മുഹമ്മദ് സക്കീർ സഹൃദയനായ സാമൂഹിക പ്രവർത്തകൻ
പ്രമുഖ വ്യവസായിയും സാമൂഹിക
പ്രവർത്തകനുമായിരുന്ന കെ.വി മുഹമ്മദ് സക്കീറിനെ അനുസ്മരിക്കുന്നു
നാല് പതിറ്റാണ്ടിന്റെ സൗഹൃദ സൗഭാഗ്യമാണ് തൃശൂർ കരുവന്നൂർ സ്വദേശി പ്രിയങ്കരനായ കെ.വി മുഹമ്മദ് സക്കീറിന്റെ മരണത്തോടുകൂടി എനിക്ക് നഷ്ടപ്പെട്ടത്.
1983-ൽ സുഊദി അറേബ്യയിലെ ജുബൈലിൽ വെച്ചാണ് സക്കീറിനെ ഞാൻ ആദ്യം പരിചയപ്പെടുന്നത്. എനിക്ക് അന്നവിടത്തെ ഷെൽ ഓയിൽ കോർപറേഷൻ പെട്രോളിയം കമ്പനിയിൽ ജോലി. സുമുഖനായ ചെറുപ്പക്കാരൻ, എഞ്ചിനീയറായ കോൺട്രാക്ടിങ് കമ്പനി ഉടമ, സംസാരിച്ചു തുടങ്ങിയപ്പോൾ അന്നാർക്കും ഇല്ലാത്ത ലോകപരിചയം, അങ്ങേയറ്റം നൂതനമായ ജാഗ്വർ കാറിൽ സഞ്ചാരം, എല്ലാറ്റിലുമുപരി ഇസ്്ലാമിക അനുഷ്ഠാനങ്ങളിൽ വലിയ കൃത്യനിഷ്ഠ. ആ കാലത്തിനും പ്രായത്തിനും വളരെ അപൂർവമായി ഒത്തിണങ്ങിയ ഈ ഗുണങ്ങളെല്ലാം കണ്ടപ്പോൾ സൗഹൃദം സ്ഥാപിക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ കമ്പനി ജുബൈലിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പള്ളിയുടെയും ഷോപ്പിംഗ് കോംപ്ലക്സിന്റെയും നിർമാണ പുരോഗതി വിലയിരുത്താൻ എല്ലാ ആഴ്ചയും അദ്ദേഹം അവിടെ വരുമായിരുന്നു. ആ സന്ദർഭങ്ങളിലെല്ലാം ഞാൻ അദ്ദേഹത്തെ കാണാൻ ശ്രമിക്കുകയും സൗഹൃദം വളരുകയും ചെയ്തു. രണ്ടു മൂന്ന് വർഷത്തിനുശേഷം അദ്ദേഹവും കുടുംബവും സുഊദി അറേബ്യ വിട്ട് നാട്ടിലേക്കു മടങ്ങി. തൃശൂരിലെ കുരിയച്ചിറയിൽ വീട് വെച്ച് താമസമാക്കി. യൂറോപ്യൻ ആർക്കിടെക്ട് രൂപകൽപന ചെയ്ത സാമാന്യം വലുപ്പമുള്ള വീട് അന്ന് മറ്റു വീടുകളിൽനിന്ന് വളരെ വ്യത്യസ്തവും അദ്ദേഹത്തിന്റെ പ്രത്യേക വിശേഷണങ്ങളോട് ചേരുന്നതുമാണ്. സുഊദി അറേബ്യയിൽനിന്ന് വർഷാവർഷം അവധിക്കു വരുമ്പോൾ അവിടെ ചെല്ലുകയും അദ്ദേഹത്തിന്റെയും, ഖദീജു എന്ന് ഞങ്ങൾ വിളിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ ഖദീജയുടെയും ആതിഥ്യം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തു.
പ്രവാസജീവിതം അവസാനിപ്പിച്ചു ഞാനും കുടുംബവും 1991-ൽ നാട്ടിലേക്ക് മടങ്ങിയപ്പോൾ ഞങ്ങളുടെ സൗഹൃദ ബന്ധം ഒന്നുകൂടി ഉറച്ചു; അത് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധമായി വളർന്നു. വർഷങ്ങൾക്ക് ശേഷം പ്രവാസ ജീവിതം മതിയാക്കി സുഊദിയിൽനിന്ന് തിരിച്ചു വന്നപ്പോൾ ഞങ്ങൾ രണ്ടുപേരും നാട്ടിൽ കണ്ട കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. ഞങ്ങളുടെ സമകാലികരായ അഭ്യസ്തവിദ്യരും, ഉയർന്ന സാമ്പത്തിക സൗകര്യമുള്ള ബിസിനസ്സുകാരും ഒക്കെ അടങ്ങിയ ഒരു കൂട്ടം മുസ്്ലിം ചെറുപ്പക്കാരായിരുന്നു ഞങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നത്. പക്ഷേ, നിർഭാഗ്യവശാൽ അവർക്കോ അവരുടെ കുടുംബങ്ങൾക്കോ ശരിയായ വിധം ഇസ്്ലാമിന്റെ വെളിച്ചം ലഭിച്ചിരുന്നില്ല എന്ന് മനസ്സിലായി. പരമ്പരാഗത മുസ്്ലിം മതപണ്ഡിതന്മാർ അവരെ തീരെ ആകർഷിച്ചിരുന്നില്ല. നിലവിലുള്ള മത സംഘടനകളുമായി ബന്ധപ്പെടാനോ അടുക്കാനോ അവരുടെ ജീവിത സാഹചര്യങ്ങൾ അവരെ അനുവദിച്ചതുമില്ല.
ഈ സ്ഥിതിവിശേഷം മുഹമ്മദ് സക്കീറിനെ, ഉറച്ചൊരു വിശ്വാസി എന്ന നിലയിൽ അലട്ടിയിരുന്നു എന്ന് മനസ്സിലായി. രണ്ടു പ്രധാന നഷ്ടങ്ങൾ ഇവിടെ സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി: ഒന്ന്, അഭ്യസ്തവിദ്യരും കഴിവുള്ളവരുമായ കുറെ ചെറുപ്പക്കാർക്ക് പ്രഗൽഭരായ ഇസ്്ലാമിക പണ്ഡിതരെയോ പ്രഭാഷകരെയോ കാണാനോ കേൾക്കാനോ ഉള്ള അവസരം അവർ സ്വയം നിഷേധിക്കുന്നു. രണ്ട്, ഇത്തരം പണ്ഡിതന്മാർക്കോ അവർ ഉൾക്കൊള്ളുന്ന സംഘടനകൾക്കോ സമൂഹത്തിലെ ക്രീമിലെയർ എന്ന് പറയപ്പെടുന്നവരുമായി ആശയവിനിമയം നടത്താനുള്ള ഒരു സാധ്യതയും നിലനിൽക്കുന്നില്ല. നിർഭാഗ്യകരമായ ഈ അവസ്ഥക്ക് പരിഹാരം കാണണമെന്ന് മുഹമ്മദ് സക്കീർ ആഗ്രഹിച്ചു. ഈ ഗണത്തിൽ പെടുന്ന ചില സുഹൃത്തുക്കളുമായി ഞങ്ങൾ സംസാരിച്ചപ്പോൾ നിലവിലുള്ള ജീവിത രീതിയിൽനിന്ന് മാറണമെന്ന് അവർ ആഗ്രഹിക്കുന്നതായും ദീനിനെ കുറിച്ചു നേരാംവണ്ണം പഠിക്കാൻ അവസരം ഉണ്ടായാൽ അവർ ഉപയോഗപ്പെടുത്തുമെന്നും മനസ്സിലായി. അങ്ങനെയാണ് എറണാകുളം കേന്ദ്രീകരിച്ചു പ്രാദേശിക അടിസ്ഥാനത്തിൽ ഒരു ഇസ്്ലാമിക കൂട്ടായ്മയുടെ രൂപരേഖ സക്കീർ മുന്നോട്ട് വെക്കുകയും Forum for Faith and Fraternity എന്ന കൂട്ടായ്മ രൂപംകൊള്ളുകയും ചെയ്തത്. മുഹമ്മദ് സക്കീർ സ്ഥാപക ചെയർമാനായും ഞാൻ സ്ഥാപക സെക്രട്ടറിയായും നിയമിതരായി. അദ്ദേഹത്തിന്റെ ദീർഘ ദൃഷ്ടിക്ക് ഉദാഹരണമാണ് ഈ കൂട്ടായ്മ. ഇരുപത് കൊല്ലത്തോളം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫോറം വളരെ വ്യത്യസ്തവും നൂതനവുമായ അനേകം പരിപാടികൾ സംഘടിപ്പിക്കുകയും നല്ലൊരു വിഭാഗം കുടുംബിനികളെ പരിപാടികളിൽ പങ്കെടുപ്പിക്കുകയും ചെയ്തപ്പോൾ വലിയൊരു ദൗത്യം പൂർത്തീകരിച്ച സംതൃപ്തിയായിരുന്നു അദ്ദേഹത്തിന്.
അദ്ദേഹത്തിന്റെ പ്രവർത്തനം ഫോറത്തിൽ ഒതുങ്ങിനിന്നില്ല. കേരളത്തിലെ വ്യത്യസ്ത മത സംഘടനകളുടെ പ്രധാന നേതാക്കളുമായും അദ്ദേഹം വളരെ ഊഷ്മളമായ ബന്ധം പുലർത്തി. പലരും തൃശൂരിലെ ‘നിശാന്തി'ൽ അദ്ദേഹത്തിന്റെ അതിഥികളായിരുന്നു. തന്റെ വ്യക്തിജീവിതത്തിൽ എന്നതുപോലെ കുടുംബജീവിതത്തിലും മതത്തിന്റെ ചട്ടക്കൂടിൽ അടുക്കും ചിട്ടയുമുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. കുടുംബ സംഗമത്തിൽ പോലും ഖുർആൻ ക്ലാസും ഇസ്്ലാമിക പഠനവും പതിവ് പരിപാടികളായി.
വലിയൊരു സുഹൃദ്‌വലയം മുഹമ്മദ് സക്കീറിനുണ്ടായിരുന്നു. തൃശൂർ അതിരൂപതയിലെ ബിഷപ്പുമാരും ഹൈന്ദവ സമൂഹങ്ങളിലെ സമുന്നതരും അദ്ദേഹത്തിന്റെ അടുത്ത സമ്പർക്ക വലയത്തിലുള്ളവരായിരുന്നു. തൃശൂർ പട്ടണത്തിലെ മത സൗഹാർദ കൂട്ടായ്മകളിൽ അദ്ദേഹം നേതൃപരമായ പങ്കു വഹിച്ചു. സ്വന്തം തറവാട് സ്ഥലമായ കരുവന്നൂരിൽ ദാറുസ്സലാം എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ചു. പരേതനായ കെ. അബ്ദുസ്സലാം മൗലവിയുടെ ഉപദേശ നിർദേശങ്ങളോടെ ആരംഭിച്ച ഈ ട്രസ്റ്റിന്റെ ഹോസ്റ്റലിൽ നിർധനരായ അനേകം കുട്ടികളെ താമസിപ്പിച്ചു. അവർക്ക് മത പഠനത്തിനുള്ള അവസരവും നൽകി. ഒപ്പം അടുത്തുള്ള സ്കൂളിൽ പഠനം നടത്താനുള്ള സൗകര്യവും ചെയ്തുകൊടുത്തു. തികച്ചും സൗജന്യമായിരുന്ന ഈ സേവനം അനേകം അഗതികളായ കുട്ടികളുടെ അത്താണിയായി. ഭൗതിക വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾക്ക് ദീനീ പഠനവും കൂടി നൽകുക എന്നത് അദ്ദേഹത്തിന്റെ കർമപാതയിൽ പ്രധാന ഘടകമായിരുന്നു. എൻട്രൻസ് പരീക്ഷക്ക് പഠിക്കാനുള്ള കേന്ദ്രമായി തൃശൂർ പട്ടണം അറിയപ്പെട്ടിരുന്നു. പുറം നാടുകളിൽനിന്ന് അനേകം മുസ്്ലിം വിദ്യാർഥികൾ അവിടത്തേക്ക് വന്നിരുന്നു. അത്തരം കുട്ടികൾക്ക് താമസിക്കാനും നോമ്പ് നോൽക്കാനുമുള്ള സൗകര്യത്തിനായി തൃശൂർ പട്ടണത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ താമസ സൗകര്യങ്ങൾ ഒരുക്കുകയുണ്ടായി. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചിരുന്ന കുട്ടികൾക്കു വേണ്ടി Muslim Educational Association എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് വലിയൊരു ഹോസ്റ്റൽ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പണിതു. ഒരു പള്ളിയും അതിനോടനുബന്ധിച്ചു നിർമിച്ച ഈ സ്ഥാപനവും ഇന്ന് ഇരുനൂറോളം വിദ്യാർഥികൾക്ക് താമസത്തിനുള്ള സൗകര്യം ഒരുക്കുന്നു. അനാഥരുടെ കാര്യത്തിൽ മുഹമ്മദ് സക്കീർ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. അവരെ അനാഥാലയത്തിലേക്ക് തള്ളിവിടുന്നതിന് അദ്ദേഹം എതിരായിരുന്നു. അനാഥരെ അവരവരുടെ വീടുകളിലോ അടുത്ത ബന്ധുക്കളുടെ വീടുകളിലോ തന്നെ താമസിപ്പിച്ചു അവരുടെ ആവശ്യങ്ങൾ നിവർത്തിച്ചുകൊടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി. അതിനായി Action for the Destitute and Orphans Patronage Trust (ADOPT ) എന്നൊരു സംവിധാനം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ചു.
ഫോറം ചെയ്ത പല നൂതന പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു മുസ്്ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്്ലിം സൗഹൃദ വേദിയുടെ രൂപവത്കരണം. ഫോറത്തിന്റെ ചെയർമാൻ എന്ന നിലക്ക് ഈ സംരംഭത്തിന്റെ മുന്നിൽ നടന്നു അദ്ദേഹം. വ്യത്യസ്ത മുസ്്ലിം സംഘടനാ നേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം ഈ കൂട്ടായ്മക്ക് വളരെ ഉപകരിച്ചു.
പ്രഫ. സിദ്ദീഖ് ഹസൻ സാഹിബിന്റെ നേതൃത്വത്തിൽ, സമുദായത്തിൽ കരുത്തുള്ളവരും ധർമനിഷ്ഠരുമായ നേതാക്കളെ വാർത്തെടുക്കാൻ ഒരു സ്ഥാപനം എന്ന നിലയിൽ Social Advance Foundation of India (SAFI) രൂപവത്കൃതമായപ്പോഴും മുഹമ്മദ് സക്കീർ അതിന്റെ മുൻപന്തിയിലുണ്ടായിരുന്നു. സാഫിയുടെ Executive Trustee ആയി അനേക വർഷം സേവനം അനുഷ്ഠിച്ച അദ്ദേഹം മരണം വരെ സാഫിയുടെ ട്രസ്റ്റിൽ അംഗമായിരുന്നു. ജമാഅത്തെ ഇസ്്ലാമി കേരള ഘടകം പലിശക്കെതിരെ മാസങ്ങളോളം നീണ്ട കാമ്പയിൻ സംഘടിപ്പിച്ചതിന്റെ പരിണിത ഫലമായി കേരളത്തിൽ ആദ്യത്തെ പലിശ രഹിത സാമ്പത്തിക സംവിധാനമായ Alternative Investment and Credit Limited (AICL) എന്ന സ്ഥാപനം നിലവിൽ വന്നപ്പോൾ അതിന്റെ സ്ഥാപക ഡയറക്ടർമാരിൽ പ്രധാനിയായി സക്കീർ സാഹിബ് ഉണ്ടായിരുന്നു.
ബിസിനസ്സിലും വ്യവസായത്തിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. നൂതനമായ രീതികളും യന്ത്രവത്കൃത സമ്പ്രദായവും അദ്ദേഹം നടപ്പാക്കി. അദ്ദേഹം കെട്ടിപ്പടുത്ത Kap India Construction എന്ന സ്ഥാപനം തെന്നിന്ത്യയിലെ തന്നെ മികച്ച നിർമാണ കമ്പനിയായി ഉയർന്നു. കേരളത്തിലും കർണാടകയിലും ആന്ധ്രയിലും അനേകം കോടി രൂപയുടെ നിർമാണക്കരാറുകൾ ഏറ്റെടുത്തു നടത്തി. കേരളത്തിൽ ആദ്യമായി നിർമാണത്തിനായി ക്രെയിനും സിമന്റ് മിക്‌സിംഗ് മെഷീനുമൊക്കെ ഉപയോഗപ്പെടുത്തിയത് അദ്ദേഹം ഏറ്റെടുത്ത എറണാകുളം സ്റ്റേഡിയത്തിന്റെയും കോഴിക്കോട് സ്റ്റേഡിയത്തിന്റെയും നിർമാണത്തിലായിരുന്നു. കുടുംബം പരമ്പരാഗതമായി നടത്തിയിരുന്ന അര ഡസനിലധികം ഓട് കമ്പനികളെ അദ്ദേഹം ആധുനികവത്കരിച്ചു. പുതിയ തരം ഉത്പന്നങ്ങൾ മാർക്കറ്റിൽ ഇറക്കി.
സമുദായത്തിന്റെയും ദീനിന്റെയും സേവന രംഗത്ത് അദ്ദേഹം എല്ലാവർക്കും മാതൃകയായി ജീവിച്ചു. സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അല്ലാഹുവിന്റെ മാർഗത്തിൽ ചലിക്കാൻ നിരന്തരം ഉപദേശിച്ചു. ഖുർആൻ പഠിക്കാനും അതനുസരിച്ചു ജീവിക്കാനും അദ്ദേഹം നിഷ്കർഷ കാണിച്ചു. മുഹമ്മദ് സക്കീർ ഒരു വ്യക്തി എന്നതിനപ്പുറം സ്വന്തം നിലക്ക് ഒരു പ്രസ്ഥാനം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായ നഷ്ടം ഖദീജുവിന്റെയും ലെമിയുടെയും നിബുവിന്റെയും യാസിറിന്റെയും മാത്രമല്ല, ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരുടെയുമാണ്. അദ്ദേഹം തുടങ്ങിവെച്ച പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടുപോകേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. അദ്ദേഹത്തിന്റെ സൽപ്രവർത്തനങ്ങൾ സർവശക്തൻ സ്വീകരിക്കുകയും ജന്നാത്തുൽ ഫിർദൗസിൽ അദ്ദേഹത്തോടൊപ്പം നമ്മെയും പ്രവേശിപ്പിക്കുകയും ചെയ്യുമാറാവട്ടെ. l
Comments