സി.എച്ച് എന്ന പ്രതിഭ
സി.എച്ച് അബ്ദുല്‍ ഖാദര്‍ സാഹിബിനെക്കുറിച്ച് പ്രബോധനത്തില്‍ വന്ന കുറിപ്പുകള്‍ വായിച്ചു. എസ്.ഐ.ഒയുടെ രൂപവത്കരണം തൊട്ട് നിരന്തരം കേട്ടുവരുന്ന പേരുകളിലൊന്നാണ് സി.എച്ച് അബ്ദുല്‍ ഖാദർ. ഏരിയാ തര്‍ബിയത്ത് ക്യാമ്പുകള്‍, ജില്ലാ-സംസ്ഥാന സമ്മേളനങ്ങള്‍ ഇവയെല്ലാം തന്റെതായ സര്‍ഗ സിദ്ധികൊണ്ട് അദ്ദേഹം ധന്യമാക്കി. ആവേശം വേണ്ടിടത്ത് ആവേശം. തഖ്്വാ ബോധം ഉണര്‍ത്താനാണെങ്കില്‍ അതും സി.എച്ച് എന്ന സര്‍ഗപ്രതിഭക്ക് സ്വന്തം.
കോഴിക്കോട് സ്‌റ്റേഡിയത്തിന് പിറക് വശത്തെ ഓട് മേഞ്ഞ പഴയ ജമാഅത്തെ ഇസ്്‌ലാമി കെട്ടിടത്തിലും പാളയത്തെ ജമാഅത്ത് ഓഫീസിലും സി.എച്ച് ഉണ്ടാകും. അന്നൊക്കെ സി.എച്ച് തനി കോഴിക്കോട്ടുകാരനായി ജീവിച്ചു. എസ്.ഐ.ഒവിന്റെ പ്രാരംഭ ഘട്ടമായതിനാല്‍ പല ഭാഗത്തുനിന്നും വിദ്യാര്‍ഥികള്‍ സംശയ നിവാരണത്തിനായി ഓഫീസിലെത്തും. അവര്‍ക്കൊക്കെ ലളിതമായ ഭാഷയിലും ശൈലിയിലും കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ സി.എച്ചിനുണ്ടായിരുന്ന കഴിവ് വേറെ തന്നെയാണ്.
1983-ല്‍ എന്റെ പ്രദേശമായ വെസ്റ്റ് ചേന്ദമംഗല്ലൂരില്‍ എസ്.ഐ.ഒ യൂനിറ്റ് രൂപവത്കരിച്ചപ്പോള്‍ സെക്രട്ടറിയായി ഈയുള്ളവനെ തെരഞ്ഞെടുത്തു. പിന്നീട് പലപ്പോഴും നോട്ടീസുകള്‍, ലഘുലേഖകള്‍, മറ്റു കാര്യങ്ങള്‍ എന്നിവക്കായി കോഴിക്കോട് ഓഫീസില്‍ പോകാന്‍ അവസരമുണ്ടായി. അപ്പോഴെല്ലാം നിറഞ്ഞ ചിരിയും ഒരു ബാഗുമായി സി.എച്ച് അവിടെയുണ്ടാകും. പുതിയ കാലത്തും സി.എച്ചിനെ പോലുള്ള പ്രതിഭകളെ ഇസ്്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ആവശ്യമാണ്.
ഒരേ ജനത, ഒരൊറ്റ നീതി
'ഇരട്ട നീതി പാടില്ല' എന്ന ശീര്‍ഷകത്തില്‍ മുഹമ്മദ് അലി വളാഞ്ചേരി എഴുതിയ കത്ത് (2023 ഫെബ്രുവരി 3) വായിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധത്തിന്റെ ഭാഗമായി ഹർത്താലുകൾ സംഘടിപ്പിക്കുന്നു. പൊതു മുതലുകള്‍ ധാരാളമായി നശിപ്പിക്കപ്പെടുന്നു. ഹര്‍ത്താലിനെതിരെയുള്ള നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണല്ലോ. പക്ഷേ, ഇരട്ട നീതിയാണ് കണ്ടുവരുന്നത്. പൊതു മുതല്‍ നശിപ്പിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിയമം ബാധകമാവേണ്ടതല്ലേ?
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ,
കോഴിക്കോട്
സംഘടനകൾ ആത്മപരിശോധന നടത്തണം
'1000 വര്‍ഷത്തെ യുദ്ധത്തുടര്‍ച്ച എന്തിന്, ആര്‍ക്കെതിരെ?' (ലക്കം 35) എന്ന എ.ആര്‍ എഴുതിയ 'അകക്കണ്ണ്' വായിച്ചു. വേണമെങ്കിൽ മുസ്്‌ലിംകള്‍ക്ക് അവരുടെ മതത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ ഇവിടെ ജീവിക്കാം തുടങ്ങിയ ആര്‍.എസ്.എസ് ആചാര്യന്റെ വാക്കുകളുടെ അന്തര്‍ധാര വായിച്ചെടുക്കാന്‍ മുസ്്‌ലിം സമുദായത്തിന് കഴിയുന്നുണ്ടോ?
മുസ്്‌ലിം സമുദായത്തിന്റെ ഭിന്നത എല്ലാ വിഭാഗക്കാരും മുതലെടുക്കുന്നുണ്ടെന്ന സാമാന്യ തിരിച്ചറിവെങ്കിലും മുസ്്‌ലിം സംഘടനകള്‍ക്കുണ്ടോ? എന്തിന്റെ പേരിലാണ് അവര്‍ ഭിന്നിച്ച് പരസ്പരം കലഹിച്ചു കാലം കഴിച്ചുകൂട്ടുന്നത്? ഇത് അല്ലാഹുവിന്റെ ദീന്‍ നിലനിര്‍ത്താനുള്ള ബദ്ധപ്പാടാണോ? എന്താണ് മുസ്്‌ലിം സമൂഹത്തിന്റെ ബാധ്യത? ഭിന്നിച്ചിരിക്കുന്ന വിഷയങ്ങള്‍ എടുത്തു പരിശോധിച്ചു നോക്കുക. ഇങ്ങനെ ഭിന്നിച്ച് തമ്മിലടിക്കാന്‍ അവയിലൊക്കെ എന്തിരിക്കുന്നു? ദൈവത്തിലും പ്രവാചകന്മാരിലും പരലോകത്തിലും - എന്നു പറഞ്ഞാല്‍ ഈമാന്‍ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തില്‍ അവര്‍ക്ക് ഭിന്നതയുണ്ടോ? കേരളത്തിലെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിതന്മാരോട് ഒരു അപേക്ഷയുണ്ട്: ദയവ് ചെയ്ത് അല്ലാഹുവിന്റെ ദീനിനു വേണ്ടി ഒന്നിച്ചു നില്‍ക്കുക. നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഐക്യപ്പെടണമെന്ന ബോധം ഉണ്ടാകുന്നില്ലെങ്കില്‍, ഹാ കഷ്ടം! എന്നേ പറയാനുള്ളൂ.
സി.കെ ഹംസ ചൊക്ലി
ഭരണകൂടം ജുഡീഷ്യറിയെ
ഇങ്ങനെയെല്ലാം സ്വാധീനിക്കുന്നു
"വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത് വിരമിച്ചതിനു ശേഷമുള്ള ജോലി താൽപര്യങ്ങളാണ് "- മുൻ ക്യാബിനറ്റ് മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അരുൺ ജയിറ്റ്ലി പറഞ്ഞതാണിത്. അത്തരം വിധികൾക്ക് പ്രത്യുപകാരമെന്നോണം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് പോസ്റ്റ് റിട്ടയർമെന്റ് നിയമനങ്ങളും പദവികളും ഭരണകൂടം ക്ഷണനേരം കൊണ്ട് തരപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
ഈയടുത്ത് നടന്ന ചില ജുഡീഷ്യല്‍ നിയമനങ്ങളിലേക്ക് വരാം. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനുകൂലമായി വിധി പുറപ്പെടുവിച്ചതിന് ജ. പി. സദാശിവത്തിന് കേരളാ ഗവര്‍ണര്‍പട്ടം നല്‍കിയാണ് ഭരണകൂടം നന്ദി പ്രകടിപ്പിച്ചത്. 1992 ഡിസംബര്‍ 6-ന് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ കേസില്‍ ഇരു വിഭാഗത്തിന്റെ വാദം കേട്ടതിനു ശേഷം, പുരാവസ്തു വിഭാഗത്തിന്റെ ഗവേഷണ പഠനങ്ങള്‍ എതിരായിരുന്നിട്ടു കൂടി ഹിന്ദുത്വക്കനുകൂലമായി വിധിപറഞ്ഞവരില്‍ ഒരാളായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച് ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ രാജ്യസഭാ എം.പി യായതും ഈ ഒത്തുതീര്‍പ്പിന് ഉദാഹരണമാണ്.
അയോധ്യാ തര്‍ക്കങ്ങളില്‍ വിധി പറഞ്ഞ അഞ്ചംഗ സമിതിയില്‍ പോസ്റ്റ് റിട്ടയര്‍മെന്റ് പദവി ലഭിക്കുന്ന മൂന്നാമത്തെയാളാണ് ജസ്റ്റിസ് അബ്ദുൽ നസീര്‍. മുന്‍ കാലങ്ങളില്‍ കത്തിപ്പടര്‍ന്ന മുത്ത്വലാഖ് വിഷയത്തില്‍ അത് നിരോധിച്ചുകൊണ്ടും, വലിയ സാമ്പത്തിക മാന്ദ്യത്തിനും ജനദ്രോഹങ്ങള്‍ക്കും വഴിവെച്ച നോട്ടു നിരോധനത്തിന്റെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയും ഭരണകൂടത്തിന് പ്രിയപ്പെട്ടവനായിത്തീര്‍ന്ന ജസ്റ്റിസ് അബ്ദുൽ നസീറിന് വിരമിച്ച് 40 ദിവസം പിന്നിടുന്നതിന് മുമ്പേ ഗവര്‍ണര്‍ പട്ടം നൽകുകയായിരുന്നു. ഇത്തരത്തിലുള്ള റിട്ടയര്‍മെന്റ് ഗ്രാന്റുകള്‍ വെച്ചുനീട്ടിയില്ലായിരുന്നുവെങ്കില്‍ ബാബരി ധ്വംസനം, മുത്ത്വലാഖ് നിരോധനം പോലെയുള്ള നീതി നിഷേധങ്ങളിലെ വിധികള്‍ മറ്റൊന്നായേനേ എന്ന് സാരം.
കാലങ്ങളായി സംഘ് പരിവാറിനായി അടിപിടി കൂടാനും വര്‍ഗീയ പ്രസ്താവനകള്‍ നടത്താനും മുന്‍പന്തിയിലുള്ളയാളാണ് അഡ്വ. വിക്ടോറിയ ഗൗരി. ഉമാ ഭാരതിയുടെ മറ്റൊരു പകര്‍പ്പ്. നിരന്തരമായ സംഘ് പരിവാര്‍ പ്രീണനംകൊണ്ട് രണ്ട് വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ സോളിസിറ്റര്‍ ജനറലായി നിയമിക്കപ്പെട്ടിരുന്നു. പിന്നെയാണ് സെലക്ടീവ് നിയമനത്തിലൂടെ വിക്ടോറിയ ഗൗരി ജഡ്ജിയായിത്തീരുന്നത്. കൊളീജിയം സമര്‍പ്പിച്ച ജഡ്ജ് പാനലുകളിലെ യോഗ്യരായ വ്യക്തികള്‍ ഒരു ഭാഗത്ത് നിരന്തരമായി തഴയപ്പെടുമ്പോഴാണ് ഇത്തരം പ്രവണതകള്‍ അരങ്ങേറുന്നത്.
എല്ലാം നഷ്ടപ്പെട്ടവന്റെ അവസാനത്തെ ആശ്രയം എന്നാണല്ലോ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് പറയാറുള്ളത്. സമൂഹങ്ങളാലും ഭരണകൂടങ്ങളാലും അരികുവത്കരണത്തിന് ഇരയാവുന്നവര്‍ക്ക് ജുഡീഷ്യല്‍ സിസ്റ്റത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തും ഇത്തരം നിയമനങ്ങൾ. ഭരണകൂടത്തിന് എന്തുമാവാമെന്ന നിലയിലേക്ക് കാര്യങ്ങളെത്തുമ്പോൾ സാധാരണ പൗരന് നീതി ലഭ്യമാവുന്ന തരത്തിലായിരിക്കണം ജുഡീഷ്യല്‍ വ്യവസ്ഥ നിലകൊള്ളേണ്ടത്.
സ്വദഖത്ത് സെഞ്ചർ
Comments