എഴുപത്തിയഞ്ചിന്റെ നിറവില്‍ ഇസ്്‌ലാമിക പ്രസ്ഥാനം
ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് നിരവധി പരിപാടികള്‍ നടന്നുവരികയാണ്. ജമാഅത്തെ ഇസ്്‌ലാമി എന്താണ്, അതിന്റെ ലക്ഷ്യമെന്താണ് എന്ന് നിങ്ങള്‍ക്ക് നന്നായറിയാം. ഈ പ്രസ്ഥാനം മനുഷ്യസമൂഹത്തിന് നല്‍കുന്ന സുപ്രധാന സന്ദേശം, അവര്‍ ഏകദൈവത്തിന് മാത്രം വഴിപ്പെട്ട് ജീവിക്കണം എന്നതാണ്. സര്‍വലോക രക്ഷിതാവിന്റെ അനുശാസനകള്‍ ശിരസാ വഹിച്ചുകൊണ്ട് നീതി പുലരുന്ന ഒരു ലോകത്തിനു വേണ്ടി യത്‌നിക്കുകയും വേണം. ഇങ്ങനെ രണ്ട് തലങ്ങള്‍ ഉള്ളതാണ് ജമാഅത്തെ ഇസ്്‌ലാമിയുടെ അജണ്ട. ഈ രണ്ട് ലക്ഷ്യങ്ങളുടെയും സാക്ഷാത്കാരത്തിനു വേണ്ടി കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് കാലമായി പ്രസ്ഥാനം നിരന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിലേറ്റവും ശ്രദ്ധേയമായ സംഭാവന, മതത്തിന് അല്ലെങ്കില്‍ ധര്‍മത്തിന് സമൂഹത്തില്‍ പോസിറ്റീവായ ഒരു റോള്‍ നിര്‍വഹിക്കാനുണ്ട് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ്. പുറം നാടുകളിലും നമ്മുടെ നാട്ടിലും ശക്തമായ ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. മതവും രാഷ്ട്രീയവും കൂടിക്കലരുമ്പോള്‍ അത് അത്യന്തം വിനാശകരമായിത്തീരും, ലഹളകള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിടും എന്നതാണ് ആ ധാരണ. എന്നാല്‍, നമ്മുടെ വീക്ഷണം മറ്റൊന്നാണ്: മതത്തിന്റെ അധ്യാപനങ്ങളില്‍നിന്ന്, ദൈവഭയത്തില്‍നിന്ന് മനുഷ്യന്റെ സാമൂഹിക ജീവിതം വേര്‍പ്പെടുത്തപ്പെടുമ്പോള്‍ അതും വലിയ വഴിതെറ്റലുകള്‍ക്കും കുഴപ്പങ്ങള്‍ക്കും സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. മതത്തിന്റെ പേരില്‍ നടക്കുന്ന കലാപങ്ങള്‍ക്ക് യഥാര്‍ഥ കാരണം മതമല്ല; മതത്തിന്റെ ദുരുപയോഗമാണ്. സ്വാര്‍ഥ താല്‍പര്യങ്ങൾക്കു വേണ്ടി മതത്തെ ചൂഷണം ചെയ്യുകയാണ്. അതിന് യഥാര്‍ഥ മതവുമായി, യഥാര്‍ഥ ആത്മീയതയുമായി ഒരു ബന്ധവുമില്ല.
ക്രിയാത്മക ലക്ഷ്യങ്ങൾക്കു വേണ്ടി മതാധ്യാപനങ്ങളെ പ്രയോജനപ്പെടുത്തണം എന്നാണ് ജമാഅത്ത് പറഞ്ഞുകൊണ്ടിരിക്കുന്നത്. മതാധ്യാപനങ്ങള്‍ക്കൊത്ത് സമൂഹ രൂപവത്കരണം നടക്കണം. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിനായി മതമൂല്യങ്ങള്‍ക്ക് എന്തു സംഭാവന നല്‍കാന്‍ കഴിയുമെന്ന് ആലോചിക്കണം. അതിനുള്ള മാതൃക ജമാഅത്തില്‍നിന്ന് തന്നെ നിങ്ങള്‍ക്ക് കണ്ടെത്താനാവും. ജമാഅത്തിന്റെ കാതലായ സന്ദേശം എന്തെന്ന് ചോദിച്ചാല്‍, അത് ഇസ്്‌ലാമിന്റെ തന്നെ സന്ദേശമാണ്. ആ സന്ദേശത്തിന്റെ പ്രചാരണത്തിനു വേണ്ടി അത് യത്‌നിച്ചുകൊണ്ടിരിക്കുന്നു. ഒപ്പത്തിനൊപ്പം, വിവിധ സമൂഹങ്ങള്‍ക്കിടയില്‍ അത് ആശയ സംവാദത്തിന്റെ വഴികള്‍ തുറന്നിടുന്നു. അവര്‍ക്കിടയില്‍ രഞ്ജിപ്പും സമാധാനവുമുണ്ടാക്കുന്നു. ഇന്ത്യയിലെ പോലുള്ള ബഹുസ്വര സമൂഹങ്ങളില്‍ ഇത്തരം ഡയലോഗുകളും ആശയക്കൈമാറ്റങ്ങളും നടക്കണം. പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യണം. വിവിധ മതസമൂഹങ്ങള്‍ തമ്മിലുള്ള ഇന്റര്‍ഫെയ്ത്ത് ഡയലോഗുകള്‍ വികസിപ്പിച്ചുകൊണ്ടു വന്നു എന്നതാണ് ജമാഅത്തിന്റെ മുഖ്യ സംഭാവനകളിലൊന്നായി ഞാന്‍ കാണുന്നത്. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം എന്‍.ജി.ഒകള്‍ ഉണ്ട് എന്ന കാര്യം നിഷേധിക്കുകയല്ല. പക്ഷേ, അതൊരു ആന്ദോളന്‍/പ്രസ്ഥാനമായി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍, നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളില്‍ വരെ ആശയ സംവാദത്തിന്റെ സംസ്‌കാരം വളര്‍ത്തിക്കൊണ്ടു വന്നതില്‍ ജമാഅത്തിന്റെ മുന്‍കൈ ആര്‍ക്കും നിഷേധിക്കാനാവുകയില്ല. പെരുന്നാളുകള്‍ വരുമ്പോള്‍ ഈദ് മിലനുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ അത്തരം പരിപാടികളില്‍ സംബന്ധിക്കുന്നു. കുഗ്രാമങ്ങളില്‍ വരെ ഈയൊരു സംസ്‌കാരം വളര്‍ന്നുവന്നിട്ടുണ്ട്. ഇങ്ങനെ ഹിന്ദു, മുസ്്‌ലിം, സിഖ്, ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ മുന്നോട്ടു പോക്ക് സാധ്യമാവുക. ജമാഅത്ത് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളിലൊന്നാണിത്.
നീതിക്കു വേണ്ടി, മനുഷ്യാവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടി എല്ലാ വിഭാഗം ആളുകളുമായും കൂടിയിരിക്കാന്‍ ജമാഅത്ത് സന്നദ്ധമായിട്ടുണ്ട്. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി എങ്ങനെ ലഭിക്കും, സാമ്പത്തിക നീതി എങ്ങനെ ലഭിക്കും, സമത്വം എങ്ങനെ ലഭിക്കും ഇതൊക്കെയും ജമാഅത്തിന്റെ മുഖ്യ പരിഗണനയിലുള്ള വിഷയങ്ങളാണ്. ഇതിനു വേണ്ടി ചെറുതും വലുതുമായ നിരവധി വേദികള്‍ക്ക് ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന്, മത നേതാക്കളെ ഉള്‍പ്പെടുത്തി 'ധാര്‍മിക് ജനമോര്‍ച്ച'ക്ക് രൂപം നല്‍കി. രാജ്യമൊട്ടുക്ക് അതിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഫോറം ഫോര്‍ ഡമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) ആണ് മറ്റൊരു പൊതുവേദി. ഗ്രാമങ്ങളില്‍ വരെ സദ്ഭാവനാ മഞ്ചുകളും സ്ഥാപിതമായിരിക്കുന്നു. സ്ത്രീകളും അത്തരം വേദികളില്‍ വലിയ അളവില്‍ പങ്കാളികളാവുന്നുണ്ട്. ജമാഅത്തുമായി ബന്ധമുള്ള ആളുകള്‍ രൂപം നല്‍കിയ പലതരം വേദികളും നിങ്ങള്‍ക്ക് കാണാനാവും. എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) അതിലൊന്നാണ്. പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമാണ് അതിന്റെ ലക്ഷ്യം. ജനങ്ങള്‍ക്ക് നിയമസഹായവും അത് ലഭ്യമാക്കുന്നു. പിന്തള്ളപ്പെട്ടുപോയ ജനവിഭാഗങ്ങളെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ബൃഹദ് പ്രോജക്ടുകള്‍ക്കും ജമാഅത്ത് നേതൃത്വം നല്‍കിവരികയാണ്. ഹ്യൂമൻ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ അത്തരമൊരു പ്രോജക്ടാണ്. അതിന്റെ കീഴില്‍ എന്‍.ജി.ഒകളും പ്രവര്‍ത്തിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു വേണ്ടി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനു വേണ്ടി, പലിശരഹിത വായ്പകള്‍ നല്‍കുന്നതിനു വേണ്ടി, സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയൊക്കെ പല മേഖലകളില്‍ അവ പ്രവര്‍ത്തന നിരതമാണ്. ഒരു സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ഏറ്റവും അനിവാര്യമായിട്ടുള്ളതാണ് വിദ്യാഭ്യാസം. കലാലയങ്ങള്‍ സ്ഥാപിച്ചും അവയിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ചും ബഹുമുഖമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എസ്.ഐ.ഒ (സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍) എന്ന വിദ്യാര്‍ഥി യുവജന സംഘടന, മൂല്യബോധമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള യജ്ഞത്തിലാണ്. വിദ്യാര്‍ഥി സമൂഹം എന്നു കേള്‍ക്കുമ്പോള്‍ കലാലയങ്ങളിലെ സംഘര്‍ഷങ്ങളാവും പലപ്പോഴും ഓര്‍മ വരിക. പക്ഷേ, നാല്‍പത് വര്‍ഷം പിന്നിടുന്ന എസ്.ഐ.ഒ നീതിബോധമുള്ള, സമാധാന കാംക്ഷികളായ വിദ്യാര്‍ഥി സമൂഹത്തെയാണ് വാര്‍ത്തെടുത്തുകൊണ്ടിരിക്കുന്നത്. അവകാശപ്പോരാട്ടങ്ങളില്‍ അവര്‍ വഹിച്ചുപോരുന്ന പങ്കും വിസ്മരിക്കുക സാധ്യമല്ല.
വനിതകളിലും വിദ്യാര്‍ഥിനി സമൂഹത്തിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജമാഅത്ത് നടത്തിവരുന്നത്. പല വേദികളും അതിനായി രൂപവത്കരിച്ചിട്ടുണ്ട്. ജമാഅത്തിന്റെ മുപ്പത് മുതല്‍ നാല്‍പതു വരെ ശതമാനം പ്രവര്‍ത്തകര്‍ വനിതകളാണ്. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒട്ടു വളരെ സംരംഭങ്ങള്‍ നടന്നുവരുന്നു.
ഇങ്ങനെ ബഹുമുഖ മേഖലകളില്‍, നിങ്ങളുടെ സഹായത്തോടു കൂടി, കുറെയേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷങ്ങളില്‍ ജമാഅത്തിന് കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെയെല്ലാവരുടെയും സഹകരണം ഇനിയുള്ള ഘട്ടത്തിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ്. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജമാഅത്തിന്റെ ഈദൃശ യത്‌നങ്ങള്‍ കൂടുതല്‍ പ്രസക്തമായിത്തീര്‍ന്നിരിക്കുകയാണ്. മതവിശ്വാസികള്‍ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമാധാനം പുലരുന്ന ഒരു സാമൂഹികാന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ മുന്നോട്ടുവരണം. വരുംതലമുറകള്‍ക്ക് നല്ലൊരു ഭാവി ഉറപ്പുവരുത്താന്‍ നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടുപോകാം. l
(ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി അധ്യക്ഷന്‍, സംഘടന എഴുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് നടക്കുന്ന കാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂദല്‍ഹിയില്‍ ചെയ്ത പ്രഭാഷണം)
Comments