Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

ഇസ്്ലാമിക നിയമ വിധികളുടെ അടിസ്ഥാനങ്ങൾ

സമീർ കാളികാവ്

ഇസ്‌ലാം അടിസ്ഥാനപരമായി സമ്പൂർണവും സമഗ്രവുമായ ഒരു ജീവിത വ്യവസ്ഥയിലേക്ക് വഴികാട്ടുന്ന ദർശനമാണ്. സ്രഷ്ടാവായ അല്ലാഹുവും സൃഷ്ടികളായ മനുഷ്യരും തമ്മിലുള്ള ബന്ധത്തിലെ വൈകാരികവും യുക്തിപരവുമായ ചൈതന്യത്തെ മുൻനിർത്തി, അല്ലാഹു മനുഷ്യരിലേക്ക് പകർന്നു നൽകുന്ന മാർഗദർശനം എന്നതാണ് അതിന്റെ അടിസ്ഥാന സ്വഭാവം. അതേസമയം ഇസ്‌ലാം  നടപ്പാക്കപ്പെടേണ്ട  ജീവിത വ്യവസ്ഥയാണ് എന്നതിനാൽ അതിന് നിയമ വിധികളുടെ ഒരു തലം കൂടി അനിവാര്യമായും വന്നുചേരുന്നു. ഇസ്‌ലാമിക ശരീഅത്ത് മൊത്തത്തിൽ മുന്നോട്ടുവെക്കുന്ന നിയമ വിധികൾ മൂന്ന് തരത്തിലുള്ളവയാണ്: ഒന്ന്, വിശ്വാസ നിയമങ്ങൾ അഥവാ ഈ പ്രപഞ്ചവുമായും മനുഷ്യരുടെ ജീവിതവുമായും ബന്ധപ്പെട്ട അടിസ്ഥാന യാഥാർഥ്യങ്ങളെ അംഗീകരിക്കുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുക എന്നതുമായി ബന്ധപ്പെട്ട നിയമ വിധികൾ. രണ്ട്, കർമപരമായ നിയമങ്ങൾ അഥവാ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരവാദിത്വമേൽക്കാൻ ബാധ്യതയുള്ള മനുഷ്യന്റെ  വാക്കുകളുമായും പ്രവൃത്തികളുമായും (അമലുകൾ) ബന്ധപ്പെട്ട നിയമ വിധികൾ. മൂന്ന്, ധാർമിക നിയമങ്ങൾ അഥവാ  മനുഷ്യ ജീവിതത്തിൽ നിർബന്ധമായും സ്വീകരിക്കേണ്ട സൽസ്വഭാവങ്ങളുമായും വർജിക്കേണ്ട ദുഃസ്വഭാവങ്ങളുമായും ബന്ധപ്പെട്ട നിയമ വിധികൾ.
ഇവയിൽ വിശ്വാസ നിയമങ്ങളും ധാർമിക നിയമങ്ങളും പൂർണമായും സ്ഥായീസ്വഭാവമുള്ളവയാണ്. കർമപരമായ നിയമങ്ങളിലെ രണ്ട് പ്രധാന ഇനങ്ങളിൽ ഒന്നായ ആരാധനകളും അപ്രകാരമാണ്. എന്നു പറഞ്ഞാൽ, അവയൊന്നും കാലത്തിനനുസരിച്ച് മാറുന്നവയല്ല, മാറ്റമോ പരിഷ്കരണമോ ആവശ്യമുള്ളവയുമല്ല. അതുകൊണ്ടുതന്നെ അത്തരം നിയമങ്ങളെ ആവശ്യമായ വിശദാംശങ്ങളോടു കൂടിയാണ് ഖുർആനും സുന്നത്തും അവതരിപ്പിച്ചിട്ടുള്ളത്. അവയെ നേർക്കുനേരെ ഖുർആനിലെയും സുന്നത്തിലെയും വചനങ്ങളിൽ (നസ്സ്വുകൾ) നിന്ന് ശരിയായി വായിച്ചു മനസ്സിലാക്കിയെടുക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. പുതിയ വിശ്വാസ കാര്യങ്ങളോ ധാർമിക മൂല്യങ്ങളോ ആരാധനകളോ കണ്ടെത്താനുള്ള ഇജ്തിഹാദിന് യാതൊരു സാധുതയുമില്ല. കാരണം, മനുഷ്യ ബുദ്ധികൊണ്ട് എത്തിച്ചേരുന്ന 'യാഥാർഥ്യങ്ങളെ'ക്കുറിച്ച്, അവ അതതു കാലത്ത്  ഉറപ്പുള്ള അനുമാനങ്ങൾ എന്നേ പറയാൻ പറ്റൂ. അനുമാനങ്ങൾ ഓരോ കാലത്തും മാറി മാറി വരാം.  അതുകൊണ്ട് അനുമാനങ്ങൾക്ക് നിർബന്ധ വിശ്വാസ കാര്യങ്ങളുടെ പദവി നൽകാൻ കഴിയില്ല. ധാർമിക നിയമങ്ങളും അപ്രകാരം തന്നെയാണ്. മനുഷ്യരുടെ പരിമിതമായ അറിവും യുക്തിയും വെച്ച് മനുഷ്യ ജീവിതത്തിന് ആത്യന്തികമായി ഗുണകരമാവുമെന്ന് ഉറപ്പുള്ള മൂല്യങ്ങളെ നിർണയിക്കാനാവില്ല. ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ച് നിർവഹിക്കേണ്ട ആരാധനകളെയും മനുഷ്യബുദ്ധി ഉപയോഗിച്ച് നിർണയിക്കാനാവില്ല.
കർമശാസ്ത്ര നിയമങ്ങളിലെ രണ്ടാമത്തെ ഇനമാണ്, മനുഷ്യർ പരസ്പരമുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട നിയമ വിധികൾ. ഈ ഇനത്തിലെ നിയമ വ്യവസ്ഥ മുമ്പ് പറഞ്ഞ വിശ്വാസ-ധാർമിക-ആരാധനാ വ്യവസ്ഥകളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണ്. വിവിധ ജീവിത മേഖലകളിൽ മനുഷ്യർക്കിടയിലെ ഇടപാടുകൾ രൂപപ്പെടുത്തിയത് ഇസ്്ലാമല്ല, മനുഷ്യർ തന്നെയാണ്. തങ്ങൾക്ക് ഭൗതികമായി അല്ലെങ്കിൽ ആത്മീയമായി, അതുമല്ലെങ്കിൽ രണ്ടു തലത്തിലും ഒരുമിച്ച് വലിയ പ്രയോജനങ്ങൾ നേടിത്തരുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അവർ അവയെ രൂപപ്പെടുത്തിയത്. നീതിപൂർവകമായി, എല്ലാവർക്കും വേണ്ടി പരമാവധി അളവിൽ ഉപദ്രവങ്ങളെയും നഷ്ടങ്ങളെയും തടയുക,  ഉപകാരങ്ങളെയും നേട്ടങ്ങളെയും ഉറപ്പുവരുത്തുക
(جلب المصالح ودرء المفاسد) എന്ന ലക്ഷ്യത്തോടെ അത്തരം ഇടപാടുകളെ വ്യവസ്ഥപ്പെടുത്തുകയാണ് ഇസ്‌ലാം ചെയ്തത്. അതിനായി മാറ്റമില്ലാത്ത ചില അടിസ്ഥാന നിയമങ്ങൾ നിർണയിച്ചു. അവക്ക് വിധേയമായി ഇജ്തിഹാദിന് / ബൗദ്ധിക ഗവേഷണത്തിന് വിശാല സാധ്യതകൾ തുറന്നിട്ടു. ഓരോ കാലത്തും മനുഷ്യജീവിതം അഭിമുഖീകരിക്കുന്ന പ്രശ്ന സങ്കീർണതകൾക്കുള്ള ഇസ്‌ലാമിക നിയമ വിധികൾ ബൗദ്ധിക ഗവേഷണത്തിലൂടെ കണ്ടെത്തുന്ന പ്രക്രിയയുടെ  സാങ്കേതിക നാമമാണ് ഫിഖ്ഹ്. അപ്രകാരം ഇജ്തിഹാദിലൂടെ കണ്ടെത്തുന്ന നിയമ വിധികൾക്കും സാങ്കേതികമായി ഫിഖ്ഹ് എന്ന് പ്രയോഗിക്കും.  ഫിഖ്ഹ് രൂപവത്കരണത്തിന് അവലംബമാക്കുന്ന പ്രമാണ വായനയുടെയും ഇജ്തിഹാദിന്റെയും   അൽഭുത ശേഷി കൊണ്ടാണ് ഇസ്‌ലാം കാലത്തെ അതിജയിക്കുന്നത്. ആ മെക്കാനിസത്തെ ശരിയായ ട്രാക്കിൽ നിലനിർത്തുന്നത് ഇസ്‌ലാമിലെ സ്ഥായിയും ഖണ്ഡിതവുമായ നിയമ വിധികളാണ്.

ഇസ്‌ലാമിക നിയമ വിധികളുടെ സ്രോതസ്സുകൾ
ഇസ്‌ലാമിലെ എല്ലാ തരം നിയമ വിധികളുടെയും ഒരേയൊരു അടിസ്ഥാന സ്രോതസ്സ് അല്ലാഹുവിൽ നിന്ന് അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ)ക്ക് അവതരിപ്പിക്കപ്പെട്ട ദിവ്യ ബോധനം അഥവാ വഹ്‌യ് ആകുന്നു. വഹ്‌യിന്റെ രണ്ട് രൂപങ്ങളാണ് ഖുർആനും സുന്നത്തും. ഖുർആനിലെ ആയത്തുകൾക്കും സുന്നത്തിലെ മത്്നുകൾക്കും ഒന്നിച്ച് പറയുന്ന പേരാണ് ശർഈ നസ്സ്വുകൾ. നസ്സ്വുകളെ വായിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനും അവയിൽനിന്ന് നിയമ വിധികൾ മനസ്സിലാക്കുന്നതിനും സവിശേഷമായ ഒരു രീതിയുണ്ട്. നബി(സ)യാണ് ആ രീതി ആദ്യമായി അറിഞ്ഞതും പ്രയോഗിച്ചതും. നബി(സ)യിൽനിന്നത് സ്വഹാബികൾ സ്വായത്തമാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്തു. പിന്നീടത് പിൽക്കാല തലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. നസ്സ്വുകളുടെ വായനക്കും വ്യാഖ്യാനത്തിനും ഇസ്‌ലാമിലെ ആദ്യകാല തലമുറകളിലെ സച്ചരിതരും അസാമാന്യ പ്രതിഭകളുമായ പണ്ഡിതന്മാർ ഉദാത്തമായ പ്രായോഗിക മാതൃകകളാണ് സമർപ്പിച്ചിട്ടുള്ളത്. ആ പ്രായോഗിക മാതൃകകളെ  സൂക്ഷ്മ വിശകലന (ഇസ്തിഖ്റാ)ത്തിന് വിധേയമാക്കി ചില സൈദ്ധാന്തിക അടിത്തറകൾ(ഉസ്വൂൽ)ക്ക് പണ്ഡിതന്മാർ രൂപം നൽകിയിട്ടുണ്ട്. ഇസ്തിഖ്റാഇലൂടെ എത്തിച്ചേരുന്ന അത്തരം അടിസ്ഥാന പൊതു നിയമങ്ങളെ ഖണ്ഡിതം എന്ന നിലക്കാണ് പരിഗണിക്കാറുള്ളത്. കാരണം, അവ സ്ഥിരപ്പെടുന്നത് പരസ്പരം ബലപ്പെടുത്തുന്ന, ഒന്നിച്ച് തള്ളിക്കളയാനാവാത്ത ധാരാളം തെളിവുകൾ കൊണ്ടാണ്. ഖുർആനിക സൂക്തങ്ങൾ ഗ്രഹിക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനുമായി ആവിഷ്കരിക്കപ്പെട്ട ഉസ്വൂലിനെ കുറിച്ച പഠനങ്ങളെയാണ് നാം ഉലൂമുൽ ഖുർആൻ എന്ന് വിളിക്കുക. സുന്നത്തിനെ പഠിക്കാനായി  അവലംബിക്കേണ്ട അടിസ്ഥാനങ്ങൾ പ്രതിപാദിക്കുന്ന വിജ്ഞാന ശാഖകൾക്ക് ഉലൂമുൽ ഹദീസെന്നും മദ്ഖലുസ്സുന്നഃ എന്നും പറയുന്നു.
നസ്സ്വുകൾ എങ്ങനെ, ഏതു തരം നിയമ വിധികൾ നൽകുമെന്നതിനും കൃത്യമായ അടിസ്ഥാനങ്ങൾ പണ്ഡിതന്മാർ ആവിഷ്കരിച്ചിട്ടുണ്ട്.   പ്രവാചക കാലം അവസാനിച്ചതോടെ നസ്സ്വുകളുടെ അവതരണവും നിലച്ചു. അതിനുശേഷം  നസ്സ്വുകളിൽ വർധനവുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. അതേസമയം ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന പുതിയ സംഭവ വികാസങ്ങൾക്കോ പ്രശ്നങ്ങൾക്കോ പ്രവണതകൾക്കോ കൈയും കണക്കുമില്ല. അപ്പോൾ പിന്നെ, പരിമിതമായ നസ്സ്വുകളിൽനിന്ന് അറ്റമില്ലാത്ത അളവിൽ നിയമ വിധികൾ കണ്ടെത്തുന്നതെങ്ങനെ എന്ന പ്രശ്നം ഉയർന്നുവരുന്നു.  അതിനുള്ള പ്രതിവിധിയാണ് ഇജ്തിഹാദ് അഥവാ ബൗദ്ധിക ഗവേഷണം. നസ്സ്വുകൾ നേർക്കുനേരെ വ്യക്തമാക്കിയിട്ടില്ലാത്ത അല്ലാഹുവിന്റെ നിയമ വിധികളെ മനുഷ്യബുദ്ധി ഉപയോഗിച്ച് പുറത്തുകൊണ്ടുവരലാണ് ഇജ്തിഹാദ്. ഇജ്തിഹാദിലൂടെ പുറത്തുവരേണ്ടത് അല്ലാഹുവിന്റെ നിയമ വിധിയാണ് എന്നത് പ്രത്യേകം അടിവരയിടണം. ഇസ്തിൻബാത്വ് (استنباط )എന്നതാണ് ഇജ്തിഹാദിന്റെ മറ്റൊരു പ്രയോഗം. കിണറ് കുഴിച്ച് മണ്ണിനടിയിലെ ഉറവിടത്തിൽനിന്ന് വെള്ളം പുറത്തെടുക്കുന്നതിനാണ് ഭാഷാപരമായി അങ്ങനെ പറയുന്നത്. പുറത്തെടുക്കുന്ന പ്രക്രിയ ശരിയായ രീതിയിലാണെന്നും പുറത്തെടുക്കപ്പെടുന്നത് അല്ലാഹുവിന്റെ നിയമ വിധി തന്നെയെന്നും ഉറപ്പുവരുത്താൻ ചില അടിസ്ഥാനങ്ങളെ അവലംബിക്കേണ്ടതുണ്ട്. ഇജ്തിഹാദിൽ അവലംബിക്കേണ്ട അത്തരം അടിസ്ഥാനങ്ങളെ നിർണയിക്കുകയാണ്  ഉസ്വൂലുൽ ഫിഖ്ഹ് എന്ന  വിജ്ഞാന ശാഖയുടെ ലക്ഷ്യം. റസൂലും സ്വഹാബത്തും ആദ്യകാല പണ്ഡിതന്മാരും നടത്തിയ ഇജ്തിഹാദുകളിൽ അവർ പാലിച്ചുപോന്ന അടിസ്ഥാനങ്ങളെ ഇസ്തിഖ്റാഇലൂടെ നിർണയിച്ചാലാണ്  അത് സാധ്യമാവുക.

നസ്സ്വുകളും ഇജ്തിഹാദും
ഇസ്്ലാമിക നിയമ വിധികളുടെ ദാതാവ് (الشارع) അല്ലാഹുവാകുന്നു. അല്ലാഹു നിയമ വിധികൾ നൽകിയിട്ടുള്ളത് നസ്സ്വുകൾ വഴിയാണ്. അതിനാൽ, നിയമങ്ങളെയും അവയുടെ താൽപര്യങ്ങളെയും ഉദ്ദേശ്യ ലക്ഷ്യങ്ങളെയും മനസ്സിലാക്കേണ്ടത് ആ നസ്സ്വുകളിൽനിന്നാണ്. മനുഷ്യജീവിതം അഭിമുഖീകരിക്കുന്ന എല്ലാ വിഷയങ്ങൾക്കും പ്രശ്നങ്ങൾക്കും നിയമ വിധികളും നിലപാടുകളും നൽകാൻ കഴിയും വിധമുള്ള ഇലാസ്തികതയുണ്ട്; എണ്ണത്തിൽ പരിമിതമാണെങ്കിലും നസ്സ്വുകൾക്ക്. നസ്സ്വുകളിൽ നിന്ന് നേരിട്ടോ ശ്രമകരമായ നിർധാരണ പ്രക്രിയകളിലൂടെയോ അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുകയാണ് മനുഷ്യബുദ്ധി ചെയ്യുന്നത്. നിയമ നിർമാണമല്ല അവിടെ നടക്കുന്നത് എന്നർഥം.  ഒരേസമയം നസ്സ്വുകൾ പരിധി നിശ്ചയിക്കുകയും തുറന്നുതരികയും ചെയ്യുന്ന ഇടത്തിലാണ് ഇജ്തിഹാദിന്റെ സ്ഥാനം.
നസ്സ്വിനോടും ഇജ്തിഹാദിനോടുമുള്ള സമീപനം എന്തായിരിക്കണം എന്ന വിഷയത്തിൽ ഏറ്റവും പ്രധാനവും സർവാംഗീകൃതവുമായ അടിസ്ഥാന പൊതു നിയമങ്ങളിൽ ഒന്നാണ് 'ലാ ഇജ്തിഹാദ മഅന്നസ്സ്വ്' എന്നത്. അഥവാ നസ്സ്വുണ്ടെങ്കിൽ ഇജ്തിഹാദിന് സ്ഥാനമില്ല; അതിന് അനുവാദവുമില്ല. നസ്സ്വ് ഖണ്ഡിതമാണെങ്കിൽ അത് മുന്നോട്ടുവെക്കുന്ന ഒരേയൊരു നിയമ വിധി മാത്രമാണ് തദ്വിഷയകമായി അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളതെന്ന് മനസ്സിലാക്കാം. മറ്റൊരു നിയമ വിധിയിലേക്ക് വ്യാഖ്യാന സാധ്യത മെനഞ്ഞെടുക്കാവതല്ല. ഇനി നസ്സ്വിന്റെ തെളിവ് / സൂചന (ദലാലത്ത്) വ്യാഖ്യാന സാധ്യതയുള്ളത് (ളന്നി) ആണെങ്കിൽ, അറബി ഭാഷാ നിയമങ്ങളുടെ പരിധികൾക്കകത്ത് നിന്നുകൊണ്ട് ഒന്നിലധികം വ്യാഖ്യാന സാധ്യതകൾ ഉണ്ടായേക്കാം. അവയിലൊന്നിനെ പ്രബലപ്പെടുത്താനും അത് തെരഞ്ഞെടുക്കാനുമുള്ള (الانتقاء أو الترجيح) ഇജ്തിഹാദ് അനുവദനീയമാണ്. അറബി ഭാഷാ നിയമങ്ങൾ അനുവദിച്ചു തരുന്നതിനപ്പുറത്തെ വ്യാഖ്യാനങ്ങൾ സ്വീകരിച്ച്  'മാറിയ കാലത്തിനനുസരിച്ച ഇജ്‌തിഹാദ്' എന്ന പേരിൽ 'ഫത്്വയിറക്കൽ' അനുവദനീയമല്ല. അത് നസ്സ്വിന് മേലുള്ള കടന്നുകയറ്റവും ശരീഅത്തിന്റെ മേൽ വ്യാജാരോപണം നടത്തലുമാണ്.
ഇസ്‌ലാമിക നിയമ വിധി എന്തെന്ന് വ്യക്തമാക്കി നസ്സ്വുകൾ വന്നിട്ടില്ലാത്ത വിഷയങ്ങളിൽ മാത്രമാണ് ഇജ്തിഹാദിന് അനുവാദമുള്ളത്. ഖിയാസ്, ഇസ്തിഹ്സാൻ, ഇസ്തിസ്വ്്ലാഹ്, ഉർഫ്, ഇസ്തിസ്വ്്ഹാബ് തുടങ്ങിയ ഇസ്‌ലാമിക നിയമ വിധികൾക്കുള്ള ഉപസ്രോതസ്സുകളിൽ മുൻഗണനാ ക്രമമനുസരിച്ച് ഏറ്റവും അനുയോജ്യമായതിനെ അവലംബിച്ചാണ് ഇജ്തിഹാദ് സംഭവിക്കുക. ഈ ഉപസ്രോതസ്സുകളിൽ ഏതിനെ അവലംബിക്കണമെങ്കിലും അടിസ്ഥാന സ്രോതസ്സായ നസ്സ്വുകളെ ശരിയായി ഗ്രഹിക്കൽ വളരെ അനിവാര്യമാണ്. ഉദാഹരണത്തിന്, ഒരു വിഷയത്തിൽ ഖിയാസിനെ അവലംബിക്കാമോ എന്ന് നിർണയിക്കണമെങ്കിൽ സമാന സ്വഭാവമുള്ള വിഷയങ്ങൾ നസ്സ്വുകളിൽ വന്നിട്ടുണ്ടോയെന്ന് മനസ്സിലാക്കണം. അത്തരമൊരു വിഷയത്തിന്റെ നിയമ വിധിയിൽ അവലംബമാക്കിയ പ്രത്യക്ഷവും നിർണിതവുമായ കാരണം പുതിയ വിഷയത്തിലും കൃത്യമായുണ്ടെന്ന് ഉറപ്പുവരുത്തിയാലാണ് ഖിയാസ് സാധ്യമാവുക.
ഏതൊരു വചനവും ശരിയായി ഗ്രഹിക്കണമെങ്കിൽ ആ വചനത്തിന്റെ ഭാഷ അറിയുകയും വചനത്തിന്റെ യഥാർഥ ഉദ്ദേശ്യം നിർണയിക്കാൻ അതിന്റെ ഭാഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഗണിക്കുകയും ചെയ്യണമെന്നത് സർവാംഗീകൃതമാണ്. അതുകൊണ്ടാണ് അറബി ഭാഷാ  നിയമങ്ങൾ ഉസ്വൂലുൽ ഫിഖ്ഹിൽ ഇജ്തിഹാദിന്റെ പൊതു നിയമങ്ങളുടെ (قواعد الاجتهاد) പ്രധാന ഭാഗമാകുന്നത്. ഇജ്തിഹാദിന്റെ പൊതു നിയമങ്ങൾ രണ്ടിനങ്ങളാണ്: ഭാഷാസംബന്ധിയും ( القواعد الأصولية اللغوية) നിയമ രൂപവത്കരണ സംബന്ധിയും (القواعد الأصولية التشريعية).

ഭാഷാ സംബന്ധിയായ ഉസ്വൂലീ ഖാഇദകൾ
പൊതുവിൽ ഉസ്വൂലീ ഖാഇദകൾ  എന്ന് പ്രയോഗിക്കുന്നത് ഭാഷാ സംബന്ധിയായ നിയമങ്ങൾക്കാണ്. ഉസ്വൂലീ ഖാഇദകൾ എന്നതിന് നൽകപ്പെട്ടിട്ടുള്ള നിർവചനം ഇപ്രകാരമാണ്: 'ഖുർആനിലെയും സുന്നത്തിലെയും വാക്കുകളുമായും അവയുടെ ഉദ്ദിഷ്ട സൂചനകളുമായും (الألفاظ ودلالاتها) ബന്ധപ്പെട്ട ഭാഷാപരമായ പൊതുനിയമങ്ങൾ. ഇസ്‌ലാമിക നിയമവിധികളിലേക്ക് എത്തിച്ചേരാൻ മുജ്തഹിദിനെ സഹായിക്കുന്ന വിധത്തിൽ അറബി ഭാഷാ ശൈലികളിൽനിന്ന് കടഞ്ഞെടുത്തവയാണ് അവ.' നസ്സ്വുകളിലെ വാക്കും അതിന്റെ സൂചനയും (اللفظ والمعنى) തമ്മിലെ ബന്ധം നിർണയിക്കുന്ന ഖാഇദകളാണ് അവയിൽ ഒരിനം. വാക്കുകളുടെ വിശാലാർഥം, സവിശേഷാർഥം, സോപാധികാർഥം, നിരുപാധികാർഥം, വിവിധാർഥങ്ങൾ തുടങ്ങിയവയിൽ നസ്സ്വിൽ ഉദ്ദേശിക്കപ്പെട്ടത് ഏതെന്ന് അവ നിർണയിക്കും. നസ്സ്വുകളിലെ കൽപനകൾ, നിരോധങ്ങൾ എന്നിവ ഏത് തരം നിയമ വിധിയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നിർണയിക്കുന്ന ഖാഇദകളാണ് മറ്റൊരിനം. ഉദാഹരണമായി, നസ്സ്വിലെ കൽപന ക്രിയ നിർബന്ധ വിധി(വാജിബ്)യെയും നിരോധന ക്രിയ നിഷിദ്ധ വിധി(ഹറാം)യെയും പ്രതിനിധാനം ചെയ്യുന്നുവെന്നതാണ് പൊതു നിയമം. അങ്ങനെയല്ലെങ്കിൽ അതിന് അനുബന്ധ തെളിവുകൾ വേണം.

നിയമ സംബന്ധിയായ ഉസ്വൂലീ ഖാഇദകൾ
ഇസ്‌ലാമിക നിയമാവിഷ്കാരത്തിൽ ദീക്ഷിക്കപ്പെട്ടതായി ഉറപ്പുള്ള അടിസ്ഥാന പൊതു നിയമങ്ങളാണ് ഇവ. ശർഈ വിധികളെയും അവയുടെ കാരണങ്ങളെയും യുക്തികളെയും ( العلل والحكم) ശരീഅത്തിന്റെ പൊതു തത്ത്വങ്ങളുമായി ബന്ധപ്പെട്ട നസ്സ്വുകളെയും സൂക്ഷ്മമായി, നിരന്തരമായി നിർധാരണത്തിന് വിധേയമാക്കിയാണ് ഉസ്വൂലീ പണ്ഡിതൻമാർ ഈ ഖാഇദകളെ നിർണയിച്ചത്.  ഈയിനം ഉസ്വൂലീ ഖാഇദകളിൽ ഒന്നാമത്തേത് നിയമങ്ങളുടെ അവതരണത്തിലൂടെ നിയമദാതാവിനുള്ള പൊതു ലക്ഷ്യത്തെ( المقصد العام للشارع من التشريع)ക്കുറിച്ചാണ്. ഇഹലോകത്തും പരലോകത്തും മനുഷ്യർക്ക് നന്മകളും നേട്ടങ്ങളും സാക്ഷാൽക്കരിച്ച് കൊടുക്കുക എന്നതാണ് ആ പൊതു ലക്ഷ്യം. അതിനാൽത്തന്നെ പൊതു ലക്ഷ്യത്തിന് വിരുദ്ധമായി ഒരു നിയമവും ഉണ്ടാവുകയില്ല. അല്ലാഹുവിന്റെ അവകാശങ്ങളെയും മനുഷ്യന്റെ വ്യക്തിപരമായ അവകാശങ്ങളെയും നിർണയിക്കുന്നതാണ് രണ്ടാമത്തെ ഖാഇദ. സമൂഹ നൻമക്കായുള്ള നിയമങ്ങളെ അല്ലാഹുവിനുള്ള അവകാശമായും വ്യക്തിഗത നന്മക്ക് മാത്രമായുള്ള നിയമങ്ങളെ ബന്ധപ്പെട്ട വ്യക്തിയുടെ സവിശേഷ അവകാശമായും പരിഗണിക്കുമെന്നാണ് പൊതു നിയമം. ഈയിനത്തിലെ മറ്റു ഖാഇദകൾ താഴെ പറയുന്നവയാണ്:
1) സ്പഷ്ടവും ഖണ്ഡിതവുമായ നസ്സ്വുള്ള ( نص صريح قطعي) വിഷയങ്ങളിൽ ഇജ്തിഹാദിന് അനുവാദമില്ല.
2) പ്രവാചകന്റെ ജീവിത കാലത്തേതിൽനിന്ന് ഭിന്നമായി അവിടത്തെ വിയോഗ ശേഷം ഖുർആനിലെയോ സുന്നത്തിലെയോ ഒറ്റ നിയമ വിധിയും ദുർബലപ്പെടുകയില്ല അഥവാ നസ്ഖ് സംഭവിക്കുകയില്ല.
3) രണ്ട് നസ്സ്വുകൾ തമ്മിലോ അല്ലാത്ത മറ്റു രണ്ട് തെളിവുകൾ (ദലീലുകൾ) തമ്മിലോ പ്രത്യക്ഷത്തിൽ വൈരുധ്യം തോന്നിയാൽ ആദ്യം ഏകോപന സമന്വയത്തിനും ( الجمع و التوفيق),  സാധ്യമല്ലെങ്കിൽ ഏതെങ്കിലും ഒന്നിന് മുൻതൂക്കം നൽകുന്നതിനുമുള്ള (الترجيح) മാർഗം തേടൽ നിർബന്ധമാണ്.
ഖുർആനിലെയും സുന്നത്തിലെയും നസ്സ്വുകളുടെ വ്യാഖ്യാനവും നസ്സ്വുകളിൽനിന്നും അല്ലാതെയുമുള്ള നിയമ വിധികളുടെ നിർധാരണവും മേൽ സൂചിപ്പിച്ച എല്ലാ തരം അടിസ്ഥാന പൊതുനിയമങ്ങളെയും പരിഗണിച്ചുകൊണ്ടാവണമെന്നത് നിർബന്ധമാണ്. എങ്കിൽ മാത്രമേ നിയമങ്ങൾ വഴി നിയമദാതാവ് ലക്ഷ്യം വെച്ച ഉദാത്ത നേട്ടങ്ങൾ സാക്ഷാൽക്കരിക്കാനാവുകയുള്ളൂ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി