ശഅ്ബാൻ മാസത്തിലെ നോമ്പ്
ഉസാമതുബ്്നു സൈദി(റ)ൽ നിന്ന്. ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ശഅ്‌ബാനിൽ നോമ്പനുഷ്ഠിക്കുന്നതു പോലെ മറ്റൊരു മാസത്തിലും താങ്കൾ നോമ്പനുഷ്ഠിക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ?" നബി(സ) പറഞ്ഞു: ''റജബിന്റെയും റമദാനിന്റെയും ഇടയിലായതിനാൽ ജനങ്ങൾ അശ്രദ്ധ കാണിക്കുന്ന മാസമാണത്. ലോക രക്ഷിതാവിലേക്ക് കർമങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമങ്ങൾ ഉയർത്തപ്പെടുന്നതാണ് എനിക്കിഷ്ടം."
(അന്നസാഈ)
عَنْ أُسَامَةِ بْنِ زَيْدٍ قَالَ: قُلْتُ، يَا رَسُولَ اللهِ: لَمْ أرَكَ تَصُومُ مِنْ شَهْرٍ مِنَ الشُّهُورِ مَا تَصُومُ شَعْبَانَ قَالَ : “ذَاكَ شَهْرٌ يَغْفَلُ النَّاسُ عَنْهُ بَيْنَ رَجَبَ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إلَى رَبِّ العَالَمِينَ وَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ (النَّسائي).
ശഅ്‌ബാൻ മാസത്തിലെ നോമ്പിന്റെ മഹത്വമാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഇമാം ഇബ്്നു റജബ് അൽ ഹമ്പലി എഴുതി: "ഈ ഹദീസിൽ നിന്ന് പല പാഠങ്ങളും പഠിക്കാനുണ്ട്. യുദ്ധം നിഷിദ്ധമായ മഹത്തായ മാസമായ റജബിന്റെയും നോമ്പിന്റെ മാസമായ റമദാനിന്റെയും ഇടയിലായതിനാൽ ജനങ്ങൾ പൊതുവെ ശഅ്‌ബാൻ മാസത്തിൽ അശ്രദ്ധരായി കഴിച്ചുകൂട്ടുന്നു. സുപ്രധാനമായവയുടെ ഇടയിലുള്ള പ്രധാനമായവയെ പലപ്പോഴും ആളുകൾ വിസ്മരിക്കാറുണ്ടല്ലോ.
ജനങ്ങൾ പൊതുവെ ശ്രദ്ധിക്കാത്ത സമയങ്ങളെ പ്രയോജനപ്പെടുത്തണമെന്ന സന്ദേശവും ഈ ഹദീസിലുണ്ട്. അത് അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതാണ്.
ഇപ്രകാരം പൊതുജനങ്ങൾ പ്രാധാന്യം നൽകാത്ത പുണ്യങ്ങൾ ചെയ്യുന്നതിലെ നന്മകൾ ഇവയാണ്:
ഒന്ന്: അത് ഏറെ രഹസ്യമായതാവും. സുന്നത്തുകൾ രഹസ്യമാക്കി ചെയ്യുന്നതിലാണ് വലിയ പുണ്യം. പ്രത്യേകിച്ച്, വ്രതാനുഷ്ഠാനം. അത് റബ്ബിനും തന്റെ ദാസനുമിടയിലെ സ്വകാര്യമാണ്. അതുകൊണ്ടാണ് ഇപ്രകാരം പറയാറുള്ളത്: "നോമ്പിൽ നാട്യമില്ല."
രണ്ട്: അത് വലിയ പ്രയാസമുണ്ടാക്കുന്നതാണ്. ഒന്നിച്ച് അനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിൽ എല്ലാവർക്കും പ്രത്യേക ആവേശമുണ്ടാവും. എന്നാൽ, ഒറ്റപ്പെട്ടുകൊണ്ട് ചെയ്യുന്ന അനുഷ്ഠാനങ്ങൾക്ക് ഇതുണ്ടാവില്ല. ഈ ആശയത്തിലാണ് പ്രവാചകൻ ഇപ്രകാരം പറഞ്ഞത്: "അവരിൽ നന്മ പ്രവർത്തിക്കുന്ന ഒരാൾക്ക് നിങ്ങളിൽ നന്മ പ്രവർത്തിക്കുന്ന അമ്പത് പേരുടെ പ്രതിഫലമുണ്ടാവും. കാരണം, നിങ്ങൾക്ക് നന്മകൾ പ്രവർത്തിക്കാൻ സഹായികളെ ലഭിക്കും. അവർക്ക് ലഭിക്കില്ല."
മൂന്ന്: പാപികൾക്കും അശ്രദ്ധർക്കും മധ്യേ പുണ്യമനുഷ്ഠിക്കുന്നവൻ മുഴുവൻ മനുഷ്യരെയും വിപത്തുകളിൽ നിന്ന് രക്ഷിക്കുകയാണ് ചെയ്യുന്നത്. അവനാണ് യഥാർഥത്തിൽ അവരുടെ സുരക്ഷിതത്വത്തിനുള്ള കാരണക്കാരൻ" (ലത്വാഇഫുൽ മആരിഫ്).
ഹദീസിലെ, 'ലോക രക്ഷിതാവിലേക്ക് കർമങ്ങൾ ഉയർത്തപ്പെടുന്ന മാസമാണത്' എന്ന വചനത്തെ പണ്ഡിതർ ഇപ്രകാരം വിശദീകരിക്കുന്നുണ്ട്: കർമങ്ങൾ മൂന്ന് ഘട്ടങ്ങളിലൂടെയാണ് അല്ലാഹുവിലേക്ക് ഉയർത്തപ്പെടുക.
ഒന്ന്: ദിനേനയുള്ള ഉയർത്തൽ. സ്വുബ്ഹ്, അസ്വ്്ർ നമസ്കാര സമയങ്ങളിലാണത്. ഇമാം ബുഖാരിയും മുസ്്ലിമും ഇപ്രകാരം നിവേദനം ചെയ്യുന്നു: അബൂഹുറയ്റ(റ)യിൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: "രാവും പകലും മലക്കുകൾ നിങ്ങളുടെ അടുത്തേക്ക് വരുന്നു. സ്വുബ്ഹ്, അസ്വ്്ർ നമസ്കാര സമയങ്ങളിലാണ് അവർ സമ്മേളിക്കുന്നത്. ഒരു വിഭാഗം ഇറങ്ങിയാൽ അതു വരെ നിങ്ങളോടൊപ്പമുണ്ടായിരുന്നവർ മുകളിലേക്ക് കയറും. അല്ലാഹു അവരോട് ചോദിക്കും (അവന് എല്ലാവരെക്കുറിച്ചും നന്നായിട്ടറിയാം): "നിങ്ങൾ മടങ്ങുമ്പോൾ എന്റെ ദാസൻമാർ എന്താണ് ചെയ്യുന്നത്?" അവർ പറയും: "ഞങ്ങൾ തിരിച്ചു വരുമ്പോൾ അവർ നമസ്്കാരത്തിലായിരുന്നു. ഞങ്ങളവിടെ ചെല്ലുമ്പോഴും അവർ നമസ്കാരത്തിൽ തന്നെയായിരുന്നു" (ബുഖാരി, മുസ്്ലിം).
രണ്ട്: ആഴ്ചകളിലുള്ള ഉയർത്തൽ. വ്യാഴാഴ്ചയാണത്. ഇമാം അഹ്്മദ് നിവേദനം ചെയ്യുന്നു:
അബൂഹുറയ്റ (റ)യിൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: "ആദമിന്റെ മക്കളുടെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച രാവായ എല്ലാ വ്യാഴാഴ്ചയും പ്രദർശിപ്പിക്കപ്പെടും. കുടുംബ ബന്ധം വിഛേദിച്ചവന്റെ കർമങ്ങൾ മാത്രം പരിഗണിക്കുകയില്ല."
മൂന്ന്: വർഷത്തിലുള്ള ഉയർത്തൽ. ഇത് എല്ലാ ശഅ്‌ബാൻ മാസവുമായിരിക്കും.
മുകളിലെ ഹദീസിൽ ഇക്കാര്യമാണ് ഉണർത്തുന്നത്.
റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനത്തിനുള്ള ഒരു പരിശീലനം കൂടിയാണ് ശഅ്‌ബാനിലെ നോമ്പ്. ശഅ്‌ബാനിൽ നോമ്പനുഷ്ഠിക്കുന്നവർക്ക് റമദാനിലെ നോമ്പ് ആസ്വാദ്യകരമായിരിക്കുമെന്ന് ഇബ്നു റജബ് അഭിപ്രായപ്പെടുന്നുണ്ട്.
റമദാനിലെ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളിൽ ഖുർആൻ പാരായണം നടത്തുന്നതിനായുള്ള തയാറെടുപ്പും ഈ മാസത്തിലായിരിക്കുമെന്നതും ഇതിനെ ശ്രദ്ധേയമാക്കുന്നു.
സലമതുബ്്നു കുഹൈൽ പറയുന്നു: "ആളുകൾ ഇപ്രകാരം പറയാറുണ്ട്: "ശഅ്‌ബാൻ മാസം ഖുർആൻ പാരായണം ചെയ്യുന്നവരുടെ മാസമാണ്" (ലത്വാഇഫുൽ മആരിഫ്).
ഇമാം ഇബ്്നുൽ ഖയ്യിം (റ) പറഞ്ഞു: "നബി(സ) ശഅ്‌ബാനിൽ കൂടുതൽ നോമ്പനുഷ്ഠിക്കാൻ മൂന്ന് കാരണങ്ങളുണ്ട്.
ഒന്ന്: റസൂൽ (സ) എല്ലാ മാസവും മൂന്ന് ദിവസം നോമ്പനുഷ്ഠിക്കാറുണ്ട്. ചില മാസങ്ങളിൽ നോമ്പനുഷ്ഠിക്കാൻ സാധിക്കാറില്ല. നഷ്ടപ്പെട്ടതെല്ലാം ഒരുമിച്ച് ശഅ്‌ബാൻ മാസത്തിലാണ് നിർവഹിച്ചിരുന്നത്; ഫർദ് നോമ്പിന് മുമ്പ് അവ പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ.
രണ്ട്: റമദാനിനോട് ആദരവ് എന്ന അർഥത്തിലും ഇപ്രകാരം ചെയ്തു.
മൂന്ന്: കർമങ്ങൾ ഉയർത്തപ്പെടുന്ന മാസമാണ് ശഅ്‌ബാൻ. നോമ്പുകാരനായിരിക്കെ കർമങ്ങൾ ഉയർത്തപ്പെടുന്നത് നബി(സ) ഇഷ്ടപ്പെട്ടു" (തഹ്ദീബുസ്സുനൻ).
ആഇശ (റ) പറയുന്നു: "നബി(സ) ശഅ്‌ബാനിലെക്കാൾ കൂടുതൽ മറ്റൊരു മാസത്തിലും നോമ്പെടുക്കാറുണ്ടായിരുന്നില്ല" (ബുഖാരി).
മറ്റൊരു റിപ്പോർട്ടിൽ ആഇശ (റ) യുടെ വാക്കുകൾ ഇപ്രകാരമാണ്: "അല്ലാഹുവിന്റെ റസൂൽ നോമ്പനുഷ്ഠിക്കും; ഇനി ഒരിക്കലും നോമ്പ് ഉപേക്ഷിക്കില്ല എന്ന് ഞങ്ങൾ പറയുന്നത് വരെ. നോമ്പ് ഉപേക്ഷിക്കും; ഇനി ഒരിക്കലും നോമ്പെടുക്കില്ല എന്ന് ഞങ്ങൾ പറയുന്നത് വരെ. ഒരു മാസം മുഴുവനും നോമ്പനുഷ്ഠിക്കുന്നത് റമദാനിൽ മാത്രമായിരുന്നു. റമദാൻ കഴിഞ്ഞാൽ ശഅ്‌ബാൻ മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ നോമ്പെടുത്തിരുന്നത്" (മുസ്്ലിം).
ശഅ്‌ബാൻ മാസത്തിന്റെ അവസാന ദിനങ്ങളിൽ നോമ്പനുഷ്ഠിക്കുന്നതിനും പ്രത്യേകം പുണ്യമുള്ളതായി ഹദീസിൽ കാണാം. ഇംറാനുബ്നു ഹുസ്വൈൻ (റ) നിവേദനം ചെയ്യുന്നു. നബി (സ) ഒരാളോട് ചോദിച്ചു: "ഈ ശഅ്‌ബാൻ മാസത്തിന്റെ അവസാന നാളുകളിൽ നീ നോമ്പനുഷ്ഠിച്ചോ?" അദ്ദേഹം പറഞ്ഞു: "ഇല്ല." റസൂൽ പറഞ്ഞു: "ഓരോ ഈരണ്ട് ദിവസവും നോമ്പനുഷ്ഠിക്കുക" (മുസ്്ലിം).
എന്നാൽ, റമദാനിന്റെ തൊട്ട് മുമ്പുള്ള ദിനങ്ങളിൽ മാത്രം നോമ്പനുഷ്ഠിക്കുന്നത് പ്രവാചകൻ നിരുത്സാഹപ്പെടുത്തി.
അബൂഹുറയ്റ (റ) പറയുന്നു. അല്ലാഹുവിന്റെ ദൂതർ അരുളി: "നിങ്ങൾ റമദാനിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നോമ്പനുഷ്ഠിക്കരുത്; മുൻ ദിനങ്ങളിലും നോമ്പനുഷ്ഠിച്ചവർ ഒഴികെ. അവർക്ക് ഈ ദിനങ്ങളിലും നോമ്പനുഷ്ഠിക്കാം" (ബുഖാരി, മുസ്്ലിം). l
Comments