Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

ദീൻ അപരിചിതമായിത്തീരുന്ന കാലം

നൗഷാദ് ചേനപ്പാടി

عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : بدأ الإسْلَامُ غَرِيبًا، وَسَيَعُودُ كما بَدَأَ غَرِيبًا، فَطُوبَى لِلْغُرَبَاءِ (رواه  مسلم)

 

അബൂഹുറയ്റ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു:  ഇസ്്ലാം അപരിചിതമായ അവസ്ഥയിലാണ് ആരംഭിച്ചത്. ഇനിയത്, ആരംഭിച്ച ആ അപരിചിതമായ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. അന്നത്തെ ആ അപരിചിതർക്ക് അഭിവാദ്യങ്ങൾ (മുസ്്ലിം, നമ്പർ: 372).

 

ഈ ഹദീസിൽ പരാമർശിക്കപ്പെട്ട അപരിചിതർ എങ്ങനെയുള്ളവരായിരിക്കുമെന്ന് തിർമിദി, മുഅ്ജമുൽ കബീർ, മുസ്നദ് അഹ്്മദ് എന്നീ ഹദീസ് ഗ്രന്ഥങ്ങളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ആ നബിവചനം ഇങ്ങനെ:
'പാമ്പ് അതിന്റെ മാളത്തിലേക്ക് മടങ്ങി ചുരുണ്ടു കൂടുന്നതു പോലെ ഈ ദീനും ഹിജാസിലേക്ക് മടങ്ങിയെത്തും. പെൺ മലയാട് മലമുകളിൽ സംരക്ഷിക്കപ്പെടുന്നതു പോലെ ഈ ദീനും ഹിജാസിൽ സംരക്ഷിക്കപ്പെടും. ദീൻ അപരിചിതമായ അവസ്ഥയിലാണ് ആരംഭിച്ചത്. അത് ആരംഭിച്ച അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യും. അന്നത്തെ ആ അപരിചിതർക്ക് അഭിവാദ്യങ്ങൾ. എനിക്കു ശേഷം എന്റെ സുന്നത്തിൽനിന്ന് ജനങ്ങൾ  താറുമാറാക്കിയതിനെ പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുന്നവരായ അപരിചിതർക്ക്.'  ഇമാം തിർമിദി തന്റെ സുനനിൽ ഉദ്ധരിച്ച ഹദീസാണിത്. ഇതിന്റെ സനദിൽ ദൗർബല്യമുണ്ട്. ഇമാം ത്വബ്റാനിയുടെ മുഅ്ജമുൽ കബീറിലടക്കം മറ്റു ചില ഹദീസ് ഗ്രന്ഥങ്ങളിലും ഈ ഭാഗം ഉദ്ധരിച്ചിട്ടുണ്ട്.
കാലപ്രയാണത്തിൽ ഇസ്്ലാമും അതിന്റെ അന്തസ്സത്തയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഈ ദുനിയാവിൽ അതിനു നിറവേറ്റാനുള്ള ദൗത്യവും അതിന്റെ വക്താക്കളായ മുസ്്ലിം  ഉമ്മത്തിനുതന്നെ കൈമോശം വന്നുപോകുമെന്നും അവർക്കുതന്നെ അത് അപരിചിതമായിത്തീരുമെന്നുമാണ് നബി(സ) ഈ ഹദീസിൽ മുന്നറിയിപ്പ് നൽകുന്നത്. എത്രത്തോളമെന്നാൽ അത് ആരംഭിച്ച അവസ്ഥയിൽ എപ്രകാരം അപരിചിതമായിരുന്നുവോ അപ്രകാരം. ഇന്നതിന്റെ അടിത്തറയായ കറകളഞ്ഞ ശുദ്ധ തൗഹീദ് അഥവാ ഏകദൈവത്വം പോലും, അതിന്റെ വക്താക്കൾക്കുതന്നെ എന്താണെന്ന് അറിയാത്ത അപരിചിതമായ അവസ്ഥയിലേക്കെത്തിയിരിക്കുന്നു. അതിന്റെ ഉദ്ദേശ്യവും ദൗത്യവുമെന്താണെന്നും അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. മനുഷ്യജീവിതത്തെ നിയന്ത്രിക്കുകയും സംസ്കരിക്കുകയും നയിക്കുകയും ചെയ്യുന്ന, സ്രഷ്ടാവായ അല്ലാഹുവിന്റെ സമ്പൂർണവും സമഗ്രവുമായ ഈ ജീവിതവ്യവസ്ഥയെ ഉമ്മത്തിലെ ബഹുഭൂരിപക്ഷവും മറന്നുപോവുകയോ അവഗണിക്കുകയോ ചെയ്തുകൊണ്ട് തികച്ചും അപരിചിതമായ അവസ്ഥയിൽ അതെത്തി നിൽക്കുന്നു. അതിലും വിചിത്രം മുസ്്ലിം സമൂഹത്തെ ഇസ്വ്്ലാഹ് ചെയ്യാൻ വന്ന സംഘങ്ങൾക്ക് തന്നെയും ആ ഇസ്്ലാമിന്റെയും ദീനിന്റെയും തൗഹീദിന്റെയും പൂർണതയും സമഗ്രതയും മനസ്സിലാവാതെ  പോയിരിക്കുന്നു എന്നതാണ്. അതിനെ അവർ ചില ആരാധനകളിലും അതിന്റെ ചില രൂപങ്ങളിലും തളച്ചിട്ടിരിക്കുന്നു.
ചുരുക്കത്തിൽ, ഈ ദീനിന്റെ  ക്രിയാത്മകതയെ പൊതുവെ ആ സമൂഹം ചുരുട്ടിക്കൂട്ടുകയും നഷ്്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു.  പരിഷ്കരണ പ്രസ്ഥാനങ്ങൾ തന്നെ പലതായി  പിരിഞ്ഞ് മുസ്്ലിം സമൂഹത്തിൽ വേരുകളാഴ്ത്തുന്ന കളകൾ പറിച്ചു കളയുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  കള പറിക്കൽ മാത്രം! അതെവിടെയെങ്കിലും എത്തുന്നുമില്ല. വിത്തു തയാറാക്കുകയോ അത് വിതക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയോ ചെയ്യുന്നില്ല. അതിനാൽ, ഈ ദീനിനെ മുസ്്ലിംകൾക്കുതന്നെ അതിൽനിന്ന് ഒന്നുംതന്നെ കുറക്കുകയോ അതിലേക്കു ഒന്നും കൂട്ടുകയോ ചെയ്യാതെ, അതിന്റെ ശരിയും സ്വച്ഛവുമായ രൂപത്തിൽ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ഉമ്മത്തിന്റെ ലക്ഷ്യവും ദൗത്യവും പ്രാവർത്തികമാക്കുന്ന, അതിന്  അവരെ പ്രേരിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്ന പരിഷ്്കർത്താക്കളും നവോത്ഥാന നായകരും എക്കാലത്തും ഏതു നാട്ടിലും ഉണ്ടാവേണ്ടത് അനിവാര്യമാണ്. അതാണ് ദീനിന്റെ മാർഗത്തിലെ ഏറ്റവും മഹത്തായതും പ്രതിഫലാർഹവുമായ ജിഹാദും. അവരെയാണ് അല്ലാഹുവിന്റെ റസൂൽ(സ) മുൻകൂട്ടി അഭിനന്ദിച്ചിരിക്കുന്നത്. അവർക്കാണ് മംഗളം നേർന്നിരിക്കുന്നത്. طوبى എന്ന വാക്കിനെയാണ് അഭിവാദ്യം എന്നു പരിഭാഷപ്പെടുത്തിയത്. അതൊരഭിനന്ദന വാക്കാണ്. طيّب-ൽനിന്നുള്ള فعلى രൂപമാണത്. നല്ലത്, സൗഭാഗ്യം, ഗുണം, മംഗളം, അഭിനന്ദനം തുടങ്ങിയ അർഥങ്ങളുള്ള അഭിനന്ദന-അഭിവാദ്യ സന്ദർഭങ്ങളിൽ പ്രയോഗിക്കുന്ന ഒരു ആശംസാ വാക്കാണത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി