Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

ഇതൊരു ആത്മകഥയല്ല!

വി.എസ് സലീം

പത്തു വർഷത്തോളം എന്റെ 'മലർവാടി' സഹപ്രവർത്തകനും ചിരകാല സുഹൃത്തുമായ ടി.കെ ഹുസൈൻ രചിച്ച് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച 'വെയിൽ നിഴലുകൾ' എന്ന ജീവിതരേഖ
നിയതമായ അർഥത്തിലുള്ള ഒരാത്മകഥയല്ല. കാരണം, ഏതൊരു ആത്മകഥയിലെയും മുഖ്യ കഥാപാത്രമായ 'ഞാൻ' ഇവിടെയില്ല. 'എന്നെ കണ്ട അമേരിക്ക' എന്ന ശൈലിയിലുള്ള ആത്മകഥകളിൽനിന്ന് വ്യത്യസ്തമായി, ഒരപ്രധാന കഥാപാത്രമായി വല്ലപ്പോഴും എവിടെയെങ്കിലും മിന്നിമറയുന്നതല്ലാതെ അങ്ങനെയൊരു സാന്നിധ്യം നമുക്ക് എവിടെയും കാണാനാവില്ല. കഥയെ മുന്നോട്ടു നയിക്കുന്ന നായകനായോ, പ്രധാന കഥാപാത്രമായോ ഹുസൈൻ ഇതിൽ പ്രത്യക്ഷപ്പെടുന്നില്ല. ആത്മകഥാകാരൻ തന്നെ തന്റെ ശീലത്തെക്കുറിച്ച് ഒരിടത്ത് പറയുന്നതു പോലെ, ഭൂമിയിലേക്കു നോക്കി തലതാഴ്ത്തി നടക്കുന്ന ആ വിനയാന്വിതത്വം തന്നെയാവാം അതിനു കാരണം.
160 പേജുകൾ മാത്രമുള്ള ഈ പുസ്തകത്തിൽ ഗ്രന്ഥകാരന്റെ ബാല്യ-കൗമാര -യൗവനാരംഭ കാലം അനുസ്മരിക്കുന്ന ആദ്യത്തെ ഏതാനും പേജുകൾ മാത്രമാണ് രചനാപരമായി ഒരാത്മകഥനത്തിന്റെ സ്വഭാവം പുലർത്തുന്നത്. അതിൽ തന്നെയും മാതാപിതാക്കളുടെ ശിക്ഷണത്തിലൂടെ തന്റെയുള്ളിൽ നാമ്പെടുത്തു വളർന്ന് പക്വത പ്രാപിച്ച ഇസ്‌ലാമിക ദർശനമാണ് അദ്ദേഹത്തിന്റെ പാദങ്ങളെ ചലിപ്പിക്കുന്നതായി നാം കാണുന്നത്.
പശ്ചിമ കൊച്ചി പോലുള്ള, എല്ലാത്തരം തിന്മകൾക്കും പടർന്നു പന്തലിക്കാൻ മാത്രം വളക്കൂറുള്ള മണ്ണിൽനിന്ന് അത്തരം ശുഭ്രവ്യക്തിത്വങ്ങൾ വളരെ അപൂർവമായി മാത്രമേ ജന്മമെടുക്കാറുള്ളൂ.
'അകം ത്രസിപ്പിച്ച മലർവാടി' എന്ന അധ്യായം ഞാൻ കൂടി കഥാപാത്രമായി വരുന്നതായതുകൊണ്ടും ആദ്യമേ സൂചിപ്പിച്ച സഹപ്രവർത്തന കാലഘട്ടമായതുകൊണ്ടും അതേക്കുറിച്ചു മാത്രം ചിലതു പറയാം. ഈ പുസ്തകത്തിൽ സർവഥാ എടുത്തു പറയാവുന്ന, വ്യക്തികളെയും സംഭവങ്ങളെയും കൃത്യമായി ഓർത്തിരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഞാൻ അന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. 