Prabodhanm Weekly

Pages

Search

2023 ജൂൺ 09

3305

1444 ദുൽഖഅദ് 20

ആ വിജയത്തിന് പിന്നിൽ

എം.എച്ച് അൻസാരി വിരാജ്പേട്ട

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്,   കോൺഗ്രസ്  മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഏറ്റവും കൂടുതൽ സീറ്റ് നേടി അധികാരത്തിൽ വരും എന്ന്  കന്നഡ ന്യൂസ് പോർട്ടൽ ഈദിന.കോം പ്രവചിച്ചപ്പോൾ തീവ്ര വലതുപക്ഷ മാധ്യമങ്ങളും, കർണാടകയിലെ ചില മുഖ്യധാരാ മാധ്യമങ്ങളും  ബി.ജെ.പി 105  സീറ്റുവരെ നേടും എന്നാണ് പ്രവചിച്ചിരുന്നത്. പക്ഷേ, കർണാടക  തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ  ദക്ഷിണ ഭാരതത്തിലെ ഏക ബി.ജെ. പി  ഭരണ പ്രദേശമായിരുന്ന കർണാടകയിൽ  ആ പാർട്ടി ദയനീയമായി വീഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഹിജാബ്, ഹലാൽ  വിവാദങ്ങൾക്ക് തിരികൊളുത്തിയ മുൻ മന്ത്രിമാർ പോലും 90 ശതമാനം ഹൈന്ദവ വോട്ടുകളുള്ള മണ്ഡലങ്ങളിലാണ്  പരാജയപ്പെട്ടത്. കഴിഞ്ഞ 25 വർഷമായി കോൺഗ്രസിന് ഒരൊറ്റ സീറ്റും നൽകാതെ ബി.ജെ.പിയുടെ ശക്തി കോട്ടകളായി നിലനിന്ന കുടഗ്, ചിക്ക്മംഗളൂരു ജില്ലകളിൽനിന്ന് ഒറ്റ ബി.ജെ.പി സ്ഥാനാർഥിയും വിജയം കണ്ടില്ല. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയടക്കമുള്ളവർ പരാജയപ്പെട്ടു.
കൊറോണ കാലത്ത് വേണ്ട ചികിത്സയോ വൈദ്യ സഹായമോ ലഭിക്കാതെ ദുരിതമനുഭവിച്ച കർണാടകത്തിലെ ജനങ്ങൾ ബസവരാജ ബൊമ്മൈ സർക്കാരിനെതിരെ കടുത്ത പ്രതിഷേധം  ഉയർത്തിയിരുന്നു. കോൺഗ്രസ്  ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചു കൂറുമാറി ബി.ജെ.പിയിൽ ചേർന്ന് ആരോഗ്യ മന്ത്രിയായിത്തീർന്ന കെ. സുധാകറിന് സ്വന്തം മണ്ഡലമായ  ചിക്ബള്ളാപുരിൽ  ശക്തമായ എതിർപ്പ്  നേരിടേണ്ടി വന്നു. ഇങ്ങനെ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നത് ശരിയാണ്. കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ ജയിക്കാനും അത് നിമിത്തമായി.  ഈ അവസരങ്ങളൊക്കെ മുതലെടുക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞതിന് പിന്നിൽ  'എദ്ദേളു കർണാടക' (ഉണരൂ കർണാടക) എന്ന കൂട്ടായ്മയുടെ വലിയ യത്നങ്ങളുമുണ്ട്. ബഹുത്വ കർണാടക എന്ന ആശയമാണ് ആ കൂട്ടായ്മ ഉയർത്തിപ്പിടിച്ചത്. ആ ശ്രമങ്ങൾ ഫലം കണ്ടതിനു പിന്നാലെ   പാർലമെന്റ് തെരഞ്ഞെടുപ്പിലും സമാന രീതിയിലുള്ള പദ്ധതികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് അവരുടെ തീരുമാനം. എദ്ദേളു കർണാടകയെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു എദ്ദേളു ഇന്ത്യ എന്ന പേരിൽ ദലിത്, ആദിവാസി, ന്യൂനപക്ഷ, കർഷക സംഘടനകളെ ഒരേ കുടക്കീഴിൽ അണിനിരത്തി സംഘ് പരിവാറിനെതിരെ പൊരുതാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്, എദ്ദേളു കർണാടകയെ മുൻനിരയിൽ നിന്ന് നയിച്ച സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്.
തീവ്ര വലതുപക്ഷ നിലപാടുള്ള രോഹിത് ചക്ര തീർത്ത,  സ്‌കൂൾ പാഠപുസ്തക പരിഷ്കരണം എന്ന പേരിൽ ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് ശ്രീ നാരായണ ഗുരുവിനെയും കുവെംപുവിനെയും ടിപ്പു സുൽത്താനെയും ബസവണ്ണയെയും വെട്ടിമാറ്റിയപ്പോൾ വലിയ അളവിൽ പ്രതിഷേധം ഉയർന്നുവന്നിരുന്നെങ്കിലും കോൺഗ്രസ്സിന്റെ പ്രതികരണം തൃപ്തികരമല്ലായിരുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും പൊറുതി മുട്ടിയ  സംസ്ഥാനത്തെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഹിജാബ്, ഹലാൽ, പള്ളികളിൽനിന്നുള്ള ബാങ്ക് വിളി, 4 ശതമാനം ഉണ്ടായിരുന്ന മുസ്്ലിം സംവരണം റദ്ദ് ചെയ്ത് മുന്നാക്ക വിഭാഗങ്ങളായ വൊക്കലിഗ, ലിംഗായത്തുകൾക്ക് വീതിച്ചു നൽകൽ തുടങ്ങി പല വിഭാഗീയ അജണ്ടകളും ബി.ജെ.പി പുറത്തെടുത്തു. എന്നും ലിംഗായത്ത് മേധാവികളുടെ കൈയിലായിരുന്ന കർണാടക ബി.ജെ.പിയുടെ കടിഞ്ഞാൺ ബ്രാഹ്‌മണ സമുദായത്തിലെ ബി.എൽ സന്തോഷ്,  കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരിലേക്ക്  കൈമാറാനുള്ള ആർ.എസ്.എസിന്റെ ശ്രമം തിരിച്ചറിഞ്ഞ ലിംഗായത്ത് സമുദായക്കാർ തെരഞ്ഞെടുപ്പിന് മുമ്പേ ബി.ജെ.പിയുമായി അകന്നതും തിരിച്ചടിക്ക് കളമൊരുക്കിയതിൽ ഒരു പ്രധാന ഘടകമാണ്. ബി.ജെ.പി ഹൈക്കമാൻഡ് സ്ഥാനാർഥി പട്ടിക പുറത്തിറക്കിയപ്പോൾ ലിംഗായത്ത്  സമുദായങ്ങളുടെ എതിർപ്പ് കൂടുതൽ ശക്തമായി. മുൻ മുഖ്യമന്ത്രിയടക്കം പലരും പാർട്ടിയിൽനിന്ന് രാജിവെച്ചു.
പശ്ചിമ ബംഗാളിലെ 'നോ വോട്ട് ടു ബി.ജെ.പി കാമ്പയിൻ' മാതൃകയിൽ എദ്ദേളു കർണാടക നടത്തിയ ശ്രമങ്ങളും വോട്ടർമാരെ വലിയ തോതിൽ സ്വാധീനിച്ചു. കർഷക സമരത്തിന് ശേഷം പഞ്ചാബിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിയെ വിലയിരുത്തി യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ ബംഗളൂരു ജയ് ഭീം ഭവനിൽ പ്രശസ്ത ദലിത് സാഹിത്യകാരൻ  ദേവനൂർ മഹാദേവ, ഡോ. വാസു, അലുഗോടു ശിവകുമാർ, നൂർ ശ്രീധർ, ജമാഅത്തെ ഇസ്്ലാമി കർണാടക വൈസ് പ്രസിഡന്റ് യൂസുഫ് കന്നി, ജമാഅത്തെ ഇസ്്ലാമി കർണാടക ജനറൽ സെക്രട്ടറി അക്ബർ അലി ഉഡുപ്പി, എഴുത്തുകാരൻ റഹ്്മത്ത് തരികേറെ, സിരിമനെ മല്ലിഗേ, ബസവരാജു, ഡോ. വിജയ, ദു സരസ്വതി, താരാ രാവ്  തുടങ്ങിയ പ്രമുഖർ തുടക്കമിട്ട എദ്ദേളു കർണാടകയുടെ 5000-ൽ പരം വളണ്ടിയർമാർ സംസ്ഥാനത്തെ 103 മണ്ഡലങ്ങളിൽ, സംഘ് പരിവാർ ഭരണകൂടത്തിനെതിരെ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും, ബി.ജെ.പി സ്ഥാനാർഥികൾക്കെതിരെ വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ പിന്തുണക്കുകയും, വോട്ടുകൾ ഭിന്നിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ പത്രിക പിൻവലിപ്പിച്ച് ബി.ജെ.പിക്കെതിരെ വോട്ടുകൾ ഏകീകരിക്കുകയും ചെയ്തിരുന്നു. ഒപ്പം ഐ.ടി, ബി.ടി മോഡലിൽ കാൾ സെന്ററുകൾ പ്രവർത്തന നിരതമായതും ശാസ്ത്രീയ രീതിയിലുള്ള  സർവേ നടത്തിയതും ഫലം കണ്ടു. 
2019 ലോക് സഭാ തെരഞ്ഞെടുപ്പ് വരെ ജെ.ഡി.എസിന് വോട്ട് നൽകിക്കൊണ്ടിരുന്ന മന്ധ്യ, ഹാസൻ, തുമകൂരു, രാം നഗർ, റായ്്ചുരു  ജില്ലകളിൽ ന്യൂനപക്ഷ മുസ്്ലിം വോട്ടുകൾ ചിതറാതെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ലഭിക്കുന്ന രീതിയിൽ ആസൂത്രണം ചെയ്തു. മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ യുവ ജനതാ ദൾ കർണാടക സംസ്ഥാന അധ്യക്ഷൻ നിഖിൽ കുമാരസ്വാമി  ദയനീയമായി തോൽക്കാനും അത് കാരണമായി.
എദ്ദേളു കർണാടകയുടെ പരിശ്രമങ്ങളിൽ വിവിധ ദലിത് കൂട്ടായ്മകൾ കൈകോർത്തു നിന്നു എന്നത് പ്രത്യേകം എടുത്തു പറയണം. സംസ്ഥാന തലത്തിൽ സജീവമായിരുന്ന, വ്യത്യസ്ത നയങ്ങൾ പിന്തുടർന്നിരുന്ന പതിനൊന്ന് ദലിത് സംഘടനകൾ ഈ അടുത്ത കാലം വരെയും പരസ്പരം യോജിപ്പില്ലാതെ പല പാർട്ടികളുമായി ധാരണയിലെത്തുകയായിരുന്നു പതിവ്. ദലിത് വോട്ടുകൾ ചിതറിപ്പോവാൻ അത് കാരണമായി. എദ്ദേളു കർണാടക വളരെ നേരത്തെ തന്നെ ഈ 11 ദലിത് സംഘടനകളുമായി ബന്ധപ്പെട്ട് അവർക്കിടയിൽ അഭിപ്രായ സമവായമുണ്ടാക്കി. തുടർന്ന് ഒന്നിച്ചു നിന്നാണ് അവർ പ്രസ്താവനകൾ ഇറക്കിയത്. ഇങ്ങനെ എല്ലാ ജില്ലകളിലും ബി.ജെ.പിക്കെതിരെ കൂട്ടായ പ്രചാരണം നടത്തുകയും വിജയ സാധ്യതയുണ്ടായിരുന്ന സെക്യുലർ സ്ഥാനാർഥിയുടെ വിജയത്തിനു വേണ്ടി പരിശ്രമിക്കുകയും അതിൽ ഫലം കാണുകയും ചെയ്തു.
  ആദ്യ കാലങ്ങളിൽ തീരദേശ ജില്ലകളിൽ മാത്രം ഒതുങ്ങിയിരുന്ന സംഘ് പരിവാർ വിളയാട്ടം ഹനുമാൻ ജയന്തിയുടെ പേരിൽ മറ്റു ജില്ലകളിൽ കൂടി പിടിമുറുക്കിയതോടെയാണ്  എദ്ദേളു കർണാടകയുടെ പ്രവർത്തനം സംസ്ഥാനത്തെ മതേതരവാദി സംഘടനകളെ ഉണർത്തിയത്. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ്, എഴുത്തുകാരൻ കൽബുർഗി തുടങ്ങിയവർ വധിക്കപ്പെട്ടതിന് ശേഷവും  കർണാടക സാഹിത്യലോകത്ത് നിറഞ്ഞുനിന്നിരുന്ന പ്രമുഖർക്കെതിരെ വധ ഭീഷണികൾ ഉണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ച് സാഹിത്യലോകത്തെ പ്രമുഖർ രംഗത്തു വരികയും  നാഗ്പൂർ കുതന്ത്രങ്ങളുടെ മുനയൊടിക്കുകയുമാണുണ്ടായത്.
എദ്ദേളു കർണാടക  സംസ്ഥാനത്തെ 103 മണ്ഡലങ്ങളിൽ വർക്ക് ഷോപ്പുകൾ നടത്തുകയും, 192 ഗ്രൂപ്പുകളായി തിരിഞ്ഞ് 41,000 കുടുംബങ്ങളിലേക്ക് കയറിച്ചെന്ന് അവരുമായി സംവദിക്കുകയും, 650 ഇനം പോസ്റ്ററുകളിറക്കുകയും, 80-ൽ പരം ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ പലയിടങ്ങളിലായി മാധ്യമ പ്രവർത്തകരെയും മറ്റും അണിനിരത്തി പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ച്  ഇന്ത്യൻ ഭരണഘടനയുടെ നിലനിൽപിനും, ബൊമ്മൈ സർക്കാറിന്റെ അഴിമതി ഭരണത്തെ തൂത്തെറിയാനും നടത്തിയ ആഹ്വാനങ്ങൾ വലിയതോതിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിൽ ചർച്ചയായി. ബി.ജെ.പി ഐ.ടി സെല്ലുകൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾക്കും അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്കും  വസ്തുതകൾ അക്കമിട്ട് നിരത്തിയാണ് കർണാടക യുവത മറുപടി പറഞ്ഞത്. കർണാടകയിൽ ജയ് ഭീം എന്ന പേരിലും മറ്റുമായി  പല സംഘടനകളും ഈ തെരഞ്ഞെടുപ്പിൽ അതിശക്തമായി തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഫാഷിസ്റ്റുകൾക്കെതിരെ പടക്കിറങ്ങി. പേരിൽ മാത്രം സെക്യുലർ  ചേർത്ത് തക്കം കിട്ടുമ്പോഴൊക്കെ ബി.ജെ. പിയുമായി കൈകോർത്ത് ഭരണം കൈക്കലാക്കാൻ കാത്തുനിന്നിരുന്ന ജെ.ഡി.എസിന്റെ കുതന്ത്രങ്ങളെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിലും എദ്ദേളു കർണാടകയുടെ അണിയറ ശിൽപികൾ വിജയിച്ചു.
2024 ലോക്്സഭാ തെരഞ്ഞെടുപ്പിലും  എദ്ദേളു കർണാടക, എദ്ദേളു ഭാരത (ഉണരൂ ഇന്ത്യ- Wake up lndia) എന്ന ആശയവുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. എദ്ദേളു കർണാടക സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഴ്ചവെച്ച പ്രവർത്തനങ്ങൾ ലോക്്സഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ ഇന്ത്യൻ ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും ഫാഷിസ്റ്റു ശക്തികളുടെ കൈയിൽനിന്ന് മോചിപ്പിക്കാനുള്ള യത്നത്തിൽ വലിയൊരു ചുവടുവെപ്പായിരിക്കുമത് എന്ന കാര്യത്തിൽ എദ്ദേളു കർണാടകയുടെ സാരഥികൾക്ക് സംശയമില്ല. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 05-06
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് നിർബന്ധമായാൽ ഉടനെ നിർവഹിക്കണം
ഡോ. മുഹമ്മദ് പാണ്ടിക്കാട്