Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 24

3291

1444 ശഅ്ബാൻ 03

ജംഇയ്യത്ത് സമ്മേളനം ഉയർത്തിയ സംവാദങ്ങൾ

ഹസനുൽ ബന്ന

ഐതിഹ്യങ്ങൾ അടിസ്ഥാനമാക്കി ഹിന്ദുത്വ ശക്തികൾ ചരിത്രമുണ്ടാക്കുന്ന രാജ്യത്ത് പുതിയ ചില സംവാദങ്ങൾക്ക് വഴിമരുന്നിട്ടാണ് ജംഇയ്യത്തുൽ ഉലമായേ ഹിന്ദിന്റെ 34-ാം വാർഷിക പൊതുസമ്മേളനം ദൽഹിയിലെ രാംലീല മൈതാനിയിൽ സമാപിച്ചത്.  രാജ്യത്ത് ഇന്നും സജീവമായ മുസ്‍ലിം സംഘടനകളിൽ ഏറ്റവും പഴക്കമുള്ള ജംഇയ്യത്ത് ആവിർഭാവം തൊട്ടേ ഇസ്‍ലാമിനെയും മുസ്‍ലിംകളെയും ദേശത്തോടും ദേശീയതയോടും ചേർത്തുനിർത്തുന്ന സമീപനമാണ് പിന്തുടർന്നുവരുന്നത്. നൂറ്റാണ്ടും നാല് വർഷവും പിന്നിട്ട ജംഇയ്യത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവ പങ്കാളിത്തം വഹിക്കുകയും സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ കോൺഗ്രസ്സിനൊപ്പം നിൽക്കുകയും പാകിസ്താൻ വാദത്തെ തള്ളിക്കളയുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് ദ്രുതഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്ത് അതിനായി സംഘ് പരിവാർ ചരിത്രം തിരുത്തിയെഴുതുകയും സ്ഥലനാമങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വേളയിലാണ്  ജംഇയ്യത്ത് ആർ.എസ്.എസ് പ്രോപഗണ്ടയെ കീഴ്്മേൽ മറിക്കാൻ ശേഷിയുള്ള ചർച്ചകൾക്ക് തങ്ങളുടെ സമ്മേളനം വേദിയാക്കിയത്.
ഇരു ജംഇയ്യത്തുകളുടെയും അധ്യക്ഷന്മാരായ മൗലാനാ മഹ്്മൂദ് മദനിയും മൗലാനാ അർശദ് മദനിയും ഒരേ സമ്മേളന വേദിയിൽ നടത്തിയ രണ്ട് സംസാരങ്ങൾ ഏറ്റവുമധികം അസ്വസ്ഥരാക്കിയിരിക്കുന്നത് തീവ്ര ഹിന്ദുത്വ വിഭാഗങ്ങളെയാണ്. രണ്ട് പേരുടെ സംസാരങ്ങളും രണ്ട് തരത്തിലുള്ള പരാമർശങ്ങളാലാണ് വിവാദമായതെങ്കിലും ഇരുവരും ഏകോപിച്ച് നടത്തിയ ഒരു അഭിപ്രായ പ്രകടനമാണ് തീവ്ര ഹിന്ദുത്വ ശക്തികളെ വല്ലാതെ പ്രകോപിതരാക്കിയിരിക്കുന്നത്.
ഇസ്‍ലാമിന്റെ ആദ്യ പ്രവാചകൻ ആദം നബി വന്നത് ഇന്ത്യയിലായതിനാൽ ഇസ്‍ലാമിന്റെ ജന്മഭൂമിയാണ് ഇന്ത്യയെന്ന നിലപാട്  ഇരു മദനിമാരും പ്രഖ്യാപിച്ചതാണ് വലിയ കോളിളക്കമുണ്ടാക്കിയത്. ഇസ്‍ലാമിനെ വൈദേശിക മതമായും മുസ്‍ലിംകളെ വൈദേശിക ആക്രമണകാരികളുടെ പിന്മുറക്കാരായും അവതരിപ്പിച്ച് ഇന്ത്യൻ മുസ്‍ലിംകളെ നിരന്തരം അപരവൽക്കരിച്ച് ശത്രുസ്ഥാനത്ത് നിർത്തുന്ന സംഘ് പരിവാർ തന്ത്രത്തെ ദുർബലപ്പെടുത്താൻ പര്യാപ്തമായിരുന്നു ഇരു മദനിമാരുടെയും ഈ അഭിപ്രായ പ്രകടനം. ഇസ്‍ലാമിന്റെ ‘ഇന്ത്യൻ പാരമ്പര്യ’ത്തിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ ജംഇയ്യത്തിന്റെ ഇരുനേതാക്കളും തെരഞ്ഞെടുത്ത സമയവും സാഹചര്യവും കൂടി മനസ്സിലാക്കേണ്ടതുണ്ട്. 
ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് അവരുടെ ഇംഗ്ലീഷ്, ഹിന്ദി മുഖപത്രങ്ങളായ ‘ഓർഗനൈസറി’നും 'പാഞ്ചജന്യ'ത്തിനും നൽകിയ അഭിമുഖത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഏറെ വിവാദമാവുകയും മുസ്‍ലിം സംഘടനകളുടെ അതിരൂക്ഷമായ വിമർശനത്തിന് ഇരയാവുകയും ചെയ്തിരുന്നു.  ആർ.എസ്.എസ് തലവനെ പേരെടുത്ത് പറഞ്ഞ മഹ്്മൂദ് മദനി അദ്ദേഹം വിവാദ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടി കൂടിയാണ് നൽകിയത്. തങ്ങളാണ് വലിയവരെന്ന ചിന്ത മുസ്‍ലിമായ തനിക്ക് മാത്രമല്ല, ബി.ജെ.പി സർക്കാറിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാറിനെ നിയന്ത്രിക്കുന്ന ആർ.എസ്.എസ് തലവനും വേണ്ടെന്നാണ്, ഇരു കൂട്ടരും തമ്മിൽ ആരും മറ്റൊരാൾക്ക് ഒരിഞ്ച് മുന്നിലല്ല എന്നതിലൂടെ മഹ്്മൂദ് മദനി പറഞ്ഞുവെച്ചത്. ഈ രാജ്യം എത്രത്തോളം മോദിയുടെതും ഭാഗവതിന്റെതുമാണോ അത്രത്തോളം മഹ്്മൂദിന്റെതുമാണെന്ന് പറഞ്ഞത്, രാജ്യത്ത് വേണമെങ്കിൽ കഴിയാം അല്ലെങ്കിൽ പൂർവികരുടെ അടുത്തേക്ക് പോകാമെന്ന് ഭാഗവത് പറഞ്ഞതിനുള്ള മറുപടിയാണ്. അതിനുമപ്പുറം കടന്ന്, തങ്ങളുടെ പൂർവികനായ ഇസ്‍ലാമിന്റെ ആദ്യ പ്രവാചകൻ ആദമിന്റെ തന്നെ മണ്ണാണ് ഇന്ത്യയെന്ന് പറഞ്ഞ് തീവ്ര ഹിന്ദുത്വത്തിന്റെ മുസ്‍ലിം അപരവൽക്കരണ പ്രചാരണത്തിന്റെ അടിക്കല്ലിളക്കുകയാണ് മഹ്്മൂദ് മദനി ചെയ്തത്.
സഹിക്കാനാവാത്തത് ചരിത്രം 
തിരുത്തുന്നവർക്ക്

ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാനായി ആർ.എസ്.എസ് നേതൃത്വത്തിൽ, ചരിത്രത്തിൽ തിരുത്തലും കൂട്ടിച്ചേർക്കലും നടത്തുകയും ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്ന് ആർ.എസ്.എസ് തലവൻ തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ആ വാദഗതിയെ അട്ടിമറിച്ച് ഇസ്‍ലാമിന്റെ ആവിർഭാവം തന്നെ ഇന്ത്യയിലാണെന്നും മുസ്‍ലിംകളെ വിദേശ മതക്കാരായി കൂട്ടാനാവില്ലെന്നുമുള്ള ചരിത്രത്തിന്റെ ബദൽ നരേറ്റീവുമായി ജംഇയ്യത്ത് വലിയൊരു ചർച്ച ഉയർത്തിവിട്ടിരിക്കുന്നത്. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് വിനോദ് ബൻസൽ അടക്കമുള്ള തീവ്ര ഹിന്ദുത്വ വാദികളുടെ ഒരു നിര തന്നെ മദനിക്കെതിരെ രംഗത്തുവന്നു. മദനി പറഞ്ഞത് ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് ഗോദി മീഡിയയും അത് ചർച്ചയാക്കി. വിശ്വാസവും അനുമാനവും മാനിച്ച് പുണ്യപുരുഷന്മാരുടെ ജന്മഭൂമിയെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളിൽ തെളിവുകൾ പരിശോധിക്കാതെ തന്നെ ആരാധനാലയം നിർമിക്കാൻ പരമോന്നത കോടതി പോലും അനുവാദം നൽകുന്ന രാജ്യത്ത് ഇസ്‍ലാമിക ചരിത്രത്തിലെ ആദ്യ പ്രവാചകനും ജനിച്ച മണ്ണാണിത് എന്ന് വേറൊരു വിശ്വാസി സമൂഹം പറയുമ്പോൾ അതിന്റെ യുക്തിയും ചരിത്രപിൻബലവും ചോദ്യം ചെയ്യാമെങ്കിലും വിശ്വാസമെന്ന നിലക്ക് അത് വകവെച്ചുകൊടുക്കേണ്ടി വരും. അങ്ങനെ വിശ്വസിക്കരുതെന്ന് പറയാനാർക്കുമാവില്ല.   
മഹ്്മൂദ് മദനിയുടെ നിലപാടിനെ ഊട്ടിയുറപ്പിച്ചുകൊണ്ടായിരുന്നു സമാപന ദിവസം അമ്മാവനായ അർശദ് മദനിയുടെ പ്രസംഗം. ആദമിന്റെ മണ്ണായ ഇന്ത്യ ഇസ്‍ലാമിന്റെ ജന്മഭൂമിയാണെന്ന് അർശദ് മദനി ആവർത്തിച്ചു. അത് കൂടാതെ ‘ഓം’നെ ‘അല്ലാഹു’വുമായി അദ്ദേഹം താരതമ്യം ചെയ്തത് തീവ്ര ഹിന്ദുത്വ ശക്തികളുടെയും അവരെ തുണക്കുന്ന മാധ്യമങ്ങളുടെയും സകല നിയന്ത്രണവും നഷ്ടപ്പെടുത്തി. രാമനും ബ്രഹ്മാവിനും ശിവനും മുമ്പ് ആരെയായിരുന്നു ആരാധിച്ചിരുന്നതെന്ന് ഹിന്ദു മതാചാര്യന്മാരോട് ചോദിച്ച കാര്യം സദസ്സിനോട് പങ്കുവെച്ചായിരുന്നു അർശദ് മദനിയുടെ താരതമ്യം. ‘‘മുമ്പ് ‘ഓം’നെയാണ് ആരാധിച്ചത് എന്ന മറുപടി പല ഹിന്ദുമതാചാര്യന്മാരും നൽകി. അപ്പോൾ ആരാണ് ‘ഓം’ എന്ന് ചോദിച്ചപ്പോൾ അത് വായുവിൽ എല്ലായിടത്തുമുണ്ടെന്നും രൂപമോ നിറമോ ഇല്ലെന്നും  ആകാശവും ഭൂമിയും സൃഷ്ടിച്ചത് അതാണെന്നും അവർ പറഞ്ഞു. ഇതു തന്നെയാണ് തങ്ങൾ പറയുന്ന അല്ലാഹുവും നിങ്ങൾ പറയുന്ന ഈശ്വരനും പേർഷ്യക്കാർ പറയുന്ന ഖുദയും ഇംഗ്ലീഷുകാർ പറയുന്ന ദ ഗോഡും എന്ന് അവരോട് പറഞ്ഞു. ഹിന്ദുവേദങ്ങളിൽ പറയുന്ന ആദിമ മനുഷ്യനായി പറയുന്ന മനു ഒരു ‘ഓം’നെ ആരാധിച്ചതു പോലെയാണ് ആദം അല്ലാഹുവിനെ ആരാധിച്ചത്.’’ ഇതായിരുന്നു അർശദ് മദനിയുടെ താരതമ്യം. വിവിധ മതനേതാക്കളെ അണിനിരത്തിയ സമ്മേളന വേദിയിൽ നിന്ന് തന്നെ ഇതിനെതിരെ പ്രതിഷേധമുയർന്നു.  ജൈന സന്യാസി ആചാര്യ ലോകേഷ് മുനി, ഗോസ്വാമി സുശീല മഹാരാജ് എന്നിവർ താരതമ്യത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.  രണ്ട് മദനിമാരുടെയും പരാമർശങ്ങൾക്കെതിരെ ഹിന്ദു സേന തലവൻ വിഷ്ണു ഗുപ്ത ദൽഹി പോലീസ് കമീഷണർക്ക് പരാതിയും നൽകിയിരിക്കുകയാണ്. 
ജാതി നിർമാർജനം ആഭ്യന്തര സംവാദമാക്കി ജംഇയ്യത്ത്
ഇതോടൊപ്പം മുസ്്ലിംകളിൽ കയറിക്കൂടിയ ജാതീയത തുറന്ന് സമ്മതിച്ച് അതിന്റെ നിർമാർജനത്തിനായി ആഹ്വാനം നടത്തി പുതിയൊരു ആഭ്യന്തര സംവാദത്തിനും ജംഇയ്യത്തിന്റെ 34-ാം വാർഷിക സമ്മേളനത്തിൽ തുടക്കമിട്ടു. പസ്മാന്ദ മുസ്‍ലിംകളിലേക്കിറങ്ങിച്ചെല്ലാൻ ബി.ജെ.പി തീരുമാനിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജംഇയ്യത്തിന്റെ ആഹ്വാനം. പസ്മാന്ദ മുസ്‍ലിംകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നടത്തിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സംവരണത്തിനും പ്രാതിനിധ്യത്തിനുമുള്ള ശ്രമങ്ങൾ നടത്തുമെന്നും ജംഇയ്യത്ത് വ്യക്തമാക്കി. മുസ്‍ലിംകളിലെ ജാതി വിവേചനം നാണക്കേടാണ്. ഇസ്‍ലാം ജാതി നിർമാർജനം ചെയ്തിട്ടും മുസ്‍ലിംകൾക്കിടയിൽ ജാതി നിലനിൽക്കുകയാണ്. മുസ്‍ലിംകൾക്കിടയിൽ നിന്ന് ജാതി നിർമാർജനം ചെയ്യേണ്ടത് സർക്കാറിന്റെയും മുസ്‍ലിംകളുടെയും ഉത്തരവാദിത്വമാണെന്നും മഹ്്മൂദ് മദനി ഓർമിപ്പിച്ചു. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 74-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ശഅ്‌ബാൻ മാസത്തിലെ നോമ്പ്
ഡോ. മുഹമ്മദ് പാണ്ടിക്കാട്