Prabodhanm Weekly

Pages

Search

2023 ഫെബ്രുവരി 17

3290

1444 റജബ് 26

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ "സിദ്ദീഖ് '

എം.ഐ അബ്ദുല്‍ അസീസ്

ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തന മാര്‍ഗവും പ്രസ്ഥാന സംസ്‌കാരവും ജീവിതത്തിന് വര്‍ണം നല്‍കുമ്പോള്‍ ആ വ്യക്തിത്വം ഏതളവില്‍ പ്രകാശിതമാവുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്  ദിവസങ്ങൾക്ക് മുമ്പ് നമ്മോട് വിട പറഞ്ഞ സി.എച്ച് അബ്ദുല്‍ ഖാദര്‍. നാല് പതിറ്റാണ്ടോളം പഴക്കമുണ്ട് ഞങ്ങള്‍ തമ്മിലെ ഹൃദയബന്ധത്തിന്. വിദ്യാര്‍ഥി കാലത്ത് പ്രാസ്ഥാനികവും സംഘടനാപരവുമായ താളത്തിലേക്ക് ഈയുള്ളവനെ ചേര്‍ത്തു നിര്‍ത്തിയത്, ആദ്യം അകലെ നിന്നും പിന്നെ അടുത്ത് നിന്നും അനുഭവിച്ചറിഞ്ഞ സി.എച്ചിന്റെ വിനയാന്വിതമായ വ്യക്തിത്വമാണെന്ന് നിസ്സംശയം പറയാം.
സമ്പൂര്‍ണമായും ഇസ്്ലാമിക പ്രസ്ഥാനത്തിന് സമര്‍പ്പിച്ച ജീവിതമായിരുന്നു സി.എച്ചിന്റെത്. ഒന്നാമത്തെ അജണ്ട പ്രസ്ഥാനമാവണമെന്ന് നാം പറയുകയും ഉപദേശിക്കുകയും ചെയ്യാറുണ്ടല്ലോ- അത് അക്ഷരം പ്രതി പ്രയോഗവല്‍ക്കരിച്ച നേതാവും അനുയായിയുമാണ് അബ്ദുല്‍ ഖാദര്‍ സാഹിബ്.
എസ്.ഐ.ഒവില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോഴും ജില്ലാ പ്രസിഡന്റായപ്പോഴും ജമാഅത്തിന്റെ ജില്ലാ ഉത്തരവാദിത്വത്തില്‍ അദ്ദേഹമുണ്ടായിരുന്നു. 1989-ല്‍ 'വിശ്വാസത്തിലേക്ക് വീണ്ടും' - ജില്ലാ സമ്മേളനത്തിന്റെ സംഘാടനത്തില്‍ ഒരേസമയം പിതാവിനെ പ്പോലെയും ആത്മ സുഹൃത്തിനെപ്പോലെയും അദ്ദേഹം കൂടെ നിന്നു. ഞാന്‍ എസ്.ഐ.ഒവിന്റെ സംസ്ഥാന പ്രസിഡന്റായപ്പോള്‍, സംഘടനയുടെ  തുടക്കത്തിലെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ അനുഭവ പരിചയം എന്നിലേക്കൊഴുകി. പിന്നീട് മലപ്പുറം ജില്ലാ ജമാഅത്തിന്റെ നേതൃത്വം ഈയുള്ളവനിലേക്ക് വന്നുചേര്‍ന്നപ്പോള്‍ കണ്‍കുളിര്‍മ നല്‍കുന്ന സഹപ്രവര്‍ത്തകനെ സി.എച്ചില്‍ ഞാന്‍ കണ്ടു. മരണം വരേയ്ക്കും അദ്ദേഹമത് തുടരുകയും ചെയ്തു.
യുവത്വത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ തന്നെ അദ്ദേഹം ജമാഅത്തില്‍ അംഗമായി. ആ 'തജ്ദീദെ ശഹാദ'യോട് ജീവിതാന്ത്യം വരെ വിട്ടുവീഴ്ചയില്ലാതെ നീതി പുലർത്തി. ഈ പ്രസ്ഥാനത്തിന്റെ 'സിദ്ദീഖ്' ആയിരുന്നു അദ്ദേഹം. പ്രസ്ഥാനം എന്ത് തീരുമാനിച്ചാലും അതിനെ അതിന്റെ പൂര്‍ണതയില്‍ ഉൾക്കൊള്ളാന്‍ സാധിക്കുന്ന അത്യസാധാരണ വ്യക്തിത്വം. അതിന്റെ വഴിയേ ഏതകലം വരേയ്ക്കും യാത്ര ചെയ്യും. മറുത്തൊരു മിടിപ്പ് പോലുമുണ്ടാവില്ല. അനവധി തവണ എനിക്കിത് നേരിട്ടനുഭവമുള്ളതാണ്.  അദ്ദേഹം തന്നെ പലപ്പോഴും അനുസ്മരിച്ച പോലെ, എസ്.ഐ.ഒവിന്റെ രൂപവത്കരണമായിരുന്നു തന്റെ പ്രാസ്ഥാനിക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം. അതേവരെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയില്‍ നിന്ന് വേര്‍പ്പെടണം. ആത്മമിത്രങ്ങളും സഹപ്രവര്‍ത്തകരും തന്റെ നേതാക്കളായിരുന്നവരുമൊന്നും കൂടെയില്ല.  കണ്ണീരോടെയല്ലാതെ ആ കാലത്തെ ഒരിക്കലുമദ്ദേഹം ഓര്‍ത്തെടുത്തിട്ടില്ല. പക്ഷേ, തെല്ലും സന്ദേഹമോ ഇടര്‍ച്ചയോ ഇല്ലാതെ പ്രസ്ഥാന നേതൃത്വത്തോടൊപ്പം അദ്ദേഹം ഉറച്ചുനിന്നു, ഓടി നടന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തോട് അനുഭാവമുള്ള വിദ്യാര്‍ഥികളെ എസ്. ഐ.ഒവിലേക്ക് എത്തിക്കാന്‍ ജമാഅത്ത് നേതൃത്വം തെല്ലൊന്നുമല്ല അക്കാലത്ത് അധ്വാനിച്ചത്. കെ.സി അബ്ദുല്ലാ മൗലവി, ടി.കെ അബ്ദുല്ലാ സാഹിബ് എന്നിവരോടൊപ്പം കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച മൂന്ന് ചെറുപ്പക്കാരായിരുന്നു സി.എച്ചും  പി.എ അബ്ദുല്‍ ഹകീം സാഹിബും മർഹൂം കെ.ടി അബ്ദുർശീദ് സാഹിബും. മുഖംതിരിച്ചവരോടും ഒഴിഞ്ഞു മാറിയവരോടും പ്രതീക്ഷയോടെ, ക്ഷമയോടെ അവര്‍ മന്ദഹസിച്ചു; കാത്തിരുന്നു. ഫലമോ, കരുത്തുറ്റ ഒരു ഇസ്്ലാമിക യുവജന പ്രസ്ഥാനം കേരളത്തില്‍ വേരാഴ്ത്തി.
   ജമാഅത്തെ ഇസ്്ലാമിയെ പരിചയപ്പെടുക, ജമാഅത്തെ ഇസ്്ലാമി ആദര്‍ശം ലക്ഷ്യം, ആനുകാലിക സംഭവ വികാസങ്ങളും ഇസ്‌ലാമിക പ്രസ്ഥാനവും, വിമര്‍ശിക്കപ്പെടുന്ന ജമാഅത്തെ ഇസ്്ലാമി തുടങ്ങിയ തലക്കെട്ടുകളില്‍ കേരളത്തിന്റെ  നിരവധി തെരുവുകളില്‍, കവലകളില്‍, റോഡരികത്ത്, കുഗ്രാമങ്ങളില്‍, മദ്റസാ അങ്കണങ്ങളില്‍ സി.എച്ചിന്റെ പ്രഭാഷണം  അനേകമാളുകളെ ഇസ്്ലാമിക പ്രസ്ഥാന വീഥിയിലേക്ക് വഴിനടത്തി. മേല്‍ പറഞ്ഞ വിഷയങ്ങളിലൊന്നും തെല്ലും വഴുതില്ലെന്ന് സംഘാടകര്‍ക്ക് ഉറപ്പിക്കാവുന്ന പ്രസംഗകനായിരുന്നു സി. എച്ച്. വേദിയിലേക്ക് കയറുന്നതിന് മുമ്പും ഇറങ്ങിയതിനു ശേഷവും അദ്ദേഹത്തിന്റെ സൗഹൃദ ഭാഷണങ്ങളും ഇടത് കൈ കൊണ്ടുള്ള തലോടലും മുമ്പ് മുഖപരിചയമില്ലാത്തവരെ പ്പോലും പ്രസ്ഥാനത്തോടടുപ്പിച്ചിട്ടുണ്ടാവും. അടുത്തവരെ ചേര്‍ത്തുപിടിച്ചിട്ടുമുണ്ട്. മതപ്രഭാഷണ വേദികളില്‍ പരലോക ജീവിതത്തെയും, കുടുംബ സദസ്സുകളില്‍ ഇസ്്ലാമിക കുടുംബത്തെയും കുറിച്ച് അദ്ദേഹം സമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. പള്ളി മിമ്പറുകളെയും സി.എച്ച് സഫലമാക്കിയിട്ടുണ്ട്. വലിയൊരു പണ്ഡിതനായിരുന്നില്ല; പക്ഷേ, ലഭ്യമായ അറിവിനെ പൂര്‍ണമായും ഉപയോഗിച്ചു, അതിനെ വളര്‍ത്തിക്കൊണ്ടേയിരുന്നു.
ഇഖ്‌ലാസ്വ് ആണ് ജീവിതത്തിന്റെ സവിശേഷത. പ്രസ്ഥാനത്തിന്റെ നന്മയും വിജയവും മാത്രം സ്വപ്നം കണ്ടും അതിനു വേണ്ടി മാത്രം അധ്വാനിച്ചും തീര്‍ത്ത ആയുഷ്‌കാലം. രാപ്പകല്‍ ഭേദമില്ലാതെയുള്ള അക്ഷീണ യത്‌നമായിരുന്നു സി.എച്ച്.
മുതിര്‍ന്നവരെയും ചെറിയവരെയും ചേര്‍ത്തുപിടിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ യുവത്വം പിന്നിടുന്ന പലരും അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ്, അവരുടെ അനുസ്മരണ കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ തെളിഞ്ഞുനിന്നത് ഈ ഗുണമായിരുന്നു.
അല്ലാഹു നല്‍കിയതില്‍ സംതൃപ്തിയുള്ള മനസ്സായിരുന്നു സി.എച്ചിന്റെത്. അതിനപ്പുറമുള്ളതൊന്നും അദ്ദേഹം കൊതിച്ചില്ല.
ഏതു പ്രായത്തിലും ഏതു സാഹചര്യത്തിലും ഇത്രയും സ്ഥിരോല്‍സാഹത്തോടെ ഇങ്ങനെ നില്‍ക്കാനാവുന്നു എന്നത് അല്‍ഭുതപ്പെടുത്തിയ കാര്യമാണ്. പ്രായവും അനാരോഗ്യവും കാരണം നേതൃതലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നപ്പോഴും പ്രകടനങ്ങളില്‍, സദസ്സുകളില്‍ സാധാരണക്കാരില്‍ ഒരാളായി അതേ തരംഗദൈര്‍ഘ്യത്തോടെ അദ്ദേഹം ആവേശം കൊണ്ടു.
മൂത്ത മകന്‍ മരണപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ മലപ്പുറത്ത് നടന്ന പ്രകടനത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു അദ്ദേഹം. അദ്ദേഹത്തോടൊപ്പം അന്ന് അണിനിരന്നവര്‍ക്ക്, അത് കണ്ടു നിന്നവര്‍ക്ക്, അതിന്റെ പടം കണ്ടവര്‍ക്ക് സി.എച്ച് നല്‍കിയ വിദ്യാഭ്യാസം വിസ്മയകരമാണല്ലോ.
കഴിവിന്റെ പരമാവധി ചെയ്തുകഴിഞ്ഞ്, പരിമിതികളെ കുറിച്ച് ആകുലപ്പെടാതെ, ബാക്കിയൊക്കെയും അല്ലാഹുവില്‍ പ്രത്യാശയോടെ സമര്‍പ്പിക്കുന്ന, തവക്കുലാക്കുന്ന പ്രകൃതം. നല്ലൊരു ആബിദുമായിരുന്നു. സ്വുബ്ഹിന് വളരെ നേരത്തെ എഴുന്നേല്‍ക്കും; ആരാധനകളില്‍ മുഴുകും.
സി.എച്ചിന്റെ വിയോഗ വിവരമറിഞ്ഞ് നെടുവീർപ്പിട്ടവരില്‍ ധാരാളം വനിതകളുണ്ടാവും. അവര്‍ക്ക് ഇസ്‌ലാമിന്റെയും പ്രസ്ഥാനത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാന തത്ത്വങ്ങള്‍ പകര്‍ന്നു നല്‍കുന്നതില്‍, തര്‍ബിയത്ത് ക്യാമ്പുകളെ സജീവമാക്കിയതിലൊക്കെ സി.എച്ചിന്റെ മായാത്ത കൈയൊപ്പുകളുണ്ട്. ഇപ്പോള്‍ എവിടെയോ ജീവിക്കുന്ന, മധ്യവയസ്‌കരായിത്തീരുന്ന  ആ പെണ്‍കുട്ടികളും നൊമ്പരപ്പെടുന്നുണ്ടാവും, ആരുടെയോ ക്ഷണം സ്വീകരിച്ച് തങ്ങള്‍ പങ്കെടുത്ത ജി.ഐ.ഒ ടീന്‍സ് മീറ്റിനെയും ക്യാമ്പുകളെയും വിസ്മരിക്കാത്ത അനുഭവമാക്കി മാറ്റിയ ആ മനുഷ്യനെ.
വിടപറഞ്ഞവരും അല്ലാത്തവരുമായ അനേകമനേകം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും സുകൃതങ്ങള്‍ സി.എച്ചിന്റെയും ആഖിറത്തിനെ ധന്യമാക്കും. അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ. നമ്മെയും അദ്ദേഹത്തെയും ജന്നാതുല്‍ ഫിര്‍ദൗസില്‍ ഒരുമിപ്പിക്കട്ടെ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് -സൂക്തം 67-73
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീൻ അപരിചിതമായിത്തീരുന്ന കാലം
നൗഷാദ് ചേനപ്പാടി