ഭൂകമ്പബാധിതരെ പാപികളാക്കരുത്
ഉമറുബ്്നുൽ ഖത്ത്വാബിന്റെ ഭരണകാലത്ത് ഭൂകമ്പമുണ്ടായപ്പോൾ അദ്ദേഹം ജനങ്ങളോട് പറഞ്ഞു: ''നിങ്ങൾ ദാനധർമങ്ങൾ ചെയ്യൂ; പശ്ചാത്തപിച്ചു മടങ്ങൂ.'' പശ്ചാത്തപിച്ച് മടങ്ങാൻ പറഞ്ഞത് ഭൂകമ്പ ബാധിതരോ അതിൽനിന്ന് രക്ഷപ്പെട്ടവരോ മഹാപാപികളായതു കൊണ്ടല്ല. ഭൂകമ്പം അവരുടെ പാപങ്ങൾക്കുള്ള ശിക്ഷയായത് കൊണ്ടുമല്ല. മരണം ഏത് നിമിഷവും ആരെയും ഏത് വിധത്തിലും തേടി വരാം. അതിനാൽ, ജീവിതം എപ്പോഴും തിൻമകളിൽ നിന്ന് മുക്തമാക്കി വെക്കണം. ഈ ഇസ്്ലാമിക തത്ത്വം ഓർമിപ്പിക്കുകയാണ് രണ്ടാം ഖലീഫ ചെയ്തത്. ഇനി, തെക്കൻ തുർക്കിയയെയും വടക്കൻ സിറിയയെയും കശക്കിയെറിഞ്ഞ അതിശക്തമായ ഭൂകമ്പത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്ന ചില 'ഇസ്്ലാമിക പ്രഭാഷകരു'ടെ സംസാരങ്ങൾ കേൾക്കൂ. പാപികൾക്കുള്ള ദൈവിക ശിക്ഷയായിട്ടാണത്രെ ഭൂകമ്പം ഉണ്ടായിരിക്കുന്നത്! ഭൂകമ്പ ബാധിതർ പാപികൾ, അല്ലാത്തവർ പരിശുദ്ധർ എന്നൊരു വ്യംഗ്യവുമുണ്ടല്ലോ ആ പറച്ചിലിൽ. നബി പറഞ്ഞതെന്ന് സ്ഥിരപ്പെടാത്ത കുറെ വാക്യങ്ങളും അവർ തെളിവായി ഉദ്ധരിക്കുന്നു. അല്ലെങ്കിൽ നബിയിൽ നിന്ന് വന്നതെന്ന് സ്ഥിരപ്പെട്ട ചില വാക്യങ്ങളെ തങ്ങൾക്ക് തോന്നും പോലെ ദുർവ്യാഖ്യാനിക്കുന്നു. ഭൂകമ്പവും മറ്റു പ്രകൃതി ദുരന്തങ്ങളും പരീക്ഷണമാണെന്ന് പറഞ്ഞാൽ പ്രമാണങ്ങൾ വെച്ച് തന്നെ ആ വ്യാഖ്യാനം മനസ്സിലാക്കാൻ പ്രയാസമില്ല. ദുരന്തത്തിന് ഇരകളായ ഒരു ജനസമൂഹത്തെ നോക്കി നിങ്ങൾ ദൈവത്തിന്റെ ശാപകോപങ്ങൾക്ക് പാത്രമായവർ എന്ന് അധിക്ഷേപിക്കുമ്പോൾ സകലരെയും നഷ്ടമായ ഒരു മനുഷ്യന്റെ മനസ്സിനേൽക്കുന്ന ആഘാതം എത്രയായിരിക്കും. അയാൾക്ക് മത മൂല്യങ്ങളോട് വെറുപ്പും പുഛവുമല്ലേ തോന്നുക. യുവാക്കൾ നിരീശ്വര, നിർമത തത്ത്വശാസ്ത്രങ്ങളിലേക്ക് ആകൃഷ്ടരാവാൻ അത് നിമിത്തമാവുകയും ചെയ്യും.
ഇസ്്ലാമിക ശരീഅത്തിന്റെ സ്പിരിറ്റും സാകല്യവും ഉൾക്കൊള്ളാതെ ചില വാക്യങ്ങളുടെ അക്ഷര വായന നടത്തുന്നതുകൊണ്ടാണ് ഇത്തരം സംസാരങ്ങളുണ്ടാവുന്നത്. ഉള്ളടക്കത്തിലെ പിഴവുകൾ ശ്രദ്ധിക്കാതെ നമ്മിൽ പലരും അത്തരം ക്ലിപ്പുകളും മെസ്സേജുകളും ഫോർവേഡ് ചെയ്ത് വൈറലാക്കുന്നു. നബി (സ) ഇത്തരം ദുരന്തങ്ങൾക്കിരയായവരെ രക്തസാക്ഷികൾ എന്നാണ് വിശേഷിപ്പിച്ചത്. അവർ അനുഭവിച്ച വേദനയും പ്രയാസവും കാരണമാണ് ഈ രക്തസാക്ഷിത്വ പദവി എന്നും റസൂൽ വിശദീകരിച്ചിട്ടുണ്ട്. ദുരന്തത്തിൽ അതിജീവിച്ചവരെ ആശ്വസിപ്പിക്കാൻ റസൂലിൽനിന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം വചനങ്ങൾ എന്തുകൊണ്ടാണ് പ്രഭാഷകർ കാണാതെ പോകുന്നത് ?
എന്നാൽ, ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയും ശരീഅത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ടും ഫത്്വകളിറക്കിയ പണ്ഡിതൻമാരും ഫിഖ്‌ഹ് അക്കാദമികളുമുണ്ട്. ഒന്നോ രണ്ടോ വർഷത്തെ സകാത്ത്-സ്വദഖകൾ നേരത്തെയാക്കി ഇപ്പോൾ തന്നെ കൊടുക്കാനാണ് ഒരു ഫത്്വയിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. ഹനഫി മദ്ഹബിൽ പ്രാബല്യത്തിലുള്ള ഒരു അഭിപ്രായം മുൻനിർത്തി ഫിത്വ്്ർ സകാത്ത് റമദാനിന് മുമ്പ് തന്നെ കൊടുക്കാം എന്ന് ഫത്്വ നൽകിയവരുണ്ട്; മറ്റു മദ്ഹബുകളൊന്നും ഇത് അംഗീകരിക്കുന്നില്ലെങ്കിലും. നിർബന്ധിതാവസ്ഥയിലാണെങ്കിലും, അതെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. ദുരിത ബാധിതർക്ക് ആശ്വാസമാവുന്ന ഇത്തരം നീക്കങ്ങളും വർത്തമാനങ്ങളുമാണ് പണ്ഡിതൻമാരിൽനിന്നും പ്രഭാഷകരിൽനിന്നും നാം പ്രതീക്ഷിക്കുന്നത്. l
Comments