Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 24

3291

1444 ശഅ്ബാൻ 03

ആദര്‍ശ സംഹിതകള്‍ക്ക് പരിധികളോ അതിരുകളോ ഇല്ല

എ.ആര്‍

'ഈ രാജ്യം എത്രത്തോളം നരേന്ദ്ര മോദിയുടെതും മോഹന്‍ ഭാഗവതിന്റെതുമാണോ അത്രത്തോളം എന്റെതുമാണ്. താന്‍ അവരെക്കാള്‍ ഒരിഞ്ച് പിറകിലല്ല. അവര്‍ എന്നെക്കാള്‍ ഒരിഞ്ച് മുന്നിലുമല്ല. ഇന്ത്യയാണ് ഇസ്്‌ലാമിന്റെ ജന്മഭൂമി. ഇസ്്‌ലാം പുറത്തുനിന്ന് വന്ന മതമാണെന്ന വാദം തെറ്റാണ്. ഇസ്്‌ലാമിലെ ആദ്യ പ്രവാചകനായ ആദം നബി വന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍, ഇസ്്‌ലാം പുറത്തുനിന്ന് വന്ന മതമാണെന്ന വാദഗതി അടിസ്ഥാന രഹിതവും പൂര്‍ണമായും തെറ്റുമാണ്.' ദല്‍ഹി രാംലീല മൈതാനിയില്‍ തടിച്ചുകൂടിയ മഹാ ജനസഞ്ചയത്തെ സാക്ഷി നിര്‍ത്തി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാനാ മഹ്്മൂദ് മദനിയുടെ പ്രസംഗത്തില്‍നിന്നാണ് ഈ വാചകങ്ങള്‍. മതവിദ്വേഷവും വിഭാഗീയതയുമാണ് രാജ്യത്തിന്റെ അഖണ്ഡതക്ക് ഏറ്റവും വലിയ ഭീഷണിയെന്നും മദനി പറഞ്ഞു. കോടതികള്‍ സ്വതന്ത്രമല്ലെങ്കില്‍ പിന്നെ രാജ്യം സ്വതന്ത്രമല്ലെന്നും രാജ്യത്തെ കോടതികള്‍ ഭരണകൂടത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നതെന്ന തോന്നല്‍ പൊതുവെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തബന്ധുക്കളായ മഹ്്മൂദ് മദനിയും അര്‍ശദ് മദനിയും പിളര്‍പ്പിനു വിരാമമിട്ട് ഒത്തുചേർന്ന ജംഇയ്യത്തിന്റെ 34-ാം വാര്‍ഷിക സമ്മേളനമാണ് രാംലീല മൈതാനിയില്‍ നടന്നത്.
1919 ഡിസംബറില്‍ നിലവില്‍ വന്ന അക്കാലത്തെ ഏറ്റവും ശക്തമായ മുസ്്‌ലിം മത സാമൂഹിക സംഘടനയായ ജംഇയ്യത്ത് ഉലമായുടെ പൂര്‍വകാല നേതാക്കളില്‍ മൗലാനാ അബുല്‍ കലാം ആസാദ്, ഹുസൈൻ അഹ്്മദ് മദനി, മൗലാനാ ഹിഫ്്സുർറഹ്്മാൻ എന്നിവര്‍ ഉള്‍പ്പെടുന്നു. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയത്തോടൊപ്പമായിരുന്നു ജംഇയ്യത്ത് നിലയുറപ്പിച്ചിരുന്നത്. ദ്വിരാഷ്ട്ര വാദത്തെയും പാകിസ്താന്‍ രൂപവത്കരണത്തെയും ശക്തമായി എതിർത്ത ജംഇയ്യത്ത് നിസ്സഹകരണ സമരത്തിലും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലുമെല്ലാം സജീവ പങ്ക് വഹിച്ചതാണ് ചരിത്രം. വിഭജനത്തിനു ശേഷവും കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന ഈ സംഘടനയുടെ മേധാവി അസ്അദ് മദനി ഭരണകക്ഷിയുടെ രാജ്യസഭാ എം.പി കൂടിയായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ മുസ്്‌ലിംകളുടെ  ജീവന്നും സ്വത്തിനും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് അനിയന്ത്രിതമായി തുടരുകയും മുസ്്‌ലിം ന്യൂനപക്ഷങ്ങൾ പൊതുവെ ചകിതരാവുകയും ചെയ്ത പശ്ചാത്തലത്തില്‍ 1964-ല്‍ വിവിധ മുസ്്‌ലിം സംഘടനാ നേതാക്കള്‍ ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായില്‍ സമ്മേളിച്ച് മൗലാനാ അബുല്‍ ഹസന്‍ അലി നദ്്വിയുടെ അധ്യക്ഷതയിൽ ആള്‍ ഇന്ത്യാ മുസ്്‌ലിം മജ്‌ലിസെ മുശാവറക്ക് രൂപം നല്‍കിയപ്പോള്‍  ജംഇയ്യത്തുല്‍ ഉലമാ  അതില്‍നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്സിനെ അലോസരപ്പെടുത്തും എന്നതു കൊണ്ടാണ് അസ്അദ് മദനി ഈ നിലപാട് സ്വീകരിച്ചത്. എന്നാല്‍, ജംഇയ്യത്തിന്റെ സമുന്നത നേതാവും പണ്ഡിതനുമായിരുന്ന മൗലാനാ അതീഖുര്‍റഹ്്മാൻ മുശാവറയോട് സഹകരിക്കുകയും അതിന്റെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് കോണ്‍ഗ്രസ്സിന്റെ ശക്തി ക്ഷയിക്കുകയും ബി.ജെ.പി ശക്തി പ്രാപിക്കുകയും ചെയ്തപ്പോള്‍ ആരുടെ കൂടെ നില്‍ക്കണമെന്ന കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമുണ്ടായി. സംഘ് പരിവാര്‍ ഭരണത്തിലിരിക്കെ അതുമായി ബന്ധം സ്ഥാപിക്കുകയാണ് ഉചിതമെന്ന് കരുതിയവര്‍ അര്‍ശദ് മദനിയോടൊപ്പം നിന്നു; മഹ്്മൂദ് മദനി അതിന്റെ ഫലസിദ്ധിയില്‍ സംശയാലുവുമായിരുന്നു. എന്തായിരുന്നാലും ഇസ്്‌ലാമിനോടോ മുസ്്‌ലിംകളോടോ ഒരനുഭാവവും മോദി സര്‍ക്കാറിനോ ആര്‍.എസ്.എസ്സിനോ ഇല്ലെന്നും അവരോടൊത്തു പോകാവുന്ന ഒരു സാഹചര്യവുമില്ലെന്നും ബോധ്യപ്പെട്ടതിനാലാവാം ഇപ്പോള്‍ അര്‍ശദും മഹ്്മൂദും ഒരേ കുടക്കീഴില്‍ അണിനിരന്ന് ന്യൂദല്‍ഹിയെ അമ്പരപ്പിച്ച മഹാ സംഗമത്തിന് നേതൃത്വം  നല്‍കിയത്. സംഘ് പരിവാറിന്റെ വാക്കുകളും ചെയ്തികളും ഒരുപോലെ മതന്യൂനപക്ഷങ്ങളെ ഹതാശയരാക്കിക്കൊണ്ടിരിക്കെ മുസ്്‌ലിംകളുടെ മനോവീര്യം ഉയര്‍ത്താന്‍ ഈ സമ്മേളനം ഉതകും എന്നാണ് വിലയിരുത്തല്‍.
ഇസ്്‌ലാം ഭാരതീയമാണെന്ന് ചൂണ്ടിക്കാട്ടാന്‍ മഹ്്മൂദ് മദനി അനുസ്മരിപ്പിച്ച ആദം നബിയുടെ ആഗമനം യാഥാര്‍ഥ്യത്തെക്കാള്‍ മിത്തായിരിക്കാനാണ് സാധ്യത. പൂര്‍വകാല ഗ്രന്ഥങ്ങളിൽ അങ്ങനെയൊരു വര്‍ത്തമാനം സ്ഥലം പിടിച്ചിട്ടുണ്ടെന്നത് നേരാണ്. ഇപ്പോള്‍ ശ്രീലങ്കയായ പുരാതന സറന്ദീപിൽ ആദം മല എന്ന പേരില്‍ ഒരു കുന്നിന്‍ പ്രദേശമുണ്ട് താനും. അവിടേക്ക് വിനോദ സഞ്ചാരികളും തീര്‍ഥാടകരും പോവാറുമുണ്ട്. 'ആദം ഇന്ത്യയിലാണ് ഇറങ്ങിയത്. ഹജറുൽ അസ്്വദുമായിട്ടാണ് അദ്ദേഹം ഇറങ്ങിയത്. സ്വർഗത്തിലെ ഒരു പിടി ഇലകളും കൂടെ ഉണ്ടായിരുന്നു. അദ്ദേഹമത് ഇന്ത്യയിൽ വിതറി. അങ്ങനെ അവിടെ സുഗന്ധച്ചെടികൾ മുളച്ചു' എന്ന് സുദ്ദി പറഞ്ഞതായി ഇമാം ഇബ്്നു കസീർ ഖസ്വസ്വുൽ അമ്പിയാഅ് എന്ന ചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (ഒന്നാം അധ്യായം). പക്ഷേ, ചരിത്രാതീത കാലത്ത് നടന്നതോ നടക്കാത്തതോ ആയ കാര്യങ്ങളെ ഐതിഹ്യങ്ങളില്‍ പെടുത്തുകയല്ലാതെ വിശ്വാസയോഗ്യമായ ചരിത്ര രേഖകളായി കണക്കിലെടുത്തു കൂടാ. ആദം ഭൂമിയിലേക്ക് വന്നത് ആദ്യമായി ഇന്ത്യയിലാവട്ടെ, ആവാതിരിക്കട്ടെ ഒരു വിദേശ മതമായ ഇസ്്‌ലാം ഇന്ത്യക്ക് സ്വീകാര്യമല്ല എന്ന തീവ്ര ഹിന്ദുത്വ ജല്‍പനത്തിന് മറുപടി പറയാന്‍ മിത്തുകളുടെയൊന്നും പിന്‍ബലം ആവശ്യമില്ല. ദക്ഷിണേന്ത്യയില്‍ അറബി വ്യാപാരികള്‍ മുഖേനയും ഉത്തരേന്ത്യയില്‍ സൂഫിവര്യന്മാര്‍ വഴിയുമാണ് ഇസ്്‌ലാം വ്യാപിച്ചതെന്ന സത്യം അനിഷേധ്യമാണ്. ഇന്ത്യക്കാര്‍ അഥവാ ഹിന്ദുക്കള്‍ ജാതിയും അയിത്തവും വിഗ്രഹാരാധനയും തജ്ജന്യങ്ങളായ അന്ധവിശ്വാസങ്ങളുമില്ലാത്ത ഇസ്്‌ലാമിനെ ആശ്ലേഷിച്ചതു വഴിയാണ് ഈ രാജ്യത്ത് അതൊരു അനിഷേധ്യ ശക്തിയായി വളര്‍ന്നതെന്ന് നിഷ്പക്ഷവും സത്യനിഷ്ഠവുമായ ഏതന്വേഷണവും തെളിയിക്കും. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇന്ന് ഇരുപത് കോടിയോളം മുസ്്‌ലിംകളുണ്ടെങ്കില്‍ അത് അവര്‍ ഇസ്്‌ലാമിനെ ആശയ തലത്തിലും ആദര്‍ശ തലത്തിലും ഉള്‍ക്കൊണ്ടത് മൂലമാണ്. ആദാമിന്റെ മക്കളെ സംബന്ധിച്ചേടത്തോളം ആശയങ്ങള്‍ക്കോ ധര്‍മസംഹിതകള്‍ക്കോ പ്രത്യയശാസ്ത്രങ്ങള്‍ക്കോ ഭൂമിശാസ്ത്രപരമായ പരിധികളോ അതിരുകളോ ഇല്ല. അത് ഇസ്്‌ലാമോ ക്രിസ്തുമതമോ ബുദ്ധമതമോ ഹൈന്ദവ ധര്‍മമോ മാര്‍ക്‌സിസമോ ഏതായിരുന്നാലും കൊള്ളാം. സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ ചെയ്ത ചരിത്ര പ്രസിദ്ധമായ പ്രഭാഷണം ഈ സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭൂമിശാസ്ത്രപരമായ അതിരുകള്‍ നിശ്ചയിച്ചു വിശ്വ മാനവിക ദര്‍ശനങ്ങളെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന സങ്കുചിതത്വമാണ് നവ ഹിന്ദുത്വ ഫാഷിസത്തിന്റെ മൗലിക ദൗര്‍ബല്യം. അക്കാര്യം തുറന്നു പറയുകയാണ് മത സംഘടനകളുടെ തലപ്പത്തിരിക്കുന്ന പണ്ഡിത വര്യന്മാർ ചെയ്യേണ്ടത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 74-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ശഅ്‌ബാൻ മാസത്തിലെ നോമ്പ്
ഡോ. മുഹമ്മദ് പാണ്ടിക്കാട്