'മലർവാടി'ക്ക് അതിന്റെ പുഷ്കല കാലത്ത് ഉണ്ടായിരുന്ന ആയിരത്തിൽപരം ഏജന്റുമാരിൽ മിക്കവരുടെയും പേരും വിലാസവും, അവർ ചെലവഴിക്കുന്ന കോപ്പികളുടെ എണ്ണവും ഹുസൈൻ സാഹിബിന് ഹൃദിസ്ഥമായിരുന്നു. അതു പിന്നെ, മാനേജർ എന്ന നിലയിൽ അവർക്ക് അയക്കാനുള്ള കെട്ടുകളിൽ ഒട്ടിക്കുന്ന സ്ലിപ്പ് മാസത്തിൽ രണ്ടു തവണ സ്വന്തം കൈപ്പടയിൽ എഴുതുന്നതു കൊണ്ട് ആണെന്ന് വെക്കാം.
എന്നാൽ, ഈ പുസ്തകത്തിന്റെ സിംഹഭാഗവും കവർന്നു നിൽക്കുന്നതും, ഗ്രന്ഥകാരൻ നേതൃപരമായ പങ്കുവഹിച്ചതുമായ അനേകമനേകം സാമൂഹിക സംരംഭങ്ങളുമായി ബന്ധപ്പെട്ട ചെറിയവരും വലിയവരുമായ നൂറു കണക്കിന് വ്യക്തികളുടെ പേരുകൾ ഇനിഷ്യൽ പോലും തെറ്റാതെ ഓർമിച്ചെഴുതാനുള്ള കഴിവിനെ ഒരിക്കലും അഭിനന്ദിക്കാതിരിക്കാൻ ആവില്ല. ഇന്നലെ പരിചയപ്പെട്ട വ്യക്തിയെ നാളെ കാണുമ്പോൾ വീണ്ടും പേരു ചോദിക്കേണ്ടി വരുന്ന സ്വഭാവമുള്ള എനിക്ക് വിശേഷിച്ചും.
ഒരുമിച്ചു നടത്തിയ നിരവധി യാത്രകൾക്കിടയിലും ആ കഴിവ് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖവുരയിൽ ആത്മകഥാകാരൻ തന്നെ സൂചിപ്പിച്ച പോലെ ഇങ്ങനെയൊന്ന് എഴുതേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് തൽസംബന്ധമായ കുറിപ്പുകളൊന്നും ഉണ്ടായിരിക്കാനും ഇടയില്ലല്ലോ.
പ്രഫ. കെ.എ സിദ്ദീഖ് ഹസൻ സാഹിബിനെക്കുറിച്ച അധ്യായം കണ്ണു നനയാതെ വായിച്ചു തീർക്കാനാവില്ല. വിശേഷിച്ചും, ആത്മസുഹൃത്തുക്കളും കുടുംബബന്ധുക്കളും പ്രാസ്ഥാനിക സഹപ്രവർത്തകരുമായ ആ രണ്ടു പേരുടെ അവസാന കൂടിക്കാഴ്ചയുടെ രംഗം!
ജസ്റ്റിസ് കെ. സുകുമാരന്റെ അവതാരികയും, ടി. ആരിഫലിയുടെ 'വായനാനുഭവ'വും ആത്മകഥയല്ലാത്ത ഈ ആത്മകഥയെ കൂടുതൽ പ്രൗഢമാക്കിയിട്ടുണ്ട്. സ്വതവേ  എഴുത്തുകാരനല്ലാത്ത ടി.കെ ഹുസൈന്റെ രചനയെ പാരായണക്ഷമമാക്കുന്നതിൽ സമീർ ബാബു കൊടുവള്ളിയുടെ എഡിറ്റിംഗ് ഏറെ സഹായിച്ചിട്ടുണ്ടെന്ന്  കരുതുന്നു. ഗ്രന്ഥകാരന്റെ മനോഹരമായ മുഖചിത്രത്തോടെയുള്ള സി.എം ശരീഫിന്റെ കവർ ഡിസൈനും പുസ്തകത്തെ ആകർഷകമാക്കിയിട്ടുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി