Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

സി.എച്ച് അബ്ദുൽ ഖാദർ കർമോത്സുകമായ മാതൃകാ ജീവിതം

പി.എ അബ്ദുല്‍ ഹകീം

ഫെബ്രുവരി രണ്ടാം തീയതി സ്വുബ്ഹ് നമസ്‌കാരാനന്തരം, വെല്‍ഫെയര്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ ഓഫീസില്‍ വിശ്രമിക്കുകയായിരുന്നു. വാതിലില്‍ മുട്ട് കേട്ട് എഴുന്നേറ്റ് നോക്കുമ്പോള്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ് നിസാര്‍ സാഹിബ്. സി.
എച്ച് അബ്ദുല്‍ ഖാദര്‍ സാഹിബ് മരണപ്പെട്ടതായി  അദ്ദേഹം അറിയിച്ചു. ഉടൻ മലപ്പുറത്തേക്ക് പുറപ്പെടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.
 അഞ്ച് പതിറ്റാണ്ടുകാലത്തെ സുദൃഢ ബന്ധമുണ്ട് ഞങ്ങൾ തമ്മിൽ. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അനുമതിയോടെ വിവിധ സന്ദര്‍ഭങ്ങളില്‍ രൂപം കൊണ്ട വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ആയിരുന്നു ബന്ധങ്ങളുടെ തുടക്കം. ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗ് (ഐ.എസ്.എല്‍), ഇസ്‌ലാമിക് യൂത്ത് ഫ്രന്റ് (ഐ.വൈ.എഫ്), ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് & യൂത്ത് ഫ്രന്റ് (ഐ.എസ്.വൈ.എഫ്), സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി), സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്.ഐ.ഒ) എന്നീ പ്രസ്ഥാനങ്ങളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സി.എച്ചിന് സാധിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് പിരിച്ചു വിടപ്പെട്ട ഐ.എസ്.എല്‍ പിന്നീട് അതേപേരില്‍ പുനരാരംഭിക്കേണ്ടതില്ല എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച പ്രസ്ഥാനമാണ് ഐ.വൈ.എഫ്. എന്നാല്‍, ജമാഅത്തിന്റെ അജണ്ടയില്‍ ഒരു വിദ്യാർഥി പ്രസ്ഥാനം ഉള്ളതിനാല്‍ ഐ.വൈ.എഫ്, ഐ.എസ്.വൈ.എഫ് ആയി രൂപാന്തരപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ അലീഗഢ് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച സിമി കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും അതിന് ജമാഅത്തിന്റെ മൗനാനുവാദം ലഭിക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ മാത്രം വേറിട്ടു പ്രവര്‍ത്തിക്കുന്നത് ശരിയല്ല എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഐ.എസ്.വൈ.എഫ് ക്രമേണ സിമിയുടെ കേരള ഘടകമായി രൂപാന്തരം പ്രാപിച്ചു. സിമിയുടെ പ്രവര്‍ത്തനങ്ങളില്‍ തുടക്കത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. പിന്നീട് ജമാഅത്തിന്റെ നയത്തിന് യോജിക്കാത്ത ചില നടപടികള്‍ ഉണ്ടാവുകയും ജമാഅത്ത് അതിന് മറുപടി പറയേണ്ട സാഹചര്യം സംജാതമാവുകയും ചെയ്തപ്പോള്‍, ജമാഅത്തിന്റെ പൂർണ രക്ഷാധികാരത്തില്‍ ഒരു വിദ്യാർഥി-യുവജന പ്രസ്ഥാനം രൂപവത്കരിക്കണമെന്ന് പ്രസ്ഥാനം തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത നാമങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിദ്യാർഥി പ്രസ്ഥാനങ്ങളെ യോജിപ്പിച്ചുകൊണ്ട് എസ്.ഐ.ഒ പ്രവര്‍ത്തനം ആരംഭിച്ചു. ഈ കൂട്ടായ്മയില്‍ പങ്കാളികളാവാന്‍ സിമി താല്‍പര്യപ്പെട്ടില്ല.
പ്രവര്‍ത്തകരെല്ലാം ജമാഅത്തിന്റെ ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിരക്കില്‍ ആയതിനാല്‍ എസ്.ഐ.
ഒ കേരള ഘടക രൂപവത്കരണത്തിന്  താമസം നേരിട്ടു. എസ്.ഐ.ഒ രൂപവത്കരണത്തിന്റെ തുടക്കമെന്നോണം കേരളത്തിന്റെ വിവിധ മേഖലകളില്‍ സംഘടിപ്പിച്ച വിദ്യാർഥി - യുവജന കണ്‍വെന്‍ഷനുകളില്‍ സി.എച്ച് അബ്ദുല്‍ ഖാദറിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഈ കണ്‍വെന്‍ഷനുകളില്‍ ജമാഅത്തിന്റെ രക്ഷാധികാരത്തിനു കീഴില്‍ ഒരു വിദ്യാർഥി പ്രസ്ഥാനത്തിന്റെ പ്രസക്തി അമീര്‍ ടി.കെഅബ്ദുല്ലാ സാഹിബ് വിശദീകരിക്കുകയും എല്ലാ സംശയങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കുകയും ചെയ്തു. ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിന് ശേഷമാണ് എസ്.ഐ.ഒ രൂപവത്കരണ നടപടികള്‍ നടക്കുന്നത്. അതിനായി നിയോഗിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു സി.എച്ച് അബ്ദുല്‍ ഖാദര്‍ സാഹിബ്.
എസ്.ഐ.ഒ രൂപവത്കരണം കഴിഞ്ഞ് അംഗങ്ങളുടെ ഒത്തുചേരലില്‍ വെച്ച് എസ്.ഐ.ഒ പ്രഥമ സംസ്ഥാന ശൂറ നിലവില്‍ വന്നു. ശൂറയുടെ അഭിപ്രായം പരിഗണിച്ച് എസ്.ഐ.ഒവിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായി സി.എച്ച് അബ്ദുല്‍ ഖാദര്‍ സാഹിബ് നിയോഗിക്കപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം പ്രസിഡന്റ് എന്ന നിലയില്‍  ഞാനും ജനറല്‍ സെക്രട്ടറി സി.എച്ചും കൂടുതല്‍ അടുത്തിടപഴകി. ഈ ബന്ധം മരണം വരെ തുടര്‍ന്നു. എസ്.ഐ.ഒവിന്റെ പ്രഥമ മീഖാത്ത് ആശയുടെയും ആശങ്കകളുടെയും മീഖാത്തായിരുന്നു. അതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സംഘടനയില്‍നിന്ന് വ്യത്യസ്തമായിരുന്നു പുതിയ ശൈലി. ഈ ശൈലീമാറ്റം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനും അവരെ ജമാഅത്തിന് പ്രയോജനപ്പെടുന്നവരായി  മാറ്റിയെടുക്കാനും സി.എച്ച് കഠിനമായി പരിശ്രമിച്ചു. പ്രവര്‍ത്തകരുടെ തര്‍ബിയത്തിന് ഉതകുന്ന കൈപ്പുസ്തകം തയാറാക്കുന്നതിനും അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും സി.എച്ച് കാണിച്ച കണിശത, കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമായി എസ്.ഐ.ഒവിനെ വളര്‍ത്തിയെടുക്കാന്‍ സഹായിച്ചു. പള്ളിദര്‍സിലൂടെ ലഭിച്ച പ്രസംഗ പാടവം സി.എച്ചിനെ നല്ലൊരു പ്രഭാഷകനാക്കി. കേരളത്തിലുടനീളമുള്ള സ്റ്റേജുകളില്‍ സി.എച്ചിന്റെ പ്രസംഗം കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എസ്.ഐ.ഒ അഖിലേന്ത്യാ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ കേരളത്തില്‍ നടന്ന മിക്ക പരിപാടികളും സി.എച്ചിന്റെ ഖുര്‍ആന്‍ ക്ലാസ്സോടെ ആയിരിക്കും തുടങ്ങുക.
വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്കെല്ലാം പതാകയുള്ള സാഹചര്യത്തില്‍ എസ്.ഐ.ഒവിനും ഒരു കൊടി ഉണ്ടാകണമെന്ന ആവശ്യം കേരളത്തില്‍നിന്നാണ് ഉയർന്നു വന്നത്. കേരളം അതിന് തുടക്കവും കുറിച്ചു. എസ്.ഐ.ഒവിന്റെ വെള്ളയില്‍ ലൈനുകളുള്ള ആദ്യ പതാക ഡിസൈന്‍ ചെയ്തത് സി.എച്ച് ആയിരുന്നു. പിന്നീടാണ് പുതിയ എസ്.ഐ.ഒ പതാക അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നിലവില്‍ വന്നത്. ഫറോക്കില്‍ ചേര്‍ന്ന എസ്.ഐ.ഒ പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ സി.എച്ച് ആയിരുന്നു. സംസ്ഥാന സമ്മേളനം നടത്തണമെന്ന തീരുമാനം രക്ഷാധികാരി അമീര്‍ ടി.കെ അബ്ദുല്ലാ സാഹിബുമായി സംസാരിച്ച് അനുമതി നേടാന്‍ നിശ്ചയിച്ച ടീമില്‍ സി.എച്ചും ഉണ്ടായിരുന്നു. പതിനായിരം വിദ്യാർഥി-യുവജനങ്ങളെ പങ്കെടുപ്പിക്കാമെന്ന് ഉറപ്പ് തന്നാല്‍ സമ്മേളനത്തിന് അനുമതി തരാമെന്നായിരുന്നു അമീറിന്റെ നിലപാട്. അത് സമ്മതിച്ച് സമ്മേളന അനുമതിയുമായി മടങ്ങിയ അന്നു മുതല്‍ എസ്.ഐ.ഒവിന്റെ പ്രഥമ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനുള്ള അക്ഷീണ യത്നത്തിലായിരുന്നു അദ്ദേഹം. അമീറിന് നല്‍കിയ ഉറപ്പിന്റെ ഇരട്ടിയിലധികം പേര്‍ പങ്കെടുത്ത സമ്മേളനം മഹാ വിജയമായിരുന്നു. ഫറോക്ക് സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍ എന്ന പരിചയം പിന്നീട് ബാംഗ്ലൂരില്‍ നടന്ന എസ്.