Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 24

3291

1444 ശഅ്ബാൻ 03

അറിവും അവബോധവും പകർന്നു നൽകി ഐ.പി.എച്ച് പുസ്തക മേള

നാസര്‍ എരമംഗലം

2023 ഫെബ്രുവരി 9 മുതല്‍ 12 വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എച്ച് പുസ്തക മേളയും സാംസ്‌കാരിക സമ്മേളനങ്ങളും, സമൂഹത്തിലെ നാനാ മേഖലകളിലെയും വായനക്കാരുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നഗരഹൃദയത്തില്‍ വീണ്ടും സാംസ്‌കാരിക പരിപാടികളോടെ മേള നടന്നത്.
പ്രൊഫ. കെ.പി. കമാലുദ്ദീന്‍ വിവര്‍ത്തനം ചെയ്ത ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീന്റെ മലയാള പരിഭാഷ ഒന്നാം വാല്യം പുസ്തക മേളയില്‍ പുറത്തിറങ്ങി. മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്വ്‌ലാഹി ഉര്‍ദു ഭാഷയില്‍ രചിച്ച ആദാബെ സിന്ദഗി എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണ് മേളയില്‍ പുറത്തിറങ്ങിയ മറ്റൊരു പുസ്തകം. റഫീഖുര്‍റഹ്്മാന്‍ മൂഴിക്കലാണ് വിവര്‍ത്തകന്‍. ടി.കെ.എം ഇഖ്ബാലിന്റെ ഇസ്‌ലാമും നാസ്തിക യുക്തികളും, ശമീര്‍ ബാബു കൊടുവള്ളിയുടെ വിശുദ്ധിയിലേക്കുള്ള ചിറകടികള്‍,  കെ.പി പ്രസന്നന്റെ തിരുനബിയോടൊപ്പം,  അബ്ദുല്‍ ജബ്ബാര്‍ കൂരാരിയുടെ ഇസ്‌ലാമിക ചരിത്രത്തിലെ പെണ്‍കഥകള്‍,  റഹ്്മാന്‍ മധുരക്കുഴിയുടെ നമ്മുടെ കുട്ടികള്‍ നമ്മുടെ കുടുംബം എന്നീ പുസ്തകങ്ങളും മേളയില്‍ പുറത്തിറങ്ങി. ഐ.പി.എച്ച് മുൻ ഡയറക്്ടർമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, ടി.കെ ഫാറൂഖ് എന്നിവർ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
   പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മീഡിയാ വണ്‍ എഡിറ്ററുമായ പ്രമോദ് രാമന്‍ മേള ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക സാഹിത്യം നല്‍കുന്ന അനുഭവം വിശാലമാണെന്നും അതിന് പരിധികളില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക ഇസ്‌ലാമിക സാഹിത്യം മലയാള ഭാഷക്ക് പരിചയപ്പെടുത്തുന്നതില്‍ ഐ.പി.എച്ചിന്റെ പങ്ക് ചരിത്രപരമാണ്. ഇസ്‌ലാമിക സാഹിത്യമെന്നത് മതപരം എന്നതിലുപരി മനുഷ്യ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തേക്ക് തുറന്നുവെച്ച വാതിലുകളാണ്. വര്‍ഗീയതയോട് ഇസ്‌ലാമിനെ ചേര്‍ത്തുവെക്കുന്ന പ്രവണത ഒരുകാലത്ത് സജീവമായിരുന്നു. അത് തിരുത്താന്‍ ഇസ്‌ലാമിക സാഹിത്യങ്ങളുടെ വിവര്‍ത്തനങ്ങള്‍ സഹായകമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  പ്രഫ. കെ.പി. കമാലുദ്ദീന്‍ വിവര്‍ത്തനം ചെയ്ത ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അലിയാര്‍ ഖാസിമിക്ക് നല്‍കി പ്രകാശനം ചെയ്തു. കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, പ്രഫ. കെ.പി കമാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 'സാഹിത്യവും സംസ്‌കാരവും' എന്ന വിഷയത്തില്‍ പ്രശസ്ത കവി കല്‍പ്പറ്റ നാരായണന്‍ പ്രഭാഷണം നടത്തി. ഐ.പി.എച്ച് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്‍ സ്വാഗതം പറഞ്ഞു.
മേളയുടെ രണ്ടാം ദിവസം 'മലയാളത്തിലെ ഇസ്‌ലാമിക വായന: ചരിത്രം വര്‍ത്തമാനം ഭാവി' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. മലയാള ഭാഷ ആധുനിക രൂപം പ്രാപിക്കുന്നതിന് മുമ്പ് മുതല്‍ക്കേ മലയാളത്തില്‍ ഇസ്‌ലാമിക വായന തുടങ്ങിയിരുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നിയതമായ ലിപി ഘടനയിലേക്ക് മലയാള ഭാഷ പ്രവേശിക്കുന്നതിനു മുമ്പേ അറബി മലയാളത്തില്‍ കേരളക്കരയില്‍ ഇസ്‌ലാമിക വായനക്ക് തുടക്കം കുറിച്ചിരുന്നുവെന്നും തനി മലയാളത്തിലെ അത്തരം എഴുത്തിന് മുഹ്‌യിദ്ദീന്‍ മാല പോലുള്ള കൃതികള്‍ മികച്ച ഉദാഹരണമാണെന്നും ചര്‍ച്ച നയിച്ച പട്ടാമ്പി സംസ്‌കൃത കോളേജിലെ അസി. പ്രഫ. ഡോ. ജമീല്‍ അഹ്്മദ് അഭിപ്രായപ്പെട്ടു.
   1920-കളില്‍ പോലും അറബി മലയാളത്തിലെ നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലിരുന്നതായി ഗവേഷകന്‍ ഡോ. മോയിന്‍ മലയമ്മ പറഞ്ഞു. വായനതന്നെ അടിമുടി മാറിക്കഴിഞ്ഞ കാലത്ത് ഇസ്്ലാമിക വായനയില്‍ കാലോചിതമായ മാറ്റങ്ങള്‍ വന്നുകഴിഞ്ഞുവെന്ന് അദർ ബുക്‌സ് എഡിറ്റര്‍ കെ.എസ് ഷമീര്‍ അഭിപ്രായപ്പെട്ടു. പ്രബോധനം എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.ഡോ. എ.എ ഹലീം സ്വാഗതം പറഞ്ഞു. 'ആല്‍ഗോരിതങ്ങളുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ ഇ.എം അംജദ് അലി പ്രഭാഷണം നടത്തി.
'ഹിന്ദുത്വ ഫാഷിസം ഇന്ത്യ അതിജീവിക്കുമോ' എന്ന സംവാദമായിരുന്നു പുസ്തക മേളയില്‍ മൂന്നാം ദിവസം നടന്ന പ്രധാന പരിപാടി. നൂറുകണക്കിന് വിയോജിപ്പിനിടയിലും വ്യത്യസ്ത രീതിയില്‍ ഫാഷിസത്തോട് വിയോജിക്കുന്നവര്‍ ഒരു പക്ഷത്തും ഫാഷിസം മറുവശത്തുമായുള്ള ധ്രുവീകരണം നടന്നാല്‍, ഇന്ത്യന്‍ ജനത ആഘോഷത്തോടെ ഫാഷിസത്തെ അതിജയിക്കുന്ന കാര്യം ഉറപ്പാണെന്ന് സംവാദത്തില്‍ സംസാരിച്ച പ്രമുഖ ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ. എന്‍ പറഞ്ഞു. മതനിരപേക്ഷത തന്നെയാണ് ഇന്ത്യന്‍ നവ ഫാഷിസത്തെ പ്രതിരോധിക്കാനുള്ള, ഒരിക്കലും മൂര്‍ച്ച കുറയാന്‍ സാധ്യതയില്ലാത്ത ആയുധം. അതിന്, വ്യത്യസ്ത സമീപനങ്ങളില്‍നിന്നുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും എന്തു ചെയ്യാനാവുമെന്ന ആലോചനയാണ് വേണ്ടത്. ഫാഷിസത്തോട് വിയോജിക്കുന്നവരുടെ ഐക്യപ്പെടലാണ് അതിനെ അതിജയിക്കാനുള്ള ഒന്നാമത്തെ മാര്‍ഗമെന്ന് അധ്യക്ഷത വഹിച്ച മാധ്യമം ആന്റ് മീഡിയാ വൺ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്്മാന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ബാബുരാജ് ഭഗവതി എന്നിവര്‍ സംസാരിച്ചു. കെ.ടി ഹുസൈന്‍ സ്വാഗതവും എന്‍.കെ അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു. 'ഇസ്്ലാമിക ചിന്തയിലെ നൂതന പ്രവണതകള്‍' എന്ന വിഷയത്തിൽ ഡോ. പി.കെ സാദിഖ് പ്രഭാഷണം നടത്തി.
'മതം ലിബറലിസം നാസ്തികത' എന്ന വിഷയമാണ് മേളയുടെ സമാപന ദിവസം ചര്‍ച്ച ചെയ്തത്. നവ നാസ്തിക വാദികള്‍ മതങ്ങളെയോ മൂല്യങ്ങളെയോ അല്ല, മനുഷ്യനെ തന്നെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് ചര്‍ച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊതു ബോധത്തെ കളിയാക്കുന്നതാണ് നാസ്തിക വാദങ്ങളെന്ന് പി. റുക്‌സാന പറഞ്ഞു. ജീവിതത്തെപ്പറ്റി കുറെക്കൂടി സത്യസന്ധവും കൃത്യവുമായി സംസാരിക്കുന്നതിനാലാണ് ഇസ്‌ലാം കൂടുതല്‍ അക്രമിക്കപ്പെടുന്നതെന്ന് ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു. നന്മയും തിന്മയും വേര്‍തിരിച്ചറിയാനാവാത്ത സാഹചര്യമുണ്ടാക്കി കുടുംബത്തെ  തകർക്കുകയാണ് നവ ഉദാരവാദികളുടെ ലക്ഷ്യമെന്ന് മോഡറേറ്ററായ ഡോ. മുഹമ്മദ് നജീബ് പറഞ്ഞു. മുതലാളിത്തത്തിന്റെ ഭാഗമായ ഉദാരവാദം ഇടതുപക്ഷം ഏറ്റെടുക്കുന്നത് തികഞ്ഞ വൈരുധ്യമാണെന്ന് വി.എ കബീര്‍ പറഞ്ഞു. പഴയ യുക്തിവാദികള്‍ മൂല്യങ്ങളെ അംഗീകരിക്കുകയും നിലവിലുള്ളതിൽ യുക്തിസഹമായത് ഇസ്‌ലാമെന്ന് പറയുകയും ചെയ്തപ്പോള്‍ ഇപ്പോഴുള്ളവരിലധികവും യാന്ത്രിക നിലപാടുകാരാണെന്ന് അദ്ദേഹം പറഞ്ഞു.
പുസ്തക വില്‍പനയില്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയ ഐ.പി.എച്ച് ഏരിയാ കോഡിനേറ്റര്‍മാരായ അഹ്്മദ് കോയ (ബാലുശ്ശേരി ഏരിയ), എം.സി മുഹമ്മദ് (മുക്കം ഏരിയ), അലി (വടകര ഏരിയ) എന്നിവര്‍ക്ക് ഐ.പി.എച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം സലാം മേലാറ്റൂര്‍ ഉപഹാരം നല്‍കി. സുബൈര്‍ കുന്ദമംഗലം സ്വാഗതവും കെ.ടി ഹുസൈന്‍ നന്ദിയും പറഞ്ഞു.
പുസ്തകങ്ങള്‍ മരിക്കുന്നുവെന്ന നിലവിളികള്‍ക്കിടയില്‍ നല്ല വായന മരിക്കുന്നില്ല എന്ന സന്ദേശം കൈമാറി, അറിവും അവബോധവും കാലഘട്ടത്തെക്കുറിച്ച രാഷ്ട്രീയ ജാഗ്രതയും ആസ്വാദനവും പകര്‍ന്നു നല്‍കിയാണ് നാല് ദിവസം നീണ്ടുനിന്ന പുസ്തക മേളക്കും സാംസ്‌കാരിക സമ്മേളനങ്ങള്‍ക്കും സമാപനമായത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 74-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ശഅ്‌ബാൻ മാസത്തിലെ നോമ്പ്
ഡോ. മുഹമ്മദ് പാണ്ടിക്കാട്