Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 24

3291

1444 ശഅ്ബാൻ 03

സാമ്പത്തിക വളർച്ചയുടെയും അച്ചടക്കത്തിന്റെയും സൂക്ഷ്മ വഴികൾ

യാസർ ഖുത്വ്്ബ്

ലോകപ്രശസ്ത സാമ്പത്തിക/ബിസിനസ് ഉപദേഷ്ടാവ് മോര്‍ഗന്‍ ഹൊസെല്‍ 'പണത്തിന്റെ മനശ്ശാസ്ത്രം' എന്ന വിഖ്യാത കൃതിയില്‍  ഒരു കഥ പറയുന്നുണ്ട്: ഫെറാരി, ലംബോര്‍ഗിനി, റോള്‍സ് റോയ്‌സ് തുടങ്ങിയ വിലകൂടിയ ഇനം  കാര്‍ ഓടിക്കുകയാണ്  ജോണിന്റെ വലിയ ആഗ്രഹം. അതു സാധിച്ചാൽ താന്‍ മിടുക്കനാണ്, പണക്കാരനാണ്, വലിയ ആളാണ്  എന്ന നിലയില്‍ ആളുകള്‍ തന്നെ നോക്കും, പ്രശംസിക്കും. ഇതാണ് ജോണിന്റെ പ്രതീക്ഷ. അതിനിടയിൽ ജോണിന് അന്നാട്ടിലെ ഏറ്റവും വലിയൊരു ഷോപ്പിംഗ് മാളില്‍ വാലറ്റ് പാര്‍ക്കിംഗില്‍ ജോലി ലഭിച്ചു. അത്യുഗ്രന്‍ കാറുകളില്‍  അതിഥികൾ വരുമ്പോൾ അവരുടെ കാറുകള്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് കൊണ്ടുപോകുന്ന ജോലി ജോണിന്റെതാണ്. അങ്ങനെ ഇത്തരം കാറുകള്‍  ഓടിക്കാന്‍ പലപ്പോഴും ജോണിന് അവസരം ലഭിച്ചു.
അപ്പോഴാണ് അയാള്‍ ആ സത്യം മനസ്സിലാക്കിയത്. താന്‍ ഒരിക്കലും വണ്ടി ഓടിച്ചിരുന്ന ആളെ ശ്രദ്ധിച്ചിരുന്നില്ല. കാറിനെയാണ് നോക്കിയിരുന്നത്. എനിക്കും ഇതുപോലെ ഒരു കാര്‍ ഉണ്ടെങ്കില്‍ ആളുകള്‍ അത്ഭുതത്തോടെ നോക്കുന്നത് ആ കാറിനുള്ളിലുള്ള തന്നെയല്ല, കാറിനെയായിരിക്കും. കാറിനെ  ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ആളുകള്‍ വിസ്മയപൂർവം നോക്കുന്നത്. ചിലര്‍ അത് സ്വയം ഓടിക്കുന്നതും ഭാവനയില്‍ കാണുന്നു. 'ഫെറാരി വാങ്ങുമ്പോള്‍, അത് തങ്ങൾക്ക് പ്രശംസ നേടിത്തരും എന്നവർ പ്രതീക്ഷിച്ചിരുന്നുവോ? അപ്പോള്‍ അവര്‍ക്ക് അറിയാമായിരുന്നോ,  ഞാനും എന്നെപ്പോലുള്ളവരും ആ കാറിനെ വിസ്മയത്തോടെ നോക്കുമ്പോള്‍ അതോടിക്കുന്ന ആളെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല എന്ന്?'- ജോണ്‍ ചോദിക്കുന്നു.
''വിലപിടിച്ച വസ്തുക്കളുണ്ടെങ്കില്‍ അംഗീകാരവും ആദരവും ലഭിക്കുമെന്ന് തെറ്റിദ്ധരിക്കരുത്. ഇതുവഴി ലഭിക്കുന്ന ആദരവ് കഷ്ടിയായിരിക്കും. വിനയം, ദയ, സഹാനുഭൂതി ഇവയായിരിക്കും ഏറ്റവും കൂടിയ കുതിരശക്തിയുള്ള കാറിനെക്കാള്‍ നിങ്ങള്‍ക്ക് ആദരവ് നേടിത്തരിക. വ്യാജ രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നത് ഒരു മുതലാളിത്ത രീതിയാണ്" - മോര്‍ഗന്‍ ഹൊസെല്‍ പറയുന്നു.
"പണക്കാരനാണെന്ന തോന്നലുണ്ടാക്കാനാണ് ഇല്ലാത്ത പണം ഉപയോഗിച്ച് ആഡംബരങ്ങള്‍ വാങ്ങിക്കൂട്ടുന്നത്.  നിങ്ങള്‍ പാപ്പരാകുന്നതിന് ആക്കം കൂട്ടുക മാത്രമാണിത് ചെയ്യുക. കൈയിലുള്ളതും അത്യാവശ്യത്തിനല്ലാത്തതുമായ പണമേ ചെലവഴിക്കാവൂ. കൈയിലില്ലാത്ത പണം ചെലവാക്കരുത്. വളരെ ലളിതമാണ് സാമ്പത്തിക ആസൂത്രണത്തിനുള്ള വഴികള്‍" - നിക്ഷേപകനായ ബില്‍മാന്‍ പറയുന്നു.  അടിസ്ഥാന ആവശ്യങ്ങളുടെ നിർവഹണം മുതല്‍ രാജ്യാന്തര  ചലനങ്ങളില്‍ വരെ പണത്തിന്റെയും മാര്‍ക്കറ്റിന്റെയും റോൾ   വളരെ വലുതാണ്. പണത്തിന്റെ വിനിമയവും  കരുതിവെപ്പും ബുദ്ധിപൂർവം  നടത്തുന്നവര്‍ക്കേ പണത്തെ നിയന്ത്രിക്കാനും പരിപോഷിപ്പിക്കാനും  കഴിയൂ.
സമയത്തിന്മേലുള്ള സ്വാതന്ത്ര്യം 

നമ്മുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെങ്കില്‍ നമ്മുടെ സമയത്തെ നമ്മുടെ ഇഷ്ടപ്രകാരം വിനിയോഗിക്കാന്‍  സാധിക്കും.  ഒരു സാധാരണക്കാരൻ ജീവിതത്തിന്റെ അധിക സമയവും  ജോലിയിലായിരിക്കും.  അയാളുടെ സമയം നിയന്ത്രിക്കുന്നത് അയാളുടെ ബോസോ കമ്പനിയോ മറ്റു തൊഴില്‍ ദാതാക്കളോ  ആണ്. അവര്‍ അനുവദിച്ചാല്‍ മാത്രമേ അയാൾക്ക് ഒഴിവ് സമയം ലഭിക്കുകയുള്ളൂ. ഇത്തരക്കാര്‍ക്ക് ജോലിയുമായി നിരന്തരം കെട്ട് പിണഞ്ഞു കിടക്കേണ്ടിവരും.  നമ്മുടെ കൈവശം ആവശ്യത്തിന് പണമുണ്ടായാല്‍ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ നമ്മുടെ സമയത്തെ  വിനിയോഗിക്കാന്‍ സാധിക്കും. കൂടുതൽ സമയം ലഭിച്ചാൽ ഉപകാരപ്രദമായ മറ്റു പലതും ചെയ്യാം;  പുതിയ സംരംഭങ്ങൾ തുടങ്ങാം.  അഥവാ, പണം നമുക്ക് സമയത്തിന്മേല്‍  സ്വാതന്ത്ര്യം നല്‍കുന്നു. സമയമാണല്ലോ ഭൂമിയിലെ ഏറ്റവും വിലപ്പെട്ടത്.  ഓരോ സമയത്തും എന്തു ചെയ്യണം എന്നു  തീരുമാനിക്കാന്‍ നമുക്ക് കഴിയും. അതിനാല്‍, സാമ്പത്തിക സ്വാതന്ത്ര്യത്തിനും (Financial Freedom) മനുഷ്യജീവിതത്തില്‍  വലിയ പ്രാധാന്യമുണ്ട്. നമ്മുടെ കഠിനപ്രയത്‌നങ്ങള്‍  ഇല്ലാതെ തന്നെ, നമുക്ക് ജീവിക്കാനാവശ്യമായ വരുമാനം (Passive lncome) വന്നുചേരുന്ന അവസ്ഥയാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
ദാരിദ്ര്യം ഒരു മാനസികാവസ്ഥ കൂടിയാണ്
പാവപ്പെട്ടവര്‍ എന്നും പാവപ്പെട്ടവരും, ധനികര്‍ കൂടുതല്‍ ധനികരും ആവാനുള്ള കാരണം അവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന്  റിച്ചാര്‍ഡ് കയോസാക്കി പറയുന്നുണ്ട്. പേഴ്‌സനല്‍ വെല്‍ത്ത് ക്രിയേഷന്‍ രംഗത്ത് വളരെയധികം ശ്രദ്ധയാകര്‍ഷിച്ച പുസ്തകമായ 'റിച്ച് ഡാഡ് പുവര്‍ ഡാഡ്'ന്റെ കര്‍ത്താവാണ് അദ്ദേഹം.
സുരക്ഷിത ജോലി, ഉള്ളത് നഷ്ടപ്പെടാതെ സംരക്ഷിക്കാനുള്ള തത്രപ്പാട്, വരുമാനത്തെക്കാള്‍ കൂടുതലായുള്ള ചെലവഴിക്കല്‍ ഇതൊക്കെയാണ്  മധ്യവർഗ/ദരിദ്ര വിഭാഗത്തില്‍ പെടുന്നവരുടെ പൊതുസ്വഭാവം. അവര്‍ പരിധി വിട്ടു പൊങ്ങച്ചം കാണിക്കുന്നു.  തങ്ങള്‍ക്കു  ലഭിച്ചതില്‍ അവര്‍ സംതൃപ്തരല്ല.
ഇതിനു നേര്‍വിപരീതമാണ് ഐശ്വര്യവാനായ ഒരാളുടെ മാനസികാവസ്ഥ. അയാൾ കൂടുതല്‍ റിസ്‌കെടുക്കാന്‍ തയ്യാറാകുന്നു. അതിനനുസരിച്ച് പ്രതിഫലവും ലഭിക്കുന്നു. തന്റെ പണം വെറുതെ ചെലവഴിച്ചു തീര്‍ക്കുന്നതിന് പകരം വരുമാനം നല്‍കുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നു. അങ്ങനെ ധനികര്‍ കൂടുതല്‍ ധനികരായിത്തീരുന്നു. നമ്മുടെ മനഃസ്ഥിതിയും കാഴ്ചകളും സമ്പന്നമായിരിക്കുക എന്നതാണ് മനുഷ്യര്‍ നേടിയെടുക്കേണ്ട ആദ്യത്തെ ഗുണം.
പിശുക്കല്ല സാമ്പത്തിക
അച്ചടക്കം
നമ്മള്‍ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എതിരല്ല സാമ്പത്തിക വിദഗ്ധര്‍  പറയുന്ന  നിയന്ത്രണങ്ങള്‍. നമ്മുടെ കഴിവിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്തു ബാധ്യതകള്‍ വരുത്തിവെക്കരുത് എന്നേ അവർ പറയുന്നുള്ളൂ.  നമുക്ക് ഒരാവശ്യവുമില്ലാതെ, മറ്റുള്ളവരെ കാണിക്കാൻ വേണ്ടി മാത്രമാണ് ഇത്തരം കാര്യങ്ങളെങ്കില്‍ നിര്‍ബന്ധമായും അവ ഒഴിവാക്കണം.
കച്ചവടവും മറ്റു സംരംഭങ്ങളും നടത്തുമ്പോൾ സാമ്പത്തിക അച്ചടക്കം പാലിച്ചാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ.
ഒന്നിനും പണം ചെലവഴിക്കാതെ ഞെരുങ്ങി ജീവിക്കുന്നതിനെയല്ല സാമ്പത്തിക അച്ചടക്കം എന്ന് പറയുന്നത്. അത്യാവശ്യവും ആവശ്യവുമായ വസ്തുക്കൾ നമുക്ക് ലഭ്യമാക്കണം. ചിലത്  കടം മേടിച്ചും വാങ്ങേണ്ടിവരും. എന്നാല്‍, കടം വാങ്ങുമ്പോള്‍ അത് തിരിച്ചടക്കാന്‍ കഴിയുമോ എന്നാണ് ആദ്യം  നോക്കേണ്ടത്.  നമ്മെ സംബന്ധിച്ച് പ്രസ്തുത ആവശ്യം എത്രത്തോളം പ്രാധാന്യമുണ്ടെന്നും വിലയിരുത്തണം. അതിനു ശേഷമേ കടം വാങ്ങാവൂ.
പണം കെട്ടിക്കിടക്കാതെ കമ്പോളത്തിലെത്തി വ്യവഹാരങ്ങള്‍ നടക്കുമ്പോഴാണ് അതിന് വളര്‍ച്ചയുണ്ടാവുക. ഒരു ഇവന്റില്‍ പങ്കാളികളാകുന്ന വ്യത്യസ്ത തരം ആളുകള്‍ക്ക്, അവര്‍  ആ ശൃംഖലയിലെ ഏറ്റവും ചെറിയ കണ്ണിയാണെങ്കിലും അതിന്റെ ഗുണഭോക്താക്കളായിരിക്കും.  ഒരു വിവാഹാഘോഷം നടക്കുമ്പോൾ പലവ്യഞ്ജന ഷോപ്പുകള്‍ മുതല്‍ കാറ്ററിംഗ് ബോയ്‌സിന് വരെ ഗുണം ലഭിക്കും.  ഫുട്‌ബോൾ ലോക കപ്പ് നടക്കുമ്പോൾ  ഫുട്പാത്തില്‍ ജഴ്‌സി വില്‍ക്കുന്നവന്‍ വരെ അതിന്റെ ഗുണഭോക്താവാണ്.  അതിനാല്‍, ഇത്തരം  പ്രോഗ്രാമുകൾ സാമ്പത്തിക ശാസ്ത്രപ്രകാരം പ്രോത്സാഹിപ്പിക്കപ്പെടുന്നതാണ്. വ്യക്തികളും സംഘങ്ങളും തങ്ങള്‍ക്ക് വഹിക്കാന്‍ സാധിക്കുന്നതിലുമപ്പുറം  ബാധ്യതകള്‍ വരുത്തി വെക്കുന്നതിനെയാണ് സാമ്പത്തിക ബാധ്യതയായി കണക്കാക്കുക.

കബളിപ്പിക്കപ്പെടുന്ന പ്രവാസികൾ
രണ്ട് തരത്തിലാണ് പ്രവാസികള്‍ നിരന്തരം കബളിപ്പിക്കപ്പെടുന്നത്: ഒന്ന്,  മോഹന വാഗ്ദാനങ്ങളില്‍ പെട്ട് കുറികളിലും സാമ്പത്തിക സ്ഥാപനങ്ങളിലും പണം നിക്ഷേപിക്കുന്നു. ഒടുവിൽ അടച്ചത് പോലും കിട്ടാതിരിക്കുകയോ  ആ കമ്പനി തന്നെ മുങ്ങുകയോ ചെയ്യുന്നു. 
രണ്ട്, പരിചയക്കാരുമായോ അല്ലാത്തവരുമായോ ചേര്‍ന്ന് കച്ചവടങ്ങളും മറ്റു സംരംഭങ്ങളും തുടങ്ങുന്നു.   ആ പാര്‍ട്ട്ണര്‍ഷിപ്പില്‍ നിന്ന് പുറത്താക്കപ്പെടുകയോ ലാഭം ലഭിക്കാതിരിക്കുകയോ ചെയ്യുന്നു.
ഈ കെണികളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? അമിത ലാഭം  വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത്  തട്ടിപ്പാണെന്ന സാമാന്യബോധം ഉണ്ടാവുകയാണ് പ്രധാനം. സാധാരണ വിപണിയെക്കാള്‍ അവിശ്വസനീയമായ ലാഭം തരാന്‍ ഒരാള്‍ക്കും കഴിയില്ല.  അതിന് എന്തൊക്കെ തെളിവുകളായി കൊണ്ടുവന്നാലും അത് വിശ്വസനീയമല്ലെന്ന് തിരിച്ചറിയണം. ഗവണ്‍മെന്റ് അംഗീകൃത/ നിയന്ത്രണങ്ങളുള്ള  നിക്ഷേപ പദ്ധതികളില്‍ മാത്രം പങ്കാളികളാവുക. അവരാരും  അമിത ലാഭം വാഗ്ദാനം ചെയ്യുന്നുമില്ല.
നമ്മുടെ പരിചിത വൃത്തത്തില്‍ പെട്ടവരുമായോ കുടുംബക്കാരുമായോ വിശ്വസ്തതയുടെ പുറത്ത് മാത്രം കച്ചവടങ്ങളിലും മറ്റു സംരംഭങ്ങളിലും ഏര്‍പ്പെടുന്നവരുണ്ട്.  അതൊരിക്കലും ചെയ്യരുത്. കണക്കുകള്‍ കൃത്യപ്പെടുത്തിയതിന് ശേഷം മാത്രമേ ഏതൊരു പങ്കാളിത്ത സംരംഭങ്ങളും ആരംഭിക്കാവൂ. പുതിയത് തുടങ്ങുകയാണെങ്കില്‍ ഓരോരുത്തരുടെയും ഷെയറുകള്‍ ക്ലിപ്തപ്പെടുത്തി എഴുതി വെക്കണം. എങ്കില്‍ ഭാവിയില്‍ ലാഭമോ നഷ്ടമോ സംഭവിക്കുമ്പോള്‍ കണക്കെടുക്കാന്‍ എളുപ്പമായിരിക്കും.  ഇനി, നിലവിലുള്ള ഒരു കച്ചവടത്തിലേക്ക് മറ്റൊരാളെ പങ്കാളിയായി ചേര്‍ക്കുകയാണെങ്കില്‍, ലാഭ-നഷ്ട കണക്ക് അഥവാ പ്രോഫിറ്റ്-ലോസ് (Profit & Loss), ബാലന്‍സ് ഷീറ്റ് (Balance Sheet)  എന്നിവ കൃത്യമായി ഇരുകൂട്ടരും പരിശോധിക്കണം. ഇക്കാലത്ത് കമ്പ്യൂട്ടര്‍ ബില്ലിംഗ് ഉള്ള സ്ഥാപനങ്ങളില്‍ ഇവ എടുക്കാന്‍ യാതൊരു പ്രയാസവും ഇല്ല. ഒരു അക്കൗണ്ടിംഗ് പ്രാക്ടീഷണറുടെയോ ബിസിനസ് കണ്‍സള്‍ട്ടന്റിന്റെയോ സഹായത്തോടെ ഇത് നിര്‍ബന്ധമായും ചെയ്തിരിക്കണം.  ഇത് ചെയ്യുന്നില്ല എന്നതാണ് പ്രവാസികളും സാധാരണക്കാരും പലപ്പോഴും കബളിപ്പിക്കപ്പെടാനുള്ള പ്രധാന കാരണം.  പലരും പുതിയ പാര്‍ട്ട്ണറെ തേടുന്നത് തന്നെ നിലവിലുള്ള സംരംഭത്തിന്റെ ബാധ്യതകള്‍ തീര്‍ക്കാനാണ്. പുതിയ പങ്കാളിയിൽനിന്ന് യഥാർഥ സ്ഥിതി മറച്ചുവെച്ചാല്‍ അത് ഭാവിയില്‍ പരാജയത്തിലാണ് കലാശിക്കുക. അതിനാല്‍, കണക്കുകള്‍ പരിശോധിച്ചതിനുശേഷം മാത്രം കൂട്ടുകച്ചവടങ്ങളില്‍ ഏര്‍പ്പെടുക.  വിശ്വസ്തത വാക്കുകളില്‍  ഒതുങ്ങാതെ, അത് കണക്കുകളില്‍ കൂടി ഉണ്ടെന്ന് ബിസിനസ്സുകളില്‍ ഏര്‍പ്പെടുന്ന എല്ലാവരും  തീര്‍ച്ചപ്പെടുത്തണം.
കടങ്ങളും തകര്‍ച്ചയും
സമൂഹത്തിലെ പലരെയും നമുക്ക് പരിചയമുണ്ടാകും. പുറമേക്ക് വളരെ അഭിമാനത്തോടെ,  പ്രൗഢിയോടെ ജീവിക്കുന്നവര്‍. എന്നാല്‍, അവരുമായി കൂടുതല്‍ അടുക്കുമ്പോഴേ അവര്‍ അനുഭവിക്കുന്ന സാമ്പത്തിക ക്ലേശങ്ങളും മാനസിക  പ്രയാസങ്ങളും നമുക്ക് അറിയാന്‍ കഴിയൂ. കടമിടപാടുകളും വായ്പകളുമാണ് പലരുടെയും ജീവിതത്തെ ഇങ്ങനെ ബുദ്ധിമുട്ടിലാക്കുന്നത്. കടമെടുക്കുന്നത് മോശം കാര്യമല്ല. പലര്‍ക്കും ചില സമയങ്ങളില്‍   അതല്ലാതെ മറ്റു വഴികളുണ്ടാവില്ല. അവര്‍ക്കാവശ്യമായ വലിയ തുകകള്‍ നല്‍കുന്ന സംവിധാനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലവിലില്ല  എന്നിരിക്കെ പലരും ബാങ്കുകളെ സമീപിക്കുന്നു.
ബാങ്ക് ലോണുകള്‍ പലപ്പോഴും വലിയ കെണിയായിത്തീരും. ഹൗസിംഗ് ലോണുകള്‍, പേഴ്‌സനല്‍ ലോണുകള്‍ മുതല്‍ ബിസിനസ്സ് ലോണിനും വരെ ധാരാളം ചതിക്കുഴികളുണ്ട്. വളരെ കുറഞ്ഞ 
ഇ.എം.ഐ ദീര്‍ഘകാലം കൊണ്ട് അടച്ചു തീര്‍ത്താല്‍ മതി. ഈ രണ്ട് കാര്യങ്ങള്‍ വളരെ ആകര്‍ഷകമായി സാധാരണക്കാര്‍ക്ക് തോന്നും. ആളുകളെ ഏറ്റവുമധികം അപായപ്പെടുത്തുന്നതും ഇവ രണ്ടും തന്നെയാണ്. പ്രതിമാസ അടവ് തുക വളരെ ചെറുതാവുകയും അടവ് കാലാവധി വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുകയും ചെയ്താല്‍, സാധാരണ ഗതിയില്‍ നാം എടുത്ത പണത്തിന്റെ അത്രയോ അല്ലെങ്കില്‍ അതിലും കൂടുതലോ പലിശയായി കൊടുക്കേണ്ടിവരും എന്നതാണ് യാഥാർഥ്യം. അതായത്, 25 ലക്ഷം രൂപ നമ്മള്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വീടുപണി തുടങ്ങിയാല്‍ അത് തിരിച്ചടക്കുമ്പോള്‍ 50 ലക്ഷത്തില്‍ കൂടുതല്‍ ആയിട്ടുണ്ടാവും. പലിശക്ക് ലോണ്‍ എടുത്ത് ബിസിനസ്സ് തുടങ്ങിയാലും ധാരാളം പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ ബിസിനസ്സിന്റെ തകര്‍ച്ചക്ക് വരെ അതു വഴി വയ്ക്കും.
പലിശരഹിത കുറികള്‍, സീഡ് ഫണ്ടുകള്‍, വെഞ്ച്വര്‍ ക്യാപ്പിറ്റലുകള്‍ എന്നിവ ഇനിയും നമ്മുടെ സമൂഹത്തില്‍ കൂടുതലായി വളര്‍ന്നുവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സാധാരണക്കാരുടെ ആവശ്യങ്ങളും സംരംഭകരുടെ ആവശ്യങ്ങളും നിറവേറ്റപ്പെടുകയുള്ളൂ. അല്ലാത്തപക്ഷം അവര്‍ ബാങ്ക് ലോണ്‍ എടുക്കാന്‍ നിര്‍ബന്ധിതരായിത്തീരും. ഇപ്പോള്‍ ചെറിയ രീതിയിലുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന അയല്‍പക്ക കുറികള്‍ മാത്രമാണ് പലിശരഹിതമായി കേരളത്തില്‍ ചെറിയ അളവിലെങ്കിലും ലഭ്യമാകുന്നത്.
സമ്പത്തിന്റെ ആസൂത്രണവും  വളര്‍ച്ചയും പണമൊഴുക്കും എപ്പോഴും ഒരു പട്ടികയിലെ കണക്കു പോലെ കൃത്യമായി വളരണമെന്നില്ല. പല സാമ്പത്തിക തീരുമാനങ്ങളും നമ്മുടെ വികാരങ്ങളുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു. തെറ്റുകള്‍ പറ്റാനും അവ തിരുത്താനും കൂടി ഉള്ളതാണ് ജീവിതം. നാം മുമ്പെടുത്ത തീരുമാനങ്ങള്‍ ഒരുപക്ഷേ, പുതിയ കാലത്ത് നാം മാറ്റണ്ടി വരും. പണം ശരിയായി കൈകാര്യം ചെയ്യുന്നതിന് അറിവും ബുദ്ധിശക്തിയും  മാത്രം പോരാ, സാമാന്യ ബോധം കൂടിയുണ്ടാകണം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 74-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ശഅ്‌ബാൻ മാസത്തിലെ നോമ്പ്
ഡോ. മുഹമ്മദ് പാണ്ടിക്കാട്