ഐ.ഒ അഖിലേന്ത്യാ സമ്മേളനത്തിലും മുതൽക്കൂട്ടായി. എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി.സി ഹംസ സാഹിബിന്റെ നിര്‍ബന്ധത്താൽ  അദ്ദേഹം ബാംഗ്ലൂര്‍ സമ്മേളന സംഘാടനത്തിലും മുഖ്യ പങ്ക് വഹിച്ചു.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് അമീറായി ചുമതലയേറ്റപ്പോൾ സി.എച്ച് കുറഞ്ഞ കാലം ജമാഅത്ത് അസി. സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ നാസിമായും മേഖലാ നാസിമായും അദ്ദേഹം പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. 27-ാം വയസ്സില്‍ ജമാഅത്ത് അംഗത്വം നേടിയ അദ്ദേഹം 66 വയസ്സുവരെ പ്രസ്ഥാനത്തിന്റെ പല പദവികളും വഹിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയ ഘട്ടം മുതല്‍ പ്രത്യേക ഉത്തരവാദിത്വങ്ങളില്‍നിന്നൊക്കെ ഒഴിവായിത്തുടങ്ങി. എങ്കിലും വിദ്യാനഗര്‍ പബ്ലിക് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി മെമ്പര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ്, പാര്‍ട്ടി യൂനിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കലാ സാഹിത്യ രംഗങ്ങളിലും  കഴിവ് തെളിയിച്ച ചുരുക്കം പ്രസ്ഥാന പ്രവര്‍ത്തകരില്‍ ഒരാളാണ് സി.എച്ച്. നാടകങ്ങൾ എഴുതുക മാത്രമല്ല, അവ സംവിധാനം ചെയ്ത് സ്റ്റേജില്‍ അവതരിപ്പിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'മോഹങ്ങള്‍ മോഹഭംഗങ്ങള്‍' എന്ന നാടകം കൂട്ടിലങ്ങാടി മുസ്‌ലിം യുവജന സംഘത്തിന്റെ നാലാം വാര്‍ഷികത്തിലാണ് അവതരിപ്പിച്ചത്.  ആരോഗ്യ പ്രശ്‌നങ്ങളാല്‍ യാത്ര കുറഞ്ഞപ്പോള്‍ വീട്ടിലെ വിശ്രമാവസരങ്ങള്‍ ഉപയോഗപ്പെടുത്തി അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളാണ് 'വിശ്വാസിയുടെ വിശുദ്ധ സ്വപ്‌നം', 'ക്വിസ് മത്സരങ്ങളിലൂടെ', 'ഓർമയോളങ്ങള്‍' (ആത്മകഥ).
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്ന മലപ്പുറത്തെ സമ്മേളന നഗരിയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കാനുമായി സമ്മേളന തലേന്ന് ഒരു വാഹനത്തില്‍ സി.എച്ച് എത്തിയത് ഓര്‍ക്കുന്നു. അന്നാണ് സി.എച്ചിനെ അവസാനമായി കാണുന്നത്. നില്‍ക്കാനോ നടക്കാനോ പറ്റാത്ത സാഹചര്യത്തിലും ആത്മവീര്യവും ഇഛാശക്തിയുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്.
മുസ്്ലിം യൂത്ത് ലീഗില്‍ പ്രവര്‍ത്തനം തുടങ്ങി പിന്നീട് ജമാഅത്തെ ഇസ്‌ലാമിയില്‍  അംഗമായി, തെക്കന്‍ കേരളത്തിലെ മുഴുസമയ പ്രവര്‍ത്തകനായി,  എസ്.ഐ.
ഒ സംഘാടകനും ജനറല്‍ സെക്രട്ടറിയുമായി, ജമാഅത്ത് അസി. സെക്രട്ടറിയായി, ജില്ലാ നാളിമായി, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തകനായി, വെല്‍ഫെയര്‍ പാര്‍ട്ടി സംഘാടകനും മണ്ഡലം ഭാരവാഹിയുമായി, പ്രഭാഷകനായി, എഴുത്തുകാരനായി വളർന്നു വികസിച്ച ആ മഹാ വ്യക്തിത്വം അല്ലാഹുവിലേക്ക്  യാത്രയായി. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി