മാന്ദ്യത്തിന്റെ കരിനിഴലിൽ ആഗോള സമ്പദ് വ്യവസ്ഥ
പ്രക്ഷുബ്ധമായ നിരവധി വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ് ആഗോള സാമ്പത്തിക രംഗം. പ്രതീക്ഷിച്ചതിലും ആഴവും പരപ്പുമേറിയ മാന്ദ്യത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പം ദശാബ്ദങ്ങൾ കണ്ടതിനെക്കാൾ ഉയർന്ന നിലയിലായതിനാൽ തന്നെ പണപ്പെരുപ്പം കുറച്ച് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനായി ലോകമെമ്പാടുമുള്ള നയ നിർമാതാക്കൾ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നിലവിൽ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് ബഹുമുഖ തലങ്ങളുള്ളതിനാൽ ഇതിനെ 'പോളി ക്രൈസിസ്' എന്നാണ് പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നത്. യഥാർഥത്തിൽ, 2008-ൽ ആരംഭിച്ച തകർച്ചയിൽനിന്ന് മുതലാളിത്ത ലോകം ഇതുവരെ പൂർണമായും കരകയറിയിട്ടില്ല. പിന്നീട് കോവിഡ് പ്രതിസന്ധിയിൽനിന്ന് 2021-ൽ ആഗോള സാമ്പത്തിക രംഗം ഒരു താൽക്കാലിക വീണ്ടെടുക്കൽ നടത്തിയെങ്കിലും തുടർന്നുണ്ടായ സംഭവവികാസങ്ങൾ കാരണം കൂടുതൽ പ്രതിസന്ധികൾ ഉടലെടുത്തതോടെ 2022 ഒരു നിറം മങ്ങിയ വർഷമായി മാറി. ജീവിതച്ചെലവ് കാരണമുള്ള പ്രതിസന്ധികളും, വർധിച്ചുവരുന്ന പലിശനിരക്കും ഭൂരിഭാഗം രാജ്യങ്ങളുടെയും കടുത്ത സാമ്പത്തിക നിലപാടുകളും, റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും ചൈനയിലെ മാന്ദ്യവും നീണ്ടുനിൽക്കുന്ന കോവിഡ്-19 പ്രതിസന്ധിയുമെല്ലാം നിലവിലുള്ള മാന്ദ്യത്തിന്റെ മൂർച്ച കൂട്ടുകയും ചെയ്തു.
വികസിത- വികസ്വര സമ്പദ്
വ്യവസ്ഥകളുടെ ഇരുണ്ട കാലം
2023-ൽ ആഗോള വളർച്ച 2.9 ശതമാനമായി കുറയുമെന്നും എന്നാൽ 2024-ൽ 3.1 ശതമാനമായി ഉയരുമെന്നും 2023 ജനുവരിയിലെ ഐ.എം.എഫ് വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റ് പ്രവചിക്കുന്നു. 2023-ലെ ലോക സാമ്പത്തിക വളർച്ച പ്രവചിച്ചതിലും 0.2 ശതമാനം കൂടുതലാണെങ്കിലും മുൻകാല ശരാശരിയായ 3.8-നും താഴെയാണ്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യവും കോവിഡ്-19 പ്രതിസന്ധികളുടെ നിശിത ഘട്ടവും ഒഴിച്ചുനിർത്തിയാൽ 2001-ന് ശേഷം ലോകം കണ്ട ഏറ്റവും ദുർബലമായ വളർച്ചാ നിരക്കാണിത്.
സാമ്പത്തിക മാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോലും നിലവിലെ പ്രതിസന്ധികൾ പ്രധാനമായും ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും അന്താരാഷ്‌ട്ര സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതങ്ങളേൽപ്പിക്കും. ഉക്രെയ്നിലെ റഷ്യൻ അധിനിവേശവും, യു.എസ് - ചൈന ബന്ധങ്ങളിലെ പിരിമുറുക്കവുമാണ് അതിന് പ്രത്യേക കാരണം. കോവിഡ്-19 പ്രതിസന്ധിയുടെ ബാക്കിപത്രം മറ്റൊരു വശത്ത്. വാക്‌സിനുകൾ നൽകുന്നതിലടക്കം നേരിട്ട വലിയ അസമത്വങ്ങളും, സഞ്ചാര നിയന്ത്രണങ്ങളടക്കം തീർത്ത് ചൈനക്കാരെ മാറ്റിനിർത്താൻ നടത്തിയ ശ്രമങ്ങളും നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. കാലാവസ്ഥാ വ്യതിയാനം കാരണം ഉടലെടുത്ത പ്രകൃതി ദുരന്തങ്ങൾ ആഗോള ഭക്ഷ്യോദ്പാദനത്തെ കാര്യമായി ബാധിച്ചു. റഷ്യൻ അധിനിവേശം കൂടിയായപ്പോൾ ക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. കോവിഡ്-19 പ്രതിസന്ധികൾ മാത്രമല്ല, ഉയർന്ന പലിശനിരക്കുകളും വലിയ കടക്കെണികൾ തീർത്തു. ഇത് വികസ്വര രാജ്യങ്ങളിലടക്കം വളർന്നുവരുന്ന പല സമ്പദ്‌വ്യവസ്ഥകളിലും പ്രതിസന്ധികൾ സൃഷ്ടിച്ചു.
പണപ്പെരുപ്പവും വിലക്കയറ്റവും
ഉക്രെയ്്നിലെ റഷ്യൻ അധിനിവേശം കാരണമായുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾ 2022-ൽ ആഗോള വളർച്ചയിൽ ഗണ്യമായ മാന്ദ്യത്തിന് കാരണമായി. അത് പണപ്പെരുപ്പം വർധിപ്പിച്ചു. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ദുർബലരായ ജനങ്ങളെയാണ് അത് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇന്ധനത്തിന്റെയും ഭക്ഷണത്തിന്റെയും വില അതിവേഗം വർധിച്ചു. 2023-നു ശേഷം, ആഗോള വളർച്ച ഇടക്കാലയളവിൽ ഏകദേശം 3.3 ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ആഗോള പണപ്പെരുപ്പം 2021-ലെ 4.7 ശതമാനത്തിൽനിന്ന് 2022-ൽ 8.8 ശതമാനമായി ഉയർന്ന് 2023-ൽ 6.5 ശതമാനമായും 2024-ഓടു കൂടി 4.1 ശതമാനമായി കുറയുമെന്നുമാണ് മറ്റൊരു പ്രവചനം. ലോകമെമ്പാടുമുള്ള 85 ശതമാനം കേന്ദ്ര ബാങ്കുകളും തങ്ങളുടെ പണനയം കർശനമാക്കുകയും 2021 അവസാനം മുതൽ പണപ്പെരുപ്പ സമ്മർദങ്ങൾ നിയന്ത്രിക്കുന്നതിനും മാന്ദ്യം ഒഴിവാക്കുന്നതിനുമായി പലിശനിരക്ക് ദ്രുതഗതിയിൽ ഉയർത്തുകയും ചെയ്തു.
അതിഭീകരമായ
സാമ്പത്തിക അസമത്വം
സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സമ്പത്തിന്റെയും അവസരങ്ങളുടെയും തുല്യവും നീതിപൂർവവുമായ വിതരണം അത്യാവശ്യമാണ്. എന്നാൽ, സമ്പത്തിന്റെയും വരുമാനത്തിന്റെയും വിതരണത്തിലുള്ള അസമത്വം അതി ഭീകരമാണെന്ന് ഐ.എം.എഫിന്റെ 'ഗ്ലോബൽ ഇനിക്വാലിറ്റി റിപ്പോർട്ട്' ചൂണ്ടിക്കാണിക്കുന്നു. ആഗോള ജനസംഖ്യയുടെ ഏറ്റവും ദരിദ്രരായ പകുതി ആളുകൾക്ക് ആളൊന്നിന് 2.900 യൂറോ (പർച്ചേസിംഗ് പവർ പാരിറ്റി) മാത്രമുള്ളപ്പോൾ ഉയർന്ന 10 ശതമാനം പേർക്ക് ഏകദേശം 190 മടങ്ങ് സ്വന്തമായുണ്ട്. വരുമാന അസമത്വവും ദയനീയമാണ്. ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകൾക്ക് മുഴുവൻ വരുമാനത്തിന്റെയും 52 ശതമാനം സ്വന്തമായുള്ളപ്പോൾ ദരിദ്രരായ പകുതിക്ക് 8.5 ശതമാനം മാത്രമാണ് ലഭിക്കുന്നത്.
ലോക ബാങ്കിന്റെ കണക്കു പ്രകാരം ദാരിദ്ര്യ രേഖക്ക് താഴെയുള്ള (ദിവസം 2.15 ഡോളറോ അതിൽ താഴെയോ വരുമാനം മാത്രമുള്ള) ആളുകളുടെ എണ്ണം 2020-ൽ 11 ശതമാനം വർധിച്ച് 648 ദശലക്ഷത്തിൽ നിന്ന് 719 ദശലക്ഷമായി. മിക്ക വികസ്വര രാജ്യങ്ങളും 2022-ൽ മന്ദഗതിയിലുള്ള തൊഴിൽ വീണ്ടെടുക്കൽ കാരണം ഗണ്യമായ തൊഴിൽ മാന്ദ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ആളുകളുടെ എണ്ണം 2019-നെ അപേക്ഷിച്ച് 2022-ൽ ഇരട്ടിയിലധികമായി. ഏകദേശം 350 ദശലക്ഷത്തോളം വരും ഭക്ഷ്യ ദൗർലഭ്യം നേരിടുന്നവരുടെ എണ്ണം. നീണ്ടുനിൽക്കുന്ന സാമ്പത്തിക ക്ഷീണവും മന്ദഗതിയിലുള്ള വരുമാന വളർച്ചയും ഉയർന്ന പണപ്പെരുപ്പവും വർധിച്ചുവരുന്ന കടബാധ്യതകളും ദാരിദ്ര്യ നിർമാർജനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ കൂടുതൽ വിശാലമായി നിക്ഷേപിക്കാനുള്ള രാജ്യങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തുകയും ചെയ്യും.
ചുഴിയിലകപ്പെട്ട
ലോക രാജ്യങ്ങൾ
പല രാജ്യങ്ങളും ഇന്ന് സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിലകപ്പെട്ടിരിക്കുകയാണ്. സ്വന്തം പാർട്ടിക്കുള്ളിൽ (കൺസർവേറ്റീവ് പാർട്ടി) തന്നെ ഉടലെടുത്ത കലാപത്തിനിടയാക്കിയ, നികുതി വെട്ടിക്കുറയ്ക്കൽ ബജറ്റിന്റെ പരാജയവും വിപണി തകർച്ചയും മൂലം യു.കെ പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെക്കുകയുണ്ടായി. വർധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് യു.എസ്. ഫെഡറൽ റിസർവ് രാജ്യത്തെ ഉയർന്ന പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിലാണ്. 2022 ആദ്യപാദത്തിൽ (ജനുവരി- മാർച്ച്) 1.6 ശതമാനം ചുരുങ്ങിയ യു.എസ് മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) തൊട്ടടുത്ത പാദത്തിൽ വീണ്ടും 0.6 ശതമാനമായി ചുരുങ്ങി. വ്യാപാരക്കമ്മി ആഗസ്റ്റിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കോവിഡ് മൂർധന്യത്തിൽ ദശലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് ജോലി നഷ്ടമായി. തൊഴിലവസരങ്ങളുടെ എണ്ണം 1.1 ദശലക്ഷത്തിലധികം ഇടിഞ്ഞ് തൊഴിലില്ലായ്മാ നിരക്ക് സെപ്റ്റംബറിൽ അര നൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 3.5 ശതമാനത്തിലെത്തി. യു.എസ് മാന്ദ്യം വികസ്വര രാജ്യങ്ങളിൽ കടുത്ത ആഘാതമുണ്ടാക്കുമെന്ന് യു.എൻ ട്രേഡ് ആൻഡ് ഡവലപ്‌മെന്റ് കോൺഫറൻസിലെ (UNCTAD) ആഗോളവൽക്കരണ വിഭാഗം ഡയറക്ടർ റിച്ചാർഡ് കോസുൾ റൈറ്റ് അൽ ജസീറയോട് പറയുകയുണ്ടായി. യു.എസ് സാമ്പത്തിക വ്യവസ്ഥയിലെ ഈ പ്രതിസന്ധി ലോക രാജ്യങ്ങളെ വീണ്ടും തകർച്ചയിലേക്ക് നയിക്കാൻ കാരണമാവും.
ശ്രീലങ്കയിൽ സാമ്പത്തിക നയങ്ങൾ കാരണം അനിയന്ത്രിതമായ പണപ്പെരുപ്പം സൃഷ്ടിച്ച പ്രതിസന്ധി വ്യാപകമായ പ്രതിഷേധങ്ങൾക്കും ആഭ്യന്തര കലാപങ്ങൾക്കും വഴിവെച്ചു. അതിരൂക്ഷമായ ഇന്ധനക്ഷാമം കാരണം അവശ്യ യാത്രാസർവീസുകൾ പോലും നിർത്തിവെക്കേണ്ടിവന്നു. ചൈനക്ക് 6.5 ബില്യൻ ഡോളർ ഉൾപ്പെടെ 51 ബില്യൻ ഡോളറിലധികം (39 ബില്യൻ പൗണ്ട്) വിദേശ വായ്പ രാജ്യത്തിനുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക് വർധന നിലനിൽക്കുന്നതിനാൽ ന്യൂസിലാന്റിൽ 2023-ൽ മാന്ദ്യം പ്രവചിച്ചിരിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി നിരക്ക് വർധനയ്‌ക്കൊപ്പം ചെലവും കുറയ്ക്കാനായി ന്യൂസിലാന്റ് റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. പണപ്പെരുപ്പം 7.2 ശതമാനമാണ്. അടുത്തിടെ പ്രഖ്യാപിച്ച അഭൂതപൂർവമായ ക്യാഷ്റേറ്റ് വർധനയായ 4.25 ശതമാനം സെൻട്രൽ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ്.
ആഗോളതലത്തിലെന്ന പോലെ ഇന്ത്യയിലും സാമ്പത്തിക ചക്രവാളത്തിലെവിടെയും ഇരുൾ പരന്നിരിക്കുന്നു. പുതുവർഷത്തിലെ സാമ്പത്തിക പ്രവചനങ്ങളൊന്നും ശുഭസൂചനകൾ നൽകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമലാ സീതാരാമനും സമ്പദ് ഘടനയുടെ വീണ്ടെടുപ്പിന്റെ പെരുമ്പറ മുഴക്കുമ്പോഴും യഥാർഥ ചിത്രവും ജനങ്ങളുടെ അനുഭവങ്ങളും നേർവിപരീതമാണ്. കോവിഡിന് മുന്നേ തന്നെ രാജ്യത്ത് സ്ഥിതിഗതികൾ മോശമായിരുന്നു. നോട്ടുനിരോധനവും ജി.എസ്.ടി അടക്കമുള്ള പരിഷ്കാരങ്ങളും രൂക്ഷമായ വിലക്കയറ്റവും മൂലം ഉലഞ്ഞ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കോവിഡും ഉക്രെയ്‌ൻ യുദ്ധവും വീണ്ടും വഷളാക്കിയെന്നതാണ് യാഥാർഥ്യം. യു.എസ് ഫെഡറൽ റിസേർവിന്റെ നിരക്ക് വർധന മൂലധനത്തെ യു.എസ് വിപണികളിലേക്ക് ഒഴുക്കി. ഇത് മിക്ക കറൻസികൾക്കെതിരെയും യു.എസ് ഡോളറിന്റെ മൂല്യം ഉയരാൻ കാരണമാവുകയും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൂടുതൽ കറന്റ് അക്കൗണ്ട് ഡെഫിസിറ്റിലേക്കും തുടർന്നുള്ള വ്യാപാരക്കമ്മി പണപ്പെരുപ്പത്തിലേക്കും നയിക്കുകയും ചെയ്തു.
മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ വർഷപാദ വിലയിരുത്തലുകളിലൂടെയാണ് സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലെന്ന പെരുമ്പറ മുഴക്കുന്നത്. ആദ്യപാദം 4.1, രണ്ടാം പാദം 13.5, മൂന്നാം പാദം 6.3 ശതമാനം തുടങ്ങിയ ജി.ഡി.പി വളർച്ചാ ശതമാനം കുറഞ്ഞ മുൻ വർഷ നിരക്കുമായി താരതമ്യം ചെയ്തുള്ളതാണ്. 2022-ൽ മൊത്തത്തിൽ സാമ്പത്തിക വളർച്ചാ നിരക്ക് 6.9 ശതമാനമായിരിക്കുമെന്ന് ലോക ബാങ്ക് പറയുന്നു. 2023-ൽ ഇന്ത്യ അഞ്ചു ശതമാനമെങ്കിലും വളർച്ച നേടിയാൽ ഭാഗ്യമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ വർഷാന്ത്യത്തിൽ പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചേടത്തോളം, താഴെയുള്ള 50 ശതമാനം പേരുടെ സമ്പത്തിന്റെ പങ്ക് 1961 മുതൽ ഏകദേശം പകുതിയായി കുറഞ്ഞപ്പോൾ മുകൾത്തട്ടിലെ 10 ശതമാനം പേരുടെ സമ്പത്തിന്റെ വിഹിതം ഏകദേശം 50 ശതമാനം വർധിക്കുകയും ഏറ്റവും മുകളിലുള്ള ഒരു ശതമാനം പേരുടെ സമ്പത്തിന്റെ വിഹിതം ഏകദേശം 180 ശതമാനം വർധിക്കുകയും ചെയ്തു. ലോകത്തെ സമ്പദ് വ്യവസ്ഥകളിൽ, 1961-ന് ശേഷം ഉയർന്ന ഒരു ശതമാനത്തിന്റെ സമ്പദ് വിഹിതത്തിൽ ഏറ്റവും വലിയ വർധനവ് ഇന്ത്യയിലാണ്. തൊണ്ണൂറുകൾ മുതൽ തുടരുന്ന നിയോ ലിബറൽ സാമ്പത്തിക നയം സ്ഥിതി രൂക്ഷമാക്കി. ജനജീവിതത്തിന് സുരക്ഷ നൽകുന്നതിൽ പോലും പൂർണ പരാജയമാണെന്ന് കോവിഡ് കാലം തെളിയിച്ചപ്പോഴും കോർപറേറ്റുകളെ ശതകോടീശ്വരൻമാരായി വളർത്തുന്ന നയത്തിൽനിന്ന് ഇന്ത്യ അണുവിട പിന്നോട്ട് പോയില്ല. അതിനാൽ തന്നെ ഇന്ത്യ ബ്രിട്ടീഷ് രാജിൽ നിന്ന് കോർപറേറ്റ് രാജിൽ എത്തിയതായി സാമ്പത്തിക വിദഗ്ധർ വെളിപ്പെടുത്തുന്നു. ഓക്സ് ഫാം റിപ്പോർട്ടു പ്രകാരം ശതകോടീശ്വരന്മാരുടെ എണ്ണം 2020-ൽ 102 ആയിരുന്നെങ്കിൽ ഇപ്പോൾ 166-ലെത്തി. ചുരുക്കിപ്പറഞ്ഞാൽ രൂക്ഷമായ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം, വിലക്കയറ്റം, രൂപയുടെ മൂല്യശോഷണം, വിദേശനാണ്യ ശേഖരത്തിലെ കുറവ്, വർധിച്ചുവരുന്ന വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് എന്നിവയെല്ലാം നിലവിൽ ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ്.
ആഗോള തലത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളിൽ പലിശയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. പ്രതിസന്ധികൾ ലഘൂകരിക്കാനും തരണം ചെയ്യാനും കാര്യക്ഷമമായ വിഭവ സമാഹരണവും വിനിയോഗവും അത്യാവശ്യമാണ്. എന്നാൽ, വിഭവ സമാഹരണത്തിൽ പലിശ ഒരു വലിയ വിലങ്ങുതടിയായി മാറുന്നു. അതിനാൽ തന്നെ പലിശരഹിത ബദലുകൾ വളർത്തിയെടുക്കേണ്ടതുണ്ട്. ലോക സാമ്പത്തിക വ്യവസ്ഥയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് പലിശരഹിത വ്യവസ്ഥ. ഇസ്്ലാമിക സാമ്പത്തിക ശാസ്ത്രവുമായാണ് ഇത് ബന്ധപ്പെട്ടു കിടക്കുന്നത്. ആഗോള തലത്തിൽ, 4 ട്രില്യൻ യു.എസ് ഡോളർ ആസ്തിയുള്ള ഇസ്്ലാമിക് ബാങ്കിംഗും ഫിനാൻസിംഗും ഈ കലുഷിതമായ അന്തരീക്ഷത്തിലും 2022-ൽ 17 ശതമാനം വളർച്ച കൈവരിച്ചുവെന്നത് പ്രതീക്ഷാവഹമാണ്. അതുകൊണ്ട് മറ്റു പരിഹാര നടപടികളോടൊപ്പം ഇത്തരം ബദലുകളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. l
(അസിസ്റ്റന്റ് പ്രഫസർ, ഇ.കെ.എൻ.എം ഗവ. കോളേജ്, കാസർകോട്)
Comments