Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 24

3291

1444 ശഅ്ബാൻ 03

ദൗത്യം മറക്കുന്ന പണ്ഡിതന്മാർ

പി.കെ ജമാൽ

സമുദായത്തിന് നേതൃത്വം നല്‍കാന്‍ ബാധ്യസ്ഥരാണ് പണ്ഡിതന്മാര്‍. പ്രവാചകന്മാര്‍ ഏല്‍പിക്കപ്പെട്ട ദൗത്യനിര്‍വഹണച്ചുമതല പണ്ഡിത സമൂഹത്തിലാണ് അര്‍പ്പിതമായിരിക്കുന്നത്. സമുദായത്തിന് ദിശാബോധം നല്‍കേണ്ടവരാണവര്‍. പണ്ഡിതന്മാരുടെ സ്ഥാനം വിലയിരുത്തി നബി (സ) പ്രസ്താവിച്ചു: ''നിശ്ചയം പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാകുന്നു. പ്രവാചകന്മാര്‍ ദീനാറോ ദിര്‍ഹമോ അനന്തര സ്വത്തായി വിട്ടേച്ചുപോയിട്ടില്ല. അനന്തര സ്വത്തായി അവര്‍ വിട്ടേച്ചുപോയത് വിജ്ഞാനമാണ്. അത് സ്വീകരിച്ചവര്‍ക്ക് വമ്പിച്ച ഭാഗ്യമാണ് കൈവന്നിട്ടുള്ളത്.'' അബുദ്ദര്‍ദാഅ് നിവേദനം. (അഹ്്മദ് വ അസ്വ്്ഹാബുസ്സുനന്‍). ''പിന്നെ നമ്മുടെ ദാസന്മാരില്‍നിന്ന് (ഈ വേദം ഏല്‍പിക്കുന്നതിനായി) സവിശേഷം തെരഞ്ഞെടുത്തവരെ നാം ഈ വേദത്തിന്റെ അനന്തരാവകാശികളാക്കി'' (ഫാത്വിര്‍ 32) എന്ന സൂക്തത്തിന്റെ വിശദീകരണമായാണ് ഈ ഹദീസ് ഉദ്ധരിക്കുന്നത്.
പ്രവാചകന്മാര്‍ തങ്ങളുടെ ജീവിതകാലത്ത് തങ്ങളിലർപ്പിതമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റിയവരാണ്. പ്രവാചകന്മാരുടെ കാലശേഷം ദീനിന്റെയും ശരീഅത്തിന്റെയും പതാക വാഹകര്‍ പണ്ഡിതന്മാരാണ്. ദൗത്യനിര്‍വ്ഹണം ലളിത ജോലിയല്ല. അപകടങ്ങളും ഭീഷണികളും പതിയിരിക്കുന്ന ദുഷ്‌കരമായ വഴികളാണ് പണ്ഡിതന്മാര്‍ക്ക് താണ്ടേണ്ടത്. ദൈവിക നിയമങ്ങളില്‍ പലതും അധികാരിവര്‍ഗത്തിന് അരോചകമായിരിക്കും. തങ്ങള്‍ക്ക് അഹിതകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ അവര്‍ ശ്രമിക്കുമെന്നത് സ്വാഭാവികം. അന്നേരം എന്തായിരിക്കണം നിലപാട്? ഖുര്‍ആന്‍ വെളിച്ചം കാട്ടുന്നു: ''നിങ്ങള്‍ ജനത്തെ ഭയപ്പെടാതിരിക്കുക. പ്രത്യുത, എന്നെ ഭയപ്പെടുക. എന്റെ സൂക്തങ്ങള്‍ തുഛമായ വിലയ്ക്ക് വേണ്ടി വില്‍ക്കാതിരിക്കുക'' (അല്‍മാഇദ 44). തങ്ങളുടെ ഭൗതിക താല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി ദൈവിക സൂക്തങ്ങളെ വിറ്റ് കാശാക്കരുതെന്ന കര്‍ശന നിര്‍ദേശം അതേ നിലപാട് കൈക്കൊള്ളുന്ന മുസ്്‌ലിം സമൂഹത്തിനും ബാധകമാണ്. പൂര്‍വ വേദക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം ഖുര്‍ആന്‍ വിശദീകരിക്കുന്നു. മാത്രമല്ല, ദൈവിക നിര്‍ദേശങ്ങള്‍ വിലവെക്കാതിരുന്ന ആ സമൂഹത്തിന്റെ ഗര്‍ഹണീയമായ നിലപാടും ഖുര്‍ആന്‍ തുറന്നുകാട്ടുന്നുണ്ട്: ''ഈ വേദവാഹകരെ, അല്ലാഹു അവരില്‍നിന്ന് വാങ്ങിയ പ്രതിജ്ഞ ഒന്നോര്‍മിപ്പിക്കുക: നിങ്ങള്‍ വേദോപദേശങ്ങള്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കേണ്ടതുണ്ട്. അവ ഒളിപ്പിച്ചുവെക്കാന്‍ പാടില്ല. പക്ഷേ, അവര്‍ വേദത്തെ പിറകോട്ട് വലിച്ചെറിഞ്ഞു. തുഛമായ വിലയ്ക്ക് വേണ്ടി അവര്‍ അത് വിറ്റുകളഞ്ഞു. എത്ര നീചമായ ഇടപാടാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്'' (ആലു ഇംറാന്‍ 187). ''നാം അവതരിപ്പിച്ചിട്ടുള്ള വ്യക്തമായ ശിക്ഷണങ്ങളെയും നിര്‍ദേശങ്ങളെയും - അതാവട്ടെ സകല മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി വേദത്തില്‍ വിശദീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്- ഒളിച്ചുവെക്കുന്നവരാകട്ടെ അവരെ അല്ലാഹു ശപിക്കുന്നുണ്ട്. ശപിക്കുന്നവരൊക്കെയും ശപിക്കുന്നുണ്ട്'' (അല്‍ബഖറ 159). പൂര്‍വ വേദക്കാരുടെ ഹീന പ്രവൃത്തിയാണ് സൂക്തത്തിലെ പ്രതിപാദനമെങ്കിലും ഈ സൂക്തം പൊതുവില്‍ എല്ലാവര്‍ക്കും ബാധകമാണെന്ന് ഇമാം ഇബ്‌നു ജരീര്‍ അത്ത്വബരി വ്യക്തമാക്കുന്നു. ദൈവിക സൂക്തങ്ങള്‍ മറച്ചുവെക്കുന്ന എല്ലാവര്‍ക്കും സൂക്തം ബാധകമാണെന്ന് തഫ്‌സീറുല്‍ മനാറും രേഖപ്പെടുത്തുന്നു.
ഭരണാധികാരികളോട് ധീരമായ നിലപാട് സ്വീകരിച്ച പൂര്‍വികരായ പണ്ഡിതന്മാരെയും ഇമാമുമാരെയും നാം അറിയേണ്ടതുണ്ട്.
ഇമാം അബൂഹനീഫ 
അബൂജഅ്ഫറല്‍ മൻസ്വൂറിന്റെ ഭരണകാലത്ത് മുഖ്യ ന്യായാധിപ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ഇമാം  അബൂഹനീഫ കഠിന പീഡനങ്ങള്‍ക്ക് ഇരയായി. മന്‍സ്വൂറിന് അദ്ദേഹം നല്‍കിയ മറുപടി: ''നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നിങ്ങളുടെ സേനാനായകര്‍ക്കും എതിരെ വിധി പറയാന്‍ കരുത്തുള്ള വ്യക്തിയാണ് ഈ സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍.''
മാലികുബ്‌നു അനസ് 
തന്റെ അധികാരത്തിന് അപകടം വരുത്തിയേക്കാവുന്ന ഹദീസുകള്‍ ഉദ്ധരിക്കുന്നതില്‍നിന്ന് ഭരണാധികാരിയായ മന്‍സ്വൂര്‍ അദ്ദേഹത്തെ വിലക്കി. കഠിന പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും വിധേയനായിട്ടു പോലും അദ്ദേഹം വഴങ്ങിയില്ല. ഹദീസുകള്‍ ഉദ്ധരിച്ചു. അത് മൻസ്വൂറിനെ പ്രകോപിപ്പിച്ചു. 
സുഫ്്യാനുസ്സൗരി
വ്യക്തിപരമായ ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ അവ നിറവേറ്റിത്തരാമെന്ന ഭരണാധികാരി മൻസ്വൂറിന്റെ വാഗ്ദാനം തട്ടിമാറ്റിയ സുഫ്്യാനുസ്സൗരി തുടര്‍ന്നെഴുതി: ''മന്‍സ്വൂര്‍, നിങ്ങളുടെ അക്രമവും അനീതിയും അവസാനിപ്പിക്കണം. ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്താണല്ലോ നിങ്ങളുടെയൊക്കെ സുഖജീവിതം.'' മഹ്ദിയോടും ഇതു തന്നെയായിരുന്നു സുഫ്്യാനുസ്സൗരിയുടെ നിലപാട്. രാജ്യത്തു നിന്ന് അദ്ദേഹത്തെ പുറത്താക്കി. ഈ ശക്തമായ നിലപാടിന്റെ കാരണം സുഫ്്യാനുസ്സൗരി പറയട്ടെ: ''പണ്ഡിതൻ ദീനിന്റെ വൈദ്യനാണ്. ദിര്‍ഹം ആവട്ടെ ദീനിനെ ബാധിക്കുന്ന രോഗവും. വൈദ്യന്‍ രോഗത്തെ തന്നിലേക്ക് വലിച്ചുകൊണ്ടുവന്നാല്‍ രോഗബാധിതരായ മറ്റുള്ളവരെ ചികിത്സിക്കാന്‍ അയാള്‍ക്ക് എങ്ങനെ നേരം കിട്ടും?''
അഹ്്മദുബ്‌നു ഹമ്പൽ
മഅ്മൂന്‍, വാസിഖ്, മുഅ്തസ്വിം എന്നീ ഭരണാധികാരികളുടെ ഖുര്‍ആനെക്കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങൾക്ക് പിന്തുണ നല്‍കാത്തതിന് ഇമാം അഹ്്മദുബ്‌നു ഹമ്പലിന് നിരവധി വര്‍ഷങ്ങള്‍ ജയിലറയില്‍ കഴിയേണ്ടിവന്നു. ആയിരം ചമ്മട്ടി പ്രഹരമായിരുന്നു ശിക്ഷ. അതേറ്റുവാങ്ങി. അധ്യാപന വൃത്തിയില്‍നിന്ന് അദ്ദേഹത്തെ വിലക്കി. പക്ഷേ, ഭരണാധികാരികള്‍ക്ക് അദ്ദേഹത്തെ വിലയ്ക്ക് വാങ്ങാനായില്ല.
'ഉലമാഉദ്ദുന്‍യാ', 'ദുഷിച്ച പണ്ഡിതന്മാര്‍', 'സുല്‍ത്താന്മാരുടെ പണ്ഡിതന്മാര്‍,' 'ആസ്ഥാന പണ്ഡിതന്മാര്‍' എന്നെല്ലാം വ്യവഹരിക്കാവുന്ന പണ്ഡിതന്മാരെ തിരിച്ചറിയാനും അവരുടെ വീണ്‍വാക്കുകളില്‍ വീണുപോകാതിരിക്കാനും സാമാന്യജനം ശ്രദ്ധിക്കണമെന്ന് ഇമാം ഗസാലി ഉണര്‍ത്തിയതു കാണാം. ഭരണാധികാരികളും പണ്ഡിതന്മാരും തമ്മില്‍ ബന്ധവിഛേദത്തിനുള്ള ആഹ്വാനമല്ല അത്. പണ്ഡിതധർമം നിറവേറ്റുന്നതില്‍ ഖുര്‍ആനും സുന്നത്തും പഠിച്ചവര്‍ അലംഭാവം കാണിക്കരുതെന്നാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. നബി (സ) പറഞ്ഞു: ''ഈ ദീനില്‍ അല്ലാഹു തലമുറകളെ  സൃഷ്ടിച്ചുകൊണ്ടിരിക്കും. ഖിയാമത്ത് നാള്‍ വരെ, തന്നോടുള്ള അനുസരണ പാതയില്‍ അല്ലാഹു അവരെ ഉപയോഗിച്ചുകൊണ്ടിരിക്കും.''
അബൂഹുറയ്‌റ നിവേദനം. നബി (സ) പറഞ്ഞു: ''ഭരണാധികാരികളുടെ വാതില്‍ക്കല്‍ ചെല്ലുന്നവര്‍ വിപത്തുകളാല്‍ പരീക്ഷിക്കപ്പെടും. ഫിത്്നകളില്‍ അകപ്പെടും. ഭരണാധികാരികളോട് അടുക്കുംതോറും അല്ലാഹുവില്‍നിന്ന് അകന്നുകൊണ്ടിരിക്കും'' (അബൂദാവൂദ്, ബൈഹഖി). അബൂഹുറയ്‌റ നിവേദനം. നബി (സ) പറഞ്ഞു: ''ദിനേന എഴുപത് തവണയെങ്കിലും അല്ലാഹുവില്‍ ശരണം തേടേണ്ട ഒരു ഇടമുണ്ട് നരകത്തില്‍. പ്രകടന വാഞ്ഛയോടെ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ വാഹകര്‍ക്ക് ഒരുക്കിവെച്ച ഇടമാണത്. സൃഷ്ടികളില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പ് അധികാരികളെ സുഖിപ്പിക്കുന്ന പണ്ഡിതന്മാരോടാണ്'' (ഇബ്‌നു അദിയ്യ്).
ഇബ്‌നു അബ്ബാസ് (റ) നിവേദനം. നബി പറഞ്ഞു: ''എന്റെ സമുദായത്തിലെ ചിലര്‍ ദീനീ വിഷയങ്ങളില്‍ അവഗാഹം നേടും. അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. ഞങ്ങള്‍ ഭരണാധികാരികളെ സമീപിക്കുന്നത് അവരുടെ ദുന്‍യാവിന്റെ ഓഹരി കിട്ടാനാണ്, ഞങ്ങളുടെ ദീനിന്റെ വിഷയത്തില്‍ അവരില്‍നിന്ന് അകന്നുനില്‍ക്കുന്നവരാണ് ഞങ്ങള്‍  എന്ന വാദമാണവര്‍ക്ക്. അങ്ങനെ സംഭവിക്കില്ല. മുള്‍ മരത്തില്‍നിന്ന് മുള്ളല്ലാതെ എന്ത് കിട്ടാനാണ്? അതുപോലെ ഭരണാധികാരികളുമായുള്ള അടുപ്പം കുറ്റങ്ങളും/വീഴ്ചകളും വര്‍ധിപ്പിക്കുകയേയുള്ളൂ'' (ഇബ്‌നു മാജ).
നബി (സ) പറഞ്ഞു: ''എന്റെ കാലശേഷം ചില ഭരണാധികാരികളുണ്ടാവും. അവരുടെ അടുക്കല്‍ ചെന്ന് കള്ളങ്ങളെല്ലാം സത്യമാണെന്ന് ധരിക്കുകയും അവരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ എന്നില്‍ പെട്ടവരല്ല, ഞാന്‍ അവരില്‍ പെട്ടവനുമല്ല. അവര്‍ ഹൗളുല്‍ കൗസറിന്റെ ചാരത്ത് എത്തുകയുമില്ല. അത്തരം ഭരണാധികാരികളുടെ അടുക്കല്‍ ചെല്ലാതിരിക്കുകയും അവരുടെ കള്ളങ്ങളെ നിരാകരിക്കുകയും അവരുടെ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കുകയും ചെയ്യുന്ന പണ്ഡിതന്മാര്‍, അവര്‍ എന്നില്‍ പെട്ടവരാണ്, ഞാന്‍ അവരില്‍ പെട്ടവനുമാണ്. അവര്‍ എന്നോടൊപ്പം ഹൗളുല്‍ കൗസറില്‍ പ്രവേശിക്കും'' (തിര്‍മിദി, ഹാകിം, നസാഈ).
അനസുബ്‌നു മാലിക് നിവേദനം. നബി (സ) പറഞ്ഞു: ''പണ്ഡിതന്മാര്‍, അല്ലാഹുവിന്റെ ദാസന്മാരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന പ്രവാചകന്മാരുടെ കാര്യദര്‍ശികളാണ്; ഭരണാധികാരികളുമായി കൂടിക്കലര്‍ന്ന് തങ്ങളുടെ ധര്‍മം മറക്കരുതെന്ന് മാത്രം. ഭരണാധികാരികളുമായി ഇടപെട്ടു കൂടിക്കലര്‍ന്ന് തങ്ങളുടെ കടമ അവര്‍ മറന്നുതുടങ്ങിയാല്‍ അവര്‍ പ്രവാചകന്മാരെ വഞ്ചിച്ചവരായിത്തീരും. അപ്പോള്‍ അവരെ സൂക്ഷിക്കണം. അവരോട് അകന്നു നില്‍ക്കണം'' (ഹസനുബ്നു സുഫ്്യാൻ മുസ്‌നദില്‍, ഹാകിം തന്റെ താരീഖില്‍, അബൂനഈം, ഉഖൈലി, ദയ്‌ലമി. റാഫിഈ തന്റെ താരീഖില്‍ ഈ നബിവചനം ഉദ്ധരിച്ചിട്ടുണ്ട്).
അബ്ദുല്ലാഹിബ്നുൽ ഹാരിസിൽനിന്ന്. നബി (സ) പറഞ്ഞു: ''എനിക്കു ശേഷം ചില ഭരണാധികാരികള്‍ വരും. ഒട്ടക പന്തികളില്‍ ഒട്ടകങ്ങള്‍ കുടിപാര്‍ക്കുന്ന പോലെ ഫിത്്‌ന അവരുടെ വാതിലുകളില്‍ കുടിപാര്‍ക്കും.  ഭരണാധികാരികള്‍ ആര്‍ക്കെങ്കിലും വല്ലതും നല്‍കിയാല്‍ മനസ്സിലാക്കുക, അത്രയും ദീന്‍ ആനുകൂല്യം പറ്റുന്നവരുടെ ദീനില്‍നിന്ന് അവര്‍ അടിച്ചുമാറ്റിക്കാണും'' (ഹാകിം). l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 74-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ശഅ്‌ബാൻ മാസത്തിലെ നോമ്പ്
ഡോ. മുഹമ്മദ് പാണ്ടിക്കാട്