലക്കെട്ട് 'പഞ്ചായത്തെ ഇസ്്‌ലാമി' എന്നായിരുന്നു എന്ന് ഞാനോര്‍ക്കുന്നു. അപ്പോള്‍ പോലും നിരൂപണങ്ങളും വിമര്‍ശനങ്ങളും ആശയതലത്തില്‍ ഒതുങ്ങിനിന്നു. ജമാഅത്ത് നയങ്ങളെ നിരൂപണം ചെയ്ത് എ.എസ് എന്ന പേരില്‍ കുട്ട്യമ്മു സാഹിബ് ചന്ദ്രികയിലും എ.ആര്‍ എന്ന പേരില്‍ പ്രബോധനത്തില്‍ അവക്ക് മറുപടിയും വന്നുകൊണ്ടിരുന്നപ്പോഴും സംഘടനാ ബന്ധങ്ങള്‍ സുദൃഢമായി നിലനിന്നു. 'പ്രബോധന'ത്തിന്റെ പരസ്യം ചന്ദ്രികയിലും ചന്ദ്രികയുടെ പരസ്യം പ്രബോധനത്തിലും പ്രതിഫലമില്ലാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. പ്രബോധനത്തിന് വേണ്ട അച്ചുകള്‍ മദ്രാസില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ചന്ദ്രിക മാനേജര്‍മാര്‍ക്ക് മടിയുണ്ടായിരുന്നില്ല. പ്രബോധനത്തിന്റെ ന്യൂസ് പ്രിന്റ് ക്വാട്ടയില്‍ ബാക്കിവരുന്നത് ചന്ദ്രികക്ക് നല്‍കാന്‍ പ്രബോധനം മാനേജ്‌മെന്റിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല.
സാഹിതീ രംഗത്ത് മികച്ചുനിന്ന അക്കാലത്തെ പ്രസിദ്ധീകരണമാണ്  ചന്ദ്രിക വിശേഷപ്പതിപ്പുകള്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചും റിപ്പബ്ലിക് ദിനത്തിലും ഓണം-വിഷു സന്ദര്‍ഭങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട വിശേഷപ്പതിപ്പുകളില്‍ കേരളത്തിലെ പ്രഗത്ഭരായ ഒട്ടു മിക്ക എഴുത്തുകാരും അണിനിരന്നിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഓര്‍മയുടെ അറകളും', എസ്.കെ പൊറ്റെക്കാട്ടിന്റെ 'നോര്‍ത്ത് അവന്യൂ'വും ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചവയാണ്. പി.എ മുഹമ്മദ് കോയയുടെ 'സുല്‍ത്താന്‍ വീടും' ചന്ദ്രികയിലാണ് വന്നത്. മഹാ കവി പി. കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍, അതിന്റെ പശ്ചാത്തല വിവരണമായ ലേഖനങ്ങള്‍ അക്കാലത്തെ ചന്ദ്രികയുടെ തിലകക്കുറിയായിരുന്നു.
പല ആഴ്ചപ്പതിപ്പുകളും ലബ്ധ പ്രതിഷ്ഠരായ എഴുത്തുകാര്‍ക്കും പ്രത്യേക വിഭാഗത്തിലെ ആഢ്യ സാഹിത്യകാരന്മാര്‍ക്കും മാത്രം തങ്ങളുടെ താളുകള്‍ നിര്‍ലോഭം അനുവദിച്ചപ്പോള്‍ മത-ജാതി-കക്ഷി ഭേദമന്യേ എഴുതിത്തുടങ്ങിയവര്‍ക്കും എഴുതിത്തെളിഞ്ഞവര്‍ക്കും സാഹിത്യത്തറവാട്ടിലെ കാരണവന്മാര്‍ക്കും ഒരുപോലെ ഉദാരമായി ഇടം അനുവദിച്ചതാണ് ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ പ്രത്യേകത. 
മുസ്്‌ലിം സമുദായത്തില്‍, അറിയപ്പെടുന്ന എഴുത്തുകാരിലും സാഹിത്യകാരന്മാരിലും ഏറിയ പങ്കും ചന്ദ്രിക വളര്‍ത്തിയവരാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ ചന്ദ്രികക്ക് ജന്മം നല്‍കുമ്പോള്‍ കണ്ട സ്വപ്‌നവും അതുതന്നെയായിരുന്നു. സമുദായത്തിലെ ചില എഴുത്തുകാര്‍ മുലപ്പാലിന്റെ മണം മറന്നപ്പോഴും അവരെ ചേര്‍ത്തുപിടിക്കാന്‍ തന്നെയായിരുന്നു മാതൃ വാത്സല്യത്തോടെ ചന്ദ്രികയുടെ മനസ്സ്.
മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്നില്‍ നിലയുറപ്പിച്ച പാരമ്പര്യമുണ്ട് ചന്ദ്രികക്ക്. 'ഇ.എം.എസ് ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുകയാണ്' എന്നും 'നമ്പൂതിരിപ്പാടിന്റെ പൂണൂല്‍ പുറത്തല്ല, അകത്താണ്' എന്നും നിയമസഭയില്‍ പ്രസംഗിച്ചപ്പോള്‍ അക്ഷര വടിവോടെ അത് പ്രസിദ്ധീകരിക്കാന്‍ ചന്ദ്രിക വേണ്ടിയിരുന്നു. മറ്റു പത്രങ്ങള്‍ ധൈര്യപ്പെടാതിരുന്ന ആ  ദൗത്യനിര്‍വഹണം ചന്ദ്രികയില്‍ കൂടി സാധിതമായി.
ചന്ദ്രികയില്‍ സഹ പത്രാധിപരായിരുന്നപ്പോള്‍ ഉണ്ടായ വ്യക്തിപരമായ അനുഭവങ്ങള്‍, 2-9-2022-ന് പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച 'സ്‌നേഹവും സൗഹൃദവും പൂത്തുലഞ്ഞ സുവര്‍ണ കാലം' എന്ന ലേഖനത